അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ ജയിലുകളിലെ ഇസ്‌ലാം മതോപദേശകയും, സര്‍വ മത സംഗമങ്ങളിലെ നിത്യ സാന്നിധ്യവും എഴുത്തുകാരിയും സാംസ്‌കാരിക പ്രവത്തകയുമായ ഷാരോണ്‍ ലെവിന്നെ പൊതു രംഗത്ത് ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ്. ജൂത കുടുംബ പശ്ചാത്തലമുള്ള അവരുടെ ഇടപെടലുകള്‍ ഫലസ്തീന്‍ ഇസ്രയേല്‍ വിഷയത്തില്‍ കടുത്തനിലപാടുകള്‍ കൈകൊണ്ട തികഞ്ഞ ജൂത പക്ഷപാതികളെ പോലും മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ‘ശാലോംസലാംപീസ്’ എന്ന മുദ്രാവാക്യം ലോകത്താകമാനം പ്രചരിപ്പിച്ചതിലെ മുഖ്യകണ്ണികളില്‍ ഒരാളാണ് ഇവര്‍.
തന്റെ ചുറ്റുപാടുകളില്‍ കാണുന്നതിനെ നിരീക്ഷിച്ചും പഠിച്ചും അവര്‍ നടത്തിയ ഇസ്‌ലാമിലേക്കുള്ള തീര്‍ഥയാത്രയെ പറ്റി അവര്‍ തന്നെ വിവരിക്കുന്നത് ഇങ്ങനെയാണ്: ‘എന്റെ ഭര്‍ത്താവ് ഞങ്ങളുടെ വിവാഹം കഴിഞ്ഞ് ഏകദേശം ഒരു വര്‍ഷത്തിന് ശേഷം ആദ്യമായി എന്നെ മസ്ജിദിലെ ഒരു പ്രസംഗ പരിപാടിയിലേക്ക് ക്ഷണിച്ചു. ഏറെ വിത്യാസങ്ങള്‍ ഉള്ള ബന്ധമാണ് ഞങ്ങളുടേത്. ഞാന്‍ ജൂതമതക്കാരിയും വെള്ളക്കാരിയും. അദ്ദേഹം ആഫ്രിക്കന്‍ വംശജനും മുസ്‌ലിമും. ഒരു പൂര്‍ണ ഇസ്‌ലാം മത വിശ്വാസിയുടേതായ മാതൃകയാക്കാവുന്ന എല്ലാ സല്‍ഗുണങ്ങളും അദ്ദേഹത്തില്‍ ഉണ്ട്. പക്ഷെ ഈ പ്രസംഗ പരിപാടിക്ക് വിളിക്കുന്നത് വരെ അദ്ദേഹം എന്നോട് ഇസ്‌ലാമിനെ പറ്റി ഒരക്ഷരം പോലും ഉരിയാടിയിട്ടില്ല. എന്നിരുന്നാലും എന്റെ ഭര്‍ത്താവ് എന്റെയുള്ളില്‍ ഒരു നിശബ്ദപ്രബോധകനായി പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സംസാരത്തെക്കാള്‍ നിശബ്ദത വളരെ വാചാലമായിരുന്നു. തഹജ്ജുദ് വരെ നിര്‍വഹിക്കുന്ന ആദ്ദേഹം ഓരോ ചലനങ്ങളിലൂടെയും എന്നെ ആ സുന്ദര മതത്തിലേക്ക് ആനയിക്കുകയായിരുന്നു. കൂടാതെ അദ്ദേഹത്തിന് ഒരു വലിയ ഗ്രന്ഥ ശേഖരം തന്നെയുണ്ടായിരുന്നു. അത് മുഴുവന്‍ വായിക്കുവാനും എനിക്ക് ഈ കാലയളവില്‍ സാധിച്ചിട്ടുണ്ട്. മയക്കുമരുന്നിന് അടിമകളായവരെ പുനരധിവസിപ്പിക്കുന്ന ഒരു കേന്ദ്രത്തിലായിരുന്നു ഞാനും അദ്ദേഹവും വിവാഹത്തിനു മുമ്പ് ജോലി ചെയ്തിരുന്നത്. അവിടെ വെച്ചുള്ള പരിചയമാണ് വിവാഹത്തില്‍ കലാശിച്ചത്.
