ഞാനറിഞ്ഞ ഇസ്‌ലാം

ഖുര്‍ആനിന്റെ യുക്തിപരതയില്‍ ആകര്‍ഷിച്ച് ഇസ് ലാമിലേക്ക്

രണ്ടാംലോകയുദ്ധത്തിന്റെ തൊട്ടുടനെയായിരുന്നു എന്റെ ജനനം. കത്തോലിക്കാകുടുംബമായിരുന്നു എന്റെത്. മെത്തേഡിസ്റ്റുവിശ്വാസിയായിരുന്ന അപ്പന്‍ അമ്മയെ വിവാഹംകഴിക്കാന്‍ കത്തോലിക്കാമതത്തിലേക്ക് മാറുകയായിരുന്നു. കടുത്ത മതഭക്തരായിരുന്നു ഞങ്ങള്‍. ലാറ്റിന്‍ഭാഷയിലുള്ള  ചര്‍ച്ചിലെ പരിപാടികളെക്കുറിച്ച് എന്തുചോദിച്ചാലും എനിക്ക് മറുപടി പറയാനാകുമായിരുന്നു. അന്ന് ഞാന്‍ ഇംഗ്ലീഷ് വായിക്കാനോ എഴുതാനോ അഭ്യസിച്ചിട്ടില്ലാത്ത പ്രായമായിരുന്നു.

സ്‌കൂളില്‍ എന്റെ ഇഷ്ടവിഷയം മതമായിരുന്നു. ഞാനതില്‍ നന്നായി ശോഭിക്കുകയുംചെയ്തു. പതിനൊന്നുവയസ്സായപ്പോള്‍ അകലെയുള്ള ജസ്യൂട്ട് പാതിരിമാരുടെ മഠത്തില്‍ പഠിക്കാന്‍ സ്‌കോളര്‍ഷിപ്പ് നേടുകയുംചെയ്തു. എന്റെ മാതാപിതാക്കള്‍ തങ്ങളുടെ കുടുംബത്തില്‍നിന്ന് ഒരു പുരോഹിതനെ അതിയായി കൊതിച്ചിരുന്ന കാലമായിരുന്നു അത്.

മതപഠനക്ലാസിലും  ചരിത്രക്ലാസിലും പഠിപ്പിച്ചിരുന്ന കാര്യങ്ങളില്‍ വൈരുധ്യം കണ്ടത്  എന്നെ ചിന്തിപ്പിച്ചു. ഈ രണ്ടുസംഗതികളിലും ഏതാണ് സത്യമെന്ന് ഞാന്‍ ടീച്ചറോട് ചോദിച്ചപ്പോള്‍ ഹിസ്റ്ററി പരീക്ഷയില്‍ പഠിച്ചുപാസാകാനുള്ളതാണെന്നും മതം ജീവിതത്തില്‍ ആവശ്യമുള്ളതാണെന്നും മറുപടി നല്‍കി.

ഈ സമയത്താണ് ക്രൈസ്തവലോകത്തിന്റെ ആത്മീയനേതൃത്വമായ പോപ്പ് പയസ് ഇരുപത്തിരണ്ടാമന്‍ മരണപ്പെടുന്നത്. തുടര്‍ന്ന് ജോണ്‍ ഇരുപത്തിമൂന്നാമന്‍ സ്ഥാനമേറ്റു. പോപ്പിന് തെറ്റുപറ്റില്ലെന്ന് കത്തോലിക്കാമതം വിശ്വസിക്കുന്നത്. എന്നാലും ഓരോ കാലത്തും കനാന്‍നിയമം പുതുക്കിക്കൊണ്ടിരിക്കുന്നു. മുന്‍ഗാമിയായ പോപ്പിന്റെ നിയമങ്ങള്‍ക്ക് പിന്‍ഗാമി ഭേദഗതി നിര്‍ദ്ദേശിക്കുന്നത് തികച്ചും അയുക്തിയായി എനിക്ക് തോന്നി. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളില്‍ ഫ്രാന്‍സിലും റോമിലും രണ്ടുപോപ്പായിരുന്നു. രണ്ടുപേരും അന്യോന്യം ഭ്രഷ്ട് കല്‍പിച്ച് ദൂരെ നിര്‍ത്തി. ഇതെല്ലാം തികഞ്ഞ വൈരുധ്യമായാണ് തോന്നിയത്. ഇതെല്ലാം പരിഹരിക്കണമെന്ന് നിശ്ചയിച്ച് അതിനെയെല്ലാം ചോദ്യം ചെയ്യാന്‍ തുടങ്ങി. ശരിയാണെങ്കില്‍ ഉത്തരംനല്‍കാന്‍ മതമേലാളന്‍മാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലല്ലോ.

