വിശുദ്ധഖുര്‍ആന്‍ പോലൊരു ഗ്രന്ഥത്തെ, അനേകായിരങ്ങള്‍ ഭിന്നങ്ങളായ അനേകം ഉദ്ദേശ്യങ്ങളോടെ സമീപിക്കുക സ്വാഭാവികമാണ്. ഈ എല്ലാ തരക്കാരുടെയും ഉദ്ദേശ്യതാല്‍പര്യങ്ങള്‍ കണക്കിലെടുത്ത് ഒരു ഉപദേശം നല്‍കുക സാധ്യമല്ല. അന്വേഷകരുടെ ഈ ഘോഷയാത്രയില്‍ ഖുര്‍ആന്‍ മനസ്സിലാക്കാനും മനുഷ്യന്റെ ജീവിതപ്രശ്‌നങ്ങളില്‍ എന്തുമാര്‍ഗനിര്‍ദേശമാണത് നല്‍കുന്നതെന്നറിയാനും ആഗ്രഹിക്കുന്ന സത്യാന്വേഷകരില്‍ മാത്രമേ എനിക്ക് താല്‍പര്യമുള്ളു. അങ്ങനെയുള്ളവര്‍ക്ക് ഖുര്‍ആന്‍ പഠനസംബന്ധമായി ചില ഉപദേശങ്ങള്‍ നല്‍കാനും പൊതുവില്‍ ഈ വിഷയകമായി നേരിടാവുന്ന ചില പ്രയാസങ്ങള്‍ പരിഹരിക്കാനും ഞാന്‍ ശ്രമിക്കാം.
ഒരാള്‍- ഖുര്‍ആനില്‍ വിശ്വസിക്കട്ടെ, വിശ്വസിക്കാതിരിക്കട്ടെ- ഈ ഗ്രന്ഥം മനസ്സിലാക്കാന്‍ യഥാര്‍ഥത്തില്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ആദ്യമായി ചെയ്യേണ്ടത്, നേരത്തേ രൂപവത്കൃതമായ ധാരണകളില്‍നിന്നും സിദ്ധാന്തങ്ങളില്‍നിന്നും അനുകൂലമോ പ്രതികൂലമോ ആയ താല്‍പര്യങ്ങളില്‍നിന്ന് മനസ്സിനെ സാധ്യമാകുന്നിടത്തോളം മുക്തമാക്കുകയാണ്. അങ്ങനെ ഗ്രഹിക്കാനുദ്ദേശിച്ചുമാത്രം തുറന്ന ഹൃദയത്തോടെ പഠനം ആരംഭിക്കുക. അങ്ങനെയല്ലാതെ , ചില പ്രത്യേക ചിന്താഗതികള്‍ മനസ്സില്‍വെച്ച് പാരായണം ചെയ്യുന്നവര്‍ ഖുര്‍ആന്റെ വരികളില്‍ സ്വന്തം ചിന്താഗതിയാണ് വായിക്കുക. ഖുര്‍ആന്റെ ഗന്ധം പോലും അവരെ സ്പര്‍ശിക്കുകയില്ല. ഒരു ഗ്രന്ഥത്തെ സംബന്ധിച്ചും ആശാസ്യമല്ല ഈ പഠനരീതി. വിശേഷിച്ച് ഖുര്‍ആന്‍ ഇത്തരം വായനക്കാര്‍ക്ക് അതിന്റെ ആശയപ്രപഞ്ചത്തിലേക്ക് വാതില്‍ തുറന്നുകൊടുക്കുകയേ ഇല്ല.
ഖുര്‍ആനില്‍ സാമാന്യമായൊരു ജ്ഞാനം മാത്രമേ ഒരാള്‍ക്കുദ്ദേശ്യമുള്ളൂവെങ്കില്‍ ഒരാവൃത്തി വായിച്ചാല്‍ മതിയെന്നുവരാം. എന്നാല്‍ ആ മഹദ്ഗ്രന്ഥത്തിന്റെ ആഴങ്ങളിലിറങ്ങിച്ചെല്ലാനാഗ്രഹിക്കുന്നവര്‍ രണ്ടോ നാലോ തവണ വായിച്ചാലും മതിയാകുന്നതല്ല. പല പ്രാവശ്യം, ഓരോ തവണയും പ്രത്യേക രീതിയില്‍ വായിക്കേണ്ടതുണ്ട്. ഒരു വിദ്യാര്‍ഥിയെപ്പോലെ പെന്‍സിലും നോട്ടുബുക്കും കയ്യില്‍കരുതി ആവശ്യമായ പോയിന്റുകള്‍ കുറിച്ചെടുക്കുകയും വേണം. ഇപ്രകാരം വായിക്കാന്‍ സന്നദ്ധതയുള്ളവര്‍, ഖുര്‍ആന്‍ ഉന്നയിക്കുന്ന ചിന്താ-കര്‍മ പദ്ധതിയെക്കുറിച്ച് പൊതുവായൊരു വീക്ഷണം ഉദ്ദേശിച്ചുകൊണ്ടുമാത്രം രണ്ടുതവണയെങ്കിലും ആദ്യന്തം വായിച്ചുനോക്കേണ്ടതാണ്. ഈ പ്രാരംഭ പഠനമധ്യേ ഖുര്‍ആന്റെ സമ്പൂര്‍ണചിത്രം സമഗ്രമായൊന്നു നിരീക്ഷിക്കാനും അതുന്നയിക്കുന്ന മൗലിക സിദ്ധാന്തങ്ങള്‍ എന്തെല്ലാമാണെന്ന് കാണാനും അവയില്‍ പ്രതിഷ്ഠിതമാകുന്ന ജീവിത വ്യവസ്ഥിതിയുടെ സ്വഭാവമെന്താണെന്ന് മനസ്സിലാക്കാനും ശ്രദ്ധിക്കേണ്ടതാണ്. ഇതിനിടയില്‍ വല്ലേടത്തും വല്ല ചോദ്യവും മനസ്സിലുദിക്കുന്ന പക്ഷം അതെപ്പറ്റി അപ്പോള്‍ അവിടെവെച്ചുതന്നെ ധൃതിപ്പെട്ട് ഒരു തീരുമാനമെടുക്കാതെ, അത് കുറിച്ചുവെക്കുകയും ക്ഷമാപൂര്‍വം വായന തുടരുകയും ചെയ്യുക; തീര്‍ച്ചയായും മുന്നോട്ടെവിടെയെങ്കിലും അതിനുള്ള മറുപടി ലഭിക്കാനാണ് സാധ്യത. മറുപടി ലഭിച്ചുകഴിഞ്ഞാല്‍ ചോദ്യത്തോടൊപ്പം അതുംകുറിച്ചുവെക്കുക. അഥവാ, പ്രഥമ വായനയില്‍ തന്റെ ചോദ്യത്തിനുത്തരം ലഭിച്ചില്ലെങ്കില്‍ ക്ഷമാപൂര്‍വം രണ്ടാമതും വായിച്ചുനോക്കുക. സ്വാനുഭവം വെച്ചുപറഞ്ഞാല്‍ അവഗാഹമായ രണ്ടാമത്തെ പാരായണത്തില്‍ അപൂര്‍വമായി മാത്രമേ ഏതെങ്കിലും ചോദ്യത്തിനുത്തരം ലഭിക്കാതിരുന്നിട്ടുള്ളൂ.
സയ്യിദ് അബുല്‍അഅ്‌ലാ മൗദൂദി
Add Comment