ഞാന്‍ യഹ്യാ ഷ്റോഡര്‍. ഞാനൊരു ജര്‍മന്‍കാരനാണ്. പതിനേഴാമത്തെ വയസില്‍ ഇസ്ലാം സ്വീകരിച്ചു. ജര്‍മനിയില്‍ പരമ്പരാഗതമുസ്ലിമിനെ അപേക്ഷിച്ച് പരിവര്‍ത്തിതമുസ്ലിമിന് ദീന് അനുഷ്ഠിച്ച് ജീവിക്കാന്‍ എളുപ്പമാണ്. ഇവിടെ എല്ലാ മുസ്ലിംകളും ജര്മന്കാരാകാന് ആഗ്രഹിക്കുന്നവരാണ്. ദീന് അവര്‍ക്ക് തങ്ങളുടെ പാരമ്പര്യമതം മാത്രമാണ്. അതേസമയം മുസ്ലിംകള് തങ്ങളുടെ മതം കയ്യൊഴിച്ചാലും വംശീയവെറി മനസ്സില്‍കൊണ്ടുനടക്കുന്ന ജര്‍മന്‍കാര്‍ അവരെ സ്വീകരിക്കില്ലെന്നതാണ് യാഥാര്‍ഥ്യം.
ജര്‍മനിയിലെ ഒരു ചെറിയ ഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ അമ്മയോടും രണ്ടാനച്ഛനോടുമൊപ്പം വിശാലമായ നീന്തല്കുളമുണ്ടായിരുന്ന വലിയ തോട്ടത്തിലെ പടുകൂറ്റന്‍ ബംഗ്ലാവിലായിരുന്നു താമസം. കൂട്ടുകാരോടൊത്ത് ചുറ്റിയടിച്ച് കുസൃതിത്തരങ്ങള്‍ കാട്ടി, ചെറുതായി ലഹരിനുണഞ്ഞ് പതിവുശൈലിയില്‍ കൗമാരകാലം ചെലവഴിച്ചു.
ജര്‍മനിയില്‍ മുസ്ലിം എന്ന നിലയില്‍ ജീവിതം ദുഷ്കരമാണെന്നുതന്നെ പറയാം. ആരെങ്കിലും ഏതെങ്കിലും ജര്‍മന്‍കാരനോട് ഇസ്ലാമിനെപ്പറ്റി അറിയാമോ എന്നുചോദിച്ചാല്‍ അയാള്‍ നല്കുന്ന ഉത്തരം അത് അറബികളല്ലേയെന്നായിരിക്കും. ജര്‍മന്‍കാര്‍ ഗണിതശാസ്ത്രസമവാക്യം പോലെ മനസ്സിലാക്കിവെച്ചിരിക്കുന്നത് അറബികള്‍ തന്നെയാണ് ഇസ്ലാം എന്നാണ്. ജര്‍മന്‍കാര്‍ക്ക് നമ്മുടെ ഇസ്ലാമികലോകത്തിന്റെ വലിപ്പമറിയില്ല. ഞാന്‍ ഇസ്ലാം സ്വീകരിച്ചതുകാരണം എനിക്കെന്റെ അമ്മയെയും കുടുംബത്തെയും വിട്ട് ബര്‍ലിനടുത്തുള്ള പോട്സ്ഡാമിലേക്ക് താമസംമാറ്റേണ്ടിവന്നു. വളരെ വിലപിടിച്ച ആ തോട്ടവും മറ്റുസ്വത്തുക്കളും വിട്ടെറിഞ്ഞ് പോകുകയായിരുന്നു ഞാന്‍.ഞാന്‍ എന്റെ അമ്മയുടെയും രണ്ടാനച്ഛന്റെയും ഒപ്പം കഴിഞ്ഞപ്പോള്‍ എനിക്ക് എല്ലാ ഭൗതികസൗകര്യങ്ങളുമുണ്ടായിരുന്നു. ബംഗ്ലാവ്, വലിയബാങ്ക് ബാലന്‍സ്, ടിവി, കളിക്കളം തുടങ്ങി പലതും. പൈസ എനിക്കൊരുകൗതുകമേ ആയിരുന്നില്ല. പക്ഷേ അതെനിക്ക് സംതൃപ്തി നല്‍കിയില്ല. മറ്റെന്തൊക്കെയോ ആയിരുന്നു മനസ്സ് തേടിക്കൊണ്ടിരുന്നത്.