എന്തായാലും പ്രസംഗ പരിപാടിക്ക് ഞാന്‍ അദ്ദേഹത്തോടൊന്നിച്ചു പള്ളിയിലേക്ക് പോയി. പള്ളിയുടെ ഗേറ്റു കടന്നപ്പോള്‍ പരിപാടി അവസാനിച്ചാല്‍ പാര്‍ക്കിംഗ് ഏരിയയില്‍ എത്തണമെന്ന് പറഞ്ഞതിനു ശേഷം താഴത്തെ നിലയിലേക്കുള്ള കവാടത്തിലേക്ക് ചൂണ്ടി സ്ത്രീകള്‍ക്കായി ഒരുക്കിയ സ്ഥലത്തേക്ക് പോകുവാന്‍ എന്നോട് നിര്‍ദേശിച്ചു. താഴത്തേക്കുള്ള ഓരോ ചവിട്ടുപടിയും ഇറങ്ങുമ്പോള്‍ എന്റെയുള്ളില്‍ ആകാംക്ഷ നിറയുകയായിരുന്നു. ആദ്യമായാണ് ഒരു മസ്ജിദില്‍ പ്രവേശിക്കുന്നത്. ഒരു ജൂത വനിത എന്ന നിലയില്‍ സിനഗോഗില്‍ സ്വീകരിക്കേണ്ട രീതികളെ പറ്റി എനിക്കറിയാം. നീളംകൂടിയ വസ്ത്രം ധരിക്കണമെന്ന ഭര്‍ത്താവിന്റെ അഭ്യര്‍ഥന ഞാന്‍ മാനിച്ചത് നന്നായെന്ന് തിങ്ങിനിറഞ്ഞ ഹാളിന് മുമ്പിലെത്തിയപ്പോള്‍ ബോധ്യപ്പെട്ടു. പരമ്പരാഗത വസ്ത്രമണിഞ്ഞ ഇത്രയധികം മുസ്‌ലിം സ്ത്രീകള്‍ ഒരുമിച്ചു കൂടിയിടത്ത് എന്റെ സാന്നിധ്യം ആദ്യത്തേതായിരുന്നു. എല്ലാ കണ്ണുകളും വേറിട്ട് നിന്ന എന്റെ നേര്‍ക്ക് തിരിഞ്ഞപ്പോള്‍ അക്ഷരാര്‍ഥത്തില്‍ എന്റെ ശരീരമാസകലം തണുത്തുറഞ്ഞ് പോയി. ഹിജാബ് ധരിച്ച രണ്ട് സ്ത്രീകള്‍ എന്റെ അടുത്തേക്ക് വന്നു. അവരില്‍ ഒരാള്‍ എന്നെ അഭിവാദ്യം ചെയ്തു. പേര് ബാസിമ എന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തിയ അവര്‍ എന്നോട് സംസാരിക്കാന്‍ ആരംഭിച്ചു.
ബാസിമ: ‘കൂടെ ആരെങ്കിലും ഉണ്ടോ?’
ഞാന്‍:’അതെ എന്റെ ഭര്‍ത്താവുണ്ട്. അദ്ദേഹം മുകളിലത്തെ നിലയിലുണ്ട’.
ബാസിമ: ‘ഓ നിന്റെ ഭര്‍ത്താവ് മുസ്‌ലിമാണല്ലെ ?’
ഞാന്‍: ‘അതെ’
ബാസിമ: ‘ദൈവത്തിന്നു സ്തുതി.’
