നോര്‍ത് കരോലിന: നോര്‍ത് കരോലിനയിലെ തങ്ങളുടെ അപാര്‍ട്ട്മെന്റില്‍ മൂന്ന് മുസ്ലിം വിദ്യാര്‍ഥികള്‍ മൃഗീയമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ മുസ്ലിംലോകം ഞെട്ടിത്തരിച്ചു. സാമൂഹികസേവനപ്രവര്ത്തനങ്ങളിലും സമുദായപരിഷ്കരണപ്രവര്ത്തനങ്ങളിലും വ്യാപൃതരായിരുന്ന ദിയ ബറകാത്, ഭാര്യ യുസ്ര് മുഹമ്മദ്, അവരുടെ സഹോദരി റസാന്മുഹമ്മദ് എന്നീ ഡെന്റല്‍ വിദ്യാര്‍ഥികളുടെ കൊലയ്ക്ക് കാരണമായത് മുസ്ലിംവിരുദ്ധതയാണെന്ന് അഭിപ്രായപ്പെടുന്ന ഒട്ടേറെപ്പേരുണ്ട്. നിരീശ്വരവാദിയായകൊലയാളിയുടെ ഫെയ്സ്ബുക് പ്രൊഫൈലിലെ ഇസ്ലാംവിരുദ്ധപരാമര്ശമാണ് അതിനവര്‍ കാരണമായി പ്പറയുന്നത്. നീചകൃത്യത്തെ അപലപിച്ച് രംഗത്തുവന്ന അമേരിക്കന്‍ വന്‍കരയിലെ പ്രമുഖ ഇസ്ലാമികപണ്ഡിതരുടെ അഭിപ്രായങ്ങളാണ് ചുവടെ:
ശൈഖ് അഹ്മദ് കുട്ടി
വളരെ ഹൃദയഭേദകമായ വാര്‍ത്തയാണിത്. സമാധാനപൂര്‍ണമായി എല്ലാവരോടും സഹവര്‍ത്തിത്വത്തോടെ കഴിയണം എന്നാഗ്രഹിക്കുന്ന വിവേകശാലികളെ തട്ടിയുണര്ത്താന് പര്യാപ്തമാണിത്തരം ചെയ്തികള്‍. ഇസ്ലാമിനെയും മുസ്ലിംകളെയും ആക്ഷേപിച്ചും അപഹസിച്ചും മില്യണ്‍ഡോളര്‍ വ്യവസായംനടത്തുന്ന മാധ്യമശക്തികളുടെ പ്രവര്‍ത്തനങ്ങളുടെ പര്യവസാനമാണിത്. ‘മുസ്ലിംകളെ ആട്ടിപ്പായിക്കണം, മക്ക അണുബോംബിട്ടുതകര്ക്കണം’ എന്നൊക്കെ ആക്രോശിക്കുന്ന ദുഷ്ടശക്തികളെ നാം എത്രപ്രാവശ്യം സ്ക്രീനില്‍ കാണുന്നു. യുദ്ധക്കൊതിയന്മാരാണ് മാധ്യമശൃംഖലകള്‍ കയ്യടക്കിയിരിക്കുന്നത്. അവര്‍ക്ക് മുസ്ലിംകളെ ശത്രുപക്ഷത്ത് നിറുത്തണം. അതിന് അക്കാദമിക-സാങ്കേതികസംവിധാനങ്ങളെ ഉപയോഗിക്കുന്നു.
ഈ നീചകൃത്യം ഇസ്ലാമോഫോബിയയുടെ ഉല്പന്നമാണ്. അമേരിക്കയില്‍ മാത്രം അത് നുണപ്രചാരണങ്ങളിലൂടെയും വ്യാജോക്തിചമത്കാരത്തിന്റെയും മള്‍ട്ടിമില്യണ്‍ ഡോളര്‍ ബിസിനസാണ്. പെട്ടെന്ന് പണമുണ്ടാക്കാന്‍ മുസ്ലിംകളെ ചീത്തപറഞ്ഞാല്‍ മാത്രം മതി. എന്നല്ല,വിഖ്യാതയൂണിവേഴ്സിറ്റികളില് ഉന്നതതസ്തികയില്‍ വിരാജിക്കാന്‍ ഇത് ഒരു കുറുക്കുവഴിയാണ്.
