മതപരമായി കാര്‍ക്കശ്യം പുലര്‍ത്താത്ത, ഇറ്റലിയിലെ പാരമ്പര്യ ക്രിസ്ത്യന്‍ കത്തോലിക്കാ കുടുംബത്തിലാണ് ഞാന്‍ വളര്‍ന്നത്. എല്ലാ ബുധനാഴ്ചയും ക്രിസ്തുമത വിദ്യാഭ്യാസം നേടുന്നതിനായി മാതാപിതാക്കള്‍ ഞങ്ങളെ കാത്തിയിസം ക്ലാസിനയച്ചു. എന്നാല്‍ പിതാവെന്നോട് ക്രിസ്ത്യാനിസത്തെക്കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല. സാധാരണ ധാര്‍മ്മിക മൂല്യങ്ങളുയര്‍ത്തിപ്പിടിച്ച് ജീവിക്കണമെന്നതിനപ്പുറം മതത്തിന്റെ ചട്ടക്കൂടില്‍ ജീവിക്കണമെന്നോ ക്രിസ്തുമതം അനുശാസിക്കും വിധം പരലോകമുണ്ടെന്നോ അദ്ദേഹം എന്നോട് പറഞ്ഞില്ല.
അതിനാല്‍ മതമൂല്യങ്ങളോട് എനിക്ക് പ്രത്യേക താല്‍പര്യം തോന്നിയില്ല. എന്തിനേറെ ദൈവമുണ്ടെന്ന വിശ്വാസം പോലും ഇല്ലായിരുന്നു.
എന്നാല്‍ ലോകത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളിലും അനീതിയിലും എനിക്ക് അമര്‍ഷമുണ്ടായിരുന്നു. ഈ അവസ്ഥയെ നേരിടാന്‍ ഒരു പ്രത്യയശാസ്ത്രം ആവശ്യമാണെന്നും എനിക്ക് തോന്നി.
ഹൈസ്‌കൂള്‍ ക്ലാസുകളില്‍ പഠിക്കുമ്പോഴാണ് മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ പഠിക്കുവാനുള്ള അവസരമുണ്ടായത്. മാര്‍ക്‌സിയന്‍ ദര്‍ശനങ്ങള്‍ ഒട്ടേറെ മനുഷ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് ഞാന്‍ വിശ്വസിച്ചു. ശാരീരിക ദാഹം തീര്‍ക്കാന്‍ ഒരു പരിധിവരെ കമ്മ്യണിസത്തിന് കഴിഞ്ഞാല്‍ പോലും ആത്മാവിന്റെ ദാഹം തീര്‍ക്കാന്‍ അതിന് കഴിയില്ലെന്ന് ഞാന്‍ സാവധാനം തിരിച്ചറിഞ്ഞു.
ജീവിതത്തിന്റെ അര്‍ത്ഥം കണ്ടെത്തല്‍
ബിരുദപഠനത്തിന് തത്വശാസ്ത്രമാണ് ഞാന്‍ തെരെഞ്ഞടുത്തത്. ഉയര്‍ന്ന മാര്‍ക്കോടെ ഭൗതികശാസ്ത്രത്തില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എനിക്ക് ആ വിഷയം പഠിക്കാനായിരുന്നു ആഗ്രഹം. ഇതില്‍ രക്ഷിതാക്കള്‍ക്ക് വലിയ നിരാശയുണ്ടായിരുന്നു. എന്നെ ഡോക്ടറോ എഞ്ചിനീയറോ ആക്കണമെന്നായിരുന്നു അവരുടെ മോഹം. എന്നാല്‍, എനിക്ക് ജീവിതത്തിന്റെയും പ്രപഞ്ചത്തിന്റെയും ലക്ഷ്യവും അര്‍ത്ഥവും അന്വേഷിക്കേണ്ടതുണ്ട്.
ബിരുദ പഠനം സാഹിത്യം, കല, സിനിമ, ഫാഷന്‍ രംഗങ്ങളിലേക്ക് എന്നെകൊണ്ടെത്തിച്ചു. തത്ത്വശാസ്ത്രപരമായി നല്ല അറിവ് നേടിയെങ്കിലും വ്യക്തിത്വം രംഗത്ത് എനിക്ക് വല്ലാതെ പ്രശോഭിക്കാനായില്ല.
