ഭാരതീയജനതാപാര്‍ട്ടി 2014 ലെ ഇലക്ഷനില്‍ നേടിയ വിജയം പുതിയകഥകളുടെ പ്രചാരണത്തിന് വേദിയൊരുക്കുകയാണ്. ചരിത്രത്തിന്റെ തെറ്റായവായനയാണ് സത്യമെന്ന പേരില്‍ അവര്‍ പ്രചരിപ്പിക്കുന്നത്. മുഖ്യധാരയില്‍ വളരെ സ്വീകാര്യതനേടിക്കഴിഞ്ഞ അത്തരം മിഥ്യകളില്‍ ചിലതിനെക്കുറിച്ചാണ് ഇവിടെ കുറിക്കുന്നത്.
1.റാണി പത്മിനിയെന്ന സങ്കല്‍പനായിക
1303 കളില്‍ അന്നത്തെ ദല്‍ഹി ഭരിച്ചിരുന്ന തുര്‍ക്കിസുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജി ചിറ്റൂര്‍ഗഡ് നീണ്ട ഉപരോധത്തിലൂടെ കീഴടക്കി. പ്രസ്തുതസംഭവംകഴിഞ്ഞ് 237വര്‍ഷങ്ങള്‍ക്കുശേഷം ഔധിലെ കവിയായ മലിക് മുഹമ്മദ് ജയസി ചിറ്റൂര്‍ഗഡിന്റെ പതനത്തെക്കുറിച്ച് ഒരു കാവ്യം തയ്യാറാക്കി. പിന്നീടുള്ള ഓരോ കാലത്തെയും ചരിത്രകാരന്‍മാര്‍ ആ കഥയെ പല രീതിയിലും ഉപയോഗപ്പെടുത്തുകയായിരുന്നു. എന്തിന്, അക്ബറിന്റെ ഭരണകാലത്തെ അബുല്‍ ഫസ്ല്‍ പോലും അക്കൂട്ടത്തില്‍ ഉണ്ട്. എന്നാല്‍ ആ കഥയെ ഓരോ എഴുത്തുകാരും തങ്ങളുടേതായ രീതിയില്‍ പൊലിപ്പിച്ചെഴുതുകയായിരുന്നു.
മീവാറിലെ രാജാവ് രതന്‍സിങ് തന്റെ നാട്ടില്‍നിന്ന് ഒരു ദുര്‍മന്ത്രവാദിയെ ആട്ടിയോടിച്ചപ്പോള്‍ അഭയം തേടിച്ചെന്നത് അലാഉദ്ദീന്‍ ഖില്‍ജിയുടെ കൊട്ടാരത്തിലായിരുന്നു. അയാള്‍ രതന്‍സിങിന്റെ സുന്ദരിയായ ഭാര്യ പദ്മിനിയെക്കുറിച്ച് ഖില്‍ജിയോട് വിശദീകരിച്ച് സുല്‍ത്താനില്‍ ആസക്തി ജനിപ്പിച്ചു. അതോടെ ആ സുന്ദരിയെ എങ്ങനെയെങ്കിലും കാണണമെന്ന് സുല്‍ത്താന് കൊതിയായി. അദ്ദേഹത്തിന് ഉറക്കം നഷ്ടപ്പെടാന്‍ തുടങ്ങി. ഒടുവില്‍ രതന്‍സിങിനെ ചതിയില്‍ പിടികൂടി. ഭാര്യയെ വിട്ടുതന്നാല്‍ മോചിപ്പിക്കാമെന്ന് ഓഫര്‍ നല്‍കി. അതേസമയം രജപുത്രസൈന്യം തങ്ങളുടെ രാജാവിനെ മോചിപ്പിക്കാന്‍ തന്ത്രങ്ങള്‍ ആസൂത്രണംചെയ്‌തെങ്കിലും അവയെല്ലാം പാളിപ്പോവുകയായിരുന്നു. തുടര്‍ന്ന് നടന്ന യുദ്ധത്തില്‍ രജപുത്രസൈനികര്‍ കൊല്ലപ്പെടുകയും പരാജയപ്പെടുകയും ചെയ്തു. അതെത്തുടര്‍ന്ന് പദ്മിനിയടക്കം രജപുത്രവനിതകള്‍ അഭിമാനംരക്ഷിക്കാന്‍ ആത്മഹത്യചെയ്യുകയായിരുന്നു.
