ഇക്കഴിഞ്ഞ മെഡിക്കല്‍ എന്‍ട്രന്‍സ് അഖിലേന്ത്യാ പ്രവേശന പരീക്ഷയില്‍ സി.ബി.എസ്.ഇ ഇറക്കിയ ഡ്രസ്‌കോഡ് സംബന്ധമായ സര്‍ക്കുലര്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളെ വീണ്ടും ഉത്കണ്ഠാകുലരും ആശങ്കാകുലരും ആക്കിയിരിക്കുകയാണ്. സെക്കണ്ടറി വിദ്യാഭ്യാസ ബോര്‍ഡിന്റെ സര്‍ക്കുലറില്‍ ഒളിഞ്ഞിരിക്കുന്ന കാവി രാഷ്ട്രീയവും മൂന്നു മണിക്കൂര്‍ തട്ടമിടാതിരുന്നാല്‍ വിശ്വാസം നഷ്ടപ്പെടുമോ എന്ന സുപ്രീംകോടതിയുടെ പരിഹാസവും സ്വതന്ത്ര ഇന്ത്യയിലെ സ്വബോധമുള്ള സമുദായങ്ങള്‍ക്ക് എങ്ങനെയാണ് നിസാരമായി കാണാനാവുക.
ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ കാലത്ത് ബഹുഭൂരിപക്ഷം ജനങ്ങളെയും ഫാഷിസവല്‍ക്കരിച്ചതില്‍ ജുഡീഷ്യറിക്കുള്ള പങ്ക് ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയില്‍ അടിയന്തിരാവസ്ഥക്കാലത്ത് ചിലരുടെ ഇംഗിതത്തിന് വിധേയമായി പ്രവര്‍ത്തിച്ച ജുഡീഷ്യറി, ജനങ്ങള്‍ക്ക് അതിലുള്ള പ്രതീക്ഷയും വിശ്വാസവും തകര്‍ത്തിരുന്നു. ഇന്ത്യന്‍ ജുഡീഷ്യറിയുടെ ഉന്നത സ്ഥാനത്തിരിക്കുന്നവര്‍ പല സന്ദര്‍ഭങ്ങളിലും തീവ്ര ഹിന്ദുത്വ ശബ്ദമാകുന്നത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്. പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയ ജുഡീഷ്യറിയില്‍ നിന്ന്, ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യയുടെ നാനാഭാഗങ്ങളിലുണ്ടായ വര്‍ഗീയ ലഹളകളിലും ബോംബ് സ്‌ഫോടനങ്ങളിലും സംഘ്പരിവാര്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നത് കാണാനേ ആയില്ല.
ഹിന്ദു രാഷ്ട്ര നിര്‍മ്മിതിയില്‍ പൂര്‍ണ്ണമായി ലക്ഷ്യം വെക്കുന്ന സംഘ്പരിവാര്‍, ഭരണയന്ത്രം ഉപയോഗിച്ച് അതിനുള്ള ശ്രമങ്ങള്‍ അതിവേഗത്തിലാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വിവാദ പ്രസ്താവനകളില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇന്ത്യയെ കാവിവല്‍ക്കരിക്കാനുള്ള ആസൂത്രിതവും ബുദ്ധിപൂര്‍വ്വവുമായ പ്രവര്‍ത്തനങ്ങളുടെ ഭാഗം തന്നെയാണ് പരീക്ഷാ ഹാളില്‍ ശിരോവസ്ത്രങ്ങളും മുഴുക്കൈ മറഞ്ഞുള്ള വസ്ത്രങ്ങളും അഴിച്ചുമാറ്റണമെന്ന സി.ബി.എസ്.ഇ ബോര്‍ഡിന്റെ പുതിയ സര്‍ക്കുലര്‍. ഈ സര്‍ക്കുലറിനെക്കുറിച്ച് കേന്ദ്ര ഗവണ്‍മെന്റ് പാലിക്കുന്ന മൗനം പൊതുജനങ്ങള്‍ക്ക് മനസ്സിലാക്കാനാവും.
എന്നാല്‍ ഇതിനെതിരില്‍ ഹരജി സമര്‍പ്പിച്ച മുസ്‌ലിം സംഘടനകളോടും സ്വകാര്യ ഹരജിക്കാരോടും ഇത് ഈഗോയാണെന്നും മൂന്നു മണിക്കൂര്‍ തട്ടമിടാതിരുന്നാല്‍ നഷ്ടപ്പെടുന്നതാണോ വിശ്വാസം എന്നുമുള്ള സുപ്രീം കോടതിയുടെ ആത്മഗതവും ചോദ്യവും ഒരു സമുദായത്തിന്റെ വിശ്വാസത്തെ പരിഹസിക്കലും വിശ്വാസപരമായ അനുഷ്ഠാനങ്ങള്‍ പുലര്‍ത്താനുള്ള ഭരണഘടനാപരമായ ഉറപ്പിന്റെ ലംഘനവുമാണ്. ഓരോപൗരന്റെയും ഈ അവകാശത്തിന്റെ ബലത്തില്‍ തന്നെയായിരുന്നു വന്ദേമാതരം പോലും വിശ്വാസത്തെ ഹനിക്കുന്നതാണെങ്കില്‍ ആലപിക്കേണ്ടതില്ലെന്ന് സമാനമായൊരു കേസില്‍ സുപ്രീം കോടതി വിധിച്ചത്.
