ഇന്ത്യോനേഷ്യക്കാരിയാണ് ഐറിനാ ഹന്‍ദുനു. ഇസ്‌ലാം സ്വീകരണത്തിനുശേഷം പ്രബോധനപ്രവര്‍ത്തനങ്ങളില്‍ സജീവമാണവര്‍. 1983 ലാണ് അവര്‍ ഇസ്‌ലാമിന്റെ ശാദ്വലതീരങ്ങളിലെത്തിയത്. നവമുസ്‌ലിംകള്‍ക്കായി ‘ഐറിനാ സെന്റര്‍’ എന്ന സ്ഥാപനം നടത്തുകയാണിപ്പോള്‍. തന്റെ ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച അനുഭവങ്ങള്‍ പങ്കുവെക്കുകയാണിവിടെ.
കത്തോലിക്കാ കുടുംബം
ഇന്ത്യോനേഷ്യയിലെ കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. സൗഭാഗ്യവതിയായിരുന്നു ഞാന്‍. ധനികകുടുംബമായതുകൊണ്ട് നല്ല രീതിയിലുള്ള വിദ്യാഭ്യാസം ലഭിച്ചു.
ഇന്ത്യോനേഷ്യയില്‍ മുസ്‌ലിംകളാണ് ഭൂരിപക്ഷം. ഞങ്ങള്‍ സമ്പന്നരായതുകൊണ്ട് വേഷഭൂഷാദികളില്‍ പ്രൗഢി പ്രകടമായിരുന്നു. മുസ്‌ലിംകളാകട്ടെ, അധികവും ദരിദ്രരും അതുകൊണ്ടുതന്നെ വിദ്യാഭ്യാസമില്ലാത്തവരുമായിരുന്നു. പള്ളിയില്‍ നമസ്‌കരിക്കാന്‍ പോകുന്നവരുടെ ചെരിപ്പുകള്‍ മോഷ്ടിക്കപ്പെടുന്നത് സര്‍വസാധാരണമായിരുന്നു.
എന്റെ ജീവിതം ദൈവത്തിന് സമര്‍പിക്കണം
നന്നേ ചെറിയ പ്രായത്തില്‍തന്നേ മാതാപിതാക്കള്‍ മതപരമായ നിര്‍ദേശങ്ങള്‍ പകര്‍ന്നുതന്നിരുന്നു. കൗമാരകാലത്ത് ചര്‍ച്ചില്‍ നടക്കുന്ന എല്ലാ പരിപാടികളിലും പങ്കെടുക്കുമായിരുന്നു. കന്യാസ്ത്രീയാകാന്‍ അന്നേ കൊതിതോന്നിയിട്ടുണ്ട്. കത്തോലിക്കാവിശ്വാസത്തില്‍ അടിയുറച്ചുനിന്നതിനാല്‍ ഭൗതികതാല്‍പര്യങ്ങളോട് വിരക്തി പുലര്‍ത്തി ആശ്രമജീവിതം നയിക്കുന്നത് സവിശേഷകാര്യമായി വിലയിരുത്തപ്പെട്ടു. ദൈവത്തിന് മാത്രമായി ജീവിതം സമര്‍പിക്കാന്‍ ഞാന്‍ ദൃഢനിശ്ചയംചെയ്തു. ഹൈസ്‌കൂള്‍ കഴിഞ്ഞയുടന്‍ ദൈവവിളിക്കുത്തരം ചെയ്തു. അങ്ങനെ അടുത്തുള്ള കത്തോലിക്കാ സെമിനാരിയില്‍ ചേര്‍ന്നുപഠനം തുടങ്ങി. കത്തോലിക്കാ വിദ്യാഭ്യാസത്തിനൊടുവിലാണ് ക്രൈസ്തവതയുടെ പരിമിതികള്‍ ഞാന്‍ തിരിച്ചറിഞ്ഞുതുടങ്ങിയത്.
മതതാരതമ്യ പഠനം
എന്റെ തീരുമാനത്തില്‍ ഏറെ അത്ഭുതപ്പെട്ടത് മമ്മിയും ഡാഡിയുമായിരുന്നു. മക്കളില്‍ ഞാന്‍ മാത്രമായിരുന്നു പെണ്‍കുട്ടി. അതിനാല്‍ മകളെ തങ്ങളുടെ കൂടെ നിര്‍ത്താമെന്ന് അവര്‍ കരുതിയിരുന്നു. എന്നാല്‍ എന്റെ ഉറച്ചതീരുമാനം മനസ്സിലാക്കി കന്യാസ്ത്രീയാകാനുള്ള ആഗ്രഹത്തെ അവര്‍ പിന്തുണച്ചു.