എനിക്ക് 16 വയസ് പൂര്‍ത്തിയായ കാലം. അതിനിടയില്‍ എന്റെ പിതാവിനെ ഞാന്‍ കണ്ടെത്തിയിരുന്നു. അദ്ദേഹം അതിനകം മുസ്ലിമായിക്കഴിഞ്ഞിരുന്നു. മാസത്തിലൊരിക്കല്‍ ഞാന്‍ അദ്ദേഹത്തിന്റെ അടുക്കല്‍ പോകുക പതിവാക്കി.അത്തരം യാത്രയ്ക്കിടയിലാണ് പോട്സ്ഡാമിലെ മുസ്ലിംസമൂഹവുമായി പരിചയപ്പെടാനിടവന്നത്. ഞായറാഴ്ചകളില്‍ നടക്കാറുള്ള മതപഠനക്ലാസുകളില്‍ ഞാന്‍ പങ്കെടുത്തു. അക്കാലത്ത് എനിക്ക് ഇസ്ലാമിനോട് താല്പര്യംതോന്നിയിരുന്നു. എന്റെ പിതാവ് അത് തിരിച്ചറിഞ്ഞു. പക്ഷേ അദ്ദേഹം ഒരിക്കല്‍പോലും എന്നോട് ഇസ്ലാമിനെക്കുറിച്ച് സംസാരിച്ചില്ല. ഞാനത് അദ്ദേഹത്തിന്റെ കൂട്ടുകാരില്‍നിന്ന് പഠിച്ചുകൊള്ളട്ടേയെന്ന് തീരുമാനിച്ചുകാണണം. വലിയ പാണ്ഡിത്യമുള്ളവരില്നിന്ന് ഞാന്‍ ഇസ്ലാമിനെക്കുറിച്ച് പഠിച്ചശേഷം സ്വീകരിക്കുകയാണെങ്കില്‍ ‘ഓ ,അവന് മുസ്ലിമായത് അവന്റെ പിതാവിനെക്കണ്ടല്ലേ. പിതാവ് ചെയ്യുന്നതെന്തും ചെയ്യുന്ന മകന്! ‘ എന്ന് ആളുകള്‍ പരിഹസിക്കില്ലല്ലോയെന്ന് അദ്ദേഹം മുന്കൂട്ടിക്കണ്ടതായിരിക്കണം.
എല്ലാ മാസവും ആ മുസ്ലിംസമൂഹത്തിന്റെ കൂടെ ക്ലാസുകളില്‍ ഞാന്‍ പങ്കെടുത്തുകൊണ്ടിരുന്നു. അതിനിടയില്‍ എന്റെ ചിന്താഗതിയെ മാറ്റിമറിച്ച ഒരു സംഭവമുണ്ടായി. ഒരു ഞായറാഴ്ച അവരോടൊപ്പം നീന്താന്‍പോയ ഞാന്‍ കുളത്തിലേക്ക് ചാടുന്നതിനിടെ തലയടിച്ചുവീഴുകയും നടുവിന് ക്ഷതംപറ്റുകയും ചെയ്തു. ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ എന്റെ പിതാവിനോട് പറഞ്ഞു: ‘നട്ടെല്ലിന് കാര്യമായി ക്ഷതം സംഭവിച്ചിട്ടുണ്ട്. അതിനാല്‍ ശരീരമനക്കുന്നത് സൂക്ഷിക്കണം. അല്ലാത്തപക്ഷം എന്നെന്നേക്കുമായി വൈകല്യംസംഭവിക്കും.’
എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. പക്ഷേ ഓപറേഷന് തിയേറ്ററിലേക്ക് കയറ്റുന്നതിന് തൊട്ടുമുമ്പ് പിതാവിന്റെസുഹൃത്തുക്കളില് ഒരാള്‍ എന്റെ ചെവിയില്‍ എന്തൊക്കെയോ മന്ത്രിച്ചു: ‘യഹ്യാ, അല്ലാഹുവിന്റെ കരങ്ങളിലാണ് നീയുള്ളത്. അത് കയറ്റിറക്കങ്ങളുള്ള റോളര്‍കോസ്റ്റര്‍ പോലെയാണ്. അതിലെ ഏറ്റവും ഉയരത്തിലുള്ള യാത്രയിലാണ് നീയുള്ളത്. അത് നീ ആസ്വദിച്ചുകൊള്ളുക. അല്ലാഹുവില്‍ ഭരമേല്പിക്കുക’ . അതെന്റെ മനസ്സില്‍ ആശ്വാസത്തിന്റെ കുളിര് കോരിയിട്ടു.
