പ്രവാചകന്‍ മുഹമ്മദ്(സ)ന്റെ കാലശേഷം ജനങ്ങളാല്‍ അംഗീകരിക്കപ്പെട്ട ഖുലഫാഉര്‍റാശിദുകളുടെ ഭരണസവിശേഷത നിയമവാഴ്ചക്ക് നല്‍കിയ പ്രാധാന്യത്താല്‍ വേറിട്ടുനില്‍ക്കുന്നു. ഒരു ഭരണകൂടം അഭിപ്രായസ്വാതന്ത്ര്യം, നീതി, സമത്വം എന്നിവ ഉറപ്പുവരുത്തുന്നുണ്ടെന്ന് പറഞ്ഞാല്‍ ജനങ്ങളുടെ അവകാശം സംരക്ഷിക്കപ്പെടുന്നുവെന്നാണര്‍ഥം. ഖലീഫമാരുടെ കാലത്ത് എല്ലാ പ്രദേശങ്ങളിലും കോടതികള്‍ സ്ഥാപിച്ചിരുന്നു. ഖാദി എന്നറിയപ്പെടുന്ന ആ കോടതികളിലെ ജഡ്ജിമാരെ ഖലീഫയാണ് നിയമിച്ചിരുന്നത്. അപ്പോഴും ഖാദി തികച്ചും സ്വതന്ത്രനാണ്. പലപ്പോഴും ഖാദിമാര്‍ ഖലീഫമാര്‍ക്കെതിരെയും വിധി പുറപ്പെടുവിച്ചിട്ടുള്ള ഒരു പാട് സംഭവങ്ങള്‍ ചരിത്രത്തില്‍ നമുക്ക് കാണാനാകും. വിധികള്‍ പക്ഷപാതരഹിതമായിരിക്കണം എന്ന ന്യായാധിപന്‍മാരുടെ നിഷ്‌കര്‍ഷയായിരുന്നു അതിന് കാരണം. ഖലീഫ ഉമര്‍(റ) തന്റെ മകന്‍ അബൂശഹ്മയെ മദ്യപാനത്തിന്റെ പേരില്‍ ചമ്മട്ടിപ്രഹരംനല്‍കി ശിക്ഷിച്ചത് അതിന്റെ ഭാഗമായിരുന്നു.
ഖലീഫാ അലി(റ നെതിരെ പരസ്യമായി വധഭീഷണി മുഴക്കിയ ആളെ ജനങ്ങള്‍ പിടികൂടി അദ്ദേഹത്തിന്റെ മുമ്പില്‍ ഹാജരാക്കിയപ്പോള്‍ അയാളെ വെറുതെവിട്ടുകൊണ്ട് അദ്ദേഹം പറഞ്ഞു: ‘ഇയാള്‍ അതിക്രമം കാട്ടിയിട്ടില്ല. നാവുകൊണ്ടുള്ള എതിര്‍പ്പ് ശിക്ഷ നല്‍കാന്‍ മാത്രം ഗുരുതരമായ കുറ്റമല്ല .’
അക്കാലത്തെ നീതിവ്യവസ്ഥയുടെ ഭദ്രതയും ചൈതന്യവും മനസ്സിലാക്കാന്‍ മേല്‍ സംഭവങ്ങള്‍ തന്നെ ധാരാളം. അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കപ്പെടുകയും നിയമവാഴ്ചയായി നില്‍ക്കുകയും ചെയ്യുന്നിടത്തേ ഇതെല്ലാം സംഭവിക്കുകയുള്ളൂ.
തങ്ങളെ ബാധിക്കുന്ന വിഷയങ്ങളില്‍മാത്രമല്ല, നീതി കര്‍ശനമായി അവര്‍ നടപ്പാക്കിയിരുന്നത്. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് മേഖലകളിലെയും പ്രവിശ്യകളിലെയും ഭരണാധികാരികളെ എപ്പോഴും താക്കീത് ചെയ്യുക അവരുടെ പതിവായിരുന്നു. ജനങ്ങളുടെ കൈവശമുള്ള സമ്പത്തും വസ്തുവഹകളും പിടിച്ചെടുക്കാനല്ല, ദീനും നബിചര്യയും പഠിപ്പിച്ചുകൊടുക്കാനാണ് താന്‍ ഗവര്‍ണര്‍മാരെ നിശ്ചയിച്ചിരിക്കുന്നതെന്ന് ഉമര്‍(റ) പറയാറുണ്ടായിരുന്നു. അതിനെതിരു പ്രവര്‍ത്തിക്കുന്നവരെ അദ്ദേഹം കര്‍ശനമായി ശിക്ഷിക്കുകയുംചെയ്തിട്ടുണ്ട്.
ഹജ്ജ് കാലത്ത് എല്ലാ ഗവര്‍ണര്‍മാരും മക്കയില്‍ എത്തിച്ചേരണമെന്ന് ഉമര്‍(റ) പ്രത്യേകം ഉത്തരവിട്ടിരുന്നു. രാഷ്ട്രത്തിന്റെ എല്ലാ ഭാഗത്തുനിന്നും എത്തുന്ന ജനങ്ങള്‍ക്ക് ഗവര്‍ണര്‍മാര്‍ക്കെതിരില്‍ എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ കേള്‍ക്കാനും അതിന് ഗവര്‍ണര്‍മാരില്‍നിന്ന് നേരിട്ടുതന്നെ വിശദീകരണം ആരായാനും അവസരമുണ്ടാക്കുക എന്നതായിരുന്നു അതിന്റെ ഉദ്ദേശ്യം. മറ്റേത് ഭരണകൂടത്തിനും കീഴില്‍ ഉണ്ടായിരുന്ന നീതിയെക്കാള്‍ എത്രയോ ഉന്നതമായിരുന്നു ആദ്യഖലീഫമാരുടെ കാലത്തെ നീതിനിഷ്ഠ എന്ന് ഇതില്‍നിന്ന് മനസ്സിലാക്കാനാവും.