ലോകത്തിലെ ഏതെങ്കിലും ഭാഷയില്‍ ഇത്രയേറെ തെറ്റിദ്ധരിക്കപ്പെട്ട വേറെ വല്ല പദവുമുണ്ടോയെന്ന് സംശയമാണ്. ഇസ്‌ലാമിലെ ജിഹാദിനെ സംബന്ധിച്ച് അതിന്റെ അനുയായികളില്‍ ഏറെപ്പേരും അജ്ഞരാണ്; അവരല്ലാത്തവര്‍ അപകടകരമായ അബദ്ധ ധാരണയിലും.
ജിഹാദ് സത്യവിശ്വാസികളുടെ നിര്‍ബന്ധ ബാധ്യതയാണ്. അതില്‍ നിന്ന് മാറിനില്‍ക്കാന്‍ ആര്‍ക്കും അനുവാദമില്ല. നരകശിക്ഷയില്‍നിന്ന് രക്ഷനേടാനും സ്വര്‍ഗലബ്ധിക്കും അതനിവാര്യമാണ്. അല്ലാഹു പറയുന്നു: ‘വിശ്വസിച്ചവരേ, വേദനയേറിയ ശിക്ഷയില്‍നിന്ന് നിങ്ങളെ മോചിപ്പിക്കുന്ന ഒരു വ്യാപാരത്തെക്കുറിച്ച് നിങ്ങള്‍ക്കു ഞാനറിയിച്ചുതരട്ടെയോ? നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക, നിങ്ങളുടെ ജീവധനാദികളാല്‍ ദൈവമാര്‍ഗത്തില്‍ ജിഹാദ് നടത്തുക. അതാണ് നിങ്ങള്‍ക്കുത്തമം. നിങ്ങള്‍ അറിയുന്നവരെങ്കില്‍!” (ഖുര്‍ആന്‍ സ്വഫ്ഫ്: 10,11).
‘ജിഹാദ് ചെയ്യുന്നവരും ക്ഷമ അവലംബിക്കുന്നവരുമാണെന്ന് വ്യക്തമാക്കപ്പെടാതെ സ്വര്‍ഗപ്രവേശം സാധ്യമല്ലെ”ന്ന് ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. (ആലുഇംറാന്‍: 142).
മുസ്‌ലിംകളുടെ നിയോഗലക്ഷ്യം തന്നെ ജിഹാദ് നിര്‍വഹണമത്രെ. ‘ദൈവമാര്‍ഗത്തില്‍ യഥാവിധി ജിഹാദ് ചെയ്യുക. തന്റെ ദൌത്യത്തിനു വേണ്ടി നിങ്ങളെ നിയോഗിച്ചത് അവനാണ്. മതത്തില്‍ നിങ്ങള്‍ക്കൊരു ക്‌ളിഷ്ടതയും അവനുണ്ടാക്കിയിട്ടില്ല” (ഹജ്ജ്: 78).
ജിഹാദ് നടത്തുന്നവരെ നേര്‍വഴിക്ക് നയിക്കുമെന്ന് അല്ലാഹു വാഗ്ദാനം ചെയ്യുന്നു: ‘നമ്മുടെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുന്നവര്‍ക്ക് നാം നമ്മുടെ മാര്‍ഗങ്ങള്‍ കാണിച്ചുകൊടുക്കും. അല്ലാഹു സുകൃതികളോടൊപ്പമാണ്. തീര്‍ച്ച” (അന്‍കബൂത്: 69).