മേല്‍കഥയില്‍പറയുന്ന റാണി പദ്മിനിയെക്കുറിച്ച് ഏതെങ്കിലും രജപുത്ര-സുല്‍ത്താന്‍ ഭരണരേഖകളില്‍ സൂചനയൊന്നുമില്ല. അങ്ങനെയൊരു സുന്ദരി ജീവിച്ചിരുന്നതായി ചരിത്രത്തിലും പറയുന്നില്ല. ഇന്ത്യന്‍ പടയോട്ടചരിത്രത്തിലെ അതിസമര്‍ഥനായ സേനാനായകന്‍ അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റൂര്‍ കീഴടക്കാന്‍ ചതിപ്രയോഗത്തിന്റെ ആവശ്യമേ ഇല്ലയെന്നതാണ് വസ്തുത. രാജസ്ഥാനും ഗുജറാതും കീഴടക്കിയ അദ്ദേഹത്തിന് അതിര്‍ത്തിക്കപ്പുറത്തുനിന്ന് മംഗോളുകളുടെ ആക്രമണം വിജയകരമായി പ്രതിരോധിക്കാന്‍ കഴിഞ്ഞിരുന്നു. പക്ഷേ, രജപുത്രരെ പരാജയപ്പെടുത്തിയതിന്റെ പേരില്‍ അദ്ദേഹത്തിന് ബാക്കിയായത് സ്ത്രീലമ്പടനും ചതിയനും ഏകാധിപതിയെന്നുമുള്ള പ്രതിഛായയാണ്.
2. പൃഥിരാജ് ചൗഹാന്‍ എന്ന സങ്കല്‍പം
ചരിത്രം എന്നും വിജയികള്‍ എഴുതിയതായിരുന്നുവെന്ന് പറയാറുണ്ട്. അതേസമയം പരാജിതര്‍ തങ്ങളുടെ അവസ്ഥയെക്കുറിച്ച് എഴുതുന്ന കാവ്യങ്ങള്‍ പലപ്പോഴും ചരിത്രരേഖകളെക്കാള്‍ ആധികാരികങ്ങളായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.പന്ത്രണ്ടാം നൂറ്റാണ്ട് ഭരിച്ചിരുന്ന രാജാവായിരുന്നു പൃഥിരാജ് ചൗഹാന്‍. 1191 ല്‍അഫ്ഗാന്‍ രാജാവായ മുഹമ്മദ് ഗോറി ഡല്‍ഹിയുടെ അതിര്‍ത്തിയിലുള്ള കോട്ടയായ ഭട്ടിന്‍ഡ പിടിച്ചെടുത്തു. പൃഥിരാജ് അതിര്‍ത്തിയിലേക്ക് പടനയിച്ച് ഗോറിയെ പരാജയപ്പെടുത്തി കോട്ട വീണ്ടെടുത്തു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം ഗോറി വന്‍പടയുമായി വന്ന് പൃഥിരാജിനെ പരാജയപ്പെടുത്തുകയും വധിക്കുകയും ചെയ്തു.