അതിനിടെ എനിക്ക് വിദേശത്ത് പഠിക്കാന്‍ താല്‍പര്യം തോന്നി. അക്കാലത്ത് വിദേശത്ത് പഠനാവസരം ലഭിക്കുക വളരെ പ്രയാസകരമായിരുന്നു. എങ്കിലും കഠിനാധ്വാനവും ദൈവസഹായവും ഒത്തൊരുമിച്ചതോടെ പെട്ടെന്ന് അഡ്മിഷന്‍ ലഭിച്ചു.
വിദേശത്ത് എത്തിയതിന് ശേഷമാണ് എന്റെ ജീവിത കാഴ്ചപ്പാടില്‍ കാര്യമായി മാറ്റമുണ്ടായത്. യൂണിവേഴ്‌സിറ്റിയില്‍ ഫീസടക്കാനും വീട്ടുകാരെ സഹായിക്കാനുമായി പഠനത്തോടൊപ്പം കഠിന ജോലിയിലേര്‍പെടുന്നവരും പരുക്കന്‍ ഹോസ്റ്റലുകളില്‍ താമസിക്കുന്നവരുമായ ധാരാളം വിദ്യാര്‍ഥി സുഹൃത്തുക്കളെ ഞാനവിടെ പരിചയപ്പെട്ടു.
ഇത് ദൈവത്തെക്കുറിച്ച് ചിന്തിക്കാന്‍ എന്നെ പ്രേരിപ്പിച്ചു. ബുദ്ധിപരമായ ഉയര്‍ച്ചയുള്ളത് പോലെ ആത്മീയമായും വികാസം വേണമെന്ന് എനിക്ക് തോന്നി. ദൈവസാന്നിധ്യത്തെ നിഷേധിക്കാന്‍ കഴിയാത്ത അവസ്ഥയായി. പ്രപഞ്ചത്തിന് പിന്നില്‍ യുക്തിയുണ്ടെന്ന മനസ്സിലാക്കുന്നതപ്പോഴാണ്.
ഇക്കാലത്ത് എന്റെ ഹോസ്റ്റലില്‍ താമസിച്ചിരുന്ന ഒരു മുസ്ലിം യുവാവിനെ പരിചയപ്പെട്ടു. ചിന്താപരമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ അദ്ദേഹം വഴി ഞാന്‍ മുസ് ലിം ശാസ്ത്രജ്ഞന്മാരായ ഇബ്‌നുറുഷ്ദിനെക്കുറിച്ചും ഇബ്‌നുസീനയെക്കുറിച്ചും പഠിച്ചു.
ക്രിസ്തുമതത്തിന്റെ ദൈവശാസ്ത്ര സമീപനങ്ങളില്‍ മാത്രം പരിമിതമായിരുന്നു എന്റെ ഫിലോസഫി പഠനമെന്ന് ഞാന്‍ തിരിച്ചറിയുന്നത് അപ്പോഴാണ്. സോക്രട്ടീസിന്റെയും അരിസ്‌റ്റോട്ടിലിന്റെയും സിദ്ധാന്തങ്ങള്‍ മനപ്പാഠമാക്കുന്നതിലപ്പുറം തത്ത്വശാസ്ത്ര പഠനങ്ങള്‍ക്ക് ആഴമുണ്ടെന്നും, യൂറോ കേന്ദ്രീകൃതമായ തത്ത്വശാസ്ത്ര പഠനത്തിന് പരിമിതികളുണ്ടെന്നും ഞാന്‍ അറിഞ്ഞു.
ഏകദൈവ സിദ്ധാന്തത്തിന്റെ ബാലപാഠങ്ങള്‍ അദ്ദേഹം എനിക്ക് പഠിപ്പിച്ചുതന്നു. പൗരോഹിത്യത്തിലധിഷ്ഠിതമായ ക്രിസ്തുമതത്തില്‍ എനിക്ക് പിന്നീട് തീരെ താല്‍പര്യമില്ലാതായി.
