ഖുര്‍ആന്‍-പഠനങ്ങള്‍

ഗവേഷണത്തിന്റ ഖുര്‍ആനിക രാജപാത

മാനവ സമൂഹത്തെ ചിന്താപരമായി ഏറ്റവും കൂടുതല്‍പ്രചോദിപ്പിച്ച ഗ്രന്ഥമാണ്‌വിശുദ്ധ ഖുര്‍ആന്‍. മനുഷ്യാസ്തിത്വത്തെക്കുറിച്ചും മനുഷ്യനും പ്രപഞ്ചവും തമ്മിലുള്ള ബന്ധത്തെ കുറിച്ചും തെളിമയാര്‍ന്ന കാഴ്ച്ചപ്പാട് രൂപപ്പെടുത്തുവാന്‍ മാനവതയെ പ്രാപ്തമാക്കിയതിന് പുറമെ പ്രാപഞ്ചിക പ്രതിഭാസങ്ങളിലടങ്ങിയിരിക്കുന്ന വിസ്മയകരങ്ങളായ ദൈവിക ദൃഷ്ടാന്തങ്ങള്‍, പ്രപഞ്ച സ്രഷ്ടാവിന്റെ കയ്യൊപ്പുകള്‍, വായിച്ചെടുക്കുവാന്‍ ശക്തമായ പ്രേരണ നല്‍കുക കൂടി ചെയ്തു ആയിരത്തി നാന്നൂറ്റി അന്‍പതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഹമ്മദ്‌നബിക്ക് വെളിപാടുകളായി അവതരിച്ചു കിട്ടിയ ഈ ദൈവിക ഗ്രന്ഥം.

മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ഈ പ്രപഞ്ചസാകല്യത്തെ സൃഷ്ടിച്ചത് ഏകനും പങ്കുകാരനില്ലാത്തവനുമായ ദൈവമാണ്. മനുഷ്യന്‍ അവന്നു  മാത്രമേ പൂര്‍ണ്ണമായും സമര്‍പ്പിക്കുവാനും, കീഴ്‌പ്പെടുവാനും, ആരാധനകളര്‍പ്പിക്കുവാനും പാടുള്ളൂ. മറ്റുള്ള ശക്തികളെയോ മൂര്‍ത്തികളെയോ ഈ ഔന്നത്യത്തിനു വേണ്ടി പരിഗണിക്കുന്നത് മനുഷ്യനെ പാരതന്ത്ര്യത്തില്‍ തളച്ചിടുവാന്‍ കാരണമാകുന്ന കടുത്ത അധര്‍മ്മമാകുന്നു. ഇതാണ് വിശുദ്ധ ഖുര്‍ആന്റെ മുഖ്യമായ സന്ദേശം.

ഈ സന്ദേശം പക്ഷേ, അന്ധവും ബധിരവുമായ രീതിയില്‍ സ്വീകരിക്കുവാനല്ല അതാവശ്യപ്പെടുന്നത്. തികഞ്ഞ യുക്തിവിചാരത്തോടെ, കാര്യകാരണ രീതി സ്വീകരിച്ചു കൊണ്ട് ഉള്‍ക്കൊള്ളുവാനാണ് ഖുര്‍ആന്‍ ആവശ്യപ്പെടുന്നത്.ഈ പ്രക്രിയക്ക് ആക്കം കൂട്ടുന്നതിന്‌വേണ്ടിയാണ് പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ വിവിധങ്ങളായ വിസ്മയങ്ങളിലേക്ക് മനുഷ്യന്റെ ശ്രദ്ധയെ അത് കൊണ്ടുപോകുന്നത്. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും, ഭൂമിയും, ആകാശവും, മരുഭൂമിയും, സമുദ്രങ്ങളും, കാറ്റും, നീരൊഴുക്കും, ഒട്ടകം മുതല്‍ തേനീച്ച വരെയുള്ള ജീവജാലങ്ങളും, മനുഷ്യന്റെ വിരല്‍തുമ്പുകള്‍വരെയുള്ള നൂറുക്കണക്കിന് പ്രതിഭാസങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ട് അവയെ പ്രപഞ്ചത്തിലെ മനുഷ്യന്‍ വായിച്ചെടുക്കേണ്ട ദൈവിക ദൃഷ്ടാന്തങ്ങളായി വിശുദ്ധ ഖുര്‍ആന്‍ പരിചയപെടുത്തുന്നു.ധൈഷണികവും സര്‍ഗാത്മകവുമായ  രീതികളില്‍  മനുഷ്യന് നടത്തുവാന്‍ സാധിക്കുന്ന ഒരന്വേഷണത്തെയും ഖുര്‍ആന്‍ വിലക്കുന്നില്ല.