ഓപറേഷന് ഏതാണ്ട് അഞ്ചുമണിക്കൂറോളം നീണ്ടുനിന്നു. പിന്നെയും രണ്ടുദിവസംകഴിഞ്ഞാണ് എനിക്ക് ബോധംവീണ്ടുകിട്ടിയത്. എനിക്കെന്റെ വലതുകൈ അനക്കാന്‍ കഴിഞ്ഞില്ല. എന്നിട്ടും ലോകത്തിലെ ഏറ്റവും സന്തോഷവാനായ വ്യക്തിയെപ്പോലെയായിരുന്നു ഞാന്‍. ഞാന്‍ ഡോക്ടറോട് പറഞ്ഞു: ‘ഞാനെന്റെ വലതുകൈ പ്രശ്നമാക്കുന്നില്ല. അല്ലാഹു എനിക്ക് ജീവന് തിരികെത്തന്നതില് വളരെ സന്തോഷവാനാണ്.’
ഏതാനും മാസങ്ങള്‍ കൂടി ആശുപത്രിയില്‍ കഴിച്ചുകൂട്ടേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞു. പക്ഷേ ഫിസിയോതെറാപിയുടെ ഫലത്താല്‍ രണ്ടാഴ്ച മാത്രമേ കഴിച്ചുകൂട്ടേണ്ടിവന്നുള്ളൂ. ഒരുദിവസം ഡോക്ടര്‍ വന്നുപറഞ്ഞു: ‘നമുക്കിന്ന് കോണിപ്പടി കയറാന്‍ പരിശ്രമിച്ചുനോക്കാം.’ ഞാനാകട്ടെ അത് രണ്ടുദിവസത്തിനുമുമ്പേ ചെയ്തുകഴിഞ്ഞിരുന്നു. ആ രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ എനിക്കെന്റെ വലതുകൈ അനക്കാന്‍ കഴിഞ്ഞു.
നോക്കണേ, മനുഷ്യന് ഒന്ന് ആഗ്രഹിക്കുന്നു. അല്ലാഹു മറ്റൊന്ന് തീരുമാനിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതം സെക്കന്റുകള്‍ക്കുള്ളില്‍ മാറിമറിയുന്നത് ആര്‍ക്കെങ്കിലും മുന്കൂട്ടിക്കാണാനാകുമോ? ഈ യാഥാര്‍ഥ്യം മുന്നില്‍ക്കണ്ട് ഞാന്‍ ജീവിതത്തെ വളരെ ഗൗരവമായിക്കാണാന്‍ തുടങ്ങി.മുസ്ലിമാകണമെന്ന ആഗ്രഹം എന്റെയുള്ളില്‍ ശക്തമാകാന്‍ തുടങ്ങി. എത്രത്തോളമെന്നാല്‍ ഞാനെന്റെ രണ്ടാനച്ഛനെയും അമ്മയെയും ആഢംബരജീവിതത്തെയും പിറകിലുപേക്ഷിച്ച് പിതാവിന്റെ അപാര്‍ട്ട്മെന്റില്‍ താമസമാരംഭിച്ചു. ആ അപാര്‍ട്മെന്റ് ചെറുതായതുകാരണം അടുക്കളയില്‍ താമസിക്കേണ്ടിവന്നു. എന്റെയടുക്കല്‍ ഏതാനു സ്കൂള്‍പുസ്തകങ്ങളും സിഡികളും വസ്ത്രങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ യാതൊരു പ്രയാസവും തോന്നിയില്ല. നിങ്ങള്‍ക്കു തോന്നുന്നുണ്ടാകും എനിക്ക് എല്ലാ സൗഭാഗ്യങ്ങളും നഷ്ടപ്പെട്ടെന്ന്. പക്ഷേ ഞാന്‍ വളരെ സന്തോഷവാനായിരുന്നു. അതീവഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്കഴിഞ്ഞുകൂടിയ ആ ദിനങ്ങളില്‍ ഞാന്‍ സന്തോഷവാനായിരുന്നു. അതോടൊപ്പം എന്റെ ആദ്യറമദാനിന്റെ പ്രഥമദിനം ഞാനേറെ സന്തോഷിച്ചു. പുതിയ സ്കൂളില്‍ പ്രവേശനംലഭിച്ചശേഷം ക്ലാസ് തുടങ്ങിയ ആദ്യദിനമായിരുന്നു സന്തോഷംതോന്നിയ മറ്റൊരവസരം.
