നീതിയുടെയും ആദരവിന്റെയും ദര്‍ശനമാണ് ഇസ്‌ലാം. അതിനാല്‍ അവകാശങ്ങളെയും ഉത്തരവാദിത്വങ്ങളെയും അത് ഗൗരവത്തിലെടുക്കുന്നു. എല്ലാ സൃഷ്ടിജാലങ്ങള്‍ക്കും അവയര്‍ഹിക്കുന്ന ആദരവും അന്തസ്സും ബഹുമാനവും നല്‍കേണ്ട ഉത്തരവാദിത്വവും ബാധ്യതയും ഓരോ വ്യക്തിക്കുമുണ്ടെന്ന് ഇസ്‌ലാം വ്യക്തമാക്കി. ദൈവത്തിന്റെ കല്‍പനകളെ അനുസരിക്കുന്നതും അവനെ സ്‌നേഹിക്കുന്നതും ബഹുമാനത്തിന്റെ ആദ്യചുവടുവെപ്പാണ്. ഇസ്‌ലാമില്‍ അന്തര്‍ലീനമായ എല്ലാ ഉയര്‍ന്ന പെരുമാറ്റ-ധാര്‍മികസദാചാര മൂല്യങ്ങളുടെയും ഉറവിടം അതില്‍നിന്നാണ്. അറിവും പക്വതയും ഉള്ള വിശ്വാസികളെന്ന നിലക്ക് കുട്ടികളെ ആദരപൂര്‍വം സ്‌നേഹിച്ചുപരിപാലിച്ച് വിദ്യാഭ്യാസം നല്‍കേണ്ടത് നമ്മളാണെന്ന് ദൈവം മനസ്സിലാക്കുന്നു. ആ രീതിയില്‍ ഉത്തരവാദിത്വങ്ങളെയും കടമകളെയും ഗൗരവത്തോടെ സമീപിച്ചാല്‍ ദൈവത്തെ സ്‌നേഹിക്കാനും ആദരിക്കാനും കഴിയും.
‘അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും അല്ലാഹുവെ ഭയപ്പെടുകയും അവനോട് ഭക്തിപുലര്‍ത്തുകയും ചെയ്യുന്നവരാണ് വിജയംവരിക്കുന്നവര്‍.(അന്നൂര്‍ 52)’
കുടിക്കാനും തിന്നാനും ഉറങ്ങാനും ചെറിയകുട്ടികള്‍ എത്രമാത്രം ആഗ്രഹിക്കുന്നുവോ അത്രമാത്രം സ്‌നേഹിക്കപ്പെടാനും കൊതിക്കുന്നു. അതിനാല്‍ അവരുടെ ഭൗതിക-ശാരീരികാവശ്യങ്ങളെ മാത്രം പൂര്‍ത്തീകരിക്കുകയും വൈകാരിക-ആത്മീയാവശ്യങ്ങളെ അവഗണിക്കുകയുംചെയ്യുന്നത് ഒട്ടും ഭൂഷണമല്ല.
ശിശുവിനെ പ്രസവിച്ചയുടന്‍ ഉമ്മമാരോട് അതിനെ മുലയൂട്ടാന്‍ കല്‍പിക്കാറുണ്ട്. അമ്മിഞ്ഞപ്പാല്‍ ഓരോ കുട്ടിയുടെയും എല്ലാ ആവശ്യങ്ങളെയും പൂര്‍ത്തീകരിക്കുംവിധമാണ് അല്ലാഹു സൃഷ്ടിച്ചിട്ടുള്ളത്. ആ പാലിന്റെ ഗുണഗണങ്ങളെ വാഴ്ത്താന്‍ ഇന്ന് ആധുനികശാസ്ത്രത്തിന് നൂറുനാവാണ്. എല്ലാ തരത്തിലുമുള്ള രോഗപ്രതിരോധം സാധ്യമാക്കുംവിധം അണുക്കളെയും സൂക്ഷ്മജീവികളെയും ചെറുക്കുന്ന ആന്റിബോഡികള്‍ അതിലുണ്ട്. ഒരുവേള ശിശുക്കളുടെ ആകസ്മികമരണത്തിനിടയാക്കുന്ന ആക്രമണങ്ങളെ അത് ചെറുത്തുതോല്‍പിക്കുന്നു.
ഗര്‍ഭത്തിന്റെ അവസാനനാളുകളില്‍ രൂപംകൊള്ളുന്നതും പ്രസവത്തിന്റെ ആദ്യദിനങ്ങളില്‍ ഉല്‍സര്‍ജ്ജിക്കപ്പെടുന്നതുമായ കൊളസ്ട്രം അടങ്ങിയ മുലപ്പാല്‍ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഊര്‍ജ്ജസ്വലമായ തുടക്കമാണ് സമ്മാനിക്കുന്നത്. കുട്ടികളുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലുമുണ്ടാകുന്ന ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുംവിധം പാലിന്റെ ഘടന മാറിക്കൊണ്ടിരിക്കുന്നുണ്ട്. പ്രസവിച്ച് 3-ാംദിനം മുതല്‍ 5-ാം ദിനംവരെ മുലപ്പാലില്‍ കുട്ടിയുടെ വളര്‍ച്ചക്കാവശ്യമായ കൊഴുപ്പും പഞ്ചസാരയും ജലവും പ്രോട്ടീനും കൃത്യമായ അളവില്‍ അടങ്ങിയിരിക്കുന്നു.
