കുടുംബം-ലേഖനങ്ങള്‍

ഖുറൈശിക്കാലത്തെ പ്രണയം

ആയിരം കപ്പലുകളിലേറി രാജ്യം തകര്‍ത്തുകളയുംവിധം ശക്തമായ ഒന്നായിരുന്നു  പ്രണയമെന്ന് ചരിത്രം പരിശോധിച്ചാല്‍ കാണാം.  മുസ്‌ലിംപെണ്ണിന്റെ ക്ഷമയുടെയും ധൈര്യത്തിന്റെയും പര്യായമെന്നോണം ശക്തമായ പ്രണയത്തിന്റെ മകുടോദാഹരണമായി മുഹമ്മദ് നബിയുടെ മകള്‍ സൈനബിന്റെ വേറിട്ട കഥയും  ആ ചരിത്രത്തിലുണ്ട്. ആ മകളുടെ കഥ പക്ഷേ, അവളുടെ മാതാവായ ഖദീജയുടെയും  ആഇശയുടെയും  പോലെ സുവിദിതമല്ല. പക്ഷേ, മറ്റേതുസ്ത്രീയും നേരിട്ടതിനേക്കാള്‍ ശക്തമായ പരീക്ഷണം സൈനബ് അഭിമുഖീകരിച്ചു. സ്‌നേഹത്തിനും ആത്മീയമാര്‍ഗത്തിനും തന്നെതന്നെ സമര്‍പ്പിക്കാനുള്ള പൊരിഞ്ഞ പോരാട്ടം.

നബി(സ)യുടെ മൂത്തമകളായിരുന്നു സൈനബ്. മാതാവ് ഉമ്മുല്‍ മുഅ്മിനീന്‍ ഖദീജ ബിന്‍ത് ഖുവൈലിദ്. നബിക്ക് പ്രവാചകത്വം ലഭിക്കുന്നതിന് പത്തുവര്‍ഷം മുമ്പാണ് അവള്‍ ജനിച്ചത്. സത്യസന്ധനെന്ന് ഏവരാലും അംഗീകരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയുംചെയ്ത പിതാവിന്റെയും സ്വഭാവവൈശിഷ്ട്യത്താലും പ്രത്യുല്‍പന്നമതിത്വത്താലും ഖുറൈശികള്‍ക്കിടയില്‍ പ്രശസ്തയായ മാതാവിന്റെയും പരിലാളനകളാല്‍ ആ മകള്‍ സര്‍വോത്തമയായി വളര്‍ന്നു.

വിവാഹം

നബിതിരുമേനിയുടെ പ്രവാചകത്വത്തിനുമുമ്പുതന്നെ സൈനബിന്റെ വിവാഹം കഴിഞ്ഞു. മാതൃബന്ധത്തിലുള്ള കസിന്‍  അബുല്‍ ആസ് ഇബ്‌നുറബീഅ് ആയിരുന്നു വരന്‍. അവര്‍ പരസ്പരം സ്‌നേഹത്തോടെ കഴിഞ്ഞു. മക്കയില്‍ അറിയപ്പെട്ട സന്തോഷകരമായ ദാമ്പത്യമായിരുന്നു അത്.

പ്രവാചകപ്രബോധനത്തിന്റെ  ആദ്യവര്‍ഷം സൈനബിന് കഠിനപരീക്ഷണത്തിന്റെതായിരുന്നു. തന്റെ പിതാവിന് ലഭിച്ച ദൈവികസന്ദേശത്തില്‍ വിശ്വസിച്ച  സൈനബ് പക്ഷേ, പ്രിയതമന്‍ അതിന് മടിച്ചുനില്‍ക്കുന്നത്  കാണേണ്ടിവന്നു.

‘താങ്കള്‍ക്ക് ആ സന്ദേശത്തില്‍ വിശ്വസിക്കാന്‍ കഴിയുന്നില്ല? ‘ ഭര്‍ത്താവിന്റെ മനോഗതം മനസ്സിലാക്കാനാകാതെ സൈനബ്  ചോദിച്ചു.’അദ്ദേഹം ഇന്ന് മക്കയിലറിയപ്പെട്ട സത്യസന്ധനും വിശ്വസ്തനും അല്ലേ?’

