മക്ക: മസ്ജിദുല്‍ ഹറാമില്‍ ത്വവാഫ് നിര്‍വഹിക്കുമ്പോള്‍ എണ്ണം കണക്കാക്കാന്‍ സഹായിക്കുന്ന പുതിയ മൊബൈല്‍ ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണുകളില്‍ ലഭ്യമായിത്തുടങ്ങി. ഹറം കാര്യ വിഭാഗം തയാറാക്കിയ ഈ ആപ്ലിക്കേഷന്‍ അറബ്, ഇംഗ്ലീഷ്, ഉറുദു, ഫ്രഞ്ച്, തുര്‍ക്കിഷ് ഭാഷകളിലാണ് നിലവില്‍ ലഭ്യമായിത്തുടങ്ങിയത്.
വിശുദ്ധ കഅ്ബയെ ഏഴ് തവണ പ്രദക്ഷിണം വെക്കുമ്പോഴാണ് ഒരു ത്വവാഫ് പൂര്‍ത്തിയാകുന്നത്. ത്വവാഫ് ആരംഭിക്കുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ ഓണാക്കിയാല്‍ ഓരോ ചുറ്റും പൂര്‍ത്തിയാകുന്നത് സ്‌ക്രീനില്‍ തെളിയും. ഏഴ് ചുറ്റ് പൂര്‍ത്തിയാകുമ്പോള്‍ ആപ്ലിക്കേഷന്‍ ആ വിവരം നമ്മെ അറിയിക്കുകയും ചെയ്യും. ഗൂഗിള്‍ പ്ലേ സ്‌റ്റോറുകളില്‍നിന്ന് ഇത് ഇന്‍സ്റ്റാള്‍ ചെയ്യാം. മക്കയിലെ ഉമ്മുല്‍ഖുറാ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് ഹറം പള്ളിയിലെ ഐ.ടി വിഭാഗമാണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചത്. ത്വവാഫിന്റെ എണ്ണത്തോടൊപ്പം അതിനു വേണ്ടിവന്ന സമയം ഉള്‍പ്പെടെ ഈ ആപ്പ് വഴി അറിയാന്‍ സാധിക്കും. ത്വവാഫ് പൂര്‍ത്തിയായ ശേഷം എവിടെയാണ് നില്‍ക്കുന്നത് എന്നും ആപ്പ് അറിയിക്കും. സ്മാര്‍ട്ട് ഫോണിലെ ബ്ലൂട്ടൂത്ത്, വൈഫൈ, ജി പി എസ് എന്നീ സംവിധാനങ്ങളിലേതെങ്കിലുമൊന്ന് ഉപയോഗിച്ച് ആപ് പ്രവര്‍ത്തിപ്പിക്കാം. ഇതിനു വേണ്ടി മസ്ജിദില്‍ സൗജന്യ വൈഫൈ സംവിധാനം ഒരുക്കിയിട്ടുണ്ട്. ആപ്പ് ഇവിടെ ഡൌണ് ലോഡ് ചെയ്യാം : https://play.google.com/store/apps/details?id=com.uqu.Tawaf&hl=en
Add Comment