ധൃതി പിടിച്ച നമ്മുടെ ഈ ജീവിതത്തിനിടയില്‍ വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം നാം നമ്മോട് തന്നെ ചോദിക്കാന്‍ മറക്കുന്നു: ഖുര്‍ആനുമായുള്ള എന്‍റെ ബന്ധം എങ്ങനെ ? ജീവിതം സുകൃതമാവാന്‍ അല്ലാഹു നമുക്ക് നല്‍കിയ ആ മാര്‍ഗദര്‍ശനം മനസ്സിലാക്കാനും പഠിക്കാനും ഞാന്‍ എത്ര സമയം ചെലവഴിക്കുന്നുണ്ട് ? നാം സമൂഹമാധ്യമങ്ങളില്‍ ചാറ്റ് ചെയ്യാനും ഇടപെടാനും എടുക്കുന്ന സമയവും അല്ലാഹുവിന്‍റെ വേദഗ്രന്ഥം പഠിക്കാന്‍ നാം വിനിയോഗിക്കുന്ന സമയവും തമ്മില്‍ വലിയ അന്തരമുണ്ടാവും, തീര്‍ച്ച.
നമ്മില്‍ പലരും വിശുദ്ധഖുര്‍ആന്‍റെ പേജ് തുറക്കുന്നത് തന്നെ റമദാനിലോ മറ്റോ ആയിരിക്കും. താഴെ പറയുന്ന ഹദീസുകള്‍ ഖുര്‍ആനെക്കുറിച്ച് നാമറിഞ്ഞിട്ടില്ലാത്ത ചില വിജ്ഞാനനിധികളിലേക്ക് നമ്മെ ആനയിക്കും. ശ്രദ്ധയോടെയും തികഞ്ഞ ബോധ്യത്തോടെയും അത് വായിക്കുക. ഖുര്‍ആനുമായുള്ള നമ്മുടെ ബന്ധത്തെ നവീകരിക്കാനും പുതുക്കാനും അവ സഹായിക്കുമെന്ന പ്രതീക്ഷയോടെ.
ഉയര്‍ന്ന പദവി
1. ആയിശ (റ)യില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ഖുര്‍ആന്‍ ഏറ്റവും നന്നായി പാരായണം ചെയ്യുന്നവന്‍ അല്ലാഹുവിന്‍റെ ആദരണീയരും ഉത്തമരുമായ മലക്കുകളോടൊപ്പമാണ്. പ്രയാസപ്പെട്ട് അത് പാരായണം ചെയ്യുന്നവന് രണ്ട് പ്രതിഫലമുണ്ട്. (ബുഖാരി – മുസ് ലിം)
2. അബ്ദുല്ലാഹ്ബിനു അംറുബ്നുല്‍ ആസ്വി(റ)ല്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: (അന്ത്യനാളില്‍) ഖുര്‍ആന്‍ വായിക്കുന്നവനോട് ഇങ്ങനെ പറയപ്പെടും: നീ ഖുര്‍ആന്‍ ഓതുക. പദവികള്‍ ഉയര്‍ന്നുപോവുക. ഇഹലോകത്ത് നീ ഖുര്‍ആന്‍ ഓതിയപോലെ ക്രമമായും ചിട്ടയായും ഓതുക. നീ ഓതീത്തീരുന്ന അവസാനത്തെ ആയത്ത് വരെ ഉയര്‍ന്നതാണ് നിനക്ക് ലഭിക്കുന്ന പദവി. (അബൂദാവൂദ് – തിര്‍മിദി)
3. ഉസ്മാനുബ്നു അഫ്ഫാനി(റ)ല്‍ നിന്ന് നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു: ഖുര്‍ആന്‍ പഠിക്കുന്നവും പഠിപ്പിക്കുന്നവരുമാണ് നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ (അല്‍ബുഖാരി).
