ആമുഖം:
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തിലുമായി അറബ് മുസ്‌ലിം ലോകത്ത് ഉയര്‍ന്നു വന്ന ഇസ്‌ലാമിക പരിഷ്‌കരണ പ്രസ്ഥാനങ്ങളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വ്യക്തികളിലൂടെയും സംഘടനകള്‍ മുഖേനയും കേരള മുസ്‌ലിംകള്‍ക്കിടയില്‍ നടന്ന സംസ്‌കരണ സംരംഭങ്ങളാണ് കേരള മുസ്‌ലിം നവോത്ഥാനമെന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്. മത, സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക, വിദ്യാഭ്യാസ, രാഷ്ട്രീയ മേഖലകളിലെല്ലാം അതിന്റെ അലയൊലികള്‍ ഉണ്ടായിട്ടുണ്ട്. നവോത്ഥാനമെന്ന പദത്തിനു പ്രചാരം സിദ്ധിക്കുന്നത് അടുത്തകാലത്താണെങ്കിലും പത്തൊമ്പതാം നൂറ്റാണ്ടിനുമുമ്പും വിവിധ കാലഘട്ടങ്ങളിലായി മുസ്‌ലിം ലോകത്ത് സംസ്‌കരണ പ്രസ്ഥാനങ്ങള്‍ ഉടലെടുക്കുകയും പ്രവര്‍ത്തിക്കുകയും അറബ് ലോകവുമായി നേരിട്ടു ബന്ധം പുലര്‍ത്തിയ കേരളമുസ്‌ലിംകളില്‍ അതിന്റെ അലയൊലികള്‍ എത്തുകയും ചെയ്തിരുന്നു.
മുസ്‌ലിം ആവാസ കേന്ദ്രങ്ങളില്‍ സ്ഥലത്തിന്റെയും സന്ദര്‍ഭത്തിന്റെയും തേട്ടമനുസരിച്ച് ചില ഇസ്‌ലാമിക ഉണര്‍വുകള്‍ ആദ്യകാലം മുതലേ ഉണ്ടായിട്ടുണ്ട്. ചിലപ്പോഴത് പള്ളി നിര്‍മാണത്തിന്റെ രൂപത്തിലായിരിക്കാം. മറ്റു ചിലപ്പോള്‍ പള്ളിദര്‍സുകള്‍ സ്ഥാപിച്ചുകൊണ്ടാവാം. പൊന്നാനിയും, ചാലിയവും, കൊടുങ്ങല്ലൂരും, തലശ്ശേരിയുമൊക്കെ മുസ്‌ലിം സാംസ്‌കാരിക കേന്ദ്രങ്ങളാകുന്നതിങ്ങനെയാണ്.
ആദ്യകാലങ്ങളില്‍ കേരളത്തിന്റെ പൊതുജീവിതത്തില്‍ മുസ്‌ലിംകള്‍ എണ്ണപ്പെട്ട ഒരു ശക്തിയായിരുന്നു. സമുദ്രവ്യാപാരം ഏറെക്കുറെ അവരുടെ കുത്തകയായിരുന്നു. ഉള്‍നാടന്‍ മുസ്‌ലിംകള്‍ കാര്‍ഷിക വൃത്തിയിലും മുന്നിട്ടുനിന്നു. ചേരമാന്‍ പെരുമാളുമായി ബന്ധപ്പെട്ട ചരിത്രകഥകള്‍ മുസ്‌ലിംകളുടെ സ്വാധീനത്തെ സൂചിപ്പിക്കുന്നുണ്ട്. അധിനിവേശത്തിലൂടെയോ ആക്രമണത്തിലൂടെയോ അല്ലാതെ, തികച്ചും ദേശീയമായ ഒരു മുസ്‌ലിം രാജവംശം (അറക്കല്‍ രാജവംശം) കേരളത്തില്‍ ഉയര്‍ന്നുവന്നു എന്നതും പൊതുജീവിതത്തിലെ മുസ്‌ലിം സ്വാധീനത്തെ ചൂണ്ടിക്കാണിക്കുന്നു. അക്കാലത്ത് നാട്ടുരാജാക്കന്‍മാരുടെ ഉദ്യോഗവൃന്ദത്തിലും സൈന്യത്തിലും മുസ്‌ലിംകള്‍ക്ക് നല്ല പ്രാതിനിധ്യമുണ്ടായിരുന്നു. സാമ്പത്തികമായും വിദ്യാഭ്യാസപരമായും സാംസ്‌കാരികമായും മെച്ചപ്പെട്ട സമൂഹമായിരുന്നു കേരളമുസ്‌ലിംകള്‍.
കേരള മുസ്‌ലിം നവോത്ഥാനം

Add Comment