ശേഷം അകന്നിരുന്ന എന്നെ എല്ലാവര്‍ക്കുമിടയിലേക്ക് പിടിച്ചിരുത്തി.
അവിടെക്കൂടിയവര്‍ക്ക് എന്നെ അവര്‍ പരിചയപ്പെടുത്തി. പിന്നീട് പരിപാടിക്കെത്തുന്നവരെ സ്വീകരിക്കുവാന്‍ അവര്‍ എഴുന്നേറ്റു പോയി. ഏതാനും സമയത്തിനുള്ളില്‍ ഞാന്‍ അവരില്‍ ഒരാളായി മാറി. അന്യതാ ബോധം എന്നെ അലട്ടിയതേ ഇല്ല. അവിടെ കൂടിയവരില്‍ ഒരു സഹോദരി (ഞാന്‍ അവരുടെ പേര് മറന്നു പോയി) എന്നോട് കുശലാന്വേഷണം നടത്താന്‍ ആരംഭിച്ചു: ‘സഹോദരി, നിങ്ങള്‍ എവിടെ നിന്നാണ്?’ കിഴക്കന്‍ യൂറോപ്പ് പാരമ്പര്യമുള്ള ന്യൂയോര്‍ക്ക് പട്ടണത്തില്‍ ജനിച്ച അമേരിക്കക്കാരിയാണെന്ന് ഞാന്‍ അവരോട് മറുപടി പറഞ്ഞു. ‘നിങ്ങളുടെ ഭര്‍ത്താവ് എവിടെ നിന്നാണ്?’ ‘ആദ്ദേഹം അമേരിക്കക്കാരനാണ്’ ഞാന്‍ മറുപടി പറഞ്ഞു. ‘അമേരിക്കയില്‍ എവിടെ?’ ‘ഫിലാഡല്‍ഫിയയില്‍ നിന്ന്’ അദ്ദേഹം ഏത് വംശക്കാരനാണ്?’ ‘ആഫ്രിക്കന്‍ വംശ പാരമ്പര്യമുള്ള അമേരിക്കന്‍ പൗരനാണ് അദ്ദേഹം.’
അവിടെക്കൂടിയ എന്റെ സംസാരം ശ്രദ്ധിക്കുന്നവരൊക്കെ വളരെ സ്‌നേഹ ബഹുമാനത്തോടെയാണ് എന്നെ പരിഗണിക്കുന്നതെന്ന് അവരുടെ നോട്ടത്തിലൂടെ തന്നെ വ്യക്തമായിരുന്നു. ‘അല്ല, നിങ്ങള്‍ മുസ്‌ലിമാകാന്‍ ആഗ്രഹിക്കുന്നുണ്ടോ’ ആ കൂട്ടത്തിലെ ഒരു യുവതി ഇത് ചോദിച്ച് ആകാംക്ഷ തിങ്ങിയ മുഖഭാവത്തോടെ എന്റെ മറുപടിയും കാത്തുനിന്നു. ‘ക്ഷമിക്കണം. ഞാന്‍ ഒരു ജൂത മതക്കാരിയാണ്’ എന്റെ പെട്ടെന്നുള്ള മറുപടി അവിടെയുള്ളവരില്‍ എന്തെങ്കിലും ഭാവഭേദം ഉണ്ടാക്കിയതായി എനിക്ക് തോന്നിയില്ല. ‘നിങ്ങള്‍ക്ക് കുട്ടികളുണ്ടോ?’ മറ്റൊരു കോണില്‍ നിന്നായിരുന്നു ഈ ചോദ്യം. ‘ഇല്ല’ തുടര്‍ന്നൊരു സംസാരത്തിന്ന് ഇടം നല്‍കാതെയുള്ള എന്റെ മറുപടി സദസ്സിനെ നിശ്ശബ്ദമാക്കി.
