ഖുര്‍ആനില്‍ വിഷയങ്ങളുടെ ആവര്‍ത്തനം എന്തുകൊണ്ടായിരിക്കാം? ഒരു പ്രബോധനത്തിന്റെ, പ്രവര്‍ത്തനനിരതമായ ഒരു പ്രസ്ഥാനത്തിന്റെ സ്വാഭാവികതാല്‍പര്യം അത് ഏത് ഘട്ടത്തെയാണോ തരണംചെയ്തുകൊണ്ടിരിക്കുന്നത് ആ ഘട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കുകയെന്നതത്രേ. പ്രസ്ഥാനം ഒരു ഘട്ടത്തെ നേരിടുന്ന കാലമത്രയും അതേ ഘട്ടത്തിന്റെ ആവശ്യങ്ങള്‍തന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കണം. അനന്തരഘട്ടങ്ങളില്‍ പറയേണ്ട കാര്യങ്ങളെ സ്പര്‍ശിക്കരുത്. കുറേ മാസങ്ങളോ കുറേയേറെ കൊല്ലങ്ങളോ തന്നെയോ വേണ്ടിവന്നാലും ശരി. എന്നാല്‍ ഒരേതരം കാര്യങ്ങള്‍ ഒരേ ശൈലിയിലും വാക്യത്തിലുമാണാവര്‍ത്തിക്കപ്പെടുന്നതെങ്കില്‍ കാതുകള്‍ അവ കേട്ടുകേട്ടു മടുക്കും; ആസ്വാദകരില്‍ വിരസത ജനിക്കും. അതിനാല്‍ അതത് ഘട്ടങ്ങളില്‍ ആവര്‍ത്തിച്ച് പറയേണ്ട സംഗതികള്‍ തന്നെ ഓരോ പ്രാവശ്യവും പുതിയപുതിയ വാക്യങ്ങളിലും, നവംനവമായ ശൈലികളിലും , പുത്തനായ ഹാവ-ഭാവങ്ങളോടെയും അവതരിപ്പിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ, അവ ഏറ്റവും പ്രിയങ്കരമായി ഹൃദയങ്ങളില്‍ സ്ഥലം പിടിക്കുകയും പ്രബോധനം ഓരോ ഘട്ടത്തിലും ദൃഢമായി മുന്നോട്ടുനീങ്ങുകയും ചെയ്യൂ. അതേസമയം പ്രബോധനത്തിനടിസ്ഥാനമായ ആദര്‍ശ-സിദ്ധാന്തങ്ങള്‍ ആദ്യാവസാനം എല്ലാ ഘട്ടങ്ങളിലും ദൃഷ്ടിപഥത്തിലിരിക്കേണ്ടതും ആവശ്യമാണ്.; അല്ല, ഓരോ ഘട്ടത്തിലും അതാവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കണം. ഈ കാരണങ്ങളാലാണ്, ഇസ് ലാമികപ്രബോധനത്തിന്റെ ഒരു ഘട്ടത്തില്‍ അവതരിച്ച ഖുര്‍ആനികാധ്യായങ്ങളിലെല്ലാം ഒരേതരം വിഷയങ്ങള്‍ വാക്കുകളും ശൈലികളും മാറിമാറിവന്നുകൊണ്ടിരിക്കുന്നത്. അതോടൊപ്പം ദൈവത്തിന്റെ ഏകത്വം , ദിവ്യഗുണങ്ങള്‍, മരണാനന്തരജീവിതം, ദൈവസന്നിധിയിലുള്ള വിചാരണ, രക്ഷാ-ശിക്ഷകള്‍, പ്രവാചകദൗത്യം, ദിവ്യഗ്രന്ഥങ്ങളിലുള്ള വിശ്വാസം, ഭക്തി, ക്ഷമ, ദൈവാര്‍പണം തുടങ്ങി പ്രസ്ഥാനത്തിന്റെ ഒരു ഘട്ടത്തിലും അവഗണിക്കാനേ പാടില്ലാത്ത മൗലികവിഷയങ്ങള്‍ ഖുര്‍ആനിലുടനീളം ആവര്‍ത്തിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ഈ മൗലികവിശ്വാസാദര്‍ശങ്ങള്‍ അല്‍പമെങ്കിലും ദുര്‍ബലമായാല്‍ പ്രസ്ഥാനം അതിന്റെ ശരിയായ ചൈതന്യത്തോടുകൂടി മുന്നോട്ടുനീങ്ങുക സാധ്യമല്ലെന്നതുതന്നെ കാരണം.
അബുല്‍ അഅ്‌ലാ മൗദൂദി
Add Comment