ജിഹാദിലേര്‍പ്പെടുന്നവര്‍ക്ക് അല്ലാഹുവിങ്കല്‍ ഔന്നത്യവും ജീവിതവിജയവും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. ‘സത്യം സ്വീകരിക്കുകയും നാടും വീടും വെടിയുകയും ദൈവമാര്‍ഗത്തില്‍ ദേഹധനാദികളാല്‍ ജിഹാദ് നടത്തുകയും ചെയ്യുന്നവരാരോ അവരുടെ സ്ഥാനമാണ് അല്ലാഹുവിങ്കല്‍ മഹത്തരം. വിജയം വരിക്കുന്നവരും അവര്‍തന്നെ. തന്റെ അനുഗ്രഹവും തൃപ്തിയും അനശ്വര സുഖാനുഭൂതികളുള്ള സ്വര്‍ഗീയാരാമങ്ങളും അവര്‍ക്ക് ലഭിക്കുമെന്ന് അവരുടെ നാഥന്‍ സുവാര്‍ത്ത അറിയിക്കുന്നു. അവരാ ഉദ്യാനങ്ങളില്‍ നിത്യവാസികളായിരിക്കും. തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ അവര്‍ക്ക് മഹത്തായ പ്രതിഫലമുണ്ട്” (തൗബഃ: 2022).
പരമമായ സ്‌നേഹം പ്രപഞ്ചനാഥനോടും പ്രവാചകനോടുമെന്നപോലെ ജിഹാദിനോടും ആവുന്നതുവരെ ആരും കുറ്റമുക്തരാവുകയില്ല. ‘പറയുക: നിങ്ങളുടെ പിതാക്കളും സന്താനങ്ങളും സഹോദരന്മാരും ഭാര്യമാരും ബന്ധുക്കളും നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ ധനവും, വിഘ്‌നം വരുമോയെന്ന് നിങ്ങള്‍ ഭയക്കുന്ന വ്യാപാരവും നിങ്ങളുടെ പ്രിയപ്പെട്ട വീടുകളുമാണ്, അല്ലാഹുവിനെക്കാളും അവന്റെ ദൂതനെക്കാളും അവന്റെ മാര്‍ഗത്തിലെ ജിഹാദിനെക്കാളും നിങ്ങള്‍ക്ക് പ്രിയങ്കരമെങ്കില്‍ നിങ്ങളിതാ കാത്തിരുന്നുകൊള്ളുക, അല്ലാഹു തന്റെ കല്‍പന നടപ്പാക്കുന്നതുവരെ. കുറ്റവാളികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല” (ഖുര്‍ആന്‍ തൗബഃ: 24).
ജിഹാദിലൂടെ മരണം വരിക്കുന്നവര്‍ നിത്യജീവന്‍ നേടുന്നവരത്രെ. ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വധിക്കപ്പെട്ടവര്‍ മരിച്ചുപോയവരാണെന്ന ധാരണ ഒരിക്കലും നിങ്ങള്‍ക്കുണ്ടാവരുത്. അവര്‍ താങ്കളുടെ നാഥങ്കല്‍ ജീവിച്ചിരിക്കുന്നവരാണ്. അവര്‍ക്ക് ആഹാരം നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നു. അല്ലാഹു അവര്‍ക്ക് നല്‍കിയ തന്റെ മഹത്തായ ഔദാര്യത്തില്‍ അവര്‍ സംതൃപ്തരാണ്” (ഖുര്‍ആന്‍ ആലുഇംറാന്‍: 169, 170).
വ്യക്തിയിലും കുടുംബത്തിലും സമൂഹത്തിലും രാഷ്ട്രത്തിലും ലോകത്തും സത്യവും സന്മാര്‍ഗവും ധര്‍മവും നീതിയും സ്ഥാപിക്കാനും നിലനിര്‍ത്താനുമുള്ള അധ്വാനപരിശ്രമങ്ങള്‍ക്കാണ് ഖുര്‍ആന്റെ സാങ്കേതിക ഭാഷയില്‍ ജിഹാദ് എന്ന് പറയുക. ഭാഷാപരമായ അര്‍ഥം കഠിനമായ പ്രയാസങ്ങളോടു മല്ലിടുക, സാഹസപ്പെടുക, കഠിനമായി പ്രയത്‌നിക്കുക, കഷ്ടതയനുഭവിക്കുക എന്നെല്ലാമാണ്.
