ഞാന്‍ ഖദീജാ യഅ്ഖൂബ്. ഞാന്‍ ഒരു മുസ്‌ലിം കുടുംബത്തിലാണ് ജനിച്ചത്. എന്റെ ഉമ്മ ചൈനയില്‍ പ്രബോധകയായിരുന്നു. എന്റെ മാതാപിതാക്കള്‍ നമസ്‌ക്കരിക്കുന്നതും നോമ്പെടുക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും കണ്ടിട്ടാണ് എന്റെ മനസ്സില്‍ നമസ്‌ക്കാരത്തോടും നോമ്പിനോടും താല്‍പര്യം ജനിച്ചത്. ഇസ്‌ലാമിക ചിട്ടവട്ടങ്ങളോടെയാണ് എന്റെ ബാല്യം കടന്നുപോയത്. നാട്ടില്‍ നിന്നു തന്നെ ഞാന്‍ അറബിക് പഠിച്ചിരുന്നു. എങ്കിലും അറബുനാടുകളില്‍ നിന്നു തന്നെ അറബി ഭാഷയില്‍ നൈപുണിനേടാന്‍ ഞാന്‍ തീരുമാനിച്ചു. അങ്ങനെ സിറിയയിലെ അബ്‌നൂര്‍ എന്ന യൂണിവേഴ്‌സിറ്റിയ്ല്‍ ഞാന്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 1995 ലാണ് അവിടെ ഇസ്‌ലാമിക ദഅ്‌വ വിഭാഗത്തില്‍ ഞാന്‍ ചേര്‍ന്നത്.
ചൈനയില്‍ ഏതെങ്കിലും സ്‌കൂളുകളില്‍ ഇസ്‌ലാമിക് ടീച്ചര്‍ ആവുകയെന്നതായിരുന്നു എന്റെ സ്വപ്നം. വിധിവൈപരീത്യത്താല്‍ ഞാന്‍ പിന്നീട് ദുബൈയില്‍ എത്തിപ്പെടുകയാണുണ്ടായത.് അവിടെ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഡിപാര്‍ട്ട്‌മെന്റില്‍ ഒരു ദാഇയായി ജോലി നോക്കി. ഞാന്‍ ജോലിയില്‍ വ്യാപൃതയായിരിക്കുമ്പോഴും പ്രവാചന്‍ മുഹമ്മദ് നബി (സ) യുടെ ഒരു വസ്വിയ്യത്ത് എപ്പോഴും ഓര്‍ത്തിരുന്നു. ‘ബല്ലീഗൂ അന്നീ വലൗ ആയത്’. എന്നില്‍ നിന്ന് ഒരായത്താണെങ്കിലും മറ്റുള്ളവര്‍ക്ക് എത്തിക്കുക എന്ന ഉപദേശമായിരുന്നു അത്.
ചില പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി ഡിപാര്‍ട്ട്‌മെന്റ് എന്നെ ചുമതലപ്പെടുത്തിയപ്പോള്‍ ദഅ്‌വതിനുള്ള ഏറ്റവും നല്ല ഒരു അവസരമാണ് എനിക്ക് ലഭിച്ചതെന്ന് ഞാന്‍ മനസ്സിലാക്കി. ഡ്രാഗണ്‍ മാര്‍ക്കറ്റിലെ ചൈനീസ് വംശജര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയെന്നതായിരുന്നു എന്റെ ദൗത്യം. പക്ഷേ അതൊരു വലിയ പ്രയാസമുള്ള ജോലിയായി എനിക്ക് തോന്നി. കാരണം മുസ്‌ലിംകളെ കുറിച്ച് ഒന്നുമറിയാത്തെ ഒരു സമൂഹത്തിന് ഇസ്‌ലാം പരിചയപ്പെടുത്തുന്നതെങ്ങനെ എന്നത് എന്നെ കുഴക്കി. ഇസ്‌ലാമിനെ കുറിച്ച് ഇവരെ പറഞ്ഞു മനസ്സിലാക്കാന്‍ കൂടുതല്‍ സമയംവേണ്ടി വരുമെന്ന് ഞാന്‍ കരുതി.
ഡ്രാഗണ്‍ മാര്‍ക്കറ്റില്‍ ആദ്യമായി ചെല്ലുമ്പോള്‍ അവിടെ കുറെ വിദ്യാര്‍ത്ഥിനികളെ ഞാന്‍ കണ്ടു. ഈ കുട്ടികളോട് എങ്ങനെയാണ് സംഭാഷണം ആരംഭിക്കാന്‍ കഴിയുക എന്ന് ഞാന്‍ ആലോചിച്ചു. അറബി പഠിക്കാനായി വന്ന വിദ്യാര്‍ത്ഥിനികളായിരുന്നു അവര്‍. തങ്ങളുടെ അറബി പഠിക്കാനുള്ള ആഗ്രഹമാണ് അവരെ ഇസ്‌ലാമിന്റെ വെളിച്ചത്തിലേക്ക് എത്തിച്ചത്. അവര്‍ക്ക് ജോലിയുടെ ഭാഗമായി അറബി ഭാഷ പഠിക്കേണ്ടിയിരുന്നു. ആദ്യ കാലത്ത് ഞാന്‍ അവരെ അറബി മാത്രമേ പഠിപ്പിച്ചുള്ളൂ. എന്നാല്‍ കുട്ടികള്‍ എന്നെ കുറിച്ചും എന്റെ മതത്തെ കുറിച്ചും കൂട്ടത്തിലൂടെ പഠിക്കുന്നുണ്ടെന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്.