ചക്രവാളങ്ങളിലും മനുഷ്യാസ്തിത്വത്തിലും അടങ്ങിയിരിക്കുന്ന മുഴുവന്‍ദൈവിക ദൃഷ്ടാന്തങ്ങളും മനുഷ്യന് അന്വേഷിച്ച് കണ്ടെത്തുവാനുള്ളവയാണ്. ദൈവികമായ ഒരു ക്രമം അനുസരിച്ച് മനുഷ്യന്റെ അന്വേഷണഫലമെന്ന നിലക്ക് അവയോരോന്നും വെളിപ്പെടുകയും ചെയ്യും. ഈ പ്രപഞ്ചസാകല്യത്തിന് ഉടമയായ ആസൂത്രകനായ ഒരു സ്രഷ്ടാവുണ്ട് എന്ന കാര്യം ഓരോരുത്തര്‍ക്കും ബോധ്യമാകുവോളം ഈ പ്രക്രിയ തുടരുകയും ചെയ്യും.അതീവ വശ്യവും സുന്ദരവുമായ  ഒരു കലാസൗധമാണീ പ്രപഞ്ചം. ആ കലാസൗധത്തിനു മാറ്റുകൂട്ടുന്ന ചേതോഹരങ്ങളായ കലാസൃഷ്ടികളാണ്  ഈ പ്രപഞ്ചത്തിലെ മനുഷ്യനും, ജീവജാലങ്ങളും, ചെടികളും, മരങ്ങളും പ്രാപഞ്ചിക പ്രതിഭാസങ്ങളോരോന്നും. ഇവയിലൊക്കെയുമടങ്ങിയിരിക്കുന്ന സ്തൂലവും സൂക്ഷ്മവുമായ തലങ്ങളെ ശ്രദ്ധാപൂര്‍വ്വം വൈദഗ്ധ്യത്തോടെ അപഗ്രഥിച്ചു മനസ്സിലാക്കുന്ന പ്രക്രിയയിലേര്‍പ്പെട്ടിരികുകയാണ് മനുഷ്യന്‍. ശാസ്ത്രവും സാകേതിക വിദ്യയും മാനവിക വിഷയങ്ങളുള്‍പ്പെടെയുള്ള മുഴുവന്‍ പഠന മേഖലകളും രൂപപ്പെടുന്നത് മനുഷ്യന്റെ ഈ ദിശയിലുള്ള പ്രയത്‌നങ്ങളില്‍നിന്നാണ്.

