യുനൈറ്റഡ് നാഷന്‍സ് : മ്യാന്മറില്‍ ഇപ്പോഴും റോഹിംഗ്യാ വംശഹത്യ തുടരുന്നതായി യു.എന്‍ റിപ്പോര്‍ട്ട്. യു.എന്നിന്റെ വസ്തുതാന്വേഷണ സംഘം തയാറാക്കിയ റിപ്പോര്‍ട്ടാണ് മ്യാന്മറില്‍ ന്യൂനപക്ഷ മുസ്‌ലിം വിഭാഗമായ റോഹിംഗ്യകള്‍ക്കെതിരേ വേട്ട തുടരുന്നതായി വ്യക്തമാക്കുന്നത്
ഇതുസംബന്ധിച്ച തീരുമാനം രാജ്യാന്തര കോടതിക്കു കൈമാറണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ട് അന്വേഷണ സംഘം രക്ഷാസമിതിയില്‍ സമര്‍പ്പിച്ചു. ആങ് സാന്‍ സൂക്കി, സൈനിക ജനറല്‍മാര്‍ അടക്കമുള്ള ഉന്നത നേതാക്കളെ വിചാരണ ചെയ്യണമെന്നാണ് റിപ്പോര്‍ട്ട് നിര്‍ദേശിച്ചിരിക്കുന്നത്.
കൂട്ടക്കൊലയ്ക്കു പുറമേ നിര്‍ബന്ധിത നാടുകടത്തല്‍, ജന നിയന്ത്രണം, അഭയാര്‍ഥി കേന്ദ്രങ്ങളുടെ വ്യാപകമായ സ്ഥലംമാറ്റം അടക്കം റോഹിംഗ്യകള്‍ക്കെതിരേ ഭരണതലത്തില്‍തന്നെ വേട്ട തുടരുകയാണെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി സംഘത്തിന്റെ അധ്യക്ഷന്‍ മര്‍സൂക്കി ദാറുസ്മാന്‍ പറഞ്ഞു.
മ്യാന്മറിലെ റോഹിംഗ്യാ വംശഹത്യ ഇപ്പോഴും തുടരുകയാണ്. ഇതിനകം 10,000 റോഹിംഗ്യകളാണ് കൊല്ലപ്പെട്ടത്. 390 ഗ്രാമങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. ബംഗ്ലാദേശില്‍ കഴിയുന്ന അഭയാര്‍ഥികള്‍ക്ക് നാട്ടിലേക്കു തിരിച്ചെത്താവുന്ന സ്ഥിതിയല്ല മ്യാന്മറിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
444 പേജില്‍ സ്‌ഫോടനാത്മകമായ പല വിവരങ്ങളുമുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് രക്ഷാസമിതി വിളിച്ചുചേര്‍ത്ത പ്രത്യേക യോഗത്തിനു മുന്‍പാകെ വച്ചത്. യൂറോപ്യന്‍ രാജ്യങ്ങളുടെ ആവശ്യപ്രകാരം വിളിച്ചുചേര്‍ത്ത യോഗം തടയാന്‍ ചൈനയും റഷ്യയും ശ്രമിച്ചിരുന്നു. വിഷയം രക്ഷാസമിതി അടിയന്തരമായി ഹേഗിലെ രാജ്യാന്തര കോടതിക്കു കൈമാറുകയോ അല്ലെങ്കില്‍ താല്‍ക്കാലികമായ രാജ്യാന്തര ക്രിമിനല്‍ ട്രിബ്യൂണല്‍ രൂപീകരിച്ചു വിചാരണ നടത്തുകയോ ചെയ്യണമെന്നു റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
അതേസമയം, വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് മ്യാന്മര്‍ തള്ളിക്കളഞ്ഞു. ഏഷ്യന്‍ നയതന്ത്രജ്ഞരെ ഉള്‍പ്പെടുത്തി തങ്ങള്‍തന്നെ സ്വതന്ത്ര അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും യു.എന്‍ സമിതിയുടെ റിപ്പോര്‍ട്ട് തങ്ങളുടെ പരമാധികാരത്തിനുമേലുള്ള കൈയേറ്റമാണെന്നും മ്യാന്മര്‍ സര്‍ക്കാര്‍ ആരോപിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് മ്യാന്മറിലെ റാഖൈനില്‍ റോഹിംഗ്യകള്‍ക്കെതിരായ സൈനിക ക്രൂരകൃത്യങ്ങള്‍ക്കു തുടക്കമായത്. സംഭവത്തെ തുടര്‍ന്ന് ഏഴര ലക്ഷത്തോളം ജനങ്ങള്‍ ബംഗ്ലാദേശിലേക്കും മറ്റു പ്രദേശങ്ങളിലേക്കും പലായനം ചെയ്തിരുന്നു. ഇവരില്‍ പലരും ഇപ്പോഴും അഭയാര്‍ഥി ക്യാംപുകളില്‍ നരകിച്ചു ജീവിക്കുകയാണ്. ഇവരെ നാട്ടിലെത്തിക്കാല്‍ ബംഗ്ലാദേശ്മ്യാന്മര്‍ സര്‍ക്കാരുകള്‍ കരാറില്‍ ഒപ്പുവച്ചെങ്കിലും സുരക്ഷാഭീഷണിയെ തുടര്‍ന്നു റോഹിംഗ്യകള്‍ തിരിച്ചുപോകാന്‍ ഭയക്കുകയാണ്