എനിക്ക് പതിനഞ്ച് വയസ്സുള്ളപ്പോഴാണ് ഞാന്‍ ഇസ്‌ലാമില്‍ എത്തിയത്. സിറിയയിലെ ഹലബ് എന്ന നാട്ടില്‍നിന്ന് അമേരിക്കയിലെ ഡെട്രോയിറ്റില്‍ താമസമുറപ്പിച്ചതായിരുന്നു എന്റെ മാതാവിന്റെ കുടുംബം. പോളണ്ടില്‍നിന്നും കുടിയേറിപ്പാര്‍ത്തതായിരുന്നു എന്റെ പിതാവിന്റെ കുടുംബം. ഡെട്രോയിറ്റ് മിഷിഗണില്‍ ജനിച്ച എന്റെ അമ്മൂമ്മ മറോണൈറ്റ് ക്രിസ്ത്യാനിയായിരുന്നു. മാതാപിതാക്കളാകട്ടെ , തനികത്തോലിക്കരും.
പതിനഞ്ചിലെത്തിയപ്പോഴേക്ക് ഒരു കന്യാസ്ത്രീയാകാനുള്ള മോഹം എന്നില്‍ അങ്കുരിച്ചുകഴിഞ്ഞിരുന്നു. ഹൈസ്‌കൂളില്‍ ലോകചരിത്രംക്ലാസില്‍ ലോകത്തെ പ്രധാനമതങ്ങളെക്കുറിച്ച് ഞങ്ങള്‍ പഠിച്ചിരുന്നു. ഇസ്‌ലാമിനെക്കുറിച്ച് പ്രതിപാദിക്കാന്‍ തുടങ്ങിയപ്പോള്‍ അതില്‍ എനിക്കതിയായ താല്‍പര്യമായി. അധ്യാപകന്‍ ഇസ്‌ലാമിനെക്കുറിച്ച് പറയുമ്പോള്‍ അതില്‍ എന്തെങ്കിലുംഅബദ്ധങ്ങള്‍ പിണഞ്ഞാല്‍ അത് ഉടനടിതിരുത്തുന്ന ഒരു ഈജിപ്ഷ്യന്‍ സഹപാഠിയെ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. കൊള്ളാമല്ലോ! അധ്യാപകനെയും തിരുത്തുവാന്‍ തക്ക വിജ്ഞാനം ഇവനുണ്ടല്ലോ എന്ന് ഞാന്‍ മനസ്സില്‍ കരുതി.
അങ്ങനെ ഒരുദിവസം ഞാനവന്റെയടുത്തുചെന്നു. കത്തോലിക്കാമതവും ഇസ് ലാംമതവും തമ്മില്‍ എന്താണ് വ്യത്യാസമെന്ന് ചോദിച്ചു. കരുതുംപോലെ വലിയ വ്യത്യാസമൊന്നുമില്ലെന്ന് ഉദാസീനമായി അവന്‍ മൊഴിഞ്ഞു. എനിക്ക് തൃപ്തിയായില്ല. അവന്റെ മമ്മിയുടെ അടുക്കല്‍നിന്ന് ഞാന്‍ ഖുര്‍ആന്‍ പരിഭാഷ വാങ്ങി. അത് വായിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ കൂടുതല്‍ ജിജ്ഞാസുവായി. പരിഭാഷ ഞാന്‍ താഴെവെച്ചതേയില്ല. എനിക്കുമനസ്സിലായി ഇത് അല്ലാഹുവില്‍നിന്നുതന്നെയെന്ന്. ഏതെങ്കിലും ഒരു മനുഷ്യന് ഇത്തരത്തിലൊന്ന് എഴുതാനാവില്ലെന്ന് ഖുര്‍ആനിലൂടെ കണ്ണോടിക്കുന്ന ആര്‍ക്കും മനസ്സിലാവും. കവിതയെ മനസ്സില്‍ താലോലിക്കുന്ന എന്നെ സംബന്ധിച്ചിടത്തോളം എന്റെ സ്‌നേഹം പിടിച്ചുപറ്റുംവിധം ആശ്ചര്യകരമായിരുന്നു അത്. അങ്ങനെ ഞാന്‍ ഹൃദയംകൊണ്ട് അന്ന് മുസ്‌ലിമായി.
കുടുംബത്തിന്റെ പ്രതികരണം
അതോടെ എന്റെ ജീവിതം പ്രയാസതരമായി. ഞാന്‍ ഉപവാസവും നമസ്‌കാരവും ആരംഭിച്ചു. എന്റെ കുടുംബക്കാര്‍, പ്രത്യേകിച്ചും എന്റെ മമ്മി എന്നെ വല്ലാതെ പ്രയാസപ്പെടുത്തി. വളരെ ചെറുപ്പംകൊണ്ടായിരിക്കണം; മമ്മിയും എന്നെപ്പോലെ ഇസ്‌ലാമിനെ ഇഷ്ടപ്പെടുമെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ അവരത്തരക്കാരിയായിരുന്നില്ല. എന്റെ ഹിജാബ് ,നമസ്‌കാരത്തിനുള്ള മുസ്വല്ല, ഖുര്‍ആന്‍, ഇസ്‌ലാമിനെസംബന്ധിച്ച പുസ്തകങ്ങള്‍ തുടങ്ങിയവയെല്ലാം അവര്‍ ഒളിപ്പിച്ചുവെക്കാന്‍ തുടങ്ങി. എന്റെ പിതാവ് റൂം എല്ലാദിവസവും ഞാനില്ലാത്തപ്പോള്‍ കയറി പരിശോധിക്കാന്‍ തുടങ്ങി. അതിനാല്‍ ഹിജാബ് ഞാന്‍ ബാത്‌റൂമില്‍ ഒളിപ്പിച്ചുവെച്ചു. ഞാന്‍ മുസ് ലിംകളുമായി സൗഹൃദംകൂടുന്നത് മമ്മി തടഞ്ഞു. അവരുടെ രക്ഷിതാക്കളോട് ഇസ്‌ലാമിനെക്കുറിച്ച് മക്കള്‍ ഇനിമുതല്‍ തന്റെ മകളോട് സംസാരിക്കരുതെന്ന് ചട്ടംകെട്ടി. മകളെ ചതിയില്‍പെടുത്തരുതെന്നും അപേക്ഷിച്ചു.
രക്ഷിതാക്കള്‍ എന്നെ നിര്‍ബന്ധിച്ച് ചര്‍ച്ചില്‍ കൊണ്ടുപോകും. ഞാനാകട്ടെ, ഈ ജനത്തിനെന്തുപറ്റിയെന്ന് സങ്കടപ്പെട്ട് അങ്ങനെയിരിക്കും. ഒരിക്കല്‍ ചര്‍ച്ചിലെ പുരോഹിതന്‍മാരുമായി സംസാരിക്കാന്‍ മമ്മി എനിക്കായി അവസരമൊരുക്കി. ഞാന്‍ അവരോട് ഇസ്‌ലാം എനിക്കിഷ്ടമതമാണെന്നും മനോഹരമായതിനെ മോശമാണെന്ന് നിങ്ങളെന്തുകൊണ്ടാണ് പറയുന്നതെന്നും ചോദിച്ചു. അതിന് മൂര്‍ത്തമല്ലാത്ത ഏതെങ്കിലും ബൈബിള്‍ വചനങ്ങളുപയോഗിച്ചാണ് അവര്‍ പ്രതിരോധിച്ചിരുന്നത്. ഞാന്‍ മരുഭൂമിയിലൂടെ ഹിജാബ് ധരിച്ചുകൊണ്ട് മുസ് ലിം നാട്ടിലേക്ക് യാത്രപോകുന്നതായി സ്വപ്‌നംകണ്ടുവെന്ന് പറഞ്ഞപ്പോള്‍ അത് സാത്താന്റെ ചെയ്തിയാണെന്നും ദൈവത്തില്‍ അഭയം തേടണമെന്നും എന്നെ അവര്‍ ഉപദേശിച്ചു. അയാള്‍ അങ്ങന പറഞ്ഞപ്പോള്‍ അയാളില്‍ സാത്താനുണ്ടെന്നാണ് എനിക്കുതോന്നിയത്. അപ്പോഴത്തെ അയാളുടെ മുഖഭാവം എനിക്കൊട്ടും മറക്കാനാവില്ല. അല്ലാഹുവിനോട് ഞാന്‍ മാപ്പപേക്ഷിച്ചു.
എന്റെ മമ്മി സാധാരണയായി പന്നിയിറച്ചി പാകം ചെയ്യാറുണ്ട്. എന്നാല്‍ ഒരിക്കല്‍ അങ്ങനെ പാകം ചെയ്ത ഇറച്ചി പോത്തിറച്ചിയെന്ന് പറഞ്ഞ് എന്നെ തീറ്റിക്കാന്‍ ശ്രമിച്ചു. ഞാന്‍ അത് പാക്കുചെയ്തുവന്ന കവര്‍ പരിശോധിച്ചപ്പോള്‍ അത് പന്നിയിറച്ചിയെന്നുബോധ്യമായി. പോളിഷ് വംശജനായ എന്റെ പിതാവ്, കത്തോലിക്കാമതത്തില്‍ നില്‍ക്കുന്നില്ലെങ്കില്‍ എന്നോട് വീടുവിട്ടിറങ്ങിക്കോളാന്‍ കല്‍പിച്ചു. അക്കാലത്ത് ഖുര്ആന്‍ എയര്‍കണ്ടീഷണറുടെ വെന്റിലൊളിപ്പിച്ചുവെക്കുകയായിരുന്നു പതിവ്. എന്റെ റൂമിന്റെ ലോക്കുകള്‍ അവര്‍ അഴിച്ചുമാറ്റി. അതിനാല്‍ നമസ്‌കാരം വളരെ പ്രയാസകരമായിത്തീര്‍ന്നു. ഇസ് ലാമിനോട് എന്റെ മാതാപിതാക്കള്‍ക്കുണ്ടായിരുന്ന വെറുപ്പോര്‍ത്ത് ഞാന്‍ ഏറെ വേദനിച്ചു.
എന്റെ ഏറ്റവും ഇളയ സഹോദരിയോട് ഇസ് ലാമിനെപ്പറ്റി ഞാന്‍ പറയാറുണ്ടായിരുന്നു. സഹോദരിയോട് ഇനിയെന്തെങ്കിലും ഇസ് ലാമിനെപ്പറ്റിപറഞ്ഞാല്‍ വീട്ടില്‍നിന്ന് അടിച്ചുപുറത്താക്കുമെന്ന് ഭീഷണിമുഴക്കി. കത്തോലിക്കമതവിശ്വാസികള്‍ക്ക് എന്തുകൊണ്ട് ദൈവത്തിനോട് പ്രാര്‍ഥിക്കാനാകുന്നില്ലെന്നും കുമ്പസാരം പോലുള്ളവ കൂട്ടിച്ചേര്‍ത്തതാണെന്നും എന്റെ സഹോദരി അപ്പോഴേക്കും മനസ്സിലാക്കിയിരുന്നു. എനിക്ക് ഇസ് ലാമിനെ പൂര്‍ണാര്‍ഥത്തില്‍ മനസ്സിലാക്കാന്‍ ഉതവിനല്‍കണേയെന്ന് ഞാന്‍ നിരന്തരം പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. എനിക്ക് പിന്തുണ നല്‍കാനോ മാര്‍ഗദര്‍ശനം ചെയ്യാനോ ആരുമുണ്ടായിരുന്നില്ല. എന്റെ മാതാപിതാക്കളെ ധിക്കരിക്കരുതെന്നുമാത്രമാണ് കൂട്ടുകാരുടെ രക്ഷിതാക്കള്‍ എനിക്കുനല്‍കിയ ഉപദേശം. അതേസമയം ഞാനെന്റെ വീട്ടിലനുഭവിക്കുന്ന പ്രയാസങ്ങളൊന്നും അവര്‍ക്കുമനസ്സിലായില്ല. എനിക്കുണ്ടായിരുന്ന സംശയങ്ങളെ ദൂരീകരിക്കാന്‍ മാത്രം അവര്‍ക്ക് വൈജ്ഞാനികപിന്‍ബലവുമുണ്ടായിരുന്നില്ല.
യൂണിവേഴ്‌സിറ്റിയില്‍
ഒരിക്കല്‍ യൂണിവേഴ്‌സിറ്റിക്കാലത്ത് (അന്നെനിക്ക് ഇരുപതുവയസ്സായിരുന്നു) എനിക്ക് ഖുര്‍ആന്‍ തന്ന ഒരു പെണ്‍കുട്ടിയെയും വിളിച്ച് അടുത്തുള്ള പള്ളിയില്‍ പോകാമെന്നുപറഞ്ഞു. പക്ഷേ അവള്‍ക്ക് തിരക്കുള്ളതിനാല്‍ ഞാന്‍ ഒറ്റക്കുതന്നെ പുറപ്പെട്ടു. നമസ്‌കാരത്തിനുള്ള ബാങ്ക് കൊടുത്തപ്പോള്‍ എനിക്ക് അത്യധികം സന്തോഷംതോന്നി. ഞാനേറെ കരഞ്ഞു. റമദാനില്‍ ഞാനെന്റെ സാക്ഷ്യം പൊതുസമൂഹത്തിനുമുമ്പാകെ സമര്‍പ്പിച്ചു. ഞാന്‍ ദീനില്‍ ഉറച്ചുനില്‍ക്കാന്‍ തീരുമാനിച്ചു. മാതാപിതാക്കള്‍ പറയുന്നതൊന്നും ഇനി ഗൗനിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. എന്റെയപ്പോഴത്തെ അവസ്ഥ മത്സ്യോദരത്തില്‍പെട്ട യൂനുസ് നബി(അ)യുടെതിന് സമാനമായിരുന്നു. ഞാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിച്ചുകൊണ്ടേയിരുന്നു. അതോടെ ഞാന്‍ ദൃഢചിത്തയായി. എല്ലാ ചീത്തകൂട്ടുകെട്ടുകളും ദുഃശീലങ്ങളും ഞാന്‍ ഉപേക്ഷിച്ചു. എപ്പോഴും മുസ് ലിംകളോടൊപ്പംചേര്‍ന്നുനിന്നു.
ഞാന്‍ ഹിജാബ് ധരിക്കാനൊരുങ്ങിയപ്പോള്‍ പുറത്ത് ആ വേഷത്തില്‍ പോകാന്‍ ധൈര്യമുണ്ടോയെന്ന അവര്‍ വെല്ലുവിളിക്കുമായിരുന്നു. പക്ഷേ ഞാനൊന്നും അതിന് മറുപടി പറഞ്ഞിരുന്നില്ല. ചിലപ്പോഴൊക്കെ കാറിലായിരിക്കെ ഞാന്‍ ഹിജാബണിയുമായിരുന്നു. മമ്മിയെ കാണാതെയായിരുന്നു ഇതെല്ലാം ഞാന്‍ ചെയ്തിരുന്നത്. കാരണം ഹിജാബ് അണിയുന്നത് മമ്മി വെറുത്തിരുന്നു. മാതാപിതാക്കളെ അനുസരിക്കണമെന്ന് ഇസ്‌ലാം അനുശാസിക്കുന്നുണ്ടെന്ന് പറഞ്ഞ് മമ്മി എന്നെ മര്യാദ പഠിപ്പിക്കുമായിരുന്നു. അതിനാല്‍ ഹിജാബൊന്നും അണിയാന്‍ നില്‍ക്കരുതെന്നും ഷോര്‍ട്ട്‌സ് ഒക്കെ ധരിച്ച് ഫാഷന്‍ ആയി നടക്കണമെന്നും അവരെന്നോട് ഉപദേശിച്ചു. ഹിജാബ് ധരിക്കുമ്പോള്‍ ഞാനൊരു കിളവിയെപ്പോലെത്തോന്നുന്നുവെന്നും അവര്‍ പരിഹസിച്ചു. എന്റെ കൂട്ടുകാര്‍ എന്നെ ഹിജാബ് വേഷത്തില്‍ കാണുന്നത് ഇഷ്ടപ്പെടാതിരുന്ന മമ്മിയും സഹോദരിയും ഒരിക്കല്‍ തലയില്‍നിന്ന് എന്റെ മക്കനതട്ടിയെടുത്തു. അന്ന് ഞാനവരെ തല്ലി. അല്ലാഹു എനിക്ക് പൊറുത്തുതരുമെന്ന് ഞാന്‍ വിചാരിക്കുന്നു.
കുടുംബത്തില്‍ തനി സ്വാര്‍ഥയാണെന്നും ഹിജാബ് ധരിച്ചുകൊണ്ട് സഹോദരിക്കും കുടുംബത്തിനും മാനക്കേടുവരുത്തിവെക്കുന്നുവെന്നും മമ്മി അട്ടഹസിച്ചു. എന്റെ പട്ടണത്തില്‍ നിന്നെ കണ്‍വെട്ടത്തുകാണുന്നതുപോലും ഞാന്‍ വെറുക്കുന്നുവെന്ന് അവര്‍ തുറന്നുപറഞ്ഞു. വല്യമ്മച്ചിയും ഒട്ടും പിന്നിലായിരുന്നില്ല. ചിലപ്പോള്‍ ഞാന്‍ പ്രാര്‍ഥിക്കുമ്പോള്‍ അവര്‍ ഒച്ചയിടും:’എന്നെ കേള്‍പ്പിക്കാന്‍ നീ മുതിരേണ്ടാ. ഞാനങ്ങോട്ടുപറയുന്നത് മാത്രം കേട്ടാല്‍ മതി.’
യേശുവിന്റെത് അത്ഭൂതജനനമായിരുന്നില്ലെന്ന് അവര്‍ പറയാറുണ്ടായിരുന്നു. ഖുര്‍ആന്‍ പാരായണം പ്ലേ ചെയ്യുന്നതിനോടൊപ്പം ചേര്‍ന്ന് കളിയാക്കിച്ചിരിക്കുകയും ശപിക്കുകയും ചെയ്യുമായിരുന്നു. എന്റെ ചെറുപ്പത്തില്‍ സൈക്യാട്രിസ്റ്റിന്റെ അടുക്കല്‍ കൊണ്ടുപോയിരുന്നു. ഇവള്‍ ഇസ് ലാം സ്വീകരിച്ചിരിക്കുന്നുവെന്നും ചികിത്സിക്കണമെന്നും ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ എനിക്ക് മരുന്നുനല്‍കി. ഞാനത് ചവറ്റുകുട്ടയില്‍ വലിച്ചെറിയുകയായിരുന്നു. ഈവിധം പ്രയാസങ്ങള്‍ അധികരിച്ചപ്പോള്‍ സ്‌കൂള്‍ വിദ്യാഭ്യാസം ദുഷ്‌കരമായി. ഇസ് ലാമിനെ നന്നായി പഠിക്കാന്‍ ഞാന്‍ തീരുമാനിച്ചു. അതിനായി വിവാഹംകഴിക്കാന്‍ ഒരുങ്ങി.
അല്‍ഹംദുലില്ലാഹ്! സിറിയയിലെ ദമസ്‌കസില്‍നിന്ന് എനിക്ക് സല്‍സ്വഭാവിയായ ചെറുപ്പക്കാരനെ കിട്ടി. വിവാഹശേഷം അറ്റ്‌ലാന്റയില്‍നിന്ന് ഹൂസ്റ്റണിലേക്ക് മാറിത്താമസിച്ചു. ഒരു വര്‍ഷത്തിനുശേഷം യൂസുഫ് എന്ന മകന്‍ ജനിച്ചു. സര്‍വസ്തുതിയും അല്ലാഹുവിന് ഇനി അല്ലാഹു അനുഗ്രഹിച്ചാല്‍ മക്കയും മദീനയും സന്ദര്‍ശിക്കണം. അല്ലാഹു ഔദാര്യവാനാണല്ലോ.
ജോര്‍ദാന്‍കാരിയും ഈയിടെ ഇസ് ലാംസ്വീകരിച്ചവളുമായ സഹോദരിയെ ഞാനീയിടെ കണ്ടുമുട്ടി. എന്നെപ്പോലെ അവളും കടുത്ത പ്രയാസങ്ങള്‍ തരണംചെയ്തവളായിരുന്നു. എല്ലാ സ്തുതിയും അല്ലാഹുവിന്. എന്റെ മാര്‍ഗദര്‍ശിയാണവന്‍!Share
Add Comment