ടീച്ചര്‍മാര്‍ എന്റെ ചോദ്യങ്ങളാല്‍ വലഞ്ഞു. അവര്‍ എന്നെ അടിക്കാന്‍ തുടങ്ങി. നീ അതില്‍ വിശ്വസിച്ചാല്‍ മാത്രം മതിയെന്നായിരുന്നു അവരുടെ കല്‍പന. ഒരിക്കല്‍ ടീച്ചറിന്റെ അടിയില്‍നിന്നും രക്ഷപ്പെട്ട് ഞാന്‍ വീട്ടിലെത്തി. എന്നാല്‍ സ്‌കൂളില്‍നിന്നും ഓടിപ്പോന്നതിന് അപ്പന്റെ കയ്യില്‍നിന്നും 

കണക്കിന് കിട്ടി. ഞാന്‍ സ്‌കൂളിലേക്ക് തിരിച്ചുചെല്ലണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. എന്നാല്‍ ഇനിയും അവിടേക്ക് പോയാല്‍ ഞാന്‍ ഓടിരക്ഷപ്പെടുമെന്ന് അപ്പനോട് തറപ്പിച്ചുപറഞ്ഞു. ആ മഠം വിട്ട് സാധാരണ ഹൈസ്‌കൂളില്‍ചേരുകയല്ലാതെ മറ്റൊരു നിവൃത്തിയുമുണ്ടായിരുന്നില്ല. വീട്ടിലായിരിക്കുമ്പോഴും ഞാന്‍ ചര്‍ച്ചില്‍ പോയിക്കൊണ്ടിരുന്നു. എന്റെ ഹൃദയം മറ്റെവിടയോ പാറിപ്പടന്നുനടന്നു. ഞാന്‍ തികഞ്ഞ സന്ദേഹവാദിയായി മാറി. എനിക്കറിയാത്ത ഏതോ ഒന്ന് സത്യമായി നിലനില്‍ക്കുന്നുണ്ടെന്ന് മനസ്സ് പറഞ്ഞു.

അവസരമൊത്തുവന്നപ്പോള്‍ ഞാന്‍ വീടുവിട്ടിറങ്ങി. റോയല്‍ എയര്‍ഫോഴ്‌സില്‍ചേര്‍ന്ന അക്കാലത്ത് എനിക്ക് പതിനഞ്ചുവയസ്സായിരുന്നു പ്രായം. അന്ന് ചര്‍ച്ചിലൊന്നും പോകാറുണ്ടായിരുന്നില്ല. ആയിടക്ക്  കൂട്ടുകാരനോടൊപ്പം അവന്റെ വീട്ടില്‍ അവധിക്കാലം ചെലവഴിക്കാന്‍ പോയത് എന്റെ ജീവിതത്തില്‍ പുതിയ ഒരാളെ ക്കൂട്ടാന്‍ വഴിയൊരുക്കി. അവന്റെ സഹോദരി എന്റെ ഭാര്യയായി പിന്നീട് എന്റെ ജീവിതത്തിലേക്ക് കടന്നുവന്നു.അവള്‍ പ്രൊട്ടസ്റ്റന്റുകാരിയായിരുന്നു. പള്ളിയില്‍വെച്ച് കല്യാണമൊന്നും വേണ്ടെന്നായിരുന്നു ഞങ്ങളിരുവരുടെയും തീരുമാനം .എന്നാല്‍ അവളുടെ അപ്പന്റെ പിടിവാശിക്കുമുന്നില്‍ ഞങ്ങള്‍ വഴങ്ങി. അങ്ങനെ അടുത്തുള്ള പ്രാദേശികചര്‍ച്ചില്‍ ചെന്നു. അവിടത്തെ മതാധികാരി എന്റെ വിശ്വാസത്തെപ്പറ്റി ചോദിച്ചു. ഞാന്‍ സത്യാവസ്ഥയെല്ലാം തുറന്നുപറഞ്ഞു. 