മുസ്ലിംകള് ഈ അവസ്ഥാവിശേഷങ്ങളെ തിരിച്ചറിയുകയാണ് വേണ്ടത്. അഭിപ്രായസ്വാതന്ത്ര്യം ആരുടേതാണെന്നും ആര്‍ക്കാണതിന്റെ കുത്തകയെന്നും അവര്‍ തിരിച്ചറിയണം. സത്യപ്രചാരണത്തിനായി ഒരു മീഡിയ സ്ഥാപിക്കേണ്ടതിന്റെ ആവശ്യകത ഇനിയെന്നാണ് നമ്മുടെ സമുദായത്തിലെ കോടിപതികള്‍ മനസ്സിലാക്കുക? മക്കയിലേക്കും മദീനയിലേക്കും ഹജ്ജിനും ഉംറയ്ക്കും അനേകപ്രാവശ്യം പോകുന്ന മില്യണ്കണക്കായ നമ്മുടെ ആളുകള്‍ ആ വിഭവങ്ങള്‍ നല്ല പത്രപ്രവര്‍ത്തകരെയും സാമൂഹികവിദഗ്ധരെയും വാര്‍ത്തെടുക്കാന്‍ വിനിയോഗിക്കാത്തതെന്താണ്?
ഈ ദുരന്തം നമ്മെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്താന്‍ സഹായിച്ചെങ്കില്‍ എന്ന് ഞാനാശിക്കുന്നു. കാലത്തിന്റെ മുന്‍ഗണനാക്രമത്തെ തിരിച്ചറിഞ്ഞ് പ്രത്യുല്‍പന്നമതിത്വമുള്ള സമുദായമായി അവര്‍ മാറിയെങ്കില്‍ നന്നായിരുന്നു.
ഡോ. യാസിര്‍ ഖാദി
ഈ ദുരന്തവേളയില്‍ ദുഖാര്‍ത്തരായ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു. കൊല്ലപ്പെട്ടവര്‍ക്കും ഉടയവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു. അല്ലാഹു അവര്‍ക്ക് മനോധൈര്യവും ക്ഷമയും പ്രദാനംചെയ്യുമാറാകട്ടെ. അക്രമിയുടെ കൃത്യത്തിനുള്ള പ്രചോദനം എന്തെന്ന് ഇനിയും പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്നിരുന്നാലും ചില യാഥാര്‍ഥ്യങ്ങള്‍ ഈ സംഭവം വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്.
-കുറ്റവാളി തന്റെ സോഷ്യല്‍മീഡിയയിലൂടെ ഇസ്ലാംവിരുദ്ധമനോഭാവം വെളിപ്പെടുത്തിയിട്ടുണ്ട്. കൊലചെയ്യപ്പെട്ടവര്‍ സമൂഹത്തില്‍ അറിയപ്പെട്ട സന്നദ്ധപ്രവര്‍ത്തകരായിരുന്നു.
-മീഡിയ അതിന്റെ ഇരട്ടത്താപ് വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നു.മുസ്ലിംകള് കൊലചെയ്യപ്പെടുമ്പോള്‍ അത് റിപോര്ട്ടുചെയ്യാതെ അവഗണിക്കുന്ന മീഡിയ മുസ്ലിംവ്യക്തി ചെയ്യുന്ന കുറ്റകൃത്യങ്ങളെ ദിവസങ്ങളോളം പൊക്കിപ്പിടിച്ചു നടക്കുന്നു.