ദൈവശാസ്ത്രവുമായി ബന്ധപെട്ട അതിന്റെ തത്ത്വശാസ്ത്രങ്ങള്‍ വെറും ബൗദ്ധികവ്യായാമം മാത്രമായിരുന്നു. തീര്‍ച്ചയായും ഇസ്‌ലാം ക്രിസ്തുമതത്തെ അപേക്ഷിച്ച് പ്രായോഗിക മതമാണ്്. ആത്മീയതയെയും ഭൗതികതയെയും പരസ്പരം ബന്ധിപ്പിക്കുവാന്‍ അതിന്നാകുന്നു എന്നത് ഇസ്‌ലാമിനോടുള്ള എന്റെ താല്‍പര്യം വര്‍ധിപ്പിച്ചു. ഖുര്‍ആന്‍ വിശുദ്ധ ഗ്രന്ഥമാണെന്നതില്‍ എനിക്ക് സംശയമുണ്ടായിരുന്നില്ല
അപ്പോഴും ഞാനത് വായിക്കുകയോ പഠിക്കുകയോ ചെയ്തിരുന്നില്ല. പിന്നീട് ബോല്‍ഗാനയില്‍ വെച്ചാണ് എനിക്ക് ഖുര്‍ആനിന്റെ ആദ്യ കോപ്പി ലഭിക്കുന്നത്. അവിടെ വെച്ച് അതീവതാല്‍പര്യത്തോടുകൂടി വായിച്ച സൂക്തങ്ങള്‍ തന്നെ എന്നെ ഖുര്‍ആനിലേക്ക് ആകര്‍ഷിച്ചു. സൂറത്തുന്നൂറിലെ 35 ാം സൂക്തമാണ് ഖുര്‍ആനില്‍ നിന്ന് ആദ്യമായി ഞാന്‍ പാരായണം ചെയ്തത്.
‘അല്ലാഹു ആകാശഭൂമികളുടെ വെളിച്ചമാണ്. അവന്റെ വെളിച്ചത്തിന്റെ ഉപമയിതാ: ഒരു വിളക്കുമാടം; അതിലൊരു വിളക്ക്. വിളക്ക് ഒരു സ്ഫടികക്കൂട്ടിലാണ്. സ്ഫടികക്കൂട് വെട്ടിത്തിളങ്ങുന്ന ആകാശനക്ഷത്രം പോലെയും. അനുഗൃഹീതമായ ഒരു വൃക്ഷത്തില്‍ നിന്നുള്ള എണ്ണ കൊണ്ടാണത് കത്തുന്നത്. അഥവാ, കിഴക്കനോ പടിഞ്ഞാറനോ അല്ലാത്ത ഒലീവ് വൃക്ഷത്തില്‍നിന്ന്. അതിന്റെ എണ്ണ തീ കൊളുത്തിയില്ലെങ്കില്‍പോലും സ്വയം പ്രകാശിക്കുമാറാകും. വെളിച്ചത്തിനുമേല്‍ വെളിച്ചം. അല്ലാഹു തന്റെ വെളിച്ചത്തിലേക്ക് താനിച്ഛിക്കുന്നവരെ നയിക്കുന്നു. അവന്‍ സര്‍വ ജനത്തിനുമായി ഉദാഹരണങ്ങള്‍ വിശദീകരിക്കുന്നു. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്. (അന്നൂര്‍35). സുക്തത്തിലെ ‘വെളിച്ചത്തിനുമേല്‍ വെളിച്ചം’ എന്ന പരാമര്‍ശം എനിക്ക് കൂടുതല്‍ ആകര്‍ഷണീയമായിത്തോന്നി.
അതിനിടെ, എനിക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിത്തന്ന ആ മുസ് ലിം യുവാവിനെ ഞാന്‍ വിവാഹം കഴിച്ചു. വീട്ടുകാരുമായി ചിലകാര്യങ്ങളില്‍ അഭിപ്രായ വ്യത്യസമുണ്ടായിരുന്നെങ്കിലും ഞാനവരുടെ നല്ല മകളായിരിക്കാന്‍ ശ്രദ്ധിച്ചു. ഇസ്‌ലാമിന്റെ വസ്ത്രധാരണ രീതിയും ഇക്കാലത്ത് ഞാന്‍ പരിശീലിച്ചു. ഇന്നും വിശുദ്ധ ഖുര്‍ആനിലെ ചില വചനങ്ങള്‍ എന്നെ മുന്നോട്ട് നയിച്ച് കൊണ്ടിരിക്കുന്നു.
‘ഏഴ് ആകാശങ്ങളും ഭൂമിയും അവയിലുള്ളവരും അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നു. യാതൊരു വസ്തുവും അവനെ സ്തുതിച്ചു കൊണ്ട് (അവന്റെ) പരിശുദ്ധിയെ പ്രകീര്‍ത്തിക്കാത്തതായി ഇല്ല. പക്ഷേ അവരുടെ കീര്‍ത്തനം നിങ്ങള്‍ ഗ്രഹിക്കുകയില്ല. തീര്‍ച്ചയായും അവന്‍ സഹനശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു’. (ഇസ്‌റാഅ്44)
അവലംബം: onislam.net
Add Comment