തെരഞ്ഞെടുപ്പ്

ഖിലാഫത്ത് ഏകാധിപത്യമല്ല

ചരിത്രം പരിശോധിച്ചാല്‍ ഗ്രീക്ക്-റോമന്‍ ഭരണകൂടങ്ങളിലെ ചെറിയ ഇടവേളയൊഴിച്ചാല്‍ , പുരാതനകാലംതൊട്ട് ഫ്രഞ്ചുവിപ്ലവം വരെയുണ്ടായിരുന്ന ഭരണവ്യവസ്ഥ രാജവ്യവസ്ഥയായിരുന്നുവെന്ന കാണാം. അറബ്‌നാട്ടിലെ ഖിലാഫത്തുര്‍റാശിദയുടെ കാലത്തും ലോകത്തെല്ലായിടത്തും രാജവാഴ്ചതന്നെയായിരുന്നു. ഖിലാഫത്ത് പക്ഷേ വേറിട്ട ഒരു ഭരണസമ്പ്രദായമായിരുന്നു.
‘പ്രവാചകന്‍, തന്റെ പിന്തുടര്‍ച്ചയെ സംബന്ധിച്ച് ഒരു തീരുമാനമെടുത്തിരുന്നില്ല. എങ്കിലും കൂടിയാലോചനയുടെ അടിസ്ഥാനത്തിലുള്ള ഒരു ഖിലാഫത്ത് ആണ് ഇസ് ലാം ആവശ്യപ്പെടുന്നതെന്ന് മുസ്‌ലിംകള്‍ മനസ്സിലാക്കി. അവിടെ ഒരു കുടുംബാധിപത്യം നിലവില്‍വരാതിരുന്നതും ബലം പ്രയോഗിച്ച് ആരും അധികാരം പിടിച്ചെടുക്കാതിരുന്നതും അതുകൊണ്ടാണ്. മറിച്ച്, ജനങ്ങള്‍ തങ്ങളുടെ സ്വതന്ത്രമായ ഹിതമനുസരിച്ച് നാലുപേരെ ഒരാള്‍ക്ക് പിറകില്‍ മറ്റൊരാളെ ഖലീഫയാക്കുകയായിരുന്നുവല്ലോ ചെയ്തത്. ഇതാണ് മുസ്‌ലിംകളുടെ ദൃഷ്ടിയില്‍ ഖിലാഫത്തിന്റെ ശരിയായ രീതി’.

ആദ്യ നാലുഖലീഫമാരുടെ കാലത്ത് ഉന്നതമായ പദവികള്‍ വഹിക്കുകയും ഭരണത്തിന് താങ്ങാവുകയുംചെയ്ത പ്രമുഖസ്വഹാബിവര്യനായ അബൂമൂസല്‍അശ്അരി രാജവാഴ്ചയും ഖിലാഫത്തും തമ്മിലുള്ള അന്തരം വ്യക്തമാക്കിത്തരുന്നുണ്ട്:

‘കൂടിയാലോചനയിലൂടെ നിലവില്‍വന്നത് ഇമാറാത്ത് (ഖിലാഫത്ത്). വാളിന്റെ ബലംകൊണ്ട് സ്ഥാപിതമാകുന്നതാകട്ടെ രാജവാഴ്ചയും(മുലൂകിയത്ത്).’
ഖിലാഫത്തുര്‍റാശിദയുടെ രാഷ്ട്രീയസംവിധാനം പാശ്ചാത്യനിര്‍വചന പ്രകാരമുള്ള ജനാധിപത്യവ്യവസ്ഥയുടെതായിരുന്നില്ല. ജനങ്ങള്‍ക്കായിരുന്നില്ല അവിടെ പരമാധികാരം. എന്നാലോ, ഏത് ഉത്തരാധുനികകാല ജനാധിപത്യത്തേക്കാളും ജനാധിപത്യപരമായി ആ ഖിലാഫത്തുര്‍റാശിദ വിരാജിച്ചുനിന്നു. ആധുനിക പാശ്ചാത്യ-സോഷ്യലിസ്റ്റ് ഭരണകൂടങ്ങള്‍പോലും ജനാധിപത്യത്തിന്റെ കാര്യത്തില്‍ ഖിലാഫത്തുര്‍റാശിദയുടെ നാലയലത്തുപോലുമെത്തില്ല. ഖിലാഫത്തുര്‍റാശിദയില്‍ പരമാധികാരി അല്ലാഹുവാണ്. അല്ലാഹുവിനും റസൂലിനും ശേഷം എല്ലാ അധികാരങ്ങളും ജനങ്ങള്‍ക്കാണ്. ഖുര്‍ആനും സുന്നത്തും നിശ്ചയിച്ച പരിധികള്‍ക്കുള്ളില്‍നിന്നുകൊണ്ട് അവര്‍ക്ക് പൂര്‍ണാധികാരമുണ്ടായിരിക്കും. അല്ലാഹു നിശ്ചയിച്ചതല്ലാത്ത മറ്റേത് ഭരണക്രമത്തില്‍നിന്നും ഉണ്ടാകാവുന്ന അനീതികളില്‍നിന്നും അക്രമങ്ങളില്‍നിന്നും മുസ്‌ലിംസമൂഹമടക്കമുള്ള ജനതകള്‍ക്ക് അത് മുക്തിനല്‍കി. ഇന്ന് ജനാധിപത്യത്തിന്റെ പേരില്‍ നടമാടുന്ന അധര്‍മങ്ങള്‍, അനീതികള്‍ എന്നിവയില്‍നിന്ന് അത് ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കുകയുണ്ടായി.

‘ഞാന്‍ നല്ലത് ചെയ്താല്‍ എന്നെ നിങ്ങള്‍ സഹായിക്കണം. ഞാന്‍ വ്യതിചലിച്ചാല്‍ എന്നെ നിങ്ങള്‍ നേര്‍വഴിക്ക് കൊണ്ടുവരണം’ എന്ന അബൂബക്ര്‍ (റ)ന്റെ പ്രഖ്യാപനം സര്‍ക്കാറിന്റെ ചെയ്തികളെ നിരീക്ഷിച്ച് വിലയിരുത്താന്‍ സമൂഹത്തിന് അവകാശമുണ്ടെന്ന് കാണിക്കുന്നു. സല്‍ഭരണം നടത്തുന്നവന് സമൂഹം സഹായവും പിന്തുണയും നല്‍കണം. വക്രതയുള്ളവനെ നേര്‍വഴിക്ക് കൊണ്ടുവരികയോ ഒഴിവാക്കുകയോ ചെയ്യണം. നിയമാവലി അനുശാസിക്കുംവിധം പ്രവര്‍ത്തിക്കാത്ത ഗവണ്‍മെന്റിനെ പുറത്താക്കാന്‍ സമുദായത്തിന് അധികാരമുണ്ടെന്ന് കൂടി അദ്ദേഹം വ്യക്തമാക്കി. ഈ ബാധ്യതകള്‍ തന്നെയാണ് യഥാര്‍ഥജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങള്‍.

Topics