Arab World

ഖുദ്‌സ് വീണ്ടെടുപ്പിന്റെ ദാര്‍ശനികന്‍ ഡോ. മാജിദ് ഇര്‍സാന് വിട

മുസ്‌ലിംലോകത്തിന്റെ മൂന്നാം പരിശുദ്ധഗേഹമായ ബൈതുല്‍ മുഖദ്ദസിന്റെ വീണ്ടെടുപ്പുമായി ബന്ധപ്പെട്ട് വിരചിതമായ അത്യധികം ദാര്‍ശനികഗരിമയുള്ള ഒരു പഠനത്തിലൂടെയാണ് ഡോ.മാജിദ് ഇര്‍സാന്‍ അല്‍കീലാനി എന്ന ജോര്‍ദാനിയന്‍ ചരിത്രകാരന്‍ ലോകപ്രശസ്തനാവുന്നത്. രോഗശയ്യയിലായിരുന്ന അദ്ദേഹം ഇന്നലെ (ഒക്‌ടോബര്‍ 24) വിടവാങ്ങിയതോടെ മുസ്‌ലിം ലോകത്തെ ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച പണ്ഡിതശ്രേഷ്ഠരില്‍ ഒരു മഹാപ്രതിഭയെ കൂടി നഷ്ടമായിരിക്കുകയാണ്.

ഇസ്‌ലാമൈസേഷന്‍ ഓഫ് നോളജ് എന്ന അക്കാദമിക പരിവര്‍ത്തന അജണ്ടയുമായി അമേരിക്ക കേന്ദ്രീകരിച്ച് സ്ഥാപിക്കപ്പെട്ട കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് തോട്ട്‌സിന്റെ പ്രസിദ്ധീകരണ സംരംഭങ്ങള്‍ വഴിയാണ് ഡോ. മാജിദ് ഇര്‍സാന്‍ അല്‍കീലാനിയെ ആദ്യമായി പരിചയപ്പെടുന്നത്.

കീലാനിയുടെ മാസ്റ്റര്‍പീസ് രചനയായ ‘ഹാകദാ ളഹറ ജീലു സ്വലാഹുദ്ദീന്‍ വ ഹാകദാ ആദതില്‍ ഖുദ്‌സ്’ (സലാഹുദ്ദീന്‍ അയ്യൂബിയുടെ തലമുറയുണ്ടായതും ഖുദ്‌സ് വീണ്ടെടുത്തതും) ആണ് അദ്ദേഹത്തിലേക്ക് ലോകത്തെ ആകര്‍ഷിച്ചത്. സലാഹുദ്ദീന്‍ അയ്യൂബിയുടെ കാലത്ത് മുസ്‌ലിംലോകം ഖുദ്‌സ് കീഴടക്കിയതിന്റെ പശ്ചാത്തലവും അതിന്റെ ഇന്നത്തെ പ്രസക്തിയുമായിരുന്നു ഗ്രന്ഥത്തിന്റെ പ്രമേയം. ഇന്നും മുസ്‌ലിംലോകം നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന്റെ ഉത്തരമാണാ ഗ്രന്ഥം. തങ്ങള്‍ക്ക് നഷ്ടപ്പെട്ടത് തേടിക്കൊണ്ടിരിക്കുന്ന മുസ്‌ലിംലോകത്തെ അത് എന്താണെന്ന് അദ്ദേഹം പഠിപ്പിക്കുന്നുണ്ട്. ഖുദ്‌സുമായി ബന്ധപ്പെട്ട ഒരു വിഷയമെന്ന നിലക്കല്ല അതിന്റെ പ്രാധാന്യം. മറിച്ച് മുസ്‌ലിം ലോകത്തിന്റെ നവോത്ഥാനം എങ്ങനെയായിരിക്കണമെന്നതിനെ ചരിത്രദാര്‍ശനികതയുടെ രീതികളിലൂടെ അദ്ദേഹം സമര്‍ത്ഥിക്കുകയായിരുന്നു.

1932 ജോര്‍ദാനില്‍ ജനിച്ച ഡോ. കീലാനി ബൈറൂത്തിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലും കൈറോ യൂണിവേഴ്‌സിറ്റിയിലും ജോര്‍ദാനിയന്‍ യൂണിവേഴ്‌സിറ്റിയിലും വിദ്യാഭ്യാസം നേടി. അമേരിക്കയിലെ പ്രശസ്തമായ പെന്‍സില്‍വാനിയ പീറ്റേഴ്‌സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു എജ്യുക്കേഷന്‍ ഫിലോസഫിയില്‍ ഡോക്ടറേറ്റ് നേടി. ഉമ്മുല്‍ ഖുറാ യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നു. ഇസ്‌ലാമിലെ വിദ്യാഭ്യാസ ദര്‍ശനം, ഇബ്‌നുതീമിയ്യയുടെ വിദ്യാഭ്യാസചിന്തകള്‍, ഇസ്‌ലാമിക വിദ്യാഭ്യാസത്തിന്റെ ലക്ഷ്യങ്ങള്‍, ഇസ്‌ലാമിക ലോകത്തെ സയണിസ്റ്റ് ഭീഷണികള്‍, അമേരിക്കന്‍ ചിന്തയുടെ അടിത്തറകള്‍, സമകാലിക വിദ്യാഭ്യാസത്തിലെ ജൂതപക്ഷം തുടങ്ങിയ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ പ്രധാന സംഭാവനകളാണ്. കഴിഞ്ഞ 800 വര്‍ഷങ്ങള്‍ക്കിടെ ഇസ്‌ലാമിക വിദ്യാഭ്യാസ മേഖലയില്‍ അദ്ദേഹത്തിന്റേതിനു സമാനമായ സംഭാവനകളുണ്ടായിട്ടില്ലെന്നാണ് ഗവേഷകരുടെ സാക്ഷ്യപത്രം.