അയാള്‍ വളരെ നല്ല ഒരു മനുഷ്യനായിരുന്നു. കാര്യങ്ങളെ നേരെവാ നേരെപോ എന്ന മട്ടില്‍ നോക്കിക്കാണുന്നയാള്‍. ഞാന്‍ അയാളോട് കാര്യങ്ങള്‍ തുറന്നുപറഞ്ഞതില്‍ അയാള്‍ എന്നെ പുകഴ്ത്തി. അദ്ദേഹത്തിന്റെ മതവീക്ഷണത്തോട് ഞാന്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും ഞങ്ങളുടെ വിവാഹം നടത്തിത്തരാന്‍ അദ്ദേഹം തയ്യാറായി. പതിവുപോലെ ദമ്പതികള്‍ക്ക് ബൈബിള്‍ സമ്മാനിച്ചു. വിവാഹത്തിന് അവളുടെ അപ്പനും രണ്ടുസാക്ഷികളും മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിലെ സേവനം പൂര്‍ത്തിയാക്കിയശേഷം 1976 ല്‍ ഒരു മുസ്‌ലിംരാജ്യത്ത് അവിടത്തെ എയര്‍ഫോഴ്‌സിലെ ഓഫീസേഴ്‌സിനെ ഇലക്ട്രോണിക്‌സ് പഠിപ്പിക്കുന്ന ജോലിക്കായി ഞാന്‍ പുറപ്പെട്ടു. അതിനുമുമ്പ് ഞാന്‍ മുസ് ലിംകളെ കണ്ടിട്ടുണ്ടായിരുന്നില്ല. അതേസമയം ഇസ് ലാമിനെപ്പറ്റി എനിക്കുണ്ടായിരുന്നത് വളരെ മോശം കാഴ്ചപ്പാടായിരുന്നുവെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിദ്യാര്‍ഥികളൊന്നും മതിപ്പുളവാക്കുന്ന പെരുമാറ്റമൊന്നുംകാഴ്ചവെച്ചിരുന്നില്ല. ഇസ് ലാമികമായചിന്തയോ സ്വഭാവസവിശേഷതയോ ഒന്നുമില്ലാതെ മദ്യപിച്ചും  വ്യഭിചരിച്ചും അവര്‍ കഴിഞ്ഞുകൂടി.

എന്തുപറഞ്ഞാലും ‘ഇന്‍ ശാ അല്ലാഹ്’ എന്ന് പറഞ്ഞ് തികഞ്ഞ അവഗണനയോടെയാണ് അവര്‍ കാര്യങ്ങളെ കണ്ടത്. അവര്‍ കഠിനാധ്വാനംചെയ്യാന്‍ ഒട്ടുംതയ്യാറായിരുന്നില്ല. എല്ലാം വിധിപോലെ എന്നതായിരുന്നു കാഴ്ചപ്പാട്.

ഞാന്‍ ഖുര്‍ആന്‍ വായന ആരംഭിച്ചു. അവരുടെ ചിന്താഗതിയെ രൂപപ്പെടുത്തുന്ന എന്താണ് അതിലുള്ളതെന്ന് അറിയുവാനായിരുന്നു അത്. ഒരു നല്ല അധ്യാപകനാകാന്‍ ഞാന്‍ ആഗ്രഹിച്ചു. എന്നല്ല, അവരുടെ ചിന്താഗതിയെ സ്വാധീനിക്കുന്ന വിശ്വാസത്തെ ചോദ്യംചെയ്ത് അവരില്‍ സ്ഥിരോത്സാഹം വളര്‍ത്തിയെടുക്കാന്‍ ഞാനുദ്ദേശിച്ചു. എല്ലാറ്റിനുംപുറമെ , ഇസ് ലാം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഞാന്‍ ഖുര്‍ആന്‍ വായിക്കുന്നുണ്ടെന്നറിഞ്ഞ വിദ്യാര്‍ഥികള്‍ ഒരു ശൈഖിനെ ക്ലാസില്‍കൊണ്ടുവന്നു. ഞങ്ങള്‍ തമ്മില്‍ സംസാരിച്ചു. എന്റെ വിശ്വാസകാര്യങ്ങളെപ്പറ്റിയും മറ്റുംചോദിച്ചു. അവസാനം അദ്ദേഹം പറഞ്ഞു: ‘താങ്കള്‍ ഒരു മുസ ്‌ലിമാണ് പക്ഷേ, താങ്കള്‍ക്ക് അതറിയില്ല.’ ഏറെ മാസങ്ങളോളം ഞാന്‍ ഖുര്‍ആന്‍ വായന തുടര്‍ന്നുകൊണ്ടേയിരുന്നു. അതിന്റെ യുക്തിപരത എന്നെ ഏറെ ആകര്‍ഷിച്ചു. അങ്ങനെ ഞാന്‍ 1976 ല്‍ ഇസ് ലാംസ്വീകരിച്ചു.

Topics