സാഹചര്യമാണ് ജിഹാദിന്റെ രീതി നിശ്ചയിക്കുന്നത്. ഉപര്യുക്ത ലക്ഷ്യസാക്ഷാത്കാരത്തിന് ഓരോ കാലത്തും ദേശത്തും പരിതഃസ്ഥിതിയിലും ഏറ്റവും അനുയോജ്യവും അനുവദനീയവും ഫലപ്രദവുമായ രീതിയാണ് സ്വീകരിക്കേണ്ടത്. മോഹങ്ങളെ മെരുക്കിയെടുത്തും ഇച്ഛകളെ നിയന്ത്രിച്ചും ആഗ്രഹങ്ങളുടെ മേല്‍ മേധാവിത്വം പുലര്‍ത്തിയും സ്വന്തം ജീവിതത്തെ ദൈവനിര്‍ദേശങ്ങള്‍ക്കനുരൂപമാക്കി മാറ്റാന്‍ നടത്തുന്ന ശ്രമംപോലും ജിഹാദാണ്. യുദ്ധരംഗത്തുനിന്ന് മടങ്ങവെ ഒരിക്കല്‍ പ്രവാചകന്‍ പറഞ്ഞു: ‘നാം ഏറ്റവും ചെറിയ ജിഹാദില്‍നിന്ന് ഏറ്റവും വലിയ ജിഹാദിലേക്ക് തിരിച്ചുവന്നിരിക്കുന്നു.” പ്രവാചകശിഷ്യന്മാര്‍ ചോദിച്ചു: ‘ഏതാണ് ഏറ്റവും വലിയ ജിഹാദ്?” അവിടുന്ന് അരുള്‍ ചെയ്തു: ‘മനസ്സിനോടുള്ള സമരമാണത്.”
കുടുംബത്തിന്റെ ഇസ്‌ലാമീകരണത്തിനായി നടത്തപ്പെടുന്ന വിദ്യാഭ്യാസം, സംസ്‌കരണം, സദുപദേശം, ശിക്ഷണം തുടങ്ങിയവയെല്ലാം ജിഹാദിലുള്‍പ്പെടുന്നു. സത്യസംസ്ഥാപനത്തിനും നന്മയുടെ പ്രചാരണത്തിനും ധര്‍മത്തിന്റെ ഉന്നതിക്കുമായുള്ള എഴുത്തും പ്രസംഗവും സംഭാഷണവും ചര്‍ച്ചയും വിദ്യാഭ്യാസപ്രചാരണവുമെല്ലാം ആ ഗണത്തില്‍ പെടുന്നു. സമുദായത്തിന്റെ അഭ്യുന്നതി ലക്ഷ്യം വെച്ചുള്ള ശാസ്ത്ര, സാങ്കേതിക, സാമ്പത്തിക, സാംസ്‌കാരിക, കലാ, സാഹിത്യ മേഖലകളിലെ ശ്രമങ്ങളും ജിഹാദുതന്നെ! എന്നാല്‍ ലക്ഷ്യം ദൈവിക വചനത്തിന്റെ, അഥവാ പരമമായ സത്യത്തിന്റെ ഉയര്‍ച്ചയായിരിക്കണം.