‘മുലകുടികാലം പൂര്‍ത്തീകരിക്കണമെന്ന് ഉദ്ദേശിക്കുന്നുവെങ്കില്‍ മാതാക്കള്‍ തങ്ങളുടെ മക്കളെ രണ്ടുവര്‍ഷം പൂര്‍ണമായും മുലയൂട്ടണം’. (അല്‍ബഖറ 233) എന്നിരുന്നാലും വിശ്വാസികളെ അവരുടെ കഴിവിന്നതീതമായി ദൈവം നിര്‍ബന്ധിക്കുന്നില്ല. അതിനാല്‍ മുലയൂട്ടല്‍ സാധ്യമായില്ലെങ്കില്‍ പോറ്റമ്മയെ ഏര്‍പ്പാടാക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതിനുംകഴിഞ്ഞില്ലെങ്കില്‍ ശിശുക്കള്‍ക്കായി തയ്യാറാക്കിയ വിഭവങ്ങള്‍ നല്‍കാം.
‘നിങ്ങളെ പ്രയാസപ്പെടുത്താന്‍ അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാല്‍ നിങ്ങളെ ശുദ്ധീകരിക്കാനും നിങ്ങള്‍ക്ക് അവന്റെ അനുഗ്രഹം പൂര്‍ത്തീകരിച്ചു തരാനും അവനുദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍’. (അല്‍മാഇദ 6)
കുട്ടികള്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയായെന്നുകണ്ടാല്‍ ദൈവത്തെ സ്‌നേഹിക്കേണ്ടതെങ്ങനെയെന്ന് അവരെ പഠിപ്പിക്കണം. ദൈവത്തെ അറിയാനും അവനെ സ്‌നേഹിക്കാനും കഴിയുന്ന സാഹചര്യമുള്ളതുകൊണ്ട് കുട്ടികളെ അത്തരത്തില്‍ വളര്‍ത്താന്‍ എളുപ്പമാണ്. ദൈവം എല്ലാറ്റിന്റെയും സ്രഷ്ടാവാണ് എന്നത് അവര്‍ക്ക് നേര്‍ക്കുനേരെ മനസ്സിലാകുന്ന വസ്തുതയാണ്. ദൈവം ഒന്നേയുള്ളൂവെന്നും അവനെമാത്രമേ അനുസരിക്കാവൂ എന്നും കുട്ടികളെ പഠിപ്പിക്കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്വമാണ്.ലുഖ്മാന്‍ തന്റെ മകനെ ഉപദേശിക്കവെ ഇങ്ങനെ പറഞ്ഞതോര്‍ക്കുക: ”എന്റെ കുഞ്ഞുമോനേ, നീ അല്ലാഹുവില്‍ പങ്കുചേര്‍ക്കരുത്. അങ്ങനെ പങ്കുചേര്‍ക്കുന്നത് കടുത്ത അക്രമമാണ്; തീര്‍ച്ച.”(ലുഖ്മാന്‍ 13)
മാതാപിതാക്കളും രക്ഷിതാക്കളും പരിപാലിക്കുന്നവരും കുട്ടികള്‍ക്ക് ഇസ്‌ലാമിനെക്കുറിച്ച് പഠിപ്പിച്ചുകൊടുക്കണം. ദൈവത്തെ എങ്ങനെ അനുസരിക്കാമെന്നും ആരാധിക്കാമെന്നും എളുപ്പമായ രീതിയില്‍ അവരെ അഭ്യസിപ്പിക്കണം. കുട്ടികള്‍ വളര്‍ന്നുവരുന്ന ചുറ്റുപാടിനോട് ആശയവിനിമയം ചെയ്യാന്‍ അവരെ പ്രാപ്തരാക്കണം. നമസ്‌കാരത്തിനുള്ള ബാങ്കുവിളികേട്ടാല്‍ എല്ലാം വിട്ട് ദൈവത്തിന്റെ മുമ്പില്‍ ഹാജരാകാനുള്ള സമയമായി എന്ന് അവര്‍ക്ക് ബോധ്യപ്പെടണം. അത്തരത്തിലായിരിക്കണം മുതിര്‍ന്നവരുടെയും രക്ഷിതാക്കളുടെയും പെരുമാറ്റം. അക്കാര്യത്തില്‍ അവര്‍ മാതാപിതാക്കളെ കണ്ടാണ് വളരുന്നത്.