-ഇത്തരം മുസ്ലിംവിരുദ്ധഅക്രമങ്ങളുടെ വാര്‍ത്തകള്‍ക്ക് കമന്റുകള്‍ പോസ്റ്റുചെയ്യുമ്പോള്‍ ചിലരുടെ ആഹ്വാനം അത്തരം ക്രൈമുകള്‍ ഇനിയും തുടരണം എന്നതാണ്. ചിലര്‍ സന്തോഷംപ്രകടിപ്പിക്കുന്നു. മുസ്ലിംകള് പ്രതികരിക്കുന്നതിനെ അവര്‍ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. തികച്ചും അത്ഭുതകരമായ സംഗതിതന്നെ.
ഡോ. യാസര്‍ ഔദ
എല്ലാ മനുഷ്യജീവനും തുല്യപ്രാധാന്യമുണ്ട്. അത് ഇസ്ലാമിന്റെയും മാനവികമൂല്യങ്ങളുടെയും അടിസ്ഥാനദര്‍ശനമാണ്. അതിനാലാണ് ഈ ദുഷ്കൃത്യത്തെ അവഗണിക്കുന്ന മാധ്യമലോകത്തിന്റെ നടപടി നമ്മില്‍ ഞെട്ടലുളവാക്കുന്നത്. അമേരിക്കന്‍ -അന്താരാഷ്ട്രതലങ്ങളില്‍ മാധ്യമങ്ങളുടെ കുത്തകകയ്യടക്കിയിരിക്കുന്ന ലോബി ഈ വാര്‍ത്ത പുറത്തുവിടേണ്ടതില്ലെന്ന് ദൃഢനിശ്ചയംചെയ്തപോലെ. ഏതെങ്കിലും ഗൂഢാലോചനസിദ്ധാന്തം കടമെടുക്കേണ്ടതില്ലാത്തവിധം ഈ സമീപനം ഏവര്‍ക്കും മുമ്പില്‍ പ്രകടമാണ്. അതിനാല്‍ നാം പക്ഷപാതമനസ്സുകള്ക്കുടമയാകരുത്.
ശൈഖ് അബൂ ഈസാ നിഅ്മതുല്ലാഹ്
ഇത്തരം ദുരന്തത്തിനു കാരണമായി വര്‍ത്തിച്ച ചില സംഗതികളെക്കുറിച്ചാണ് പറയുന്നത്.
-എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മുസ്ലിംകളാണെന്ന ലോകമീഡിയയുടെ പല്ലവി.
-പാശ്ചാത്യരാജ്യങ്ങളില്‍ ജനിച്ചുവളര്‍ന്ന മുസ് ലിംകളെ രണ്ടാംകിടവിദേശപൗരന്മാരായി ചിത്രീകരിച്ച് അവരെ ക്ഷമാപണം ചെയ്യിക്കല്‍
-മുസ്ലിംകളെ വധിക്കുന്നവരെ ലോകനായകരായി വാഴ്ത്തല്‍
-വായനക്കാരെ തൃപ്തിപ്പെടുത്താന്‍ മുസ്ലിംകളെ അപഹസിക്കുന്ന പതിവ് ഇസ്ലാമോഫോബിയയെ തീവ്രതരമാക്കി.
– വാസ്തവവിരുദ്ധമാണെന്നറിഞ്ഞിട്ടും ഇസ്ലാമോഫോബിയയെ തങ്ങളുടെ സ്വാര്ഥതാല്പര്യങ്ങള്ക്കായി രാഷ്ട്രീയനേതാക്കള്‍ ഉപയോഗപ്പെടുത്തി.
ബ്രിട്ടനില്‍ തോക്കിന്റെ ഉപയോഗത്തിന് നിയന്ത്രണമുള്ളതുകൊണ്ട് ഇത് സംഭവിക്കുന്നില്ല എന്നേ പറയാനാകൂ. ഇപ്പോഴത്തെ അവസ്ഥാവിശേഷങ്ങളെ ശരിയാംവണ്ണം കൈകാര്യംചെയ്യുന്നില്ലെങ്കില് കൂടുതല്‍ ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തും.
Add Comment