ദുബൈ: പഠനത്തിന്റെ ബുദ്ധിമുട്ടറിയാതെ കളികളിലൂടെ അറബി ഭാഷ പഠിക്കാനായി രൂപകല്‍പന ചെയ്ത അപ്ലിക്കേഷന്‍ സീരീസുകള്‍ വന്‍ ഹിറ്റ്. കുട്ടികളെ ലക്ഷ്യമാക്കിയുള്ള ഈ ആപ്പുകള്‍ക്ക് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. Zee’s Alif Ba – Discover the Alphabet with Zee, Zee’s Alpha-bet എന്നീ പേരുകളിലുള്ള ആപ്പുകള്‍ 13.5 ലക്ഷം പേരാണ് ഇതുവരെ ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നത്.
തമാശ രൂപത്തിലും ചോദ്യോത്തര രീതിയിലും ഇടപെടലുകളിലൂടെയും അറബി വായിക്കാനും എഴുതാനും ഉതകുന്ന രീതിയിലാണ് ആപ്പുകളുടെന്റെ നിര്‍മിതി. കുട്ടികളെ കളികളിലൂടെ ഭാഷ പഠിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അപ്ലിക്കേഷന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഗ്രൗള്‍ മീഡിയയുടെ സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവുമായ ദിനേശ് ലാല്‍വാനി വ്യക്തമാക്കി. മൂന്നു വയസു മുതല്‍ അഞ്ചു വയസു വരെയുള്ള കുട്ടികളെ ലക്ഷ്യമാക്കിയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. കുട്ടികള്‍ പുതിയ കാര്യങ്ങള്‍ ഗ്രഹിക്കുന്നതില്‍ സ്‌പോഞ്ചിന് സമാനമാണ്. അവരുടെ മനസ് തുറന്നു കിടക്കുന്നതിനാല്‍ എന്തും വേഗത്തില്‍ പഠിക്കാന്‍ അവര്‍ക്ക് സാധിക്കും. ഈ പ്രായത്തിലാണ് പഠിപ്പിക്കല്‍ എളുപ്പമാവുക. കളികളിലൂടെ അറബി അക്ഷരം മുതല്‍ പഠിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആപ്പിള്‍ ഐ ഒ എസ്, ആന്‍ഡ്രോയിഡ്, സാംസങ് സ്മാര്‍ട് ടി വി എന്നിവയില്‍ നിന്നു സൗജന്യ നിരക്കില്‍ ഇത് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. 20 അംഗങ്ങള്‍ അടങ്ങുന്ന സംഘമാണ് ആപ്പിന് രൂപം നല്‍കിയിരിക്കുന്നത്. ഇതിന്റെ പരിഷ്‌കരിച്ച പതിപ്പ് അടുത്ത ഏതാനും ആഴ്ചകള്‍ക്കകം കുട്ടികളെ തേടിയെത്തും. യു എ ഇയിലെ വിദ്യാലയങ്ങളുമായും കുട്ടികളുമായും ബന്ധപ്പെട്ടാണ് കമ്പനി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Add Comment