പുതിയസ്കൂളില്‍
സ്കൂളില്‍ അഡ്മിഷന് ലഭിച്ചതിന്റെ തൊട്ടടുത്ത ദിവസം ഞാന്‍ ശഹാദത്ത് കലിമചൊല്ലി. അല്‍ഹംദുലില്ലാഹ്, എനിക്കെല്ലാം പുതിയതായിരുന്നു. പുതിയ താമസസ്ഥലം, പുതിയ സ്കൂള്‍, അമ്മകൂടെയില്ലാത്ത ദിനം, ക്ലാസിലെ ആദ്യദിനം. മറ്റുകുട്ടികള്‍ ഞാനൊരുമുസ് ലിമാണെന്നറിഞ്ഞ് എന്നെ പരിഹസിക്കാന്‍തുടങ്ങി. അവരൊക്കെ വാര്ത്താമീഡിയകളുടെ പദാവലികള്‍ എനിക്കുമേല്‍ ചൊരിഞ്ഞു:’ഭീകരവാദി, ഉസാമ ബിന്‍ ലാദനിതാ വരുന്നു, വൃത്തികെട്ട മുസ്ലിം’എന്നിങ്ങനെയാണ് അവര്‍ അഭിസംബോധനചെയ്തത്. ചിലര്‍ എന്നെപ്പറ്റി കരുതിയത് അരക്കിറുക്കനാണെന്നാണ്. ഞാനൊരു ജര്‍മന്‍കാരനാണെന്ന വസ്തുതപോലും അവര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പക്ഷേ പത്തുമാസം പിന്നിട്ടപ്പോള്‍ കാര്യങ്ങളെല്ലാം ആകപ്പാടെ മാറിക്കഴിഞ്ഞിരുന്നു. കൂട്ടുകാര്‍ക്കിടയില്‍ പ്രബോധനപ്രവര്‍ത്തനങ്ങള്‍ എനിക്ക് നടത്താമെന്നായി. സ്കൂളിലെ ഏകമുസ്ലിംകുട്ടിയാണെങ്കിലും എനിക്കായി നമസ്കരിക്കാന്‍ പ്രത്യേകം മുറി സൗകര്യപ്പെടുത്തിത്തന്നു.
ക്രമേണ കൂട്ടുകാര്‍ എന്നെ കളിയാക്കുന്നത് മതിയാക്കി. പിന്നെപിന്നെ വളരെ ഗൗരവമിയന്ന ചോദ്യങ്ങള്‍ അവര്‍ ചോദിക്കാന്‍ തുടങ്ങി. ഇസ്ലാം വളരെ ശാന്തമാണെന്ന് അവര്‍ തിരിച്ചറിയുകയായിരുന്നു. മറ്റുള്ളവരുമായി ഇടപഴകുന്നതില്‍ പെരുമാറ്റമര്യാദകള്‍ പാലിക്കുന്നവരാണ് മുസ്ലിംകളെന്ന് അവര്‍ അനുഭവിച്ചറിഞ്ഞു. എല്ലാവിധ ബാഹ്യസമ്മര്ദ്ദങ്ങളില്നിന്നും മുസ്ലിംകള് മുക്തരാണെന്ന യാഥാര്‍ഥ്യം അവര്‍ മനസ്സിലാക്കി.
എന്റെ സ്കൂളില്‍ മൂന്നുതരം കുട്ടികളാണുണ്ടായിരുന്നത്. ഒന്നാമത്തെക്കൂട്ടര്‍ അടിച്ചുപൊളി ഹിപ്ഹോപിന്റെ ആളുകളായിരുന്നു. അന്തര്‍മുഖരായിരുന്നു രണ്ടാമത്തെകൂട്ടര്‍. മൂന്നാമത്തെ വിഭാഗം പാര്ട്ടിയുംപരിപാടിയുമായി നടക്കുന്നവര്‍. എല്ലാവരും ഏതെങ്കിലും ഒരു ഗ്രൂപില്‍ പെടാന്‍ ശ്രമിച്ചിരുന്നു. മറ്റുള്ളവരുടെ ശ്രദ്ധയും പരിഗണനയും കിട്ടാന്‍ വേണ്ടിയായിരുന്നു അത് . എനിക്കാകട്ടെ അതിന്റെയൊന്നും ആവശ്യമില്ലായിരുന്നു. എല്ലാവരും എന്റെ കൂട്ടുകാരായിത്തീര്‍ന്നു. എന്തെങ്കിലും ഫാഷന്‍ ഒപ്പിച്ച് വസ്ത്രം ധരിക്കേണ്ട ഗതികേട് എനിക്കുണ്ടായില്ല. അതുകാരണം എല്ലാ കൂട്ടായ്മകളിലേക്കും അവരെന്നെ ക്ഷണിച്ചു. എത്രത്തോളമായിരുന്നു ആ പരിഗണനയെന്നോ!ബാര്‍ബക്യൂ പാര്‍ട്ടികളിലേക്ക് ക്ഷണിക്കുമ്പോള്‍ എനിക്കും എന്റെ മുസ്ലിംസുഹൃത്തുക്കള്ക്കുമായി പ്രത്യേകം ഹലാല്‍ഭക്ഷണം അവര്‍ കരുതിവെക്കുമായിരുന്നു.
Add Comment