മുഹമ്മദ് നബി(സ)യുടെ ചര്യയില്‍നിന്ന് നാം മനസ്സിലാക്കിയതുപോലെ കുട്ടികള്‍ 7-ാംവയസ്സില്‍ നമസ്‌കരിക്കാന്‍ അറിഞ്ഞിരിക്കണം. പത്തുവയസ്സായിട്ടും അവര്‍ നമസ്‌കരിക്കുന്നില്ലെങ്കില്‍ അവരെ ഗുണദോഷിക്കണം. കൃത്യമായി നമസ്‌കരിക്കുന്ന മാതൃകകളുള്ള വീട്ടിലെ കുട്ടികള്‍ നമസ്‌കരിക്കാന്‍ ഔത്സുക്യം കാട്ടുമെന്നതില്‍ സംശയംവേണ്ട. അവര്‍ മാതാപിതാക്കളുടെ അരികില്‍വന്ന് നമസ്‌കരിക്കാന്‍ ശ്രമിക്കും.
നമസ്‌കാരം ശരിയാംവണ്ണം നിര്‍വഹിക്കാന്‍ ഏഴാം വയസ്സില്‍ അവരെ പഠിപ്പിച്ചിരിക്കണം. പത്തുവയസ്സാകുമ്പോള്‍ നമസ്‌കരിക്കാത്തതിന് അവരെ ഗുണദോഷിക്കണം. നമസ്‌കാരം അതീവപ്രാധാന്യമുള്ളതാണെന്ന് കുട്ടികളെ ബോധ്യപ്പെടുത്താനാവശ്യമായ എല്ലാ അച്ചടക്കനടപടികളും സ്വീകരിക്കാം. കുട്ടികളെ അടിക്കുന്നത് ആശാസ്യമായ രീതിയല്ല.
വ്രതാനുഷ്ഠാനത്തിന്റെ വേളയിലും അത്തരത്തില്‍ അവരെ പരിശീലിപ്പിക്കാം. വിശന്നുകരയുമ്പോള്‍ സമാശ്വസിപ്പിക്കാന്‍ അവര്‍ക്ക് കളിപ്പാട്ടങ്ങള്‍ നല്‍കി ശ്രദ്ധ തിരിക്കാം. എനിക്ക് ഏഴുവയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ എന്നെ ഹജ്ജിന് കൂട്ടിക്കൊണ്ടുപോയിരുന്നു. അതൊരു ഭാഗ്യമായി ഞാനിന്നുംകാണുന്നു.
ഇസ്‌ലാം ഒരു ദൈവികമതമാണ്. അതുകൊണ്ട് ഈ ലോകത്തിന്റെ ആവശ്യങ്ങളോട് മുഖംതിരിക്കാന്‍ അത് കല്‍പിച്ചിട്ടില്ല. സുരക്ഷിതമായ ജീവിതംനയിക്കാന്‍ കുട്ടികള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നാം ഒരുക്കിക്കൊടുക്കണം. അവരുടെ ഭൗതികാവശ്യങ്ങള്‍ നാം പൂര്‍ത്തീകരിച്ചുകൊടുക്കണം. പ്രശസ്തപണ്ഡിതനായ ഇമാം നവവി ഒരിക്കല്‍ ഇങ്ങനെ പറയുകയുണ്ടായി: ‘ തിന്നുമ്പോഴും കുടിക്കുമ്പോഴും വസ്ത്രംധരിക്കുമ്പോഴും ഉറങ്ങുമ്പോഴും വീട്ടില്‍പ്രവേശിക്കുമ്പോഴും യാത്രപുറപ്പെടുമ്പോഴും വാഹനത്തില്‍ .കയറുമ്പോഴും അനുഷ്ഠിക്കേണ്ട മര്യാദകള്‍ പിതാവ് കുട്ടികളെ പഠിപ്പിക്കണം. സത്ഗുണസമ്പന്നനാകാന്‍ എന്തൊക്കെ വേണമോ അതിനാവശ്യമായതെല്ലാം പകര്‍ന്നുനല്‍കണം. ത്യാഗസന്നദ്ധത, മറ്റുള്ളവര്‍ക്ക് മുന്‍ഗണന, പരസഹായമനസ്സ്, ഉദാരത എന്നീ ഗുണങ്ങള്‍ അഭ്യസിപ്പിക്കണം. ഭീരുത്വം, പിശുക്ക്, അന്തസ്സില്ലായ്മ, ഉന്നതലക്ഷ്യബോധത്തിന്റെ അഭാവം തുടങ്ങി മോശം സ്വഭാവങ്ങളില്‍നിന്ന് അവരെ അകറ്റിനിര്‍ത്തണം. ഗുരുതരപാപങ്ങളിലേക്ക് അവരെ നയിക്കുംവിധമുള്ള ഭൗതികസാഹചര്യങ്ങളില്‍നിന്ന് അവര്‍ക്ക് സംരക്ഷണം ഒരുക്കണം.’
ചുരുക്കത്തില്‍, കുട്ടികളുടെ ആത്മീയ,ശാരീരിക, വൈകാരികസ്വത്വം കണക്കിലെടുത്ത് അവര്‍ക്കുള്ള അവകാശങ്ങള്‍ മുതിര്‍ന്നവര്‍ പൂര്‍ത്തീകരിച്ചുനല്‍കേണ്ടതാണ്.
Add Comment