വിദ്യാര്‍ഥിയെന്ന നിലക്ക് പ്രയാസമേതുമില്ലാതെ ആദ്യഘട്ടം കടന്നുപോയി. ആശ്രമത്തിനുപുറത്തെ പ്രവര്‍ത്തനങ്ങളില്‍ അധികാരികള്‍ എന്നെ പങ്കെടുപ്പിക്കാറുണ്ടായിരുന്നു. അങ്ങനെ മതതത്ത്വശാസ്ത്രപഠനം നടത്തുന്ന സ്ഥാപനത്തില്‍ മതതാരതമ്യപഠനത്തിന് ഞാന്‍ ഇസ്‌ലാം തെരഞ്ഞെടുത്തു. മുസ്‌ലിംഭൂരിപക്ഷ സമൂഹത്തിലാണ് ഞാന്‍ ജനിച്ചുവളര്‍ന്നതെങ്കിലും ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത് പിന്നീടാണ്.
മുസ്‌ലിംകളെക്കുറിച്ച ഒട്ടേറെ മുന്‍വിധികളുമായി ഏറ്റുമുട്ടേണ്ടിവന്നു എനിക്ക്. ദാരിദ്ര്യവും വിദ്യാഭ്യാസമില്ലായ്മയും , സംസ്‌കാരരാഹിത്യവും ഇസ്‌ലാമികസമൂഹത്തിന്റെ മുഖമുദ്രയാണെന്ന് ഞാന്‍ വിചാരിച്ചിരുന്നു.ആ ഘട്ടത്തില്‍ ഇരുപതിനോടടുത്തായിരുന്നു എന്റെ പ്രായം. എന്തായാലും അതെക്കുറിച്ചെല്ലാം ആഴത്തില്‍ മനസ്സിലാക്കണമെന്ന് ഞാനുറച്ചു.
ചോദ്യങ്ങളവസാനിച്ചില്ല
മുസ്‌ലിമേതര രാജ്യങ്ങളെക്കുറിച്ച പഠനനിരീക്ഷണങ്ങള്‍ ഞാന്‍ തുടങ്ങിവെച്ചു. ദാരിദ്ര്യവും വിദ്യാഭ്യാസക്കുറവും ഇന്ത്യ,ചൈന, ഫിലിപ്പീന്‍സ്, ഇറ്റലി(അക്കാലത്ത്),ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കാണാനിടയായി. അതെത്തുടര്‍ന്ന് ഞാന്‍ എന്റെ അധ്യാപകന്റെ അടുക്കല്‍ ചെന്നു. ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ പഠിക്കാന്‍ അനുവാദംതരണമെന്ന് അപേക്ഷിച്ചു. അദ്ദേഹം വിയോജിപ്പേതുമില്ലാതെ സമ്മതിച്ചു. എന്നാല്‍ ഇസ്‌ലാമിന്റെ കൂടുതല്‍ ന്യൂനതകളും ദൗര്‍ബല്യങ്ങളും, അബദ്ധങ്ങളും കണ്ടെത്തി അതിനെ കടന്നാക്രമിക്കാനായിരുന്നു ഞാന്‍ ഉദ്ദേശിച്ചത്.
ഖുര്‍ആനുമായി ആദ്യഏറ്റുമുട്ടല്‍
ഇസ്‌ലാമിനെ കൈകാര്യംചെയ്യാന്‍ ഏറ്റവും ശക്തമായ ആയുധമായി ഞാന്‍ കണ്ടത് ഖുര്‍ആനെയായിരുന്നു. ഖുര്‍ആന്‍ പരിഭാഷ കൈയിലെടുത്ത് വായനയാരംഭിച്ചു. കുറച്ചധികം പോയപ്പോഴാണ് ഖുര്‍ആന്‍ വലത്തുനിന്നാണ് പാരായണംചെയ്യുന്നതെന്ന വസ്തുത മനസ്സിലായത്. എന്നാലും മറ്റേതൊരു പുസ്തകംപോലെ ഞാന്‍ ഇടത്തുനിന്ന് അത് തുറന്നുവായിച്ചു.
‘പറയുക! അവനാകുന്നു അല്ലാഹു അവന്‍ ഏകന്‍. അല്ലാഹു ആരുടെയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവന്‍ പിതാവോ പുത്രനോ അല്ല. അവന് തുല്യനായി ആരുംതന്നെയില്ല'(അല്‍ ഇഖ്‌ലാസ്വ്).