ഈ പ്രയത്‌നങ്ങള്‍ പക്ഷേ ശരിയായ ദിശയില്‍ നിര്‍വഹിക്കുമ്പോള്‍ മാത്രമെ അന്വേഷണങ്ങളുടെ ലക്ഷ്യം പ്രാപിക്കുവാന്‍ മനുഷ്യന് സാധിക്കുകയുള്ളൂ. ദിശാബോധത്തോടു കൂടിയുള്ളതല്ലാത്ത അന്വേഷണങ്ങളും പഠനങ്ങളും ചിന്താപരമായ കാലുഷ്യങ്ങള്‍ക്കും ഭൗതികമായ അരാജകത്വത്തിനും മാത്രമേ കതക് തുറന്നിടുകയുള്ളൂ. നവോത്ഥാന കാലം മുതല്‍ ഇന്ന് വരെയുള്ള യൂറോപും അമേരിക്കയും ഇതര പാശ്ചാത്യന്‍ നാടുകളും പ്രതിനിധാനം ചെയ്യുന്നത് ഈ കാലുഷ്യവും അരാജകത്വവുമാണ്. ശാസ്ത്ര സാങ്കേതിക മാനവിക വിഷയങ്ങളിലും കലയിലുമൊക്കെയും വലിയ വലിയ ഉയരങ്ങള്‍ കീഴടക്കിയപ്പോഴും മനുഷ്യാസ്തിത്വത്തെക്കുറിച്ചുള്ള ഇവരുടെ ധാരണകള്‍ അബദ്ധജഡിലവും ബാലിശവുമായി തുടരുന്നതിന്റെ കാരണവും മറ്റൊന്നല്ല.മനുഷ്യോല്‍പ്പത്തിയെകുറിച്ചും പ്രപഞ്ചോല്‍പത്തിയെകുറിച്ചും പരമാബദ്ധങ്ങളോ അടിസ്ഥാനരഹിതങ്ങളോ ആയ ധാരണകളും അനുമാനങ്ങളും വെച്ചുപുലര്‍ത്തുന്ന അടിത്തറകളിലാണ് പടിഞ്ഞാറിന്റെ മുഴുവന്‍ പഠന ശാഖകളും വിജ്ഞാന മേഖലകളും പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. പരസ്പരം വെള്ളം കലരാത്ത വിധത്തില്‍ വേര്‍തിരിച്ച് നിര്‍ത്തിയിരിക്കുകയാണ് ഓരോ പഠന വിഭാഗത്തെയും. പരസ്പര പൂരകങ്ങളും പരസ്പര സഹായകങ്ങളുമായി വര്‍ത്തിക്കേണ്ട അറിവിന്റെ മേഖലകളുടെ കുടിയൊഴുക്കിനെ തടഞ്ഞു നിര്‍ത്തിയത് പടിഞ്ഞാറിന്റെ ഒരു ഘട്ടത്തിലെ അതിജീവന തന്ത്രമായി മനസ്സിലാക്കപ്പെട്ടിരുന്നുവെങ്കില്‍ അതൊരാത്മാഹുതിയായിരുന്നുവെന്ന് തിരിച്ചറിഞ്ഞവര്‍ ഇന്ന് വിരളമല്ല. അതുകൊണ്ട് കൂടിയാണ് അറിവ് തേടുന്നതിന്റെ രീതിശാസ്ത്രം അന്വേഷിക്കുന്നവര്‍ ഇന്ന് അവരുടെ ദൃഷ്ടികള്‍ പൗരസ്ത്യ മേഖലകളിലേക്ക് കൂടി തിരിച്ചുവെക്കുവാന്‍ തുടങ്ങിയിരിക്കുന്നത്.

മനുഷ്യാസ്തിത്വത്തെക്കുറിച്ചും അവന്റെ ജീവിത ദൗത്യത്തെക്കുറിച്ചും കലുഷതകളും, സങ്കീര്‍ണ്ണതകളുമില്ലാത്ത തെളിമയാര്‍ന്ന കാഴ്ച്ചപ്പാട് പകര്‍ന്ന് നല്‍കാത്ത അറിവും അറിവന്വേഷണവും പഠന ഗവേഷണ മേഖലകളിലുള്ളവരെ ചെറിയ തോതിലല്ല മുഷിപ്പിച്ചിരിക്കുന്നത് എന്ന വസ്തുതയാണ് ഇവിടെ വെളിപ്പെടുന്നത്.അറിവന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും ഒരു രാജപാത തന്നെ വിശുദ്ധ ഖുര്‍ആന്‍ വരച്ചുകാണിക്കുന്നുണ്ട്. അത് ഈ കാലഘട്ടത്തില്‍, വിശേഷിച്ചും മുകളില്‍ ചൂണ്ടിക്കാണിച്ച കാരണങ്ങളാല്‍ വളരെയേറെ പ്രസക്തവുമാണ്. പടിഞ്ഞാറ് മനസ്സിലാക്കിവെച്ച പോലെ അപ്രാപ്യമായ സംഗതിയല്ല മനുഷ്യാസ്തിത്വവുമായി ബന്ധപ്പെട്ട സത്യം. നിന്റെ നാഥന്റെയടുക്കല്‍നിന്നുള്ളതാണ് സത്യം. ഭൂമിയും ആകാശങ്ങളുമടങ്ങുന്ന പ്രപഞ്ചസാകല്യത്തെ പ്രകാശപൂരിതമാക്കുന്ന സത്യജ്ഞാനത്തിന്റെ പ്രഭ അവനില്‍നിന്നുള്ളതാണ്. അറിവിന്റെ ഉറവിടം അവനാണ്. അവന്റെ ഇച്ഛ പ്രകാരം അവന്‍ നിശ്ചയിച്ച രീതിയില്‍ മാത്രമാണ് അറിവ് മനുഷ്യന് പകര്‍ന്ന് കിട്ടുന്നത്. ചക്രവാള സീമകളെ ഭേദിച്ചുകൊണ്ടുപോലും മനുഷ്യന്‍ കണ്ടെത്തുന്ന അറിവിന്റെ നൂതന ഇടങ്ങള്‍ പക്ഷേ, അവന്‍ മനുഷ്യന് പഠിപ്പിച്ചു കൊടുക്കുന്നവ മാത്രമാണ്. അറിവന്വേഷണത്തിന്റെ പരമമായ ലക്ഷ്യം ഈ പ്രപഞ്ച സാകല്യത്തെ സൃഷ്ടിച്ച നിന്റെ നാഥനെ അറിയുക എന്നതാണ്.