മക്കയിലെ തന്റെ ഗോത്രക്കാരെ ഭയപ്പെടുന്നുവെന്ന് അബുല്‍ ആസ്വ് വെളിപ്പെടുത്തി.’ഞാന്‍ വിശ്വസിച്ചാല്‍ ആളുകള്‍ എന്നെക്കുറിച്ച് അതുമിതും പറയില്ലേ? തന്റെ ഭാര്യയെ പ്രീതിപ്പെടുത്താന്‍ ഗോത്രത്തെയും പൂര്‍വപിതാക്കളെയും തള്ളിപ്പറഞ്ഞുവെന്ന് ആക്ഷേപിക്കില്ലേ?’ എന്നായി ആസ്വ്. തന്റെ പിതാവിനെ സ്‌നേഹിച്ചത്രയും ഭര്‍ത്താവിനെ സ്‌നേഹിച്ചവരായിരുന്നു സൈനബ്. ഭര്‍ത്താവിന്റെ മറുപടി അവരെ ഞെട്ടിച്ചു.

ധര്‍മസങ്കടത്തില്‍

ഖുറൈശികളുടെ രോഷം നേരിടാനുള്ള ആത്മധൈര്യം നഷ്ടപ്പെട്ട അബുല്‍ആസ്വ് കടുത്ത മനസ്സാക്ഷിക്കുത്തിനാല്‍ അസ്വസ്ഥനായി. ഒടുവില്‍ ഭാര്യയോട് അപേക്ഷിച്ചു:’എന്റെ അവസ്ഥ നിനക്കറിയില്ലേ. എനിക്കല്‍പം സാവകാശംതരൂ.’

തന്റെ ഭര്‍ത്താവ്  ഒരിക്കല്‍ ഇസ്‌ലാമിനെ മനസ്സിലാക്കുമെന്നും അത് സ്വീകരിക്കുമെന്നും ആഗ്രഹിച്ച് സൈനബ് ആ യാചന തള്ളിക്കളഞ്ഞില്ല.’ഞാന്‍ താങ്കളെ മനസ്സിലാക്കിയില്ലെങ്കില്‍ പിന്നെയാര് മനസ്സിലാക്കാനാണ്? സത്യം താങ്കള്‍ക്ക് ബോധ്യപ്പെടുംവരെ ഞാന്‍ താങ്കളോടൊപ്പമുണ്ടാകും.’

വര്‍ഷങ്ങള്‍ കടന്നുപോയി. ഇസ്‌ലാമിനെതിരില്‍ ശത്രുക്കളുടെ വിദ്വേഷവും വര്‍ധിച്ചുകൊണ്ടേയിരുന്നു. തന്റെ പിതാവും സഹചരന്‍മാരും കടുത്ത പീഡനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും  ഇരയാകുന്നത് സൈനബ് വേദനയോടെ കടിച്ചമര്‍ത്തി. അതേസമയം ആസ്വ് തന്റെ കുടുംബാംഗങ്ങളുടെ എല്ലാവിധ ഉപദ്രവങ്ങളില്‍നിന്നും അവളെ സംരക്ഷിച്ചു. പക്ഷേ, സൈനബിന്റെ മനോവേദനയ്ക്ക് അതൊട്ടും പരിഹാരമായില്ല.

അങ്ങനെയിരിക്കെ, ആകാശലോകത്തുനിന്ന് കല്‍പനയിറങ്ങി. നബിയും അനുയായികളും മക്കയില്‍നിന്ന് മദീനയിലേക്ക്  പലായനംചെയ്യാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണം സൈനബിന് നേരിടേണ്ടിവന്നത് അപ്പോഴാണ്. പിതാവിനും പ്രിയതമനും ഇടയില്‍ സ്‌നേഹപ്രകടനത്തെക്കുറിച്ച ആശയക്കുഴപ്പത്തിലകപ്പെട്ടു അവര്‍.

അവസാനം, നബിതിരുമേനി മകള്‍ക്ക് തന്റെ പ്രിയതമനോടൊപ്പം മക്കയില്‍തങ്ങുവാന്‍ അനുവാദം നല്‍കി. പിതാവിനും തന്റെ സഹോദരിമാര്‍ക്കും വിശ്വാസികള്‍ക്കുമൊപ്പം മദീനയിലേക്ക് പോകാന്‍ കഴിയാത്തതിന്റെ വേദന പ്രിയതമനോടൊപ്പം തങ്ങാന്‍ അവസരം ലഭിച്ചതിലൂടെ ലഘൂകരിക്കാന്‍ കഴിഞ്ഞു. മക്കയില്‍ അവശേഷിച്ച ഏകമുസ്‌ലിംമായ സൈനബിന്  പക്ഷേ, പ്രിയതമന്റെ സംരക്ഷണത്തിലും മനപ്രയാസംവിട്ടുമാറിയില്ല.

(തുടരും)

Topics