നന്മകളുടെ നിധി
4. അബ്ദുല്ലാഹിബ്നു മസ്ഊദില്‍ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്ന് ആരെങ്കിലും ഒരു അക്ഷരം വായിച്ചാല്‍ അതവര്‍ക്ക് നന്മയായി മാറും. ഒരു നന്മ അതിന്‍റെ പത്തിരട്ടിയാണ്. ‘അലിഫ് ലാം മീം’ ഒരു അക്ഷരമാണെന്ന് ഞാന്‍ പറയുന്നില്ല. അലിഫ് ഒരു അക്ഷരം, ലാം ഒരക്ഷരം, മീം ഒരക്ഷരം. (തിര്‍മിദി)
നിര്‍ണായക ഘട്ടത്തില്‍ സഹായം
5. അബൂഉമ്മ (റ)യില്‍ നിവേദനം: നബി (സ) പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. തീര്‍ച്ചയായും അന്ത്യനാളില്‍ അതിന്‍റെ ആളുകള്‍ക്ക് ശഫാഅത്ത് ചെയ്യും. (മുസ് ലിം)
6. അന്നാവാസ് ബിന്‍ സംആനില്‍ നിന്ന് നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു: അന്ത്യനാളില്‍ ഖുര്‍ആനെയും അതനുസരിച്ച് പ്രവര്‍ത്തിച്ചവരെയും ഹാജരാക്കും. സൂറത്തുല്‍ ബഖറയും ആലുഇംറാനും അവര്‍ക്ക് വേണ്ടി വാദിക്കാന്‍ മുന്‍നിരയിലുണ്ടാവും. (മുസ് ലിം)
അനുഗ്രഹവര്‍ഷം
7. അബൂഹുറൈറ (റ)യില്‍ നിന്ന് നിവേദനം : നബി(സ) പറഞ്ഞു: അല്ലാഹുവിന്‍റെ പാരായണം ചെയ്തും പഠിച്ചും പള്ളിയില്‍ കഴിഞ്ഞുകൂടുന്ന ഒരു സമൂഹത്തിന് ശാന്തിയുണ്ടാവും. കാരുണ്യം അവരെ മൂടും മലക്കുകള്‍ അവരെ വലയം ചെയ്യും. അല്ലാഹും അവരെക്കുറിച്ച് തന്‍റെ അടുക്കലുള്ളവരോട് പറയും. (മുസ് ലിം).
ഖുര്‍ആന്‍ പഠനത്തില്‍ നിക്ഷേപം
8. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ല്‍ നിവേദനം: നബി(സ) പറഞ്ഞു: മനസ്സില്‍ ഖുര്‍ആനിന്‍റെ ഒരംശമില്ലാത്തവന്‍ തകര്‍ന്ന വീടു പോലെയാണ്. (തിര്‍മിദി)
9. അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ (സ) പറഞ്ഞു: നിങ്ങള്‍ ഖുര്‍ആനെ മുറുകെ പിടിക്കുക. മുഹമ്മദിന്‍റെ ആത്മാവ് ആരുടെ കൈയിലാണോ അവനാണ സത്യം, കുറ്റിയില്‍ കെട്ടിയിട്ട ഒട്ടകത്തേക്കാള്‍ വേഗത്തില്‍ അത് നഷ്ടപ്പെട്ടുപോവാനിടയുണ്ട്. (ബുഖാരി – മുസ് ലിം)
10. അബൂമൂസല്‍ അശ്അരി(റ)യില്‍ നിന്ന് നിവേദനം നബി (സ) പറഞ്ഞു: അസൂയ അനുവദനീയമല്ല, രണ്ടും വിഭാഗം ആളുകളോടല്ലാതെ. ഒന്ന്, അല്ലാഹുവിന്‍റെ വേദഗ്രന്ഥത്തില്‍ ജ്ഞാനം നല്‍കപ്പെട്ടയാള്‍; രാപകലുകളില്‍ അയാളത് പാരായണം ചെയ്യുകയും പഠിക്കുകയും ചെയ്യുന്നു. രണ്ട്, അല്ലാഹു ധാരാളം സമ്പത്ത് നല്‍കിയ ആള്‍. രാപകലുകളില്‍ അത് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ചെലവഴിക്കുന്നു.
Add Comment