ഇതുവായിച്ചുകഴിഞ്ഞതും ഞാന്‍ അദ്ഭുതസ്തബ്ധയായി. ദൈവം ഏകനാണെന്ന് ഹൃദയം സമ്മതിച്ചു. അവന് സന്താനങ്ങളില്ലെന്നും അവന്‍ ആരുടെയും സന്താനമല്ലെന്നും അവനെപ്പോലെ ആരുംതന്നെ ഇല്ലെന്നും മനസ്സ് അംഗീകരിച്ചു.
ത്രിയേകത്വത്തെ ചോദ്യം ചെയ്തു
ഇഖ്‌ലാസ്വ് അധ്യായം വായിച്ചുകഴിഞ്ഞ ശേഷം ഞാന്‍ പാസ്റ്ററുടെ അടുക്കല്‍ ചെന്നു. ദൈവികയാഥാര്‍ഥ്യത്തെക്കുറിച്ച വസ്തുത ആരാഞ്ഞു. ത്രിയേകത്വവാദം തനിക്കിതുവരെ തിരിഞ്ഞിട്ടില്ലെന്ന് തുറന്നുപറഞ്ഞു.ഒരാള്‍ക്ക് ഒരേ സമയം മൂന്നും ഒന്നും ആകാന്‍ എങ്ങനെകഴിയും?
ദൈവം ഒന്നേയുള്ളൂയുള്ളൂവെങ്കിലും മൂന്ന് വ്യക്തിത്വങ്ങള്‍ ഉണ്ടെന്നായി പാസ്റ്റര്‍. ദൈവം=പിതാവ്, ദൈവം =പുത്രന്‍, ദൈവം= പരിശുദ്ധാത്മാവ്. ഇതാണ് ത്രിയേകത്വമെന്ന് അദ്ദേഹം പറഞ്ഞുവെച്ചു.
തത്കാലം ഞാനാ വിശദീകരണം തലയാട്ടി സമ്മതിച്ചു. പക്ഷേ അന്നുരാത്രി അല്‍ ഇഖ്‌ലാസ്വ് അധ്യായം വീണ്ടും വായിച്ചുനോക്കാന്‍ ആരോ ഉള്ളില്‍നിന്ന് നിര്‍ബന്ധിക്കുന്നതുപോലെ തോന്നി: ദൈവം അവനേകനാണ്, അവന്‍ പിതാവോ പുത്രനോ അല്ല.
പിറ്റേന്ന് പുലര്‍ച്ചെ ഞാന്‍ വീണ്ടും എന്റെ അധ്യാപകന്റെയടുക്കലെത്തി. ത്രിയേകത്വം ഉള്‍ക്കൊള്ളാന്‍ അതിയായ പ്രയാസം അനുഭവപ്പെടുന്നുവെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹം ബോര്‍ഡില്‍ ഒരു ത്രികോണം വരച്ച് AB=BC=CA എന്നെഴുതി. ത്രികോണം ഒരൊറ്റ ആകൃതിയാണ്. പക്ഷേ അതിന് 3 വശങ്ങളുണ്ടല്ലോ. ഇതുതന്നെയാണ് ദൈവാസ്തിത്വത്തെക്കുറിച്ചും നാം മനസ്സിലാക്കേണ്ടത്.
വാദത്തിന് സമ്മതിച്ചാല്‍
ഞാന്‍ ത്രികോണത്തിന്റെ യുക്തിയില്‍ കയറിപ്പിടിച്ചു. അതായത്, ഇന്ന് ദൈവം ത്രികോണമാണെങ്കില്‍ നാളെ അത് ചതുരം പോലെ നാലു ദൃശ്യതലങ്ങളോടെയുമാകാമല്ലോ. അത് സാധ്യമല്ലെന്ന് അധ്യാപകന്‍ പക്ഷേ തീര്‍ത്തുപറഞ്ഞു. അതെന്താ അങ്ങനെ എന്നായി ഞാന്‍. അദ്ദേഹം അക്ഷമനായി. അസാധ്യമാണതെന്ന് വീണ്ടും മൊഴിഞ്ഞു. ഞാന്‍ പക്ഷേ വിട്ടില്ല. മനസ്സിലാകുന്നില്ലെങ്കിലും ത്രിയേകത്വം അംഗീകരിച്ചേ മതിയാകൂ എന്ന ശാഠ്യമാണ് അദ്ദേഹം സമര്‍പിച്ചത്: ‘അതങ്ങ് സ്വീകരിക്കുക. അതിനെ ഉള്‍ക്കൊള്ളുക. ചോദ്യംചെയ്യുന്നത് പാപമാണ്.’