അതിനാല്‍, അല്ലാഹുവിന്റെ വ്യവസ്ഥയുടെ സംസ്ഥാപനത്തിനും നിലനില്‍പിനുമായി നടത്തപ്പെടുന്ന സകല ശ്രമങ്ങളും ദൈവമാര്‍ഗത്തിലെ ജിഹാദാണ്; ദൈവേതര വ്യവസ്ഥകളുടെ സംസ്ഥാപനവും നിലനില്‍പും ഉദ്ദേശിച്ചും ലക്ഷ്യം വെച്ചും നടത്തപ്പെടുന്നവ പിശാചിന്റെ പാതയിലെ പോരാട്ടവും. അല്ലാഹു അറിയിക്കുന്നു: ‘സത്യവിശ്വാസം സ്വീകരിച്ചവര്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നു. സത്യനിഷേധത്തിന്റെ മാര്‍ഗമവലംബിച്ചവര്‍ പൈശാചിക മാര്‍ഗത്തിലും സമരം ചെയ്യുന്നു. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് സമരം ചെയ്യുക. പിശാചിന്റെ തന്ത്രം തീര്‍ത്തും ദുര്‍ബലംതന്നെ; തീര്‍ച്ച” (ഖുര്‍ആന്‍ നിസാഅ്: 76).
അതിനാല്‍, ജിഹാദ് സമഗ്രമായ ഒരു പദമാണ്. എല്ലാ തരത്തിലുള്ള ശ്രമങ്ങളും അധ്വാനങ്ങളും അതിലുള്‍പ്പെടുന്നു. ബുദ്ധിപരമായും ചിന്താപരമായുമുള്ള വിപ്‌ളവങ്ങളുണ്ടാക്കാനും ജനങ്ങളുടെ വികാരങ്ങളും താല്‍പര്യങ്ങളും സംസ്‌കരിക്കാനും അവരുടെ വീക്ഷണങ്ങള്‍ ദൈവികവ്യവസ്ഥക്കനുസൃതമാക്കാനും നടത്തപ്പെടുന്ന വാചികവും ലിഖിതവുമായ സംരംഭങ്ങള്‍ തൊട്ട് സത്യത്തിന്റെ ശത്രുക്കളോടുള്ള സായുധ സമരം വരെ അത് വ്യാപിച്ചു കിടക്കുന്നു. വ്യക്തി, തന്റെ അഭിമാനവും ജീവനും സ്വത്തും സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും ജിഹാദുതന്നെ. ആ മാര്‍ഗത്തില്‍ മരണം വരിക്കുന്നത് ദൈവമാര്‍ഗത്തിലെ രക്തസാക്ഷിത്വമാണെന്ന് പ്രവാചകന്‍ പഠിപ്പിക്കുന്നു.
സയ്യിദ് അബുല്‍അഅ്‌ലാ മൌദൂദി എഴുതുന്നു: ‘കേവലം യുദ്ധം അല്ല ‘ജിഹാദ്’ എന്നതുകൊണ്ടുദ്ദേശിക്കുന്നത്. അധ്വാനപരിശ്രമങ്ങള്‍, കഠിനയത്‌നം, അങ്ങേയറ്റത്തെ പ്രവര്‍ത്തനം, ശ്രമം എന്നീ അര്‍ഥങ്ങളിലാണ് ഈ പദം പ്രയോഗിക്കപ്പെടാറുള്ളത്. ജിഹാദ്, മുജാഹിദ് എന്നിവയുടെ ആശയത്തില്‍ തരണംചെയ്യാന്‍ അധ്വാനപരിശ്രമങ്ങള്‍ ആവശ്യമായിത്തീരുന്ന ഒരു പ്രതിപക്ഷശക്തിയുടെ സാന്നിധ്യവും കൂടി ഉള്‍പ്പെടുന്നുണ്ട്. ഇതോടൊപ്പം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ എന്ന ഉപാധി, പ്രതിലോമശക്തികളെന്നാല്‍ അല്ലാഹുവിനുള്ള അടിമത്തത്തെ നിഷേധിക്കുകയും അവന്റെ പ്രീതിയെ നിരാകരിക്കുകയും അവന്റെ മാര്‍ഗത്തില്‍ ചലിക്കുന്നതിനെ തടയുകയും ചെയ്യുന്നതെന്തൊക്കെയാണോ അതൊക്കെയാണെന്ന് നിര്‍ണയിക്കുകയും ചെയ്യുന്നു. അത്തരം പ്രതിലോമശക്തികളെ പരാജയപ്പെടുത്തി മനുഷ്യന്‍ സ്വയംതന്നെ അല്ലാഹുവിന്റെ ഉത്തമ അടിമയായിത്തീരാനും ദൈവികവചനത്തിന്റെ ഉന്നതിക്കും സത്യനിഷേധത്തിന്റെയും കൃതഘ്‌നതയുടെയും വചനങ്ങളുടെ പരാജയത്തിനും ജീവാര്‍പ്പണം ചെയ്യുകയെന്നതാണ് ‘അധ്വാനപരിശ്രമങ്ങള്‍’ കൊണ്ടുദ്ദേശിക്കുന്നത്. ഈ മുജാഹിദിന്റെ പ്രഥമലക്ഷ്യം, സദാ ദൈവധിക്കാരത്തിന് പ്രേരണ നല്‍കിക്കൊണ്ടിരിക്കുകയും സത്യവിശ്വാസത്തില്‍നിന്നും ദൈവാനുസരണത്തില്‍നിന്നും തന്നെ തടയാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സ്വന്തം മനസ്സിന്റെ ദുഷ്പ്രവണതയെ എതിരിടലാകുന്നു. അതിനെ കീഴ്‌പ്പെടുത്താന്‍ കഴിയാത്തേടത്തോളം കാലം ബാഹ്യരംഗത്ത് ഒരു ‘മുജാഹിദി’ന് യാതൊരു സാധ്യതയുമില്ല. അതുകൊണ്ടാണ് ഒരു യുദ്ധത്തില്‍നിന്ന് തിരിച്ചുവരവേ ഭടന്മാരോട് നബി (സ) ഇപ്രകാരം അരുളിയത്:
‘നാം ഒരു ചെറിയ ജിഹാദില്‍നിന്ന് വലിയ ജിഹാദിലേക്കാണ് തിരിച്ചുപോകുന്നത്.’
ഏതാണ് വലിയ ജിഹാദെന്ന് അവിടന്നുതന്നെ വ്യക്തമാക്കുകയുണ്ടായി: ‘ദാസന്‍ തന്റെ ദേഹേച്ഛകള്‍ക്കെതിരായി കഠിനയത്‌നം നടത്തുക”
മുഴുവന്‍ ലോകത്തോളം പ്രവിശാലമാണ് സ്വന്തത്തെ വിജയിച്ചതിനുശേഷമുള്ള ജിഹാദിന്റെ രംഗം. ലോകത്തുള്ള എല്ലാ ദൈവനിഷേധപൈശാചിക ശക്തികള്‍ക്കും എതിരായി അവന്‍ മനസ്സിന്റെയും മസ്തിഷ്‌കത്തിന്റെയും ശരീരത്തിന്റെയും ധനത്തിന്റെയും സര്‍വശക്തികളുമുപയോഗിച്ച് അധ്വാനപരിശ്രമങ്ങള്‍ ചെയ്യുകയാണ് ഇവിടെ ആവശ്യപ്പെട്ടിട്ടുള്ള യഥാര്‍ഥ ജിഹാദ്’. (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 247, 248)
സയ്യിദ് മൌദൂദി തന്നെ ഇതൊന്നുകൂടി വിശദീകരിക്കുന്നു: ‘ഒരു ഉദ്ദേശ്യം നേടേണ്ടതിന് അങ്ങേയറ്റത്തോളമുള്ള പരിശ്രമം വിനിയോഗിക്കുകയെന്നാണ് ‘ജിഹാദി’ന്റെ അര്‍ഥം. ഇത് ‘യുദ്ധ’ത്തിന്റെ പര്യായമല്ല; യുദ്ധത്തിന് അറബിയില്‍ ‘ഖിതാല്‍’ എന്ന വാക്കാണ് സാധാരണ ഉപയോഗിക്കാറുള്ളത്. ‘ജിഹാദി’ന് അതിലും എത്രയോ വിപുലവും വിശാലവുമായ അര്‍ഥമാണുള്ളത്. സകലവിധ ത്യാഗപരിശ്രമങ്ങളും അതില്‍ ഉള്‍പ്പെടുന്നു. ലക്ഷ്യത്തെക്കുറിച്ചുള്ള