കേരളമുസ്‌ലിംകളുടെ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന് തുടക്കംകുറിച്ചത് പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കോഴിക്കോട്ടെ ഒരു ഖാദിയും വ്യാപാരമേഖലയിലെ ഒരു പ്രമുഖനായ ഖ്വാജാ ഖാസിമും ചേര്‍ന്നാണ്. ഇവര്‍ കോഴിക്കാട് ഫാക്ടറി സ്ഥാപിക്കാനുള്ള പോര്‍ചുഗീസ് ശ്രമം വിഫലമാക്കി. സാമൂതിരി പറങ്കികളോട് ഉദാരനയം സ്വീകരിച്ചിരുന്നു. ഇതിനിടയില്‍ കോഴിക്കോട് തുറമുഖത്ത് നങ്കുരമിട്ടിരുന്ന ഒരു അറബിക്കപ്പല്‍ പോര്‍ചുഗീസ് ക്യാപ്റ്റന്‍ കബ്രാളും കൂട്ടരും കൊള്ളയടിച്ചപ്പോള്‍ ഖ്വാജാ ഖാസിമിന്റെ നേതൃത്വത്തില്‍ മലബാര്‍ മുസ്‌ലിംകള്‍ കനത്ത തിരിച്ചടി നല്‍കി. അവരെ സഹായിക്കാന്‍ കോഴിക്കോട്ടെ നായര്‍ പടയാളികളും തയ്യാറായി. പറങ്കികള്‍ കോഴിക്കോട് സ്ഥാപിച്ച പാണ്ടികശല അവര്‍ തകര്‍ത്തു. ഫാക്ടറി മേധാവിയടക്കം 54 പോര്‍ചുഗീസുകാര്‍ കൊല്ലപ്പെട്ടു. ഈ ദുരന്തം കോഴിക്കോട്ടുള്ള പോര്‍ചുഗീസ് പ്രവേശം തല്‍ക്കാലം തടഞ്ഞുനിര്‍ത്തി. പോര്‍ചുഗീസ് പദ്ധതികള്‍ തകര്‍ത്ത മറ്റൊരാള്‍ മലബാറില്‍ താമസിച്ചിരുന്ന ഈജിപ്ഷ്യന്‍ നാവികനായ ഖ്വാജാ അംബറാണ്. ധിക്കാരവും ആക്രമണവുമായി മുന്നേറിയ ഗാമയുടെ നാവികപ്പടയെ ഖ്വാജാ ഖാസിമിന്റെയും ഖ്വാജാ അംബറിന്റെയും നേതൃത്വത്തിലുള്ള മുസ്‌ലിംനാവിക സൈന്യം എതിരിട്ടു. എന്നാല്‍ നേരത്തേതന്നെ ഇതിനെപ്പറ്റി വിവരം ലഭിച്ചിരുന്നതിനാല്‍ ഇതില്‍ പൂര്‍ണമായി വിജയിച്ചില്ല. തുടര്‍ന്ന് ഈജിപ്തിലെയും ഗുജറാത്തിലെയും ബീജാപ്പൂരിലെയും സുല്‍ത്വാന്‍മാരുടെ സഹായം മലബാര്‍ മുസ്‌ലിംകള്‍ തേടി. ഈ ഘട്ടത്തിലാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം തന്റെ ‘തുഹ്ഫത്തുല്‍ മുജാഹിദീന്‍’എന്ന ഗ്രന്ഥം രചിക്കുന്നത്. ഈ ഗ്രന്ഥം അദ്ദേഹം സമര്‍പിച്ചത് ബീജാപ്പൂരിലെ ആദില്‍ ഷാക്കായിരുന്നു. ഇസ്‌ലാമിനെ ഭൂമുഖത്തുനിന്നും ഉന്‍മൂലനം ചെയ്യാന്‍ കച്ചകെട്ടിയിറങ്ങിയ പറങ്കികള്‍ കേരളത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിക്കൊണ്ടിരിക്കുന്ന ക്രൂരവും അതിനീചവുമായ നരനായാട്ടിനെയും ആരാധനാലയങ്ങളെ തകര്‍ക്കുന്നതിനെയും പറ്റി ശൈഖ് സൈനുദ്ദീന്‍ ഇതില്‍ മനസ്സില്‍ തട്ടുംവിധം പ്രതിപാദിക്കുകയും മുസ്‌ലിംകളുടെ ശത്രുക്കളായ ഈ കാപാലികര്‍ക്കെതിരെ ജിഹാദിന് തയ്യാറായി മലബാര്‍ മുസ്‌ലിംകളുടെ നാവികപോരാട്ടങ്ങളില്‍ പങ്കുചേരണമെന്ന് സുല്‍ത്വാനോട് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഈ അഭ്യര്‍ഥനക്ക് ഏതായാലും ഫലമുണ്ടായി. ഈജിപ്ത് സുല്‍ത്വാന്‍ തന്റെ സേനാധിപതികളില്‍ ഒരാളായ മീര്‍ ഹുസൈന്റെ നേതൃത്വത്തില്‍ 12 കപ്പലുകളിലായി 1500 നാവികരെ അയച്ചു. ഗുജറാത്ത് സുല്‍ത്വാന്‍ മുഹമ്മദ് ഷാ തന്റെ ഗവര്‍ണര്‍ മാലിക് അയാസിന്റെ നേതൃത്വത്തില്‍ സൈന്യത്തെ അയച്ചു. ഈ യുദ്ധത്തില്‍ പോര്‍ചുഗീസുകാര്‍ കനത്ത ആള്‍നാശത്തോടെ പരാജയപ്പെട്ടു.
ബശീര്‍ പാലത്ത്
Add Comment