ശിരോവസ്ത്ര ഹരജി പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി പറയുമ്പോള്‍, ഹരജി നല്‍കിയത് സംഘടനയായാലും വ്യക്തിയായാലും ഹരജിയില്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാനുള്ള, അഥവാ വിശ്വാസപരമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുള്ള ഭരണഘടനാ ഉറപ്പ് ലംഘിക്കപ്പെട്ടോ എന്നതായിരുന്നു കോടതി പരിഗണിക്കേണ്ടിയിരുന്നത്. സി.ബി.എസ്.ഇ കൈക്കൊണ്ടത് ഭരണഘടനാപരമായ തീരുമാനമാണെന്ന് പറഞ്ഞ് സുപ്രീം കോടതി ഒഴിഞ്ഞു മാറുമ്പോള്‍ മൗലികാവകാശ നിഷേധ സന്ദര്‍ഭങ്ങളില്‍ രാജ്യത്തെ പൗരന്‍മാര്‍ക്ക് മറ്റാരെയാണ് സമീപ്പിക്കാനുള്ളതെന്നും ചിന്തിക്കേണ്ടതായിരുന്നു.
താനൊരു ഏകാധിപതിയായിരുന്നെങ്കില്‍ ഒന്നാം ക്ലാസില്‍ തന്നെ ഗീതയും മഹാഭാരതവും പഠിപ്പിക്കാന്‍ അവസരമൊരുക്കുമായിരുന്നുവെന്ന് സുപ്രീം കോടതി ജസ്റ്റിസ് ദാവേയുടെ വിവാദ പ്രസ്താവനയുടെ അലകള്‍ ഇപ്പോഴും അടങ്ങിയിട്ടില്ല. വാണിജ്യ ആവശ്യങ്ങള്‍ക്ക് ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിനെതിരില്‍ വിധി പറയവെ ചീഫ് ജസ്റ്റിസ് ദത്തു, രാജ്യത്ത് 33 കോടി ദൈവങ്ങളുണ്ടെന്നും അവയുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് ഒരാള്‍ തന്റെ ബിസിനസ് അഭിവൃദ്ധിപ്പെടുമെന്ന് കരുതിയാല്‍ അതിനെ കുറ്റം പറയാനാകില്ലെന്നുമാണ് വ്യക്തമാക്കിയത്. ദൈവത്തിന്റെ ചിത്രങ്ങള്‍ പലരും വീട്ടിലും വാഹനങ്ങളിലും പതിക്കുന്നത് അതിന്റെ അനുഗ്രഹം ജീവിതത്തിലുണ്ടാകണമെന്ന വിശ്വാസത്തിലാണെന്ന് കൂടി കോടതി വ്യക്തമാക്കുകയുണ്ടായി.
ഏതെങ്കിലും ഒരു ഉല്‍പന്നത്തിന്റെ പാക്കറ്റില്‍ ദൈവത്തിന്റെ ചിത്രം ഉപയോഗിക്കുന്നത് വിശ്വാസത്തിന്റെ ഭാഗമായി കാണാന്‍ മാത്രമെ പറ്റൂ എന്നു പറഞ്ഞ കോടതി, ശിരോവസ്ത്ര വിഷയത്തില്‍ തീര്‍ത്തും നിര്‍ഭാഗ്യകരമായ പ്രസ്താവനയാണ് നല്‍കിയത്. സമയത്തിന്റെ മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് വിശ്വാസപരമായ കാര്യങ്ങള്‍ എങ്ങനെയാണ് മാറ്റിവെക്കാന്‍ കഴിയുക? മൂന്നു മണിക്കൂര്‍ പോയിട്ട് മൂന്നു നിമിഷത്തേക്കു പോലും വിശ്വാസത്തെ മാറ്റിവെക്കാനാകുമോ? മുസ്‌ലിമോ ക്രിസ്ത്യാനിയോ ഹിന്ദുവോ ജൈനനോ ബുദ്ധിസ്‌റ്റോ ആവട്ടെ, അവര്‍ യഥാര്‍ത്ഥത്തിലുള്ള വിശ്വാസികള്‍ ആണെങ്കില്‍ അതില്‍ കോംപ്രമൈസിങ് സമ്മതിക്കുമോ? ഓരോ വിശ്വാസിയെയും അതതിന്റെ അളവില്‍ അതവരെ ബാധിക്കും.
