ഖുര്‍ആന്‍-ലേഖനങ്ങള്‍

ഖുര്‍ആന്റെ അന്തസ്സത്ത

ഖുര്‍ആന്റെ അത്ഭുതസവിശേഷതകള്‍ മനസ്സിലാക്കണമെങ്കില്‍ അതിനുമുമ്പായി അത് ജനസമക്ഷം സമര്‍പിക്കുന്ന അടിസ്ഥാനആദര്‍ശം എന്തെന്ന് വായനക്കാരന്‍ അറിഞ്ഞിരിക്കണം. അയാള്‍ അത് അംഗീകരിക്കുകയോ അംഗീകരിക്കാതിരിക്കുകയോ എന്നത് വിഷയമല്ല. ഏതുനിലക്കും ഈ ഗ്രന്ഥം മനസ്സിലാക്കണമെങ്കില്‍ പ്രാരംഭബിന്ദു എന്ന നിലയില്‍ ഖുര്‍ആനും അതിന്റെ പ്രബോധകനായ മുഹമ്മദ് നബിയും വിവരിച്ചിരിക്കുന്ന അടിസ്ഥാനം തന്നെ അയാള്‍ അടിസ്ഥാനമായി സ്വീകരിക്കേണ്ടതാണ്.

  1. അഖില പ്രപഞ്ചത്തിന്റെ സ്രഷ്ടാവും നിയന്താവും ഉടമസ്ഥനും വിധികര്‍ത്താവുമായ ഏകദൈവം തന്റെ അനന്തവിസ്തൃത സാമ്രാജ്യത്തിന്റെ ഒരു ഭാഗമായ ഭൂതലത്തില്‍ മനുഷ്യനെ സൃഷ്ടിച്ചു. അവന് അറിയാനും ചിന്തിക്കാനും ഗ്രഹിക്കാനുമുള്ള കഴിവുകള്‍ നല്‍കി. നന്‍മ-തിന്‍മകള്‍ വിവേചിച്ചറിയാനുള്ള യോഗ്യത നല്‍കി. ഇഛാസ്വാതന്ത്ര്യവും വിവേചനസ്വാതന്ത്ര്യവും കൈകാര്യാധികാരങ്ങളും കൊടുത്തു. അങ്ങനെ മൊത്തത്തില്‍ ഒരുവിധത്തിലുള്ള സ്വയംഭരണം നല്‍കിക്കൊണ്ട് അവനെ ഭൂമിയില്‍ ദൈവത്തിന്റെ പ്രതിനിധിയായി നിയോഗിച്ചു.
  2. ഈ സമുന്നത പദവിയില്‍ മനുഷ്യരെ നിയോഗിക്കുമ്പോള്‍ ദൈവം ഒരു കാര്യം അവരെ നല്ലപോലെ ധരിപ്പിച്ചിട്ടുണ്ടായിരുന്നു. അതിതാണ്:
    നിങ്ങളുടെയും നിങ്ങളുള്‍ക്കൊള്ളുന്ന സമസ്ത ലോകത്തിന്റെയും ഉടമസ്ഥനും ആരാധ്യനും ഭരണാധിപനും ഞാനാകുന്നു. എന്റെ ഈ സാമ്രാജ്യത്തില്‍ നിങ്ങള്‍ സ്വാധികാരികളല്ല; ഞാനല്ലാത്ത ആരുടെയും അടിമകളുമല്ല. നിങ്ങളുടെ ആരാധനയ്ക്കും അനുസരണത്തിനും അടിമത്തത്തിനും അര്‍ഹനായി ഞാന്‍ മാത്രമേയുള്ളൂ. നിങ്ങളെ സ്വാതന്ത്ര്യവും സ്വയംഭരണാധികാരവും നല്‍കി നിയോഗിച്ചിരിക്കുന്ന ഈ ഭൂതലത്തിലെ ജീവിതം നിങ്ങള്‍ക്കൊരു പരീക്ഷണമാണ്. ഇതിനുശേഷം, നിങ്ങള്‍ എന്റെ സവിധത്തില്‍ മടങ്ങിവരേണ്ടതായുണ്ട്. നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കണിശമായി പരിശോധിച്ച് , ആര്‍ പരീക്ഷയില്‍ വിജയംവരിച്ചുവെന്നും ആരെല്ലാം പരാജിതരായെന്നും അപ്പോള്‍ ഞാന്‍ വിധികല്‍പിക്കും. നിങ്ങളെ സംബന്ധിച്ചിടത്തോളം, അതിനാല്‍ ശരിയായ കര്‍മനയം ഒന്നുമാത്രമേയുള്ളൂ; എന്നെ നിങ്ങളുടെ ഒരേയൊരു ആരാധ്യനും വിധികര്‍ത്താവുമായംഗീകരിക്കുക; ഞാന്‍ നല്‍കുന്ന സാന്‍മാര്‍ഗിക നിര്‍ദേശമനുസരിച്ച് മാത്രം ഭൂലോകത്ത് പ്രവര്‍ത്തിക്കുക; നശ്വരമായ ഐഹികജീവിതം പരീക്ഷണാലയമാണെന്നറിഞ്ഞുകൊണ്ട് എന്റെ അന്തിമതീരുമാനത്തില്‍ വിജയികളാവുകയാണ് നിങ്ങളുടെ സാക്ഷാല്‍ ലക്ഷ്യമെന്ന ബോധത്തോടുകൂടി ജീവിതം നയിക്കുക. ഇതിന് വിപരീതമായുള്ള ഏതൊരു ജീവിതനയവും നിങ്ങളെ സംബന്ധിച്ചിടത്തോളം അബദ്ധം മാത്രമാണ്. ആദ്യത്തെ നയമാണ് നിങ്ങള്‍ തെരഞ്ഞെടുക്കുന്നതെങ്കില്‍(അതിന് നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്) ഇഹലോകത്ത് നിങ്ങള്‍ക്ക് സമാധാനവും സംതൃപ്തിയും ലഭ്യമാകും. എന്റെയടുത്ത് തിരിച്ചുവരുമ്പോള്‍ , അനശ്വരസുഖാനന്ദത്തിന്റെ ഗേഹമായ സ്വര്‍ഗലോകം ഞാന്‍ നിങ്ങള്‍ക്ക് നല്‍കുകയും ചെയ്യും. അഥവാ മറ്റൊരു നയമാണ് സ്വീകരിക്കുന്നതെങ്കില്‍ (അത് സ്വീകരിക്കാനും നിങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്) ഇഹലോകത്ത് നിങ്ങള്‍ക്ക് നാശവും അസ്വാസ്ഥ്യവും അനുഭവിക്കേണ്ടിവരും; ഐഹികലോകം പിന്നിട്ട് പാരത്രികലോകത്ത ്‌വരുമ്പോഴാകട്ടെ ശാശ്വതമായ ദുഃഖങ്ങളുടെയും ദുരിതങ്ങളുടെയും ഗര്‍ത്തമായ നരകത്തില്‍ തള്ളപ്പെടുകയും ചെയ്യും.
  3. ഈ വസ്തുതകളെല്ലാം വേണ്ടപോലെ ബോധ്യപ്പെടുത്തിക്കൊണ്ടാണ് പ്രപഞ്ചാധിപന്‍ മനുഷ്യവര്‍ഗത്തിന് ഭൂമിയില്‍ സ്ഥാനം നല്‍കിയത്. ഈ വര്‍ഗത്തിലെ ആദിമ ദമ്പതികള്‍(ആദം-ഹവ്വ)ക്ക് ഭൂമിയില്‍ തങ്ങളുടെ സന്തതികള്‍ പ്രവര്‍ത്തിക്കേണ്ടതിന്നാധാരമായ മാര്‍ഗനിര്‍ദേശവും നല്‍കുകയുണ്ടായി. ഈ ആദിമമനുഷ്യര്‍ അജ്ഞതയിലും അന്ധകാരത്തിലുമല്ല ഭൂജാതരായിരുന്നത്. പ്രത്യുത, പൂര്‍ണമായ പ്രകാശത്തിലാണ് ദൈവം ഭൂമിയില്‍ അവരുടെ അധിവാസത്തിനാരംഭം കുറിച്ചത്. യാഥാര്‍ഥ്യത്തെക്കുറിച്ച് തികച്ചും ബോധവാന്‍മാരായിരുന്നു അവര്‍. അവരുടെ ജീവിതനിയമം അവര്‍ക്കറിയിച്ചുകൊടുത്തിരുന്നു. ദൈവികാനുസരണം(ഇസ്‌ലാം) ആയിരുന്നു അവരുടെ ജീവിതമാര്‍ഗം. ഇതേ കാര്യം , ദൈവത്തിന്റെ ആജ്ഞാനുവര്‍ത്തികളായി-മുസ്‌ലിംകളായി – ജീവിക്കണമെന്ന വസ്തുത അവര്‍ സ്വസന്താനങ്ങളെ പഠിപ്പിക്കുകയും ചെയ്തു. എന്നാല്‍ ,പിന്നീടുള്ള നൂറ്റാണ്ടുകളില്‍ മനുഷ്യര്‍ ഈ ശരിയായ ജീവിതപഥ(ദീന്‍)ത്തില്‍നിന്ന് വ്യതിചലിച്ച് നാനാവിധമായ അബദ്ധനയങ്ങള്‍ അവലംബിക്കുകയാണുണ്ടായത്. അവര്‍ അശ്രദ്ധയാല്‍ അതിനെ വിനഷ്ടമാക്കുകയും , അന്യായമായി അതിനെ അലങ്കോലപ്പെടുത്തുകയും ചെയ്തു. അവര്‍ ഏകനായ ദൈവത്തിന് പങ്കാളികളെ കല്‍പിച്ചു; മനുഷ്യരും മനുഷ്യേതരരുമായ, ഭൗതികവും ഭാവനാപരവുമായ, ആകാശ-ഭൂമികളിലെ അനേകമനേകം അസ്തിത്വങ്ങളില്‍ അവര്‍ ദിവ്യത്വം ആരോപിച്ചു. ദൈവദത്തമായ യാഥാര്‍ഥ്യജ്ഞാനത്തില്‍(അല്‍ഇല്‍മ്) അവര്‍ പലതര ഊഹ-അനുമാനങ്ങളും തത്ത്വശാസ്ത്രങ്ങളും ആദര്‍ശ-സിദ്ധാന്തങ്ങളും കലര്‍ത്തി, അസംഖ്യം മതങ്ങള്‍ പടച്ചുവിട്ടു. ദൈവം നിര്‍ദേശിച്ചുതന്ന നീതിനിഷ്ഠമായ ധാര്‍മിക-നാഗരിക നിയമങ്ങളെ (ശരീഅത്) പരിവര്‍ജിച്ചുകൊണ്ടോ വികൃതമാക്കിക്കൊണ്ടോ സ്വേഛകള്‍ക്കും സ്വാര്‍ഥത്തിനും പക്ഷപാതങ്ങള്‍ക്കും അനുസൃതമായുള്ള ജീവിതനിയമങ്ങള്‍ കെട്ടിച്ചമച്ചു. തദ്ഫലമായി ദൈവത്തിന്റെ ഭൂമിയില്‍ അക്രമവും അനീതിയും നടമാടി.(അവസാനിച്ചില്ല)

    സയ്യിദ് അബുല്‍ അഅ്‌ലാ മൗദൂദി

Topics