ചിന്തയില്‍ സദാ മുഴുകിയിരിക്കുക, ഹൃദയമസ്തിഷ്‌കങ്ങള്‍കൊണ്ട് അത് പ്രാപിക്കുന്നതിനുള്ള പോംവഴികളാരാഞ്ഞുകൊണ്ടിരിക്കുക, നാവുകൊണ്ടും പേനകൊണ്ടും അതിനെ പ്രചരിപ്പിക്കുക, കൈകാലുകള്‍കൊണ്ട് അതിനുവേണ്ടി പരിശ്രമങ്ങള്‍ നടത്തുക, സാധ്യമായ എല്ലാ ഉപകരണസാമഗ്രികളും അതിന്റെ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തുക, ആ മാര്‍ഗത്തില്‍ നേരിടുന്ന ഏതു പ്രതിബന്ധങ്ങളെയും പൂര്‍ണശക്തിയോടെയും ധൈര്യസ്ഥൈര്യത്തോടെയും നേരിടുക, ആവശ്യം വരുമ്പോള്‍ ജീവനെപ്പോലും ബലിയര്‍പ്പിക്കാന്‍ മടികാണിക്കാതിരിക്കുക ഇവക്കെല്ലാം കൂടിയുള്ള പേരാണ് ‘ജിഹാദ്’. അത്തരം ത്യാഗപരിശ്രമങ്ങള്‍ ചെയ്യുന്നവനത്രെ ‘മുജാഹിദ്!’ ‘അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് ചെയ്യുക’യെന്നാല്‍, പ്രസ്തുത ത്യാഗപരിശ്രമങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി ഉദ്ദേശിച്ചും അവന്റെ ദീന്‍ അവന്റെ ഭൂമിയില്‍ സ്ഥാപിതമാവേണ്ടതിനും അവന്റെ വാക്യം മറ്റെല്ലാ വാക്യങ്ങളെയും ജയിക്കേണ്ടതിനും മാത്രമായിരിക്കുകയും മറ്റൊരു താല്‍പര്യവും ‘മുജാഹിദി’ന്റെ ലക്ഷ്യമാവാതിരിക്കുകയും ചെയ്കയെന്നാണ്.” (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 1, പേജ് 150)
വീണ്ടും എഴുതുന്നു: ‘ഒരു പ്രതികൂല ശക്തിയെ നേരിടുന്നതിന് സമരം നടത്തുകയും ത്യാഗപരിശ്രമങ്ങളനുഷ്ഠിക്കുകയും ചെയ്യുന്നതിനാണ് മുജാഹദഃ എന്നു പറയുക. ഒരു പ്രത്യേക എതിര്‍ശക്തിയെ ചൂണ്ടിക്കാണിക്കാതെ ‘മുജാഹദഃ’ എന്നു മാത്രം പറയുമ്പോള്‍ അതിനര്‍ഥം സമഗ്രവും സര്‍വോന്മുഖവുമായ സമരം എന്നാണ്. വിശ്വാസി ഈ ലോകത്ത് നടത്തേണ്ട സമരം ഈ വിധത്തിലുള്ളതാണ്. തിന്മയനുവര്‍ത്തിക്കുന്നതുകൊണ്ടുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് പ്രലോഭിപ്പിക്കുന്ന ചെകുത്താനുമായി അവന്‍ സദാ സമരംചെയ്തുകൊണ്ടിരിക്കണം. തന്നെ ജഡികേച്ഛകളുടെ അടിമയാക്കാന്‍ ശക്തിയായി പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്ന സ്വമനസ്സുമായും സമരം ചെയ്യണം. സ്വന്തം വീടു മുതല്‍ ചക്രവാളം വരെ വീക്ഷണങ്ങളിലും ദര്‍ശനങ്ങളിലും ധാര്‍മികതത്ത്വങ്ങളിലും നാഗരിക രീതികളിലും ആചാരസമ്പ്രദായങ്ങളിലും