4. ദൈവം മനുഷ്യന് പരിമിതമായ സ്വാധികാരം നല്‍കിയിരുന്നതിന്റെ വെളിച്ചത്തില്‍ ഈ വഴിതെറ്റിയ മനുഷ്യരെ തന്റെ പ്രകൃത്യാതീതമായ ഇടപെടല്‍മൂലം സത്യപഥത്തിലേക്ക് ബലാല്‍കാരം തിരിച്ചുകൊണ്ടുവരിക ഉചിതമായിരുന്നില്ല. മനുഷ്യവര്‍ഗത്തിന്- അവരിലുള്ള വിവിധജനസമുദായങ്ങള്‍ക്ക് -ഭൂലോകത്ത് പ്രവര്‍ത്തിക്കാന്‍ അവധി നിശ്ചയിച്ചിരുന്നത് പരിഗണിക്കുമ്പോള്‍ , രാജ്യദ്രോഹം പ്രകടമായ ഉടന്‍ മനുഷ്യരെ ദൈവം നശിപ്പിച്ചുകളയുക എന്നതും ശരിയായിരുന്നില്ല. ഇതെല്ലാം വച്ചുകൊണ്ട് , മനുഷ്യാരംഭം മുതല്‍ക്കേ ദൈവം ഏറ്റെടുത്ത ബാധ്യത മനുഷ്യന്റെ സ്വാധികാരം നിലനിര്‍ത്തിക്കൊണ്ടുതന്നെ ഭൂലോകത്തെ പ്രവര്‍ത്തനാവധിയുടെ ഇടവേളയില്‍ അവന് ഉചിതമായ മാര്‍ഗദര്‍ശനത്തിനേര്‍പ്പാട് ചെയ്തുകൊണ്ടിരിക്കുക എന്നതായിരുന്നു. ദൈവം സ്വയം ഏറ്റെടുത്ത ഈ ബാധ്യതയുടെ നിര്‍വഹണത്തിനായി അവനില്‍ വിശ്വസിക്കുന്നവരും അവന്റെ പ്രീതിയെ പിന്തുടരുന്നവരുമായ ഉത്തമമനുഷ്യരെ തന്നെ അവന്‍ ഉപയോഗപ്പെടുത്തിവന്നു. അവരെ തന്റെ പ്രതിനിധികളായി നിശ്ചയിച്ചു; തന്റെ സന്ദേശങ്ങള്‍ അവര്‍ക്കയച്ചുകൊടുത്തു. അവര്‍ക്ക് യാഥാര്‍ഥ്യജ്ഞാനം നല്‍കി; ശരിയായ ജീവിതനിയമം പഠിപ്പിച്ചുകൊടുത്തു. ഏതൊന്നില്‍നിന്ന് മാനവകുലം വ്യതിചലിച്ചുപോയിരുന്നുവോ അതേ സന്‍മാര്‍ഗത്തിലേക്ക് വീണ്ടും അവരെ ക്ഷണിക്കാന്‍ ആ മഹാത്മാക്കളെ നിയോഗിക്കുകയും ചെയ്തു.
5. ഈ ദൈവിക പ്രവാചകന്‍മാര്‍ വിവിധ രാജ്യങ്ങളിലും ജനസമുദായങ്ങളിലും ആഗതരായിക്കൊണ്ടിരുന്നു. അവരുടെ ആഗമനത്തിന്റെ സുവര്‍ണശൃംഖല സഹസ്രാബ്ദങ്ങളോളം തുടര്‍ന്നു. അങ്ങനെ, ആയിരമായിരം പ്രവാചകന്‍മാര്‍ നിയോഗിതരായി. അവരുടെയെല്ലാം ‘ദീന്‍ ‘ഒന്നുതന്നെയായിരുന്നു. പ്രഥമദിവസംതൊട്ട് മനുഷ്യന്നറിയിക്കപ്പെട്ടിരുന്ന ശരിയായ ജീവിതനയം തന്നെ. അവരെല്ലാം ഒരേ സന്‍മാര്‍ഗത്തെ പ്രാരംഭത്തില്‍ മനുഷ്യന് നിര്‍ദേശിച്ചുകൊടുത്തിരുന്ന ശാശ്വതമായ ധാര്‍മിക- നാഗരിക തത്ത്വങ്ങളെ പിന്‍പറ്റിയവരായിരുന്നു. അവരുടെയെല്ലാം ദൗത്യവും ഒന്നുതന്നെയായിരുന്നു. അതെ, സത്യദീനിലേക്കും സന്‍മാര്‍ഗത്തിലേക്കും