പിന്നെ താമസിയാതെ അവരുടെ സംസാരം അറബിയിലേക്ക് തിരിഞ്ഞു. ചുണ്ടില്‍ നിറഞ്ഞ ഒരു പുഞ്ചിരിയുമായി ഞാന്‍ അവര്‍ക്കിടയില്‍ ഇരുന്നു. അതിന്നിടയില്‍ കടന്നു വരുന്നവരോടെക്കെ എന്നെ പരിചയപ്പെടുത്താന്‍ അവര്‍ മറന്നില്ല. പരിപാടി തുടങ്ങാനായപ്പോള്‍ എല്ലാവരും ഹാളിലേക്ക് മാറിയിരുന്നു. മുകളിലെത്തെ നിലയില്‍ നിന്നെത്തുന്ന ശബ്ദത്തിന്ന് കാതോര്‍ത്ത് അവിടെയുള്ളവരൊക്കെ തുടക്കത്തില്‍ നിശ്ശബ്ദരായെങ്കിലും ഏറെ താമസിയാതെ നാട്ടുവര്‍ത്തമാനങ്ങളിലേക്ക് നീങ്ങി. പ്രസംഗപരിപാടി അവസാനിച്ചപ്പോള്‍ ഭക്ഷണം വിളമ്പാന്‍ നാലഞ്ചു സ്ത്രീകള്‍ കിച്ചണിലേക്ക്‌പോയി. ആ സമയത്ത് ബാസിമ എന്റെ അടുത്ത് വന്ന് ഭക്ഷണം വിതരണത്തിന്ന് തയ്യാറാകുന്നത് വരെ വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു.
‘നിങ്ങളെ സഹായിക്കാന്‍ എന്നെ അനുവദിക്കൂ’ ഞാന്‍ ബാസിമയോടു പറഞ്ഞു. എഴുന്നേല്‍ക്കാന്‍ ആരംഭിച്ച എന്നെ പിടിച്ചിരുത്തി അവര്‍ പറഞ്ഞു: ‘നീ ഞങ്ങളുടെ അതിഥിയാണ്. അതിനാല്‍ നിന്നെ സേവിക്കേണ്ടത് ഞങ്ങളുടെ ബാധ്യതയാണ്. കുറച്ച് അമേരിക്കന്‍ സഹോദരിമാര്‍ കൂടി വന്നിട്ടുണ്ട് അവരെ ഞാന്‍ പരിചയപ്പെടുത്തി തരാം.’ വളരെ സുന്ദരമായ അറേബ്യന്‍ സ്വീകരണ മര്യാദയില്‍ ഇരു കവിളുകളിലും ഉമ്മവെച്ച് ആലിംഗനംചെയ്ത് ബാസിമ അവരെ സ്വീകരിച്ചു. ശേഷം എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. ‘ഇത് ഷാരോണ്‍, ഒരു ജൂത പെണ്‍കുട്ടിയാണ്.
