സാഹിത്യത്തിനുള്ള 2019-ലെ നൊബേല്‍ സമ്മാനം ഓസ്ട്രിയന്‍ എഴുത്തുകാരന്‍ പീറ്റര്‍ ഹാന്‍ഡ്‌കെക്ക് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 76കാരനായ ഹാന്‍ഡ്‌കെ സെര്‍ബിയയിലെ തീവ്രവലതുപക്ഷ ദേശീയതയുടെ വക്താവും കൂട്ടക്കൊലകളുടെ പേരില്‍ വിചാരണ നേരിട്ട മുന്‍ പ്രസിഡന്റ് സ്ലൊബോദാന്‍ മിലോസെവിച്ചിന്റെ ആരാധകനുമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്.
1990കളില്‍ ബോസ്‌നിയയിലും കൊസവോയിലും ക്രൊയേഷ്യയിലും സെര്‍ബുകള്‍ നടത്തിയ വംശഹത്യയുടെ പേരിലാണ് സെര്‍ബിയന്‍ മുന്‍ പ്രസിഡന്റ് സ്ലൊബോദാന്‍ മിലോസെവിച്ച് വിചാരണ നേരിട്ടത്. 1991ല്‍ യൂഗോസ്ലാവിയ തകരാന്‍ തുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ആഭ്യന്തര യുദ്ധ പരമ്പരയാണ് വര്‍ഷങ്ങള്‍ നീണ്ട മുസ്!ലിം വംശഹത്യയുടെ പശ്ചാത്തലം. സെര്‍ബിയ, ക്രൊയേഷ്യ, ബോസ്‌നിയ ഹെര്‍സഗോവിന, സ്ലൊവേനിയ, മസിഡോണിയ, മോണ്‍ടിനെഗ്രോ എന്നീ ആറ് ഘടക റിപ്പബ്‌ളിക്കുകള്‍ അടങ്ങിയ ഒരു ഫെഡറേഷനായിരുന്നു യൂഗൊസ്‌ളാവിയ. സെര്‍ബിയ പുലര്‍ത്തിയ മേധാവിത്വത്തിനെതിരെ എതിര്‍പ്പ് ഉയര്‍ന്നപ്പോള്‍ കൂട്ടക്കൊല നടത്തി അടിച്ചമര്‍ത്താനാണ് മിലോസെവിച്ച് ശ്രമിച്ചത്. ഈ മിലോസെവിച്ചിനെ പീറ്റര്‍ ഹാന്‍ഡ്‌കെ ന്യായീകരിക്കുകയുണ്ടായി. 2006ല്‍ മിലോസെവിച്ചിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്തു. ഇതോടെയാണ് കൂട്ടക്കൊലയെ ന്യായീകരിച്ച എഴുത്തുകാരന്‍ എന്ന കുപ്രസിദ്ധി ഹാന്‍ഡ്‌കെയെ തേടിയെത്തിയത്.
നൊബേല്‍ പുരസ്‌കാരം മനംപിരട്ടല്‍ ഉണ്ടാക്കുമെന്ന് കരുതിയില്ലെന്ന് അല്‍ബേനിയന്‍ പ്രധാനമന്ത്രി എഡി റാമ ട്വീറ്റ് ചെയ്തു. നൊബേല്‍ അക്കാദമിയുടെ ലജ്ജാവഹമായ തെരഞ്ഞെടുപ്പിന് ശേഷം ലജ്ജയില്ലായ്മ നമ്മള്‍ ജീവിക്കുന്ന ലോകത്തിന് സാധാരണ സംഭവം മാത്രമായി മാറിയിരിക്കുന്നു. വംശീയതക്കും കൂട്ടക്കൊലക്കും നേരെ മിണ്ടാതിരിക്കാനാവില്ലെന്നും എഡി റാമ ട്വീറ്റ് ചെയ്തു.
നാണം കെട്ട പുരസ്‌കാരമെന്നാണ് അല്‍ബേനിയന്‍ വിദേശകാര്യമന്ത്രി ഗെന്റ് കഗാജിന്റെ വിമര്‍ശനം. എണ്ണമറ്റ ഇരകളെ വേദനിപ്പിച്ച പുരസ്‌കാരമെന്ന് കൊസവോ പ്രസിഡന്റ് ഹാഷിം താസി പ്രതികരിച്ചു.
എഴുത്തുകാരുടെ കൂട്ടായ്മയായ പെന്‍ അമേരിക്കയും ഹാന്‍ഡ്‌കെക്ക് നൊബേല്‍ പുരസ്‌കാരം നല്‍കിയതിനെ അപലപിച്ചു. വംശഹത്യ നടത്തുന്നവര്‍ക്ക് അഭയകേന്ദ്രമായ ഒരാളെ പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തപ്പോള്‍ അന്ധാളിച്ച് പോയെന്നാണ് പെന്‍ അമേരിക്ക ട്വീറ്റ് ചെയ്തത്.
എന്നാല്‍ പുരസ്‌കാര പ്രഖ്യാപനം തന്നെ അത്ഭുതപ്പെടുത്തിയെന്നും സ്വീഡിഷ് അക്കാദമിയുടെ തീരുമാനം ധീരോദാത്തമാണെന്നുമായിരുന്നു ഹാന്‍ഡ്‌കെയുടെ പ്രതികരണം.
Add Comment