അക്കാലത്ത് ചിരപരിചിതമായ രീതിയായിരുന്നു അത്. പൃഥിരാജിന്റെ കൊട്ടാരകവിയായിരുന്ന ചാന്ദ് ബര്‍ദായിയും പിന്നീടുവന്ന എഴുത്തുകാരും ആ കഥയെ ഇങ്ങനെ പുനരാവിഷ്‌കരിച്ചു. ധീരോദാത്തനായ പൃഥിരാജ് ഗോറിയെ കീഴടക്കി ജയിലിലടച്ചു. എന്നാല്‍ പിന്നീട് ദയതോന്നി തടവില്‍നിന്ന് മോചിപ്പിച്ചുവേ്രത. എന്നാല്‍ ക്രൂരനും നന്ദികെട്ടവനുമായ ഗോറി ആ രാത്രിതന്നെ സൈന്യവുമായി വന്ന് കോട്ട ആക്രമിക്കുകയും പൃഥിരാജിനെ പിടികൂടി തന്റെ ഭരണആസ്ഥാനത്തേക്ക് കൊണ്ടുപോയി കണ്ണുരണ്ടുംകുത്തിപൊട്ടിച്ച് തടവിലിടുകയും ചെയ്തു.. എന്നാല്‍ അന്ധനായ പൃഥിരാജിന്റെ അമ്പെയ്തുവൈഭവം പ്രദര്‍ശിപ്പിക്കാന്‍ അവസരമൊരുക്കണമെന്ന് സുഹൃത്ത് ഗോറിയെ തന്ത്രത്തില്‍ ധരിപ്പിച്ചു. കൂട്ടുകാരന്റെ നിര്‍ദ്ദേശമനുസരിച്ച് പൃഥിരാജ് മുഹമ്മദ് ഗോറിയെ അമ്പെയ്തുകൊല്ലുകയും ആത്മഹത്യചെയ്യുകയുമായിരുന്നു.
അമര്‍ചിത്രകഥകളിലൂടെ ഞാനും ഇക്കഥകള്‍ ചരിത്രസത്യമാണെന്ന് വിശ്വസിച്ചാണ് വളര്‍ന്നത്. ഇക്കാലത്ത് കുട്ടികള്‍ പൃഥിരാജിന്റെയും റാണിപദ്മിനിയുടെയും സീരിയലുകള്‍ കാണുകയും അവയെല്ലാം കണ്ണുമടച്ച് വിശ്വസിക്കുകയുമാണ്. എന്നിരുന്നാലും ഇത്തരം തെറ്റുധാരണാജനകമായ സീരിയലുകള്‍ക്കെതിരെ ഇന്ത്യയില്‍ പലയിടത്തും കേസുകള്‍ നടക്കുന്നുണ്ടെന്നതാണ് ഏകആശ്വാസം.
3. ഏവരെയും സ്വാഗതംചെയ്ത ഇന്ത്യ
‘മറ്റെല്ലാ മതങ്ങളെക്കാളും നമ്മുടെ മതമാണ് സത്യം. കാരണം, അത് ആരെയും ആക്രമിച്ച് കീഴടക്കിയിട്ടില്ല, രക്തചൊരിച്ചില്‍ നടത്തിയിട്ടുമില്ല.’ സംസ്‌കാരമെന്നും മറ്റുചിലപ്പോള്‍ ദേശമെന്നും വംശമെന്നും വിവക്ഷ നല്‍കി ഭാരതം സമാധാനത്തിന്റെ വിളനിലമെന്ന് സ്വാമി വിവേകാനന്ദന്‍ എല്ലായിടത്തും ഉദ്‌ഘോഷിച്ചിരുന്നു. 1897 ല്‍ കൊളംബോയില്‍ അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചു: ‘സഹസ്രാബ്ദങ്ങള്‍ ഇന്ത്യ സമാധാനത്തില്‍ സഹവര്‍ത്തിച്ചു. ലോകരാഷ്ട്രങ്ങളില്‍ നാം എല്ലാവരെയും അതിജയിക്കുന്ന ശക്തിയായിരുന്നു. ആ പൊന്‍തൂവല്‍ നമുക്കാണ്.’ എന്നാല്‍ വിരോധാഭാസമെന്നുപറയേണ്ടൂ, ഇന്ത്യന്‍രാജാക്കന്‍മാരുടെ നിരന്തരആക്രമണത്തിന് വിധേയമായിരുന്നു ശ്രീലങ്ക. പതിനൊന്നാം നൂറ്റാണ്ടില്‍ ചോളരാജാക്കന്‍മാരുടെ നാവികാക്രമണത്തിന് തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങള്‍ വിധേയമായിരുന്നു.