ഇക്കാര്യമാണ് ഖുര്‍ആന്‍ മനുഷ്യനോടു പറയുന്നത്. ഈ ലക്ഷ്യം കൈവരിക്കും വിധത്തില്‍ മുന്നേറുവാന്‍ അറിവന്വേഷണവും ഗവേഷണവും ചെയ്യുവാന്‍ ഒരു രീതിശാസ്ത്രം കാണിച്ചു കൊടുത്തു കൊണ്ട് മനുഷ്യനെ ചുമതലപ്പെടുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.’വായിക്കുക! സൃഷ്ടികര്‍മ്മം നിര്‍വഹിച്ച നിന്റെ നാഥന്റെ നാമത്തില്‍. പറ്റിപ്പിടിച്ചു തൂങ്ങിക്കിടക്കുന്ന ഒരു തന്തുവില്‍നിന്ന് മനുഷ്യനെ സൃഷ്ടിച്ചു അവന്‍. വായിക്കുക! അത്യുദാരനാണു നിന്റെ നാഥന്‍. പേനയുടെ ഉപയോഗം പഠിപ്പിച്ചത് അവനാണ്. മനുഷ്യന് അറിയുമായിരുന്നില്ലാത്തതൊക്കെയും അവനെ പഠിപ്പിച്ചു അവന്‍.’ (വി. ഖു. 96:15)പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവിന്റെ അസ്തിത്വത്തെ ഒരു യാഥാര്‍ത്ഥ്യമായി മനുഷ്യന് ബോധ്യപ്പെടുത്തിത്തരുന്ന പ്രതിഭാസമാണ് (ആയത്തുകളാണ്) പ്രപഞ്ചത്തിലെ  ഏതു സംഗതിയും. ആയത്തുകള്‍ എന്ന് വിളിക്കപ്പെടുന്ന 6236 വാക്യങ്ങളാണ് വിശുദ്ധ ഖുര്‍ആനിലടങ്ങിയിട്ടുള്ളത്. ഇവ രണ്ടും അല്ലാഹുവിന്റെ കയ്യൊപ്പ് വായിച്ചെടുക്കുവാന്‍ കഴിയുംവിധമുള്ള ദൃഷ്ടാന്തങ്ങളാണ്. ഇവ രണ്ടും പരസ്പര പൂരകങ്ങളും, പരസ്പരം പിന്തുണച്ചുകൊണ്ടിരിക്കുന്നവയും, പരസ്പരം വിശദീകരിച്ചുകൊണ്ടിരിക്കുന്നവയുമാണ്. അവയ്ക്കിടയില്‍ വൈരുദ്ധ്യങ്ങളൊന്നും കാണുകയില്ല.

വിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ക്കുള്ള ദൃശ്യ ശ്രാവ്യ വ്യാഖ്യാനമാണ് ഈ പ്രപഞ്ചം. പ്രപഞ്ചത്തെ വായിക്കേണ്ടതെങ്ങനെയെന്ന് പഠിപ്പിക്കുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്.ദിവ്യഗ്രന്ഥത്തിലെയോ പ്രപഞ്ചത്തിലെയോ ഏതു പ്രതിഭാസവും (ആയത്തും) വായനക്കും പഠനത്തിനും അന്വേഷണ ഗവേഷണങ്ങള്‍ക്കും വിധേയമാക്കുവാനുള്ളതാണ്. അതു പക്ഷേ, ലക്ഷ്യ പ്രാപ്തിയിലെത്തണമെങ്കില്‍ സൃഷ്ടി കര്‍മ്മം നിര്‍വഹിച്ച  നാഥന്റെ നാമത്തില്‍ ദിശാബോധത്തോടുകൂടിതന്നെ നിര്‍വഹിക്കേണ്ടതുണ്ട്. അങ്ങനെ നിര്‍വഹിക്കുമ്പോള്‍ ആകാശനീലിമയും കടലിലെ തിരമാലകളും കാറ്റും നീരൊഴുക്കും ഇടിനാദവും മിന്നല്‍പിണരും തുടങ്ങി കാടും മലയും പൂക്കളും ഇലകളും വള്ളിപ്പടര്‍പ്പുകളും മണല്‍ത്തരിയും കോശങ്ങളുടെ ഘടനയും തന്മാത്രയുടെ പ്രത്യേകത വരെയും പ്രപഞ്ച  സ്രഷ്ടാവിന്റെ അസ്തിത്വത്തെ നമുക്ക് ബോദ്ധ്യപ്പെടുത്തിത്തരുന്ന വിസ്മയകരങ്ങളായ അറിവിന്റെ ഉറവിടങ്ങളായ പ്രതിഭാസങ്ങളായി മാറും.ഖുര്‍ആന്‍ ലോകത്തിന് കാണിച്ചു കൊടുത്ത അറിവന്വേഷണത്തിന്റെയും ഗവേഷണത്തിന്റെയും തെളിമയാര്‍ന്ന രാജപാതയാണിത്. ഈ പാതയിലൂടെ സഞ്ചരിച്ചതിനാലാണ് ഏഴാം നൂറ്റാണ്ടിലെ ഖുര്‍ആന്‍ അവതരണ ഘട്ടം മുതല്‍ പതിനഞ്ചാം നൂറ്റണ്ടിന്റെ അവസാനം വരെ വൈജ്ഞാനിക ലോകത്തിന്റെ നായകന്മാരാവാന്‍ ഖുര്‍ആന്റെ അനുയായികള്‍ക്ക് സാധിച്ചത്. ഇന്ന് ലോകത്ത് നിലവിലുള്ള മുഴുവന്‍ അടിസ്ഥാന വിജ്ഞാന ശാഖകള്‍ക്കും തുടക്കമിട്ടതും വലിയ മുന്നേററങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഖുര്‍ആന്റെ അനുയായികളായ ഗവേഷകരും ശാസ്ത്രകാരന്മാരും അന്വേഷകരുമായിരുന്നു.എന്നാല്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വൈജ്ഞാനിക ഗവേഷണ മേഖല ഖുര്‍ആന്റെ അനുയായികളുടെ കൈകളില്‍നിന്ന് വഴുതിപ്പോവുകയായിരുന്നു.

രാഷ്ട്രീയവും ചരിത്രപരവുമായ കാരണങ്ങള്‍ക്ക് പുറമെ ഗവേഷണങ്ങള്‍ക്കും വിജ്ഞാനാന്വേഷണങ്ങള്‍ക്കും അനന്ത സാധ്യതകള്‍ നല്‍കുന്ന, ഭാവിയില്‍ അനാവരണം ചെയ്യപ്പെടുന്നതിനു വേണ്ടി ഖുര്‍ആന്‍ ഒളിപ്പിച്ചു വെച്ച വിസ്മയങ്ങളായ സൂചനകളെ മനനം ചെയ്യുന്ന ഗവേഷണത്തിന്റെ ഖുര്‍ആനിക രീതിയില്‍നിന്ന് ഖുര്‍ആന്റെ അനുയായികളായ അന്വേഷകര്‍ തെറ്റിക്കപ്പെട്ടത് കൂടിയാണ് ഈ പതനത്തിനു കാരണം. ഖുര്‍ആനില്‍നിന്ന് നേരിട്ട് അറിവും പ്രചോദനവും തേടുന്നതിനു പകരം ഖുര്‍ആന്‍ അനുബന്ധ രചനകളിലും കര്‍മ്മശാസ്ത്ര വീക്ഷണങ്ങളുടെ ഇടുക്കങ്ങളിലും തളയ്ക്കപ്പെടുകയായിരുന്നു അവര്‍. അറിവന്വേഷണത്തിനും സത്യം ഗ്രഹിക്കുന്നതിനും വേണ്ടി മനുഷ്യന് പ്രപഞ്ച സ്രഷ്ടാവ് രണ്ടു കണ്ണുകളും ഒരു നാവും രണ്ടു ചുണ്ടുകളും നല്‍കിയിരികുന്നതുപോലെ രണ്ടു മാര്‍ഗ്ഗങ്ങളും തുറന്നിട്ടിട്ടുണ്ടായിരുന്നു. ഒന്ന് പ്രാപഞ്ചിക യാഥാര്‍ത്ഥ്യങ്ങളിലൂടെയുള്ള സ്രഷ്ടാവിലേക്കെത്തിച്ചേരുന്ന ഗവേഷണത്തിന്റെ ഖുര്‍ആനിക രാജപാതയാണ്. മറ്റേത് അടിത്തറയില്ലാത്ത, ദിശാബോധമില്ലാത്ത, കാലുഷ്യത്തിലും അരാജകത്വത്തിലുമെത്തിച്ചേരുന്ന ഗവേഷണ പാതയാണ്.ദൗര്‍ഭാഗ്യവശാല്‍ യൂറോപും  ഇതര പടിഞ്ഞാറന്‍ സമൂഹങ്ങളും  തെരഞ്ഞെടുത്ത ഈ രണ്ടാമത്തെ വഴിയിലാണ് കഴിഞ്ഞ അഞ്ചു നൂറ്റാണ്ടുകളായി അറിവന്വേഷണത്തിനായി  മുസ്‌ലിം ലോകവും ചലിച്ചുകൊണ്ടിരുകുന്നത്. അഞ്ച് നുറ്റാണ്ട് നീണ്ടു നിന്ന മുസ്‌ലിം സമൂഹത്തിന്റെ ബുദ്ധിപരമായ ഈ മയക്കവും മന്ദതയും പക്ഷേ, അവസാനിച്ചുകൊണ്ടിരിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്.