സാമൂഹികസാംസ്‌കാരിക നിയമങ്ങളിലും സത്യദീനിനെ എതിര്‍ക്കുന്ന സകല മനുഷ്യരോടും സമരം ചെയ്യണം. ദൈവത്തിന്റെ ആധിപത്യത്തില്‍നിന്നു മുക്തരായി സ്വന്തം ആധിപത്യം നടത്താന്‍ ശ്രമിക്കുകയും തങ്ങളുടെ കഴിവുകള്‍ നന്മക്കു പകരം തിന്മ പ്രചരിപ്പിക്കാന്‍ വിനിയോഗിക്കുകയും ചെയ്യുന്ന സാമൂഹിക നേതൃത്വത്തോടും സമരം ചെയ്യണം. ഇത് ഒന്നോ രണ്ടോ നാളത്തെ സമരമല്ല, ആജീവനാന്ത സമരമാണ്. ദിവസത്തില്‍, ഇരുപത്തിനാലു മണിക്കൂറും അവിരാമം തുടരുന്ന സമരം. ഏതെങ്കിലും ഒരു രംഗത്തുമാത്രം നടക്കുന്നതുമല്ല ഈ സമരം. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ഇത് നടക്കേണ്ടതാണ്. ഇതിനെക്കുറിച്ചാണ് ഹദ്‌റത്ത് ഹസന്‍ ബസ്വരി പറയുന്നത്:
‘മനുഷ്യന്‍ തീര്‍ച്ചയായും ജിഹാദ് ചെയ്യുന്നുണ്ട്; അവന്‍ ഒരിക്കലും വാളെടുത്തിട്ടില്ലെങ്കിലും.'(തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 645).
‘ശക്തമായ ജിഹാദ്’ എന്നതിന് മൂന്നര്‍ഥങ്ങളുണ്ട്: ഒന്ന്, അധ്വാന പരിശ്രമങ്ങളില്‍നിന്ന് ഒരു നിമിഷം വിട്ടുനില്‍ക്കാതിരിക്കാനുള്ള നിതാന്ത യജ്ഞം. രണ്ട്, മനുഷ്യന്‍ തന്റെ കഴിവുകളാസകലം പ്രയോജനപ്പെടുത്തിക്കൊണ്ട് നടത്തുന്ന വന്‍തോതിലുള്ള പ്രയത്‌നം. മൂന്ന്, മനുഷ്യന്‍ തന്റെ പ്രയത്‌നശേഷിയുടെ ഒരുവശവും ഒഴിവാക്കാതെ നടത്തുന്ന ബഹുമുഖവും സമഗ്രവുമായ അധ്വാനപരിശ്രമം. ഏതെല്ലാം മുന്നണികളില്‍ ആയുധശക്തി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുവോ അവിടങ്ങളില്‍ തന്റെ ശക്തികൂടി അതോടൊപ്പം ചേര്‍ക്കുക, സത്യത്തിന്റെ വിജയത്തിനുവേണ്ടി ഏതെല്ലാം രംഗങ്ങളില്‍ എന്തെല്ലാം പ്രവര്‍ത്തിക്കേണ്ടതാവശ്യമായി വരുന്നുവോ അവിടെയെല്ലാം നാവുകൊണ്ടും പേനകൊണ്ടുമുള്ള സമരം ഉള്‍പ്പെടെ ജീവന്‍കൊണ്ടും ധനംകൊണ്ടും ആയുധങ്ങള്‍കൊണ്ടും പടപൊരുതുക.” (തഫ്ഹീമുല്‍ ഖുര്‍ആന്‍ വാല്യം 3, പേജ് 444)
ജിഹാദിന് വിശുദ്ധയുദ്ധം, മതയുദ്ധം എന്നൊക്കെ അര്‍ഥം കല്‍പിക്കുന്നത് തീര്‍ത്തും തെറ്റാണ്. ഇസ്‌ലാമിനുമുമ്പുള്ള അറബി സാഹിത്യത്തില്‍ യുദ്ധത്തെ സംബന്ധിച്ച ധാരാളം കവിതകളും പ്രഭാഷണങ്ങളും കാണാവുന്നതാണ്. അവയിലെവിടെയും യുദ്ധത്തിന് ‘ജിഹാദ്’ എന്ന പദം പ്രയോഗിച്ചിട്ടില്ല.
