ഖുര്‍ആന്‍-ലേഖനങ്ങള്‍

ഖുര്‍ആന്റെ ഭാഷ

വിശുദ്ധഖുര്‍ആന്‍ എത്രത്തോളം സുരക്ഷിതമാണെന്ന് ആലോചിച്ചുനോക്കിയിട്ടുണ്ടോ? ആദ്യമായി അതിന്റെ ഭാഷയെക്കുറിച്ച് ചിലത് പറയട്ടെ. അറബിഭാഷയിലാണ് ഖുര്‍ആന്‍. അവസാനത്തെ പ്രവാചകനായ മുഹമ്മദ് നബിയുടെ ഗ്രന്ഥത്തിന് അറബിഭാഷ തിരഞ്ഞെടുത്തതെന്തിനായിരിക്കാം? ഭാഷയില്‍ പതുക്കെ മാറ്റങ്ങള്‍ വന്നുചേരും എന്നത് ഒരു സുസമ്മത യാഥാര്‍ഥ്യമാണ്. ഉര്‍ദു ഭാഷയെത്തന്നെ ഉദാഹരണമായെടുക്കാം. അഞ്ഞൂറ് വര്‍ഷംമുമ്പ് എഴുതപ്പെട്ട ഒരു പുസ്തകം ഇന്ന് മനസ്സിലാക്കാന്‍ തന്നെ നമുക്ക് പ്രയാസമായിരിക്കും. ലോകത്തിലെ എല്ലാ ഭാഷകളുടെയും സ്ഥിതി ഇതാണ്. ഇംഗ്ലീഷില്‍ അഞ്ഞൂറ് വര്‍ഷംമുമ്പ് ചോസര്‍ എഴുതിയ കൃതികള്‍ ഇന്ന് ലണ്ടന്‍കാര്‍ക്ക് പോലും -യൂനിവേഴ്‌സിറ്റി പ്രഫസര്‍മാര്‍ക്കൊഴികെ- വായിച്ചുഗ്രഹിക്കാന്‍ കഴിയില്ല. പഴയതും പുതിയതുമായ മറ്റെല്ലാ ഭാഷകളുടെ അവസ്ഥയും ഇത് തന്നെയാണ്. അവ പതുക്കെപ്പതുക്കെ മാറിക്കൊണ്ടിരി ക്കുകയും കാലാന്തരത്തില്‍ അഗ്രാഹ്യമായിത്തീരുകയും ചെയ്യും. ഇവ്വിധം മാറിക്കൊണ്ടിരിക്കുന്ന ഒരു ഭാഷയിലാണ് അല്ലാഹുവിന്റെ അവസാന സന്ദേശം അവതരിക്കപ്പെട്ടിരുന്നതെങ്കില്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടുകാരായ നമുക്ക് മറ്റൊരു ഗ്രന്ഥം കൂടി അല്ലാഹു ഇറക്കിത്തരേണ്ടിവരുമായിരുന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ലഭിച്ച ഗ്രന്ഥം ഇന്ന് നമുക്ക് മനസ്സിലാക്കാന്‍ പറ്റാത്ത വിധം ഭാഷയില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടാകും. മാറ്റത്തിന് വിധേയമാകാത്ത, ലോകത്തിലെ ഒരേയൊരു ഭാഷ അറബിയാണ്. നബിതിരുമേനിയുടെ കാലത്ത് , അതായത്, ഖുര്‍ആനിലും ഹദീഥിലും ഉപയോഗിച്ച അറബിഭാഷയും ഇന്ന് വാര്‍ത്താമാധ്യമങ്ങളിലൂടെ നാം കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന അറബിഭാഷയും തമ്മില്‍ വാക്കര്‍ഥങ്ങളിലോ വ്യാകരണത്തിലോ ഉച്ചാരണത്തിലോ യാതൊരു വ്യത്യാസവുമില്ല. നബി(സ) ഇന്ന് ജീവിച്ചിരിക്കുകയും ഞാന്‍ അദ്ദേഹത്തോട് അറബിഭാഷയില്‍ സംസാരിക്കുകയും ചെയ്താല്‍ എന്റെ ഒരു വാക്കുപോലും അദ്ദേഹത്തിന് മനസ്സിലാകാതെ പോവുകയില്ല. നബിതിരുമേനി മറുപടി പറയുമ്പോള്‍ അദ്ദേഹത്തിന്റെ ഓരോ വാക്കും മനസ്സിലാക്കാന്‍ എനിക്കും സാധിക്കും. എന്തെന്നാല്‍ ഞങ്ങള്‍ രണ്ടുപേരുടെയും ഭാഷകള്‍ക്കിടയില്‍ യാതൊരു വ്യത്യാസവുമില്ല. ഇതില്‍നിന്ന് ഞാന്‍ എത്തിച്ചേര്‍ന്ന നിഗമനമിതാണ്: അവസാനത്തെ പ്രവാചകന്ന് ഇറക്കപ്പെട്ട അവസാനത്തെ ഗ്രന്ഥത്തിന്റെ ഭാഷ മാറ്റമില്ലാത്ത ഭാഷയായിരിക്കണം. അതുകൊണ്ടാണ് അറബിഭാഷയെ അതിനായി തെരഞ്ഞെടുത്തത്. ആശയസ്ഫുടത, അര്‍ഥസംപുഷ്ടി, സംഗീതാത്മകത തുടങ്ങി അറബിഭാഷയ്ക്ക് വേറെയും സവിശേഷതകളുണ്ട്. എന്നാല്‍ , മാറ്റത്തിന് വിധേയമാകാത്ത ഭാഷ എന്ന അതിന്റെ പ്രത്യേകത നമുക്കെല്ലാം ദൃശ്യമാണ്. വിവിധ പ്രദേശങ്ങളിലെ വാമൊഴികളെ തങ്ങളുടെ ഭാഷയാക്കാതെ, നബിതിരുമേനിയുടെ കാലം മുതല്‍ക്കേ തുടര്‍ന്നുവരുന്ന ഭാഷയങ്ങനെ തന്നെ തങ്ങളുടെ വാമൊഴിയും വരമൊഴിയുമാക്കി നിലനിര്‍ത്തിയതിന് അറബികളോട് നാം നന്ദിപറയേണ്ടതുണ്ട്.

ഡോ. മുഹമ്മദ് ഹമീദുല്ലാ

Topics