അറിവ് തേടുന്നതിന്, പ്രാപഞ്ചിക രഹസ്യങ്ങളുടെ അന്വേഷണമായ വിവിധ പഠന മേഖലകളില്‍ വിപ്ലവാത്മകമായ മുന്നേറ്റം നടത്തുന്നതിന്, ഖുര്‍ആന്റെ അടിത്തറയില്‍ നിന്നുകൊണ്ടുള്ള രീതിയിലേക്ക് തിരിച്ചുപോവേണ്ടിയിരിക്കുന്നുവെന്ന് അവര്‍ ലോകവ്യാപകമായി തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു.ഈ പ്രക്രിയയുടെ ആദ്യ ചുവട് അറിവിനെ അബദ്ധജഡിലങ്ങളായ, അടിസ്ഥാന രഹിതമായ  ധാരണകളുടെ മാലിന്യങ്ങളില്‍നിന്ന് മുക്തമാക്കി  തിരിച്ചുപിടിക്കുകയും നേരറിവിനുള്ള സ്രോതസ്സുകളാക്കി മാറ്റുകയും ചെയ്യുക എന്നതാണ്. അറിവ് മുസ്‌ലിമിന്റെ എവിടെ കണ്ടാലും തിരിച്ചു പിടിക്കേണ്ടതായ സമ്പത്ത് മാത്രമല്ല അവന്റെ കൈകളില്‍ സുരക്ഷിതമായിരിക്കേണ്ട അമാനത്ത് കൂടിയാണന്ന് തിരിച്ചറിയുകയാണ്.അറിവിന്റെയും അന്വേഷണത്തിന്റെയും കനലുകള്‍ ഓരോ വ്യക്തിയിലും പ്രപഞ്ച സ്രഷ്ടാവ് നിക്ഷേപിച്ചതാണ്. ആ കനല്‍ കിട്ടിയ ആള്‍ അത് ഊതിക്കെടുത്താവതല്ല. അതിനെ ഊതിക്കാച്ചി തിളക്കമാര്‍ന്നതാക്കി മാറ്റി ലോകസമൂഹത്തിന് അന്ധകാരമകറ്റാനുള്ള അതിശക്തമായ പ്രകാശവും പ്രഭയും ആക്കി മാറ്റുകയാണ് വേണ്ടത്. ആത്മസാക്ഷാല്‍ക്കാരത്തിനുള്ള അറിവിന്റെ വഴി അതാണ്. ഏത് വിജ്ഞാനശാഖകളിലും ഗവേഷണത്തിന് മുതിരുന്നവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ തുറന്ന് വെക്കുന്ന പ്രയാണ മാര്‍ഗ്ഗം ഇതാണ്. മാനവ സമൂഹത്തിന് ഉപകരിക്കുന്ന അറിവും ഈ വഴിക്ക് വെളിപ്പെടുന്നവയാണ്.

കടപ്പാട് : thejasnews.com

Topics