അദ്ദേഹം പറഞ്ഞത് എനിക്കൊട്ടും ദഹിച്ചില്ല. ആ വാദം വസ്തുതകളോട് പൊരുത്തപ്പെടുന്നതായി ഒട്ടും തോന്നിയില്ല. രാത്രി ഞാന്‍ വീണ്ടും അല്‍ ഇഖ്‌ലാസ്വ് അധ്യായം വായിച്ചു. എന്റെ ഹൃദയത്തെ അതിലേക്ക് ആരോ വലിച്ചടുപ്പിക്കുംപോലെ തോന്നി. ദൈവം ഏകനാണെന്നും അവന്‍ ജനിപ്പിക്കുകയോ ജനിക്കുകയോ ചെയ്തിട്ടില്ലെന്നും അവന് തുല്യരായി ആരുമില്ലെന്നും വ്യക്തമായി.
എന്റെ സ്വയംപഠനത്തില്‍ ത്രിയേകത്വവാദം മനുഷ്യസൃഷ്ടിയാണെന്ന് മനസ്സിലായി. ക്രിസ്തുവിന് ശേഷം 325 വര്‍ഷം കഴിഞ്ഞ് നിഖിയാ സമ്മേളനത്തില്‍ ഏകദൈവവിശ്വാസത്തെ പിളര്‍ത്തി ത്രിയേകത്വവാദം സ്വീകരിക്കുകയായിരുന്നു. കത്തോലിക്കാവിശ്വാസത്തെ ഇത് ആഴത്തില്‍ മുറിവേല്‍പിച്ചുവെന്നതാണ് സത്യം. അതിനുമുമ്പ് അത്തരത്തിലൊരു വ്യതിചലനം ഉണ്ടായിട്ടില്ലായിരുന്നു.
എനിക്കാശ്രയം ഇതുമാത്രം
ഇസ്‌ലാം സ്വീകരിക്കാന്‍ എനിക്ക് പിന്നെയും ആറുവര്‍ഷം വേണ്ടിവന്നു. ശഹാദത്തുകലിമ ചൊല്ലാന്‍ തയ്യാറായപ്പോള്‍ ഇമാം എന്നോട് അതിന്റെ പരിണിതഫലങ്ങള്‍ ഏറ്റുവാങ്ങാന്‍ ഒരുക്കമാണോയെന്ന് ചോദിച്ചു. മനപരിവര്‍ത്തനം എളുപ്പമാണ്; പക്ഷേ ജീവിതത്തിലുടനീളം അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഞാനതുകൊണ്ടുതന്നെ നന്നായി തയ്യാറെടുപ്പു നടത്തി. എനിക്ക് രക്ഷപ്പെടണമായിരുന്നു. ആത്മാവിന് ശാന്തിയാണ് കൊതിച്ചത്. ഇസ്‌ലാംസ്വീകരണത്തെത്തുടര്‍ന്ന് എനിക്ക് കുടുംബം നഷ്ടപ്പെട്ടു. സ്വത്തുകള്‍ വിനഷ്ടമായി. എല്ലാവരില്‍നിന്നും ഒറ്റപ്പെട്ടു. അത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍. പക്ഷേ ദൈവം എന്നോടൊപ്പമായിരുന്നു. അവനായിരുന്നു എനിക്കാശ്രയം.
എന്റെ ജീവിതം ദൈവത്തിന്
നവമുസ്‌ലിമെന്ന നിലയില്‍ എന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പൂര്‍ണബോധവതിയാണ് ഞാന്‍. നമസ്‌കരിക്കുകയും നോമ്പുനോല്‍ക്കുകയും ഹിജാബ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പത്തെപ്പോലെ തെറ്റായ ദര്‍ശനങ്ങളുടെയും വീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലല്ല ദൈവത്തിന് ഞാനെന്നെ സമര്‍പിച്ചിട്ടുള്ളത്. ഞാന്‍ ആശ്രമം ഉപേക്ഷിച്ചു. പക്ഷേ ഭക്തയായ മുസ്‌ലിം എന്ന നിലക്ക് ദൈവത്തിന് സമസ്വവും ഞാന്‍ നല്‍കിക്കഴിഞ്ഞു.
ദൈവത്തിലേക്ക് അടുക്കാന്‍ എനിക്ക് ഈ ലോകം ഉപേക്ഷിക്കേണ്ട യാതൊരു കാര്യവുമില്ല. ഇവിടെ ഞാന്‍ ചെയ്യുന്നതെല്ലാം ദൈവത്തിന് വേണ്ടിയായിരിക്കും. കാരണം എന്റെ ജീവിതം ദൈവത്തിനാണ്.
ഐറിനാ ഹന്‍ദുനു
Add Comment