സായുധ സമരം അനിവാര്യമാവുകയും വ്യവസ്ഥാപിതമായ നേതൃത്വം അതാവശ്യപ്പെടുകയും ചെയ്യുന്ന ഘട്ടങ്ങളില്‍ അതില്‍ പങ്കുചേരേണ്ടത് അതിനു കഴിവുള്ള ഓരോ വിശ്വാസിയുടെയും ബാധ്യതയും, അതില്‍നിന്ന് മാറിനില്‍ക്കുന്നത് കൊടിയ പാപവുമാണ്. എന്നാല്‍ ഇസ്‌ലാമില്‍ സായുധ ജിഹാദ് പ്രഖ്യാപിക്കേണ്ടത് ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ അല്ല. സ്ഥാപിതമായ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ ഭരണാധികാരികളോ അംഗീകൃത സമുദായ നേതൃത്വമോ ആണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും വ്യക്തികളോ ഗ്രൂപ്പുകളോ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളും ആക്രമണങ്ങളും ഇസ്‌ലാമിക ജിഹാദല്ല. അത്തരം കൃത്യങ്ങളെ ഇസ്‌ലാമുമായി ചേര്‍ത്തുപറയുന്നത് തീര്‍ത്തും തെറ്റാണ്.
ചുരുക്കത്തില്‍ ജിഹാദെന്നാല്‍ സായുധ പോരാട്ടമാണെന്ന ധാരണ അബദ്ധപൂര്‍ണമാണ്. ജിഹാദിന്റെ വിവിധയിനങ്ങളില്‍ ഒന്നു മാത്രമാണത്. ഖുര്‍ആന്‍ പരിചയപ്പെടുത്തിയ പ്രവാചകന്മാരെല്ലാം ജിഹാദ് ചെയ്തവരാണ്. എന്നാല്‍ അവരില്‍ സായുധയുദ്ധം നടത്തിയവര്‍ അത്യപൂര്‍വമത്രെ. ദൈവത്തിന്റെ അന്ത്യദൂതന്‍ മുഹമ്മദ് നബിതിരുമേനി പ്രവാചകത്വത്തിനുശേഷം മക്കയില്‍ കഴിച്ചുകൂട്ടിയ പതിമൂന്നു വര്‍ഷവും ജിഹാദില്‍ വ്യാപൃതനായിരുന്നു. എന്നാല്‍ ഒരിക്കല്‍പോലും ആയുധമെടുത്ത് പൊരുതിയിട്ടില്ല. അതിന് അനുവാദവുമുണ്ടായിരുന്നില്ല. ജിഹാദ് എന്നാല്‍ സായുധ പോരാട്ടമാണെന്ന ധാരണ തിരുത്തപ്പെടേണ്ട അബദ്ധമാണെന്ന് സത്യം ഗ്രഹിക്കാന്‍ ശ്രമിക്കുന്ന ഏവര്‍ക്കും അനായാസം ബോധ്യമാകും.
ശൈഖ് മുഹമ്മദ് കാരക്കുന്ന്
Add Comment