ഭക്ഷണം തയ്യാറാകുന്നത് വരെ ഇവളെ നിങ്ങള്‍ സംസാരത്തില്‍ കൂടെ കൂട്ടണം’ ശേഷം ബാസിമ കിച്ചണിലേക്ക് പോയി. അര്‍വ്വ എന്ന് സ്വയം പരിചയപ്പെടുത്തി ഒരു യുവതി എന്റെ അടുത്തേക്ക് ചേര്‍ന്നിരുന്നു. വളരെ ആകര്‍ഷകമായ പെരുമാറ്റമുള്ള അവളെ എനിക്കേറെ ഇഷ്ടപ്പെട്ടു. കുറഞ്ഞ സമയത്തിന്നുള്ളില്‍ ഞങ്ങള്‍ പരസ്പരം അടുത്തു. ഏറെ താമസിയാതെ അവള്‍ എന്റെ നേരെ ഒരു ചോദ്യം തൊടുത്തു വിട്ടു. ‘നിങ്ങള്‍ എന്തിനാണ് യേശുവിനെ കൊന്നത്?’ അവിശ്വസനീയമായ എന്തോ കേട്ടത് പോലെ ഞാന്‍ കണ്ണ് മിഴിച്ച് അവളെ തന്നെ നോക്കിയിരുന്നു. അവള്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചു. ഇത്തവണ ചോദ്യത്തിന്റെ കാഠിന്യം കുറച്ച് കുറഞ്ഞിരുന്നു. ‘ഞാന്‍ ചോദിക്കുന്നത് നിങ്ങള്‍ അതായതു ജൂതന്മാര്‍ എന്തിനാണ് യേശുവിനെ കൊന്നത്?’ അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ ഒരു നിസ്സഹായാവസ്ഥയില്‍ എത്തിപ്പെട്ടത് പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ആശയക്കുഴപ്പത്തെക്കാള്‍ സങ്കടവും വിഷമവുമാണ് എന്നെ അലട്ടിയത്. അവിടെക്കൂടിയ വനിതകളില്‍ ജന്മം കൊണ്ട് അമേരിക്കക്കാരിയായിട്ടുള്ളത് അര്‍വ്വ മാത്രമായിരുന്നു. അതിനാല്‍ അവളോട് എനിക്ക് അടുപ്പവും ബഹുമാനവും തോന്നി.
അവളുടെ കൂടെ ഏറെ നേരം ഇരിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ഞാന്‍ കൊതിച്ചുപോകുകയും ചെയ്തു. എന്നാല്‍ അവളുടെ മുളക് പുരട്ടിയ ചോദ്യം കേട്ടത് മുതല്‍ എങ്ങനെയെങ്കിലും അവളെ വിട്ട് അകലണമെന്നാണ് എന്റെ മനസ്സില്‍ തോന്നിയത്. എങ്കിലും അവഗണന നിറഞ്ഞ ഒരു നോട്ടം അവള്‍ക്ക് നല്‍കി പല്ലുകള്‍ കടിച്ചു പിടിച്ചു ഞാന്‍ അവളോട് പറഞ്ഞു: ‘ഞങ്ങള്‍ ജൂതന്മാരല്ല യേശുവിനെ കൊന്നത് . റോമക്കാരാണ് അത് ചെയ്തത്’ ഒരു മുറിവേറ്റ മൃഗത്തെ പോലെ അവള്‍ എന്നെ നോക്കി. അവളുടെ ചുണ്ടുകള്‍ എന്തോ പറയാന്‍ ഭാവിക്കുന്നുണ്ടായിരുന്നു.
അതിനിടയില്‍ പിന്നില്‍ നിന്ന് ആരോ അവളെ വിളിച്ചു. ഭക്ഷമിക്കണം ഞാന്‍ ഇപ്പോള്‍ തിരിച്ചു വരാം’ അസ്വസ്ഥത മുറ്റി നില്‍ക്കുന്ന സ്വരത്തില്‍ അവള്‍ പറഞ്ഞു. ആ സമയത്ത് കുറച്ച് ആഫ്രോ അമേരിക്കന്‍ സഹോദരിമാര്‍ കടന്നു വന്നു. പിന്നീടുള്ള സമയം ഞാന്‍ അവരോടൊത്തു ചെലവഴിച്ചു. പരിപാടിക്ക് ശേഷം പിരിയാന്‍ നേരത്ത് ബാസിമ അവളുടെ ഫോണ്‍ നമ്പര്‍ എന്നെ ഏല്‍പ്പിച്ചു. വിളിക്കാനും അവളെ ചെന്ന് കാണണമെന്നും പറഞ്ഞായിരുന്നു ഫോണ്‍ നമ്പര്‍ തന്നത്. ഇടയ്ക്കിടയ്ക്ക് അവളെ വിളിക്കാന്‍ ഞാന്‍ സമയം കണ്ടെത്തി. അത് ഞങ്ങള്‍ക്കിടയില്‍ ഒരു ആത്മബന്ധം ഉണ്ടാക്കിഎടുത്തു.