അന്താരാഷ്ട്ര ഫാറാബി അവാര്‍ഡ് പോലുള്ള മുസ്‌ലിംലോകത്തെ വിഖ്യാതമായ പല ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. നിരവധി സര്‍വകലാശാലകള്‍ ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.

ഇസ്‌ലാമിക ലോകത്ത് ഒരു നവോത്ഥാനം എങ്ങനെ രൂപംകൊള്ളണമെന്നതിനെ ചരിത്രദര്‍ശനത്തിന്റെ ഉപാധികളില്‍ നിന്നു വീക്ഷിക്കുന്ന ഖുദ്‌സ് വീണ്ടെടുപ്പിനെ കുറിച്ച കൃതി ഇനിയും ഗൗരവമായ പഠനങ്ങളര്‍ഹിക്കുന്നതാണ്. ഖുദ്‌സിന്റെ വിമോചനത്തിനായി കേഴുന്ന അറബ് ചിന്തകര്‍ക്കെല്ലാം അദ്ദേഹത്തിന്റെ ചരിത്രപരമായ അപഗ്രഥനത്തില്‍ പാഠമുണ്ട്. 1100കളില്‍ സലാഹുദ്ദീന്‍ അയ്യൂബി ഖുദ്‌സ് കീഴടക്കിയത് വ്യക്തിഗതമോ, ചുരുങ്ങിയ കാലത്തെ ശ്രമങ്ങളുടെയോ ഭാഗമായിരുന്നില്ലെന്ന് അദ്ദേഹം സ്ഥാപിക്കുന്നു. ഇമാം ഗസ്സാലിയിലൂടെ വ്യാപിച്ച ഇസ്‌ലാമിക ജ്ഞാനക്രമത്തിന്റെ പരിഷ്‌കരണത്തിലായിരുന്നു അതിന്റെ നാന്ദിയെന്ന് അദ്ദേഹം വാദിക്കുന്നു.

ഗ്രീക്ക് ചിന്തകളുടെയും മറ്റും ആലയങ്ങളില്‍ നിന്ന് മുസ്‌ലിം ചിന്തയെ പരിഷ്‌കരിച്ച് കലര്‍പ്പുകളില്ലാത്ത സംശുദ്ധതയിലേക്ക് അതിനെ കൊണ്ടുചെല്ലുകയായിരുന്നു ഇമാം ഗസ്സാലി. ഇഹ്‌യാ ഉലൂമുദ്ദീന്‍ എന്ന കൃതിയുടെ പേരു സൂചിപ്പിക്കും പോലെ മതശാസ്ത്രങ്ങളുടെ നവോത്ഥാനമാണ് അദ്ദേഹത്തിലൂടെ സംഭവിച്ചത്. ഈ ദൗത്യത്തിന്റെ തുടര്‍ച്ചയായി ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി(റ) കടന്നുവരുന്നു. മുസ്‌ലിം വ്യക്തിത്വത്തിന്റെ സംസ്‌കരണത്തിലൂടെയും ആത്മാവുകളെ ഇസ്‌ലാമികമായി ശക്തിപ്പെടുത്തലിലൂടെയും ശൈഖവര്‍കളുടെ വിപ്ലവം അദ്ദേഹം വരച്ചിടുന്നു.

പേരു സൂചിപ്പിക്കും പോലെ, മതത്തിന്റെ തന്നെ നവോത്ഥാനമായിരുന്നു മുഹ്‌യിദ്ദീനിലൂടെ സംഭവിച്ചത്. ഇന്നും മുസ്‌ലിംലോകം അക്കാലങ്ങളിലെ നവോത്ഥാനനായകരായി അവരെ വാഴ്ത്തുന്നത് അതുകൊണ്ടാണ്. ഈ രണ്ടു നവോത്ഥാനങ്ങളാണ് ശൈഖ് ജീലാനിയുടെ ശിഷ്യനായിരുന്ന സ്വലാഹുദ്ദീനിലൂടെ യാഥാര്‍ഥ്യമായത് എന്ന് ഡോ. കീലാനി കണ്ടെത്തുന്നു. അതിനാല്‍ സമകാലിക അറബ് മുസ്‌ലിം ലോകത്ത് പാശ്ചാത്യരീതികളെ അതേപടി അനുകരിക്കുന്ന വിദ്യാഭ്യാസക്രമത്തില്‍ നിന്നു മാറി സ്വന്തമായ വൈജ്ഞാനികക്രമവും അതിലൂടെയുള്ള വ്യക്തിസംസ്‌കരണവും രൂപപ്പെട്ടെങ്കിലേ ഖുദ്‌സ് വിമോചന സ്വപ്‌നം യാഥാര്‍ഥ്യമാവൂ എന്ന് അദ്ദേഹം പഠിപ്പിക്കുന്നു.

കടപ്പാട്: chandrikadaily.com

Topics