ഡ്രാഗണ്‍ മാര്‍ക്കറ്റില്‍ ചൈനീസ് വംശജര്‍ക്ക് അറബി പഠിപ്പിക്കാന്‍ നിയോഗിക്കപ്പെട്ട ഞാന്‍ വഴി നിരവധി പെണ്‍കുട്ടികള്‍ ഇന്ന് ഇസ്‌ലാം സ്വീകരിച്ചു. അല്‍ഹംദുലില്ലാഹ്. തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി അവര്‍ അതിനെ കാണുന്നുവെന്നതാണ് എന്റെ ഏറ്റവും വലിയ സന്തോഷം. ഞാന്‍ പഠിപ്പിച്ചുകൊണ്ടിരുന്ന കുട്ടികളിലൊരുവള്‍ എന്റെയടുക്കല്‍ വന്ന് തനിക്ക് മുസ്‌ലിം ആവണമെന്ന് ഒരു ദിവസം ആവശ്യപ്പെടുകയായിരുന്നു. കുട്ടികളുടെ മനഃപരിവര്‍ത്തനത്തിന് ഞാന്‍ ഒരു നിമിത്തമായി മാറിയതില്‍ അല്ലാഹുവിനെ സ്തുതിക്കുന്നു.
ഇവിടെ വന്ന ചൈനീസ് കുട്ടികളില്‍ അധിക പേര്‍ക്കും ഇസ്‌ലാമിനെക്കുറിച്ചു ഒന്നുമറിയില്ലായിരുന്നു. ഏതാനുംചിലര്‍ക്ക് അല്‍പമെന്തൊക്കെയോ അറിയാമായിരുന്നെന്ന് മാത്രം. അവര്‍ ഇവിടെ വന്നാണ് ഇസ്‌ലാമിനെ കുറിച്ച് പഠിച്ചത്. എന്നാല്‍ അറബി പഠിക്കാന്‍ വന്ന കുട്ടികള്‍ ദുബായിയിലെ ഈ സ്ഥാപനത്തില്‍ വന്ന് ഭാഷ പഠിക്കുന്നതോടൊപ്പം ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് മനസ്സിലാക്കി സത്യദീന്‍ സ്വീകരിച്ച് മടങ്ങുന്നു. ഈ പെണ്‍കുട്ടികളില്‍ പലരുടെയും മാതാപിതാക്കള്‍ക്ക് മക്കള്‍ മുസ്‌ലിമായ വിവരം അറിയില്ല.
ഈ വിദ്യാര്‍ത്ഥികള്‍ എന്നെ സ്‌നേഹിക്കുകയും എന്റെ സംസാരം ഇഷ്ടപ്പെടുകയും ചെയ്തതാണ് അവരുടെ മാര്‍ഗദര്‍ശനത്തിന് കാരണമായത് എന്നു ഞാന്‍ വിശ്വസിക്കുന്നു. അവരില്‍ പലരും എന്നോട് നിരവധി ചോദ്യങ്ങള്‍ ചോദിക്കുകയും സംവാദത്തിലേര്‍പ്പെടുകയും ചെയ്തിട്ടുണ്ട്. സത്യത്തിന്റെ മാര്‍ഗത്തിലേക്ക് അവരെ കൈപിടിച്ചു നടത്തുക മാത്രമാണ് ഞാന്‍ ചെയ്തത്. വെള്ളിയാഴ്ചകളില്‍ അവരുടെ ആവശ്യപ്രകാരം ഞാന്‍ ക്ലാസ്സെടുത്തു. അവരെ ദീന്‍ പഠിപ്പിച്ചു. അല്‍ഹം ദുലില്ലാഹ് കുറേ ചൈനീസ് പെണ്‍കുട്ടികള്‍ ഞാന്‍ വഴി അല്ലാഹുവിന്റെ സത്യദീനിനെ തിരിച്ചറിഞ്ഞിരിക്കുന്നു. അതിന്റെ അനുകര്‍ത്താക്കളായിരിക്കുന്നു.
ഞാന്‍ മൂലം ഇസ്‌ലാം സ്വീകരിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരുവളുടെ ഭര്‍ത്താവിന് ഭാര്യയുടെ ഇസ്‌ലാമാശ്ലേഷം ഒട്ടും സ്വീകാര്യമായില്ല. അയാള്‍ അവളെ വല്ലാതെ നിരുത്സാഹപ്പെടുത്തികൊണ്ടിരുന്നു. എന്നാല്‍ ആ പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വന്ന മാറ്റം ആ മനുഷ്യന്റെ മനഃപരിവര്‍ത്തനത്തിന് കാരണമായി. ഇൗയിടെ അദ്ദേഹവും ഇസ്‌ലാം സ്വീകരിച്ചു. അല്‍ ഹംദുലില്ലാഹ്.
Add Comment