ഇസ്‌ലാമിനെ പറ്റി അവളില്‍ നിന്നാണ് ഞാന്‍ കൂടുതല്‍ അറിഞ്ഞത്. യേശുവിനെ ജൂതന്മാര്‍ കൊന്നിട്ടില്ലെന്നും അല്ലാഹു അദേഹത്തെ ഉയര്‍ത്തുകയാണ് ചെയ്‌തെതെന്നും അവള്‍ എന്നെ പഠിപ്പിച്ചപ്പോള്‍ എനിക്കേറെ ആശ്വാസം തോന്നി. ഇസ്‌ലാമിനെ പറ്റി കൂടുതല്‍ അറിയാന്‍ ആകാംക്ഷ നല്‍കിയത് ഈ പുത്തനറിവായിരുന്നു. ബാസിമയുമായുള്ള എന്റെ അടുപ്പവും അവളുടെ മൃദുല സാന്നിധ്യവും ഇസ്‌ലാമിലേക്ക് എന്നെ കൂടുതല്‍ അടുപ്പിച്ചു. ഭൗതികതക്ക് പിന്നാലെയുള്ള അലച്ചില്‍ ഏറെക്കുറെ എന്റെ ജീവിതം വിരസമാക്കിയിരുന്നു. കൂടുതല്‍ ആത്മീയമായ ഉള്‍ക്കരുത്ത് നേടാന്‍ എന്റെ മനസ്സ് കൊതിക്കുന്ന സമയത്ത് ബാസിമയെ ഒരു മാലാഖയെ പോലെയാണ് എനിക്കനുഭവപ്പെട്ടത്.
ഒരു സായഹ്നത്തില്‍ ഞാനും ഭര്‍ത്താവും അവളെ സന്ദര്‍ശിച്ച് മടങ്ങാന്‍ നേരത്ത് അവള്‍ എന്റെ കരം ഗ്രഹിച്ച് എന്നോട് മന്ത്രിച്ചു. ‘ഷാരോണ്‍, നിനക്ക് ഇസ്‌ലാം സ്വീകരിച്ചുകൂടെ?’ ശേഷം അവള്‍ പറഞ്ഞ ഒരു വാചകം എന്നെ വല്ലാതെ പിടിച്ചുലച്ചു. ‘നീ ഇസ്‌ലാം സ്വീകരിക്കുകയാണെങ്കില്‍ ഇപ്പോള്‍ ജനിച്ച കുഞ്ഞിനെ പോലെ നിനക്ക് ഇവിടെ നിന്നും പോകാം. നീ മുസ്‌ലിമാകുന്നതോടെ ഈ നിമിഷം വരെയുള്ള നിന്റെ സര്‍വ പാപങ്ങളും പൊറുക്കപ്പെടും’ എ ന്റെ ഉള്ളം നിറയെ കോള്‍മയിര്‍ക്കൊള്ളിച്ച ഒരു പ്രസ്താവനയായിരുന്നു അത്. ഞാന്‍ പാപമുക്തയാക്കപ്പെടുക! അത് വല്ലാത്തൊരു സൗഭാഗ്യം തന്നെയാണ്. അത് കേട്ടപ്പോള്‍ എന്റെ ശരീരം താങ്ങാനാവാതെ എന്റെ കാലുകള്‍ ദുര്‍ബലമായി. ഞാന്‍ നിലത്ത്ഇരുന്നു പോയി. പിന്നീട് എന്റെ രണ്ട് കൈകളും മുഖത്തോട് ചേര്‍ത്ത് പിടിച്ച് ഞാന്‍ തേങ്ങി കരയാന്‍ തുടങ്ങി. കുറച്ച് കഴിഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവ് എന്നെ താങ്ങിയെടുത്ത് ഒരിടത്ത് ഇരുത്തി.