സൈനികനീക്കത്തിനുള്ള വമ്പിച്ചചിലവും അതെത്തുടര്‍ന്നുള്ള ആള്‍നാശവും ഭയന്ന് ഹിന്ദുരാജാക്കന്‍മാര്‍ അയല്‍രാജ്യങ്ങള്‍ ആക്രമിക്കാന്‍ മടിച്ചുനിന്നു. അഥവാ അത്തരത്തില്‍ ആക്രമണംനടത്തിയത് ആള്‍നാശമോ ദീര്‍ഘകാലയുദ്ധമോ ഉണ്ടാവില്ലെന്ന് ഉറപ്പുള്ള ഘട്ടത്തില്‍ മാത്രമാണ്. ഭൗതികനേട്ടങ്ങളുടെ മാനദണ്ഡം വെച്ചുനോക്കിയാല്‍ ഏവരും സ്വീകരിക്കുന്ന നയനിലപാട് മാത്രമാണ്. അഫ്ഗാനില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഇന്ത്യയിലേക്കുള്ള പടയോട്ടങ്ങള്‍ക്ക് പ്രേരണയായത് ഇവിടത്തെ ഫലഭൂയിഷ്ടമായ ഭൂമിയും വൈവിധ്യമാര്‍ന്ന പ്രകൃതിവിഭവങ്ങളുമായിരുന്നു. എല്ലാം ഇവിടെ സമൃദ്ധിയായി ഉണ്ടായിരിക്കെ ആനപ്പടയെയും കാലാള്‍സംഘത്തെയും മൈലുകള്‍ക്കപ്പുറം പര്‍വതപ്രദേശങ്ങള്‍ താണ്ടി ആടിനെമേക്കുന്ന ഗോത്രവര്‍ഗങ്ങളെ ആക്രമിച്ചിട്ട് കാര്യമില്ലല്ലോ. ഒരുവേള, ഷാജഹാന്‍ സമര്‍ഖണ്ഡ് ആക്രമിക്കാനൊരുമ്പെട്ടതിന് വലിയ വിലകൊടുക്കേണ്ടിവന്നത് ചരിത്രത്തില്‍ നാം കണ്ടതാണ്.
4. സംസ്‌കൃതി
സംസ്‌കൃതഭാഷയില്‍ ഒട്ടേറെ വേദസ്‌തോത്രങ്ങളും തത്ത്വശാസ്ത്രസംബന്ധിയായ പ്രാര്‍ഥനകളും , കവിതകളും മഹാകാവ്യങ്ങളും ആഖ്യാനങ്ങളും രചിക്കപ്പെട്ടിട്ടുണ്ട്. ലോകത്ത് സാംസ്‌കാരികമായി ഒട്ടേറെ പ്രത്യേകതകളുള്ള ഭാഷയാണ് അതെന്നതില്‍ സംശയമില്ല. അതേസമയം എല്ലാ ഭാഷകളുടെയും മാതാവാണ് എന്ന് പറയുന്നത് അതിശയോക്തിയാണ്. ഇന്തോ-യൂറോപ്യന്‍ ഭാഷകളിലെ ഏതെങ്കിലും അടിസ്ഥാനഭാഷയുമായി അതിന് ബന്ധമില്ല.
ഭാഷാകുടുംബത്തിന്റെ തായ്‌വേരിനെക്കുറിച്ച് പഠിച്ച ആദ്യവ്യക്തിയായ വില്യം ജോണ്‍സ് സംസ്‌കൃതവും ഗ്രീക്കും ലാറ്റിനും ഒരു മൂലഭാഷയില്‍ നിന്നുതന്നെയാണെന്ന് 1786 ല്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആ മൂലഭാഷ ഇന്ന് നിലനില്‍ക്കുന്നില്ല. അദ്ദേഹത്തിന്റെ ഈ നിഗമനം പൂര്‍ണമായുംശരിയാണ്. 5500-6000 വര്‍ഷങ്ങള്‍ക്കുമുമ്പ് കരിങ്കടലിന്റെ തീരങ്ങളില്‍താമസിച്ചിരുന്ന ജനത സംസാരിച്ചിരുന്ന ആ മൂലഭാഷ ഇന്ന് അറിയപ്പെടുന്നത് പ്രോട്ടോ ഇന്തോ യൂറോപ്യന്‍ ഭാഷയെന്നാണ്.
