ഞാനറിഞ്ഞ ഇസ്‌ലാം

