വിദേശത്തുനിന്ന് വന്ന എന്റെ ഒരു അങ്കിള്‍ കുറച്ചുദിവസം ഞങ്ങളുടെ വീട്ടില്‍ താമസിച്ചു. അടുപ്പവും സ്നേഹവും പുലര്‍ത്തുന്ന സരസസംഭാഷണക്കാരനാണ് ആള്. ഒരുദിവസം ചായകുടിച്ചുകൊണ്ടിരിക്കെ സംഭാഷണവേളയില്‍ ഭാര്യ വിട്ടുപിരിഞ്ഞതിനുശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ചും മറ്റും വികാരവിക്ഷോഭങ്ങളില്ലാതെ സംസാരിച്ചത് അദ്ദേഹത്തോടുള്ള മതിപ്പുവര്ധിപ്പിച്ചു. ഭാര്യ തനിക്ക് സുഹൃത്തിനെപ്പോലെയായിരുന്നുവെന്നും ഇപ്പോഴത്തെ ഏകാന്തത കടുത്ത മടുപ്പുളവാക്കുന്നുവെന്നും അദ്ദേഹം തുറന്നുപറഞ്ഞു. ഭാര്യ അദ്ദേഹത്തിന്റെയും മക്കളുടെയും ജീവിതത്തില്‍ ചെലുത്തിയ സ്വാധീനത്തെ വിവരിച്ചത് എനിക്കിഷ്ടപ്പെടുകയുംചെയ്തു. അങ്ങനെ അദ്ദേഹവുമായി നടന്ന ആ സംഭാഷണം അവസാനിച്ചത് ഇങ്ങനെയായിരുന്നു:
‘ ഒരു വയസ്സന്റെ പറച്ചിലായി മാത്രം കണ്ടാല്‍ മതി, ഒരു വേള നിങ്ങളുടെ മാതാപിതാക്കളും അതാഗ്രഹിക്കുന്നുവെന്നെനിക്കറിയാം. കാരണം നിങ്ങള്‍ എല്ലാവരും പെണ്‍കുട്ടികളായിരുന്നല്ലോ- അതിനാല്‍ എല്ലാവര്ക്കും സന്തോഷമുളവാക്കിക്കൊണ്ട് വൈകാതെതന്നെ നിങ്ങള്‍ക്ക് ആണ്‍കുഞ്ഞുണ്ടാകാന്‍ ആശംസിക്കുന്നു.’
ഞാന്‍ ഷോക്കേറ്റതുപോലെയായി. എനിക്ക് നല്ലതുവരാന്‍ ആശംസകള്‍ നേരുകയും പ്രാര്ഥിക്കുകയുംചെയ്തതിനെ അംഗീകരിക്കുന്നുണ്ടെങ്കിലും ലിംഗവിവേചനം എടുത്തുപറഞ്ഞ് അതെത്രമാത്രം ഒരു സ്ത്രീയുടെ ജീവിതത്തില്‍ ആഘാതമുണ്ടാക്കുമെന്ന് ആലോചിക്കാതെ സംസാരിച്ചത് എന്നില്‍ വിഷമമുണ്ടാക്കി. സമൂഹത്തില്‍ സ്ത്രീക്ക് എന്തൊക്കെ നേടാനാകും എന്നതിനെപ്പറ്റി ഇടുങ്ങിയ ചിന്താഗതി വെച്ചുപുലര്‍ത്തുന്ന എത്രയോ സ്ത്രീ-പുരുഷന്മാര് ഇന്നും സമൂഹത്തിലുണ്ട്. പലപ്പോഴും മതവ്യാഖ്യാനങ്ങളുടെ മറപിടിച്ച് തങ്ങളുടെ സാമൂഹിക-സാംസ്കാരികപശ്ചാത്തലത്തെ മുന്‍നിര്‍ത്തിയാണ് അത്തരം മുന്‍ധാരണകള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. സ്ത്രീവര്‍ഗം ഒട്ടേറെ മുന്നേറിയിട്ടുണ്ടെങ്കിലും അന്നദാതാക്കളും സംരക്ഷണം നല്‍കുന്നവരും ആണുങ്ങള്മാത്രമാണ് എന്ന ധാരണ ശക്തമാണിന്നും. അതുപോലെ സ്ത്രീകള്‍ ‘പ്രശ്ന’വും ‘തലവേദന’യും ആയാണിന്നും കരുതപ്പെടുന്നത്. വിശാലമായ വായനയും ലോകപരിചയവും ഉള്ള ആ മനുഷ്യന് എന്തുകൊണ്ട് അങ്ങനെ സംസാരിക്കുന്നുവെന്ന് എനിക്കൊട്ടും മനസ്സിലാകുന്നില്ല. മാത്രമല്ല, അദ്ദേഹം തന്റെ പെണ്മക്കളെയും മരുമക്കളെയും ശാക്തീകരിക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചയാളായിട്ടും ആണ്‍കുഞ്ഞിനുവേണ്ടി ആശംസിച്ചത് എനിക്ക് അപമാനമായി തോന്നി.
ആണ്‍കുഞ്ഞുണ്ടാകാന്‍ സദുദ്ദേശ്യത്തോടെ നല്കുന്ന പ്രാര്‍ത്ഥനകളാല്‍, ആത്മാഭിമാനത്തിന് മുറിവേല്പ്പിക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ പ്രതീകമായി ഞാന്‍ നിലകൊള്ളുകയാണ്. വികസ്വരരാജ്യങ്ങളിലെ സാംസ്കാരികമായ പിന്നാക്കാവസ്ഥയില്മാത്രം ഇത്തരം സംഭവങ്ങള്‍ ഒതുങ്ങിനില്ക്കുന്നില്ല. ആസ്ര്തേലിയയും അമേരിക്കയും പോലെയുള്ള വികസിതരാജ്യങ്ങളിലെ കുടുംബങ്ങളില്‍ ചിലതിലെങ്കിലും ആണ്‍കുഞ്ഞിന് ജന്മം നല്‍കാത്തതിനാലും പെണ്ണുങ്ങളെ ഭാരമായി കാണുന്നതിനാലും ലിംഗവിവേചനം അനുഭവിക്കുന്നവര്‍ ഏറെയുണ്ട്. പൗരുഷത്തിനും ആണ്വര്ഗനേട്ടങ്ങള്ക്കും അമിതപ്രാധാന്യം കൊടുക്കുന്നത് സ്ത്രീശാക്തീകരണത്തെ ദുര്‍ബലപ്പെടുത്തുകയാണ് ചെയ്യുന്നത്.
ഉള്ളംകൈയ്യില്‍ ടിവിയും റേഡിയോയും ഫോണും കലണ്ടറും മ്യൂസിക്പ്ലെയറും ഒതുക്കിപ്പിടിക്കാന്‍ കഴിഞ്ഞ യുഗത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്. എന്നിട്ടും നാം വിശ്വാസിക്കുന്നു, മനുഷ്യരാശിയുടെ ഒരു പാതിവര്ഗമാണ് ഉന്നതരെന്ന്. ഡ്രൈവറില്ലാ കാറുകളുടെ ഈ യുഗത്തിലും ഒരു പെണ്‍കുട്ടി വീട്ടില്‍ ആണിനെപ്പോലെ സുരക്ഷയും സാമ്പത്തികഭദ്രതയും നേടിത്തരില്ലന്നെ് നാം ഉറച്ചുവിശ്വസിക്കുന്നതാണത്ഭുതം.
അതുമാത്രമോ ‘നിങ്ങളുടെ മാതാപിതാക്കളുടെ ആഗ്രഹവും അതാണെന്നെനിക്കറിയാം’എന്നും ആ അങ്കിള്‍ പറഞ്ഞുവെച്ചു. കുട്ടികള്‍ ഉത്തമസന്താനങ്ങളായി വളരണമെന്ന ആഗ്രഹത്തോടെ ശ്രദ്ധയും സ്നേഹവും നല്കി ലിംഗവിവേചനമൊന്നും കാട്ടാതെ ഞങ്ങള്‍ നാലുപെണ്‍മക്കളെയും എന്റെ മാതാപിതാക്കള്‍ വളര്‍ത്തിവലുതാക്കി. പിതാവ് എന്നെ ഒരു പെണ്‍കുട്ടിയെന്ന രീതിയില്‍ രണ്ടാംതരമായി കണ്ടിട്ടേയില്ല. ധാര്‍മികസദാചാരമൂല്യങ്ങള്‍ പകര്ന്നുനല്കാന് എന്നും ഔത്സുക്യം കാട്ടിയിട്ടേയുള്ളൂ അദ്ദേഹം. മാതാവാകട്ടെ, എന്റെ ‘ആണ്ഗരിമ’യെ ഭയന്നത് ഞാനെങ്ങാനും മൂന്നാംലിംഗക്കാരിയാണോ എന്ന ശങ്കയാലല്ല മറിച്ച്, പുരുഷന്മാരുടെ ലോകത്ത് പെണ്ണായതിന്റെ ആകുലതകള്‍ കണ്ടും അനുഭവിച്ചും വളര്‍ന്നതാണ് അവരെന്നതുകൊണ്ടാണ്. നാലും പെണ്‍മക്കളായതുകൊണ്ട് ആളുകള്‍ക്ക് പലതും പറയാനുണ്ടായിരുന്നുവെന്ന് എനിക്കറിയാം. പക്ഷേ, അതേ കാരണത്താല്‍ എന്റെ പിതാവ് അഭിമാനം കൊണ്ടിരുന്നുവെന്നതും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. അദ്ദേഹം മക്കളായ ഞങ്ങളില്‍ പുലര്‍ത്തിയിരുന്ന ആത്മവിശ്വാസവും അഭിമാനവും സ്നേഹപ്രകടനങ്ങളും ഒരിക്കലും ആണ്‍കുഞ്ഞിനെ പ്രസവിക്കാത്തവള്‍ എന്ന ‘കുറ്റബോധ’ത്തിന് ഉമ്മയ്ക്ക് അവസരം കൊടുത്തില്ല. അല്ലെങ്കിലും അങ്ങനെയൊരു കുറ്റബോധത്തിന്റെ ആവശ്യമെന്തിന് ? വീട്ടിലെ ആണ്‍തരി നല്കുന്നതുപോലെ സ്നേഹവും സുരക്ഷിതത്വവും ആദരവും നല്കാന് പെണ്മക്കളുണ്ടെങ്കില് അത്തരം ചിന്തകളുടെ ആവശ്യമില്ലല്ലോ.
നമ്മുടെ ചിന്തകളുടെ സാമൂഹികപരിസരമാണ് മാറേണ്ടത്. സ്ത്രീവിരുദ്ധചിന്താഗതികളെ മതദര്‍ശനവുമായി ബന്ധപ്പെടുത്തി ഒഴിഞ്ഞുമാറുന്ന സംസ്കാരവും ഉപേക്ഷിക്കേണ്ടതുണ്ട്. മുഹമ്മദ് നബി(സ) ഇപ്രകാരം പറഞ്ഞിരിക്കുന്നു: ‘ആര്‍ക്കെങ്കിലും മൂന്നുപെണ്മക്കളുണ്ടാവുകയും അവരോട് ക്ഷമയില്‍ വര്‍ത്തിച്ച് അവര്‍ക്ക് ഉണ്ണാനും ധരിക്കാനും ആവശ്യമായത് നല്‍കുകയും ചെയ്താല്‍ വിചാരണാനാളില്‍ അവര്‍ അവന് നരകത്തില്‍നിന്ന് സംരക്ഷണമായി വര്‍ത്തിക്കുന്നതാണ്.’ പെണ്‍കുഞ്ഞുങ്ങളോടും സ്ത്രീകളോടും പ്രതിലോമചിന്താഗതി വച്ചുപുലര്‍ത്തുന്നത് മതബോധത്തില്പെട്ടതല്ല. നൂറ്റാണ്ടുകളായി സ്ത്രീകള്‍ക്കെതിരെ വെച്ചുപുലര്‍ത്തുന്ന പുരുഷമേധാവിത്വബോധത്തിന്റെ അടയാളമാണത്. മാതാക്കളോട് മോശമായി പെരുമാറുന്നതും ഭാര്യമാരെ കയ്യേറ്റംചെയ്യുന്നതും പെണ്മക്കളെ വില്പനച്ചരക്കാക്കുന്നതും പെണ്കുഞ്ഞുങ്ങളാണെന്നറിയുമ്പോള് ഗര്‍ഭഛിദ്രം നടത്തുന്നതും അതിന്റെ ഭാഗമാണ്. സ്ത്രീവിരുദ്ധകാഴ്ചപ്പാടിന്റെ ഭാഷകള്‍ നാമാണ് പ്രചരിപ്പിക്കുന്നത്. അതുകൊണ്ടാണ് പെണ്ണുങ്ങളെ മയമുള്ള സ്വഭാവങ്ങള്‍ മാത്രമുള്ള മനുഷ്യവര്ഗമായിഎന്നും നോവലുകളിലും സാഹിത്യങ്ങളിലും വാര്‍പ്പുമാതൃക കാണുന്നത്.
നമ്മുടെ കുട്ടികളെ ലിംഗവിവേനത്തിന്റെ ദൂഷ്യങ്ങളില്‍നിന്ന് മുക്തമാക്കി വിദ്യാഭ്യാസം നല്കാന് നമുക്കാവില്ലേ ? അതിനുപകരം ധാര്‍മികസദാചാരമൂല്യങ്ങള്‍ അവരിലേക്ക് പകര്ന്നുനല്കി അവരെ സമൂഹത്തിന് നന്മചെയ്യുന്ന പൗരനാക്കി വളര്‍ത്തിയെടുക്കാന്‍ കഴിയുമല്ലോ. സമൂഹത്തെയും കുടുംബത്തെയും സ്നേഹിക്കുകയും അവരെ പരിപാലിക്കുകയുംചെയ്യുന്ന ഉത്തമവ്യക്തിത്വമായി വളര്‍ത്തിയെടുക്കാന്‍ മക്കളെ വിദ്യാഭ്യാസംചെയ്യുകയാണ് വേണ്ടത്.
* ബംഗാളി ബ്ലോഗറാണ് ഷെഫീന്‍ മുശ്താഖ്
Add Comment