എന്നാല്‍ സംസ്‌കൃതത്തിന്റെ മുന്‍ഗാമി ആധുനികതുര്‍ക്കിയിലും ഉക്രൈനിലും ആടുമേയ്ക്കുന്ന ഗോത്രങ്ങള്‍ സംസാരിച്ചിരുന്ന ഭാഷയാണെന്ന കാര്യം കേള്‍ക്കുന്നത് അവര്‍ക്കിഷ്ടമല്ല. അങ്ങനെവന്നാല്‍ മറ്റുഭാഷകളെപ്പോലെ ഒരുഭാഷമാത്രമാണ് സംസ്‌കൃതമെന്നുവരും. പക്ഷേ യാഥാര്‍ഥ്യം അതാണുതാനും.
5.5000 വര്‍ഷം പഴക്കമുള്ളസംസ്‌കൃതി
ഭഗവദ്ഗീതയുടെ 5151-ാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു ചടങ്ങില്‍ വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഈയിടെ പങ്കെടുക്കുകയുണ്ടായി. ഉന്മാദഹിന്ദുത്വം തങ്ങളുടേതായ സങ്കല്‍പത്തില്‍ വര്‍ഷം കണക്കാക്കിയതായിരുന്നു അത്. ഹിന്ദുസംസ്‌കാരവുമായി ബന്ധപ്പെട്ടതിനെയെല്ലാം 5000 വര്‍ഷം പഴക്കമുള്ളതെന്ന് അവര്‍ വിശേഷിപ്പിക്കാറുണ്ട്. വേദങ്ങള്‍ 5000 വര്‍ഷം പഴക്കമുള്ളത്. ആയുര്‍വേദം 5000 വര്‍ഷം മുമ്പ് പ്രയോഗത്തിലുള്ളത്. യോഗ, 5000 വര്‍ഷം മുമ്പ് ആവിഷ്‌കരിച്ചത്. ഇന്ത്യന്‍ കല 5000 വര്‍ഷം പാരമ്പര്യമുള്ളത് അങ്ങനെ തുടങ്ങി ഗണിതവും ജ്യോതിശാസ്ത്രവും, വ്യാകരണവും എല്ലാം 5000 വര്‍ഷം മുമ്പുള്ളതാണെന്നാണ് കൊട്ടിഗ്‌ഘോഷിക്കുന്നത്.
വാസ്തവത്തില്‍ ഇന്ത്യയില്‍ 5000 വര്‍ഷം പഴക്കമുള്ള ഒന്നുംതന്നെയില്ല. ഏറ്റവും പഴക്കമേറിയ ഹാരപ്പയിലെ നാഗരികാവശിഷ്ടം പോലും 2500 ബിസി യുടെ അപ്പുറം കടക്കുന്നില്ലെന്നാണ് ശാസ്ത്രം. പുരാതനസാഹിത്യകൃതികള്‍ 3500 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ടിട്ടുള്ളതാണ്. 500 ബിസി ക്കപ്പുറത്തുള്ള കലാരൂപങ്ങള്‍ കണ്ടെടുത്തിട്ടില്ല. മധ്യകാലയുഗത്തിലാണ് ഇന്ത്യയുടെ ഗണിതശാസ്ത്രസംഭാവനകള്‍ പിറവിയെടുക്കുന്നതുതന്നെ.
കലിയുഗവും മുസ്‌ലിംആക്രമണവും ബ്രിട്ടീഷ് സാമ്രാജ്യവും നശിപ്പിക്കുംമുമ്പ് ഇന്ത്യയ്ക്ക് ഒരു സുവര്‍ണകാലമുണ്ടായിരുന്നു എന്ന മിത്തില്‍ അഭിരമിക്കുന്നവരാണ് ഭാരതീയസംസ്‌കൃതിയെ 5000 വര്‍ഷം പഴക്കമുള്ള നാഗരികതയെന്ന് ആഘോഷിക്കുന്നത്.
Add Comment