ഞാന്‍ സമചിത്തത കൈവരിച്ചെന്ന് ഉറപ്പ് വരുത്തിയതിന്നു ശേഷം ബാസിമ വീണ്ടും ചോദിച്ചു. ‘ഷാരോണ്‍, നിനക്ക് ശഹാദ പറഞ്ഞു തരട്ടെ?’ ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഞാന്‍ തലയാട്ടി. എല്ലാം കണ്ട് നിന്ന ബാസിമയുടെ ഭര്‍ത്താവ് എന്റെ ചാരത്ത് വന്നു നിന്ന് എനിക്ക് ശഹാദ പറഞ്ഞു തന്നപ്പോള്‍ ഞാന്‍ അത് ഏറ്റുപറഞ്ഞു. എന്റെ ഭര്‍ത്താവ് ആനന്ദാശ്രു പൊഴിക്കുന്നത് ഞാന്‍ കണ്ടു. അവിടുന്ന് ഇറങ്ങുന്നതിനു മുമ്പ് ബാസിമ ഒരു മുസ്‌ലിം സ്ത്രീ സ്വീകരിക്കേണ്ട വേഷവിധാനങ്ങളെ പറ്റിയുള്ള ഒരു ലഖുലേഖ എന്നെ ഏല്‍പ്പിച്ചു.
വീട്ടില്‍ എത്തിയപ്പോള്‍ ഭര്‍ത്താവ് അദ്ദേഹത്തിന്റെ സമ്മാനം എന്ന് പറഞ്ഞ് വിശുദ്ധ ഖുര്‍ആനിന്റെയും സഹീഹുല്‍ ബുഖാരിയുടെയും ഇംഗ്ലീഷ് പരിഭാഷ എന്റെ കയ്യില്‍ വെച്ച് തന്നു. ബാസിമ എനിക്ക് നല്‍കിയ ലഘുലേഖ ഞാന്‍ ശ്രദ്ധയോടെ വായിച്ചു. അന്ന് മുതല്‍ അണിഞ്ഞ ഈ ഹിജാബ് ഇന്നോളം ഞാന്‍ ജീവിതത്തില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് ആഗ്രഹിച്ചിട്ടേ ഇല്ല. ഇന്‍ഷാ അല്ലാഹ് ഇനി മരണം വരെ അങ്ങനെ തന്നെയായിരിക്കും.’
1998 ജൂലൈയില്‍ ഷാരോണ്‍ ഇസ്‌ലാം സ്വീകരിച്ചതോടെ അവരുടെ കുടുംബം അവരെ ഉപേക്ഷിച്ചു. നബി (സ) യുടെ ഭാര്യമാരുടെ കൂട്ടത്തില്‍ ജൂത പശ്ചാത്തലമുള്ള സഫിയ (റ) യുടെ പേരാണ് ഷാരോണ്‍ സ്വീകരിച്ചത്. തുല്യമായ ജീവിത ചരിത്രമാണ് രണ്ടാള്‍ക്കുമുള്ളതെന്നാണ് അവര്‍ പറയുന്നത്.
കവയത്രി, പ്രസാധക, ഫോട്ടോഗ്രാഫര്‍, ആഭരണ നിര്‍മാണം, പൂന്തോട്ട നിര്‍മാണം, ഡിജിറ്റല്‍ ആര്‍ട്ട് തുടങ്ങിയ രംഗങ്ങളില്‍ എല്ലാം ഷാരോണ്‍ തന്റെ സാന്നിധ്യം അറിയിച്ച് പോരുന്നു. ഇപ്പോള്‍ സണ്‍ബറി ഇസ്‌ലാമിക് സ്‌കൂളിന്റെ പ്രിന്‍സിപ്പാള്‍ ആയി ജോലി നോക്കുന്നു.
കടപ്പാട്: പുടവ മാസിക
Add Comment