ഖബ് ര്‍ സന്ദര്‍ശനം

ഖബ്ര്‍ സന്ദര്‍ശനത്തെക്കുറിച്ച്…

മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതിനും മരണത്തെ സംബന്ധിച്ച ഓര്‍മ പുതുക്കുന്നതിനും ഖബ്‌റിടങ്ങളില്‍ സന്ദര്‍ശനം നടത്തുന്നതിനെ ഖബ്ര്‍ സിയാറത്ത് എന്ന് പറയാറുണ്ട്. ഈ പ്രവൃത്തി സുന്നത്തും മുസ്തഹബ്ബു (അഭികാമ്യം)മാണ്. നബിതിരുമേനി തന്റെ മാതാവായ ആമിനയുടെ ഖബ്‌റിന്നരികില്‍ ചെന്ന് വിങ്ങിപ്പൊട്ടി കരഞ്ഞ സംഭവം ഹദീസില്‍ വന്നിട്ടുണ്ട്. നബി(സ) പലപ്പോഴും മദീനയിലെ പ്രശസ്ത ഖബ്‌റിടമായ ‘ജന്നത്തുല്‍ ബഖീഅ്’-രാത്രികാലങ്ങളില്‍ പോലും- സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഖബ്‌റുകളെ പൂജിക്കുന്നതിനും അതില്‍ അടക്കംചെയ്യപ്പെട്ടവരോട് സഹായം ചോദിക്കുന്നതിനുമാണ് സന്ദര്‍ശിക്കുന്നതെങ്കില്‍ അത് നിഷിദ്ധമാണ്.

ആഴ്ചയില്‍ ഒരിക്കല്‍ മാതാപിതാക്കളുടെ ഖബ്ര്‍ സന്ദര്‍ശിക്കുന്നത് നല്ലതാണ്. കഅ്ബയ്ക്ക് പിന്തിച്ചുകൊണ്ട് ഖബ്‌റിന്നഭിമുഖമായി താഴെ പറയുന്ന പ്രാര്‍ഥന സന്ദര്‍ശകര്‍ ചൊല്ലണം. ‘അസ്സലാമു അലൈക്കും അഹ്‌ല ദ്ദിയാരി മിനല്‍ മുഅ്മിനീന വല്‍ മുസ്‌ലിമീന വ ഇന്നാ ഇന്‍ ശാ അല്ലാഹു ലാഹിഖൂന അസ്അലുല്ലാഹ ലനാ വ ലകും അല്‍ ആഫിയഃ’-മുഅ്മിനുകളും മുസ് ലിംകളുമായ ഖബ് ര്‍ നിവാസികളേ, നിങ്ങള്‍ക്ക് ശാന്തി… ദൈവം ഉദ്ദേശിക്കുമ്പോള്‍ ഞങ്ങളും നിങ്ങളോടൊപ്പം ചേരും. നിങ്ങള്‍ക്കും ഞങ്ങള്‍ക്കും സൗഖ്യത്തിനായി ഞങ്ങള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കുന്നു-(മുസ്‌ലിം) . ഇതായിരുന്നു നബി(സ)തിരുമേനി ചെയ്തിരുന്നതെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു. ഇബ്‌നു ഉമര്‍(റ) ഖബ്‌റിടത്തില്‍ പ്രവേശിക്കുമ്പോള്‍ ‘അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്, അസ്സലാമു അലൈക്ക യാ അബാബക്ര്‍, അസ്സലാമു അലൈക യാ അബതീ’ എന്ന് ചൊല്ലുകയും പിന്നീട് പുറത്തേക്ക് പോകുകയും ചെയ്യുമായിരുന്നു.
ഖബ് ര്‍ ചുംബിക്കാനോ, തൊടാനോ അതിലെ പൊടി മുഖത്തോ ശരീരത്തോ പുരട്ടാനോ പാടില്ല. സ്ത്രീകള്‍ക്കും ഖബ് ര്‍ സന്ദര്‍ശിക്കാവുന്നതാണ്. എന്നാല്‍ ആത്മനിയന്ത്രണം കൈവിടാന്‍ പാടുള്ളതല്ല.

About the author

padasalaadmin

Topics

Featured