ദൈവത്തിന്റെ മേല്‍ക്കോയ്മ അംഗീകരിച്ചുകൊംണ്ടുള്ള ഈ രാഷ്ട്രീയ സംവിധാനം യൂറോപ്യന്‍ രാഷ്ട്രമീമാംസാ ചരിത്രത്തില്‍ അറിയപ്പെടുന്ന ഥിയോക്രസിയില്‍നിന്ന് ഭിന്നമാണെന്ന് മേല്‍ വിവരണത്തില്‍നിന്നുതന്നെ വ്യക്തമാണ്. രണ്ടും തമ്മില്‍ പലനിലക്കും ഭിന്നത പുലര്‍ത്തുന്നുണ്ട്.
- ദൈവത്തിന്റെ പേരില്‍ മതപുരോഹിത വിഭാഗം അധികാരം കൈയാളുന്ന വ്യവസ്ഥിതിയാണ് ഥിയോക്രസി. അവര്‍ പറയുന്നതെന്തോ അതാണ് ദൈവത്തിന്റെ നിയമം. അവര്‍ വിമര്‍ശനാതീതരാണ്. സ്വയം ഈശ്വരന്‍ ചമഞ്ഞു ജനങ്ങളുടെമേല്‍ സ്വേഛാനിയമങ്ങള്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു യഥാര്‍ഥത്തില്‍ അവര്‍. ആരോടും അവര്‍ക്ക് കണക്ക് ബോധിപ്പിക്കേണ്ടതില്ല. ഇസ്‌ലാമില്‍ ഇങ്ങനെയൊരു വിഭാഗമില്ലെന്നതാണ് വസ്തുത. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധത്തിന് പുരോഹിതന്‍മാരുടെ ഇടക്കണ്ണി ഇസ്‌ലാമില്‍ ആവശ്യമില്ല. ഇസ്‌ലാമില്‍ ഭരണകര്‍ത്താക്കള്‍ ദൈവത്തോടും സമൂഹത്തോടും ഒരു പോലെ ഉത്തരവാദപ്പെട്ടവരാണ്.
- സത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും സന്ദേശവാഹകരായിട്ടാണ് മിക്കപ്പോഴും ഇസ്‌ലാമിക ചരിത്രത്തില്‍ പണ്ഡിതന്‍മാര്‍ രംഗപ്രവേശം ചെയ്യുന്നത്. എന്നല്ല, ഏകാധിപത്യ വ്യവസ്ഥകള്‍ക്കും മര്‍ദകഭരണകൂടങ്ങള്‍ക്കുമെതിരെ സമരം നയിച്ച പാരമ്പര്യമാണ് അവര്‍ക്കുള്ളത്. പാശ്ചാത്യ പണ്ഡിതന്‍മാര്‍പോലും ഈ യാഥാര്‍ഥ്യം സമ്മതിച്ചിട്ടുള്ളതാണ്. മുസ്‌ലിം ലോകത്ത് ഗ്രീസിലും റോമിലും ഉണ്ടായപോലെ ഥിയോക്രസി ഒരിക്കലും ബൗദ്ധിക വിചാരങ്ങളുടെ അടിച്ചമര്‍ത്തലുകളിലേക്ക് നയിച്ചിട്ടില്ലെന്ന് ‘മെയ്കിംഗ് ഓഫ് ഹ്യൂമാനിറ്റി’യില്‍ റോബര്‍ട്ട് ബ്രിഫാര്‍ട്ട് എഴുതുന്നു. ഖിലാഫത്ത് ഒരിക്കലും പൗരോഹിത്യവാഴ്ചയായിരുന്നില്ലെന്നും അതിന് ആത്മീയമായ അധികാരഭാവം നല്‍കുന്നതിനെ മുസ്‌ലിം മതപണ്ഡിതന്‍മാരും നിയമവിശാരദന്‍മാരും കണിശമായി നിരാകരിച്ചിരിന്നുവെന്നും ‘മുഹമ്മദാനിസ’ത്തില്‍ പ്രൊഫ. ഗിബ്ബും വ്യക്തമാക്കിയതായി കാണാം.
- യൂറോപ്പില്‍ നിലവിലുണ്ടായിരുന്ന ഥിയോക്രസി ദൈവത്തിന്റെ പേരിലുള്ളതായിരുന്നുവെങ്കിലും അതിന്റെ വക്താക്കളുടെ അടുക്കല്‍ ജീവിത വ്യവസ്ഥകളെ സ്പര്‍ശിക്കുന്ന വ്യക്തമായ ഒരു നിയമസംഹിത ഉണ്ടായിരുന്നില്ല. മതാധ്യക്ഷന്‍മാര്‍ ദൈവത്തിന്റെ പേരില്‍ സ്വയംകൃത നിയമങ്ങള്‍ ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു. നിക്ഷിപ്ത താല്‍പര്യങ്ങളുടെ പരിരക്ഷയായിരുന്നു അവരുടെ ലക്ഷ്യം. മതമേധാവികളുടെ ഈ ഗ്രൂപ്പ് വിമര്‍ശനാതീതരും അബദ്ധമുക്തരുമായാണ് ഗണിക്കപ്പെട്ടു പോന്നിരുന്നത്. വ്യത്യസ്തമാണ് ഇസ്‌ലാമിലെ രാഷ്ട്രീയവ്യവസ്ഥ. അതില്‍ വ്യക്തമായ ദൈവിക നിയമങ്ങളുണ്ട്. അവ ഭേദഗതി ചെയ്യാനോ ലംഘിക്കാനോ ആര്‍ക്കും അവകാശമില്ല. ഭരണാധികാരിയടക്കം ആരും ആ നിയമങ്ങള്‍ക്ക് അതീതരുമല്ല. പൗരന്‍മാര്‍ക്ക് ഭരണകൂടത്തോട് വിയോജിക്കാനുള്ള പൂര്‍ണസ്വാതന്ത്ര്യവുമുണ്ട്. സന്ദര്‍ഭം ആവശ്യപ്പെടുമ്പോള്‍ അധികാരികളെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യേണ്ടത് പൗരന്‍മാരുടെ ബാധ്യത കൂടിയാണ്. ഇതെല്ലാം ഇസ്‌ലാമിക വ്യവസ്ഥിതിയെ ഥിയോക്രസിയില്‍നിന്ന് പൂര്‍ണമായും വ്യതിരിക്തമാക്കുന്നു.
Add Comment