കേരളത്തില്‍ ക്രിസ്തുമതസ്ഥരുടെയും ഹിന്ദുമതസ്ഥരുടെയും മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒട്ടേറെ സ്‌കൂളുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് ശിരോവസ്ത്ര വിലക്കുണ്ട്. ഇതിനെതിരില്‍ പ്രതിഷേധിക്കാന്‍ പോലുമാകാതെ നിസ്സഹായരായി നില്‍ക്കുകയാണ് സമുദായ സംഘടനകള്‍! ശിരോവസ്ത്രമഴിക്കാനും മതചിന്തകള്‍ മാറ്റാനും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഓള്‍ ഇന്ത്യാ പ്രീ മെഡിക്കല്‍ ടെസ്റ്റ് എഴുതാനാകാതെ സിസ്റ്റര്‍ സെബ എന്ന കന്യാസ്ത്രീക്ക് കാഞ്ഞിരംകുളം ജവഹര്‍ പബ്ലിക് സ്‌കൂളില്‍ നിന്ന് പരീക്ഷ എഴുതാനാകാതെ തിരിച്ചു പോകേണ്ടിവന്നു. തന്റെ വിശ്വാസത്തിനെതിരാണ് ഇതഴിച്ചു മാറ്റല്‍ എന്നും പ്രത്യേകമായി റൂം തന്നാല്‍ അഴിച്ചുമാറ്റാമെന്നുമുള്ള കന്യാസ്ത്രീയുടെ ആവശ്യം അധികൃതര്‍ പരിഗണിച്ചില്ല. മുസ്‌ലിം വിദ്യാര്‍ത്ഥികളുടെ ശിരോവസ്ത്രം അഴിച്ചു മാറ്റുന്ന സ്‌കൂള്‍ നടത്തിപ്പുകാര്‍ക്ക് ഇപ്പോഴെങ്കിലും ഇതിന്റെ വേദന ബോധ്യപ്പെട്ടു കാണും.
മുസ്‌ലിം ന്യൂനപക്ഷം വിദ്യാഭ്യാസ, രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലെല്ലാം ദലിതരെയും മറ്റു പിന്നാക്ക വിഭാഗങ്ങളെയും അപേക്ഷിച്ച് ഏറെ പിന്നിലാണെന്ന് സച്ചാര്‍ അടക്കമുള്ള കമ്മീഷനുകള്‍ തെളിവു സഹിതം സാക്ഷ്യപ്പെടുത്തിയിട്ടും അവരെ കൈ പിടിച്ച് മുന്‍നിരയിലെത്തിക്കാനോ ഭരണഘടന നല്‍കിയ വാഗ്ദത്തങ്ങള്‍ പൂര്‍ത്തീകരിക്കാനോ അല്ല കേന്ദ്രത്തില്‍ ഭരണത്തിലേറുന്നവര്‍ മുന്‍കൈയെടുക്കുന്നത്. പകരം ഹിന്ദു രാഷ്ട്ര നിര്‍മ്മിതിക്കായി ആസൂത്രിതവും നിഗൂഢവുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് പലരും. ഇതിന്റെ അനന്തര ഫലങ്ങള്‍ എന്തായിരിക്കും! രാജ്യത്ത് അരക്ഷിതാവസ്ഥയും അരാജകത്വവും പടരും.
സാമ്രാജ്യത്വവും വര്‍ഗീയതയും മേധാവിത്തം നേടും. ഈ രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ അനേക ലക്ഷങ്ങളുടെ പോലും ആത്മാവ് പൊറുക്കുകയില്ല അത്. സ്വാതന്ത്ര്യത്തിന്റെ സ്വപ്‌നവും ലക്ഷ്യവും ജാതിമതവര്‍ഗ വ്യത്യാസമില്ലാതെ ഓരോരുത്തരുടെയും വിശ്വാസങ്ങള്‍ക്കൊപ്പം പൊറുത്തു കഴിയാനുള്ള സ്വാതന്ത്ര്യമാണ് മുന്‍ഗാമികള്‍ നമുക്കു പൊരുതി വാങ്ങിത്തന്നത്. അതിന്റെ മാറത്ത് ചവിട്ടിക്കയറുകയാണ് ഫാസിസത്തിലൂടെ ഇപ്പോള്‍ ഭരണ കര്‍ത്താക്കള്‍. കോടതിയാണ് ഈ സമയത്തെ പ്രതീക്ഷ. അതുകൂടി കൈ വിട്ടാലോ?
കടപ്പാട് : chandrikadaily.com
Add Comment