സമസൃഷ്ടികളെ ക്ഷണിക്കുക, ഈ ക്ഷണം സ്വീകരിച്ച് മുന്നോട്ടുവരുന്നവരെ സംഘടിപ്പിക്കുക, അവരെ ദൈവികനിയമത്തിന് വിധേയരും ലോകത്ത് ദൈവികനിയമത്തിന് വിധേയമായി ഒരു സാമൂഹികവ്യവസ്ഥ സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരും ദൈവികനിയമത്തിന്റെ ലംഘനത്തെ തടയാന്‍ സദാ സന്നദ്ധരുമായ ഒരു സമുദായമായി വാര്‍ത്തെടുക്കുക. പ്രവാചകന്‍മാര്‍ അവരവരുടെ കാല-ദേശങ്ങളില്‍ ഈ മഹത്തായ ദൗത്യം ഏറ്റവും ഭംഗിയായി നിറവേറ്റിപ്പോന്നു. പക്ഷേ സംഭവിച്ചത് എല്ലായ്‌പോഴും മറ്റൊന്നായിരുന്നു. മനുഷ്യരില്‍ വലിയൊരു വിഭാഗം പ്രവാചകപ്രബോധനം കൈക്കൊള്ളാന്‍ മുന്നോട്ടുവന്നതേയില്ല; അത് കൈയേറ്റ് ഇസ്‌ലാമികസമുദായം എന്ന നിലപാട് അംഗീകരിച്ചവര്‍ തന്നെ കാലാന്തരത്തില്‍ സത്യപഥത്തില്‍നിന്ന് വ്യതിചലിച്ചുപോവുകയും ചെയ്തു. അവരില്‍ ചില ജനവിഭാഗങ്ങള്‍ ദൈവികസന്‍മാര്‍ഗത്തെ തീരെ കളഞ്ഞുകുളിച്ചപ്പോള്‍ വേറെ ചിലര്‍ ദൈവികനിര്‍ദേശങ്ങളെ മാറ്റിമറിക്കുകയും സ്വയം കൃതാനര്‍ഥങ്ങളുടെ സങ്കലനം കൊണ്ട് അതിനെ വികൃതമാക്കുകയും ചെയ്തു.
6. അവസാനമായി, പ്രപഞ്ചാധിപന്‍, മുഹമ്മദ് നബിയെ പൂര്‍വപ്രവാചകന്‍മാര്‍ നിര്‍വഹിച്ചുപോന്നിരുന്ന അതേ ദൗത്യനിര്‍വഹണത്തിനായി അറേബ്യയില്‍ നിയോഗിച്ചു. തിരുമേനിയുടെ സംബോധന പൂര്‍വപ്രവാചകന്‍മാരുടെ വഴിപിഴച്ച അനുയായികളോടും മനുഷ്യവര്‍ഗത്തിനോട് പൊതുവിലുമായിരുന്നു. അവരെയെല്ലാം ശരിയായ ജീവിതനയത്തിലേക്ക് ക്ഷണിക്കുക. അവര്‍ക്കെല്ലാം വീണ്ടും ദൈവികസന്‍മാര്‍ഗനിര്‍ദേശം എത്തിച്ചുകൊടുക്കുക, ആ ബോധനവും മാര്‍ഗദര്‍ശനവും അംഗീകരിക്കുന്നവരെ ഒരു സംഘടിതസമൂഹമായി വാര്‍ത്തെടുക്കുക – ഇതായിരുന്നു അവിടത്തെ ദൗത്യം. ഈ നവസമൂഹം സ്വന്തം ജീവിതവ്യവസ്ഥ ദൈവികസന്‍മാര്‍ഗത്തില്‍ കെട്ടിപ്പടുക്കാനും അതേ മാര്‍ഗമവലംബിച്ച് ലോകസംസ്‌കരണത്തിന് പ്രയത്‌നിക്കാനും ബാധ്യസ്ഥരായിരുന്നു. ഈ പ്രബോധനത്തിന്റെയും മാര്‍ഗദര്‍ശനത്തിന്റെയും ആധാരഗ്രന്ഥമേ്രത മുഹമ്മദ് നബി തിരുമേനിക്ക് അല്ലാഹു അവതരിപ്പിച്ച വിശുദ്ധഖുര്‍ആന്‍.
അബുല്‍ അഅ്‌ലാ മൗദൂദി
Add Comment