ജനങ്ങള്‍ക്കുവേണ്ടി ജനങ്ങളാല്‍ നിയമം നിര്‍മിക്കപ്പെടുകയും ഭരിക്കപ്പെടുകയും ചെയ്യുന്നതിനെയാണ് ഡെമോക്രസി അഥവാ ജനാധിപത്യം എന്നുപറയുന്നത്. ജനങ്ങളുടെ ഭരണം എന്നര്‍ഥം വരുന്ന ഡെമോസ്, ക്രറ്റോസ് എന്ന വാക്കുകള്‍ ചേര്‍ന്നാണ് ഡെമോക്രസി എന്ന പദമുണ്ടായത്. ഗ്രീക്ക് ചരിത്രകാരനായ ഹെറഡോട്ടസ് ആണ് ഈ വാക്ക് ആദ്യമായി പ്രയോഗിച്ചത്. ക്രിസ്തുവിന് മുമ്പ് അഞ്ചാംനൂറ്റാണ്ടില്‍ ഗ്രീസില്‍ അത്തരമൊരു ഭരണരീതിയുണ്ടായിരുന്നുവെന്ന് പറയപ്പെടുന്നു. എന്നാല്‍ അത് ഉപരിവര്‍ഗജനതയില്‍ മാത്രം പരിമിതമായിരുന്നു. പൗരത്വമില്ലാത്തവരും അടിമകളുമായിരുന്നു തദ്ദേശീയരില്‍ ബഹുഭൂരിപക്ഷവും.
ജനാധിപത്യത്തിന്റെ ആവിര്‍ഭാവത്തെപ്പറ്റി പറയുന്നതിങ്ങനെ: നികുതിപിരിവിനും യുദ്ധത്തിനുമായി രാജാക്കന്‍മാര്‍ ഓരോ നാട്ടിലെയും ജന്മിമാരെ ആശ്രയിച്ചിരുന്നു. നികുതി കൊടുക്കേണ്ടവരെ മുഴുവന്‍ വിളിച്ചിരുത്തി അതിന്റെ തോതും മറ്റും ചര്‍ച്ച ചെയ്യുകയും നിര്‍ണയിക്കുകയും ചെയ്യുക പ്രയാസമായതിനാല്‍ നികുതിദായകരുടെ പ്രതിനിധികളെന്ന് അധികൃതര്‍ക്ക് തോന്നിയ വ്യക്തികളെ ക്ഷണിച്ചുവരുത്തിയാണ് അക്കാര്യങ്ങള്‍ ചെയ്തുവന്നിരുന്നത്. ഈ പ്രതിനിധികളെ മറ്റു ഭരണവിഷയങ്ങളിലും അഭിപ്രായമാരായാന്‍ വിളിച്ചുകൂട്ടുകയുണ്ടായി. ക്രമേണ അവര്‍, തങ്ങള്‍ക്കും അധികാരത്തിന്റെ പങ്ക് വേണമെന്ന ആവശ്യമുന്നയിച്ച് സമ്മര്‍ദ്ദംചെലുത്താന്‍ തുടങ്ങി. ആദ്യഘട്ടങ്ങളില്‍ രാജാവ് വഴങ്ങിയെങ്കിലും അത് പരിധിവിടുന്നുവെന്ന് കണ്ടപ്പോള്‍ അവരുമായി ഏറ്റുമുട്ടലിനൊരുങ്ങി. ബ്രിട്ടനില്‍ അവ്വിധം പല സംഘട്ടനങ്ങളുമുണ്ടായി. അവസാനം പ്രതിനിധികള്‍ തന്നെ ജയിച്ചു. 1688 ലെ ആ വിപ്ലവത്തോടെ ബ്രിട്ടനില്‍ ജനപ്രതിനിധിസംഘം(പാര്‍ലമെന്റ്) ഉണ്ടാവുകയും അതിന്റെ നിരവധി പകര്‍പുകള്‍ യൂറോപ്പിലെ വിവിധരാജ്യങ്ങളിലുടലെടുക്കുകയുംചെയ്തു.
ആധുനികരാഷ്ട്രീയസങ്കല്‍പമായി വാഴ്ത്തപ്പെടുന്ന ഡെമോക്രസി എന്ന ആശയം ഭൂരിപക്ഷത്തിന് തീരുമാനാധികാരമുള്ള ഭരണമാണ് ഫലത്തില്‍ സമ്മാനിക്കുന്നത്. ഇവിടെ ഗുണത്തിനല്ല എണ്ണത്തിനാണ് പ്രാധാന്യമെന്നത് ഒരു ന്യൂനതയാണ്. അതുകൊണ്ടുതന്നെ ജനാധിപത്യക്രമത്തിന്റെ അത്തരത്തിലുള്ള പോരായ്മകളെ ഒട്ടേറെ രാഷ്ട്രമീമാംസകര്‍ വിമര്‍ശിച്ചിട്ടുണ്ട്. ചങ്ങാത്തമുതലാളിത്തം, ഫാഷിസം തുടങ്ങി ജനവിരുദ്ധമായ പലതും ജനാധിപത്യത്തിലൂടെ നുഴഞ്ഞുകയറുന്നുവെന്നത് അപരിഹാര്യമായ ന്യൂനതയാണ്.
Add Comment