ഉമ്മുഹബീബ(റ)

ഉമ്മുഹബീബ ബിന്‍തു അബീസുഫ്‌യാന്‍(റ)

റംല എന്നാണ് ശരിയായ പേരെങ്കിലും ഉമ്മുഹബീബ എന്ന പേരിലാണ് പ്രസിദ്ധി നേടിയത്. ഉമയ്യാ ഗോത്രത്തില്‍ ജനിച്ചു. ഇസ്‌ലാമിന്റെയും മുഹമ്മദ് നബി(സ)യുടെയും പരമവിരോധിയായിരുന്ന അബൂസുഫ്‌യാനാണ് ഉമ്മുഹബീബയുടെ പിതാവ്. മാതാവ് ഉസ്മാന്‍(റ)വിന്റെ പിതൃസഹോദരിയും അബുല്‍ആസ്വിന്റെ പുത്രിയുമായ സ്വഫിയ്യയാണ്. മുആവിയ ഉമ്മുഹബീബയുടെ സഹോദരനാണ്.
സഅദ് ഗോത്രക്കാരനായ ഉബൈദില്ലാഹിബ്‌നു ജഹ്ശിനെ ഭര്‍ത്താവായി സ്വീകരിച്ചു. തിരുമേനിക്ക് നുബുവ്വത്ത് ലഭിച്ചപ്പോള്‍ ഉമ്മുഹബീബക്ക് 17 വയസ്സായിരുന്നു. ഉമ്മുഹബീബയുടെ ഇസ്‌ലാം സ്വീകരണം വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഉമ്മുഹബീബയുടെയും ഭര്‍ത്താവിന്റെയും ഇസ്‌ലാം സ്വീകരണം അബൂസുഫ്‌യാനും കുടുംബത്തിനും കനത്ത ആഘാതമായിരുന്നു. മകളെ ഇസ്‌ലാമില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അബൂസുഫ്‌യാന്‍ പരമാവധി ശ്രമിച്ചു. പക്ഷേ, അവര്‍ വഴങ്ങിയില്ല. ഖുറൈശികളുടെ അക്രമം സഹിക്കവയ്യാതെ വന്നപ്പോള്‍ ഉമ്മുഹബീബയും ഭര്‍ത്താവും അബ്‌സീനിയയിലേക്ക് യാത്രയായി. അധികം കഴിഞ്ഞില്ല അതിനുമുമ്പേ ഭര്‍ത്താവ് ഉബൈദുല്ല ക്രിസ്തുമതത്തിലേക്ക് മടങ്ങി. ഉമ്മുഹബീബ വല്ലാതെ പ്രയാസപ്പെട്ടു.
ഉമ്മുഹബീബയുടെ കരളലിയിക്കുന്ന കഥ നബി(സ) തിരുമേനി അറിഞ്ഞു. ഇസ്‌ലാമിനു വേണ്ടി സര്‍വ്വസ്വം ഉപേക്ഷിച്ച് അതുല്യമായ ത്യാഗങ്ങള്‍ സഹിച്ച ആ മഹതിയെ ആശ്വസിപ്പിക്കണമെന്ന് നബി(സ) ആഗ്രഹിച്ചു.ഒട്ടും താമസിയാതെ അംറുബ്‌നു ഉമയ്യയെ തിരുമേനി നജ്ജാശി രാജാവിന്റെ അടുക്കലേക്കയച്ചു. നജ്ജാശീ രാജാവ് ജഅ്ഫറുബ്‌നു അബീത്വാലിബിനെയും മറ്റു മുസ്‌ലിംകളെയും കൊട്ടാരത്തിലേക്കു ക്ഷണിച്ചു. എല്ലാവരുടെയും സന്നിധിയില്‍ വെച്ച് യഥാവിധി നബി(സ)യും ഉമ്മുഹബീബയും വിവാഹിതരായി.
അടിയുറച്ച ഈമാനിന്റെയും തഖ്‌വയുടെയും പ്രതീകമായിരുന്നു ഉമ്മുഹബീബ(റ). അബൂസുഫ്‌യാന്‍ നിര്യാതനായി മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ അവര്‍ സുഗന്ധദ്രവ്യം വരുത്തിച്ച് മുഖത്തും വസ്ത്രത്തിലും പുരട്ടി. എന്നിട്ട് അവിടെയുണ്ടായിരുന്നവരോട് പറഞ്ഞു: എനിക്ക് ഇതിലൊന്നും ഭ്രമമുണ്ടായിട്ടല്ല. ഭര്‍ത്താവൊഴിച്ച് ബന്ധുക്കളിലാരെങ്കിലും മരിച്ചാല്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ ദുഃഖമാചരിക്കരുതെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്. അതനുസരിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്.
ഹിജ്‌റ: 44ല്‍ എഴുപത്തിമൂന്നാമത്തെ വയസ്സില്‍ ഉമ്മുഹബീബ(റ) ഇഹലോകവാസം വെടിഞ്ഞു. സഹോദരനായ മുആവിയയുടെ ഭരണകാലത്തായിരുന്നു ഉമ്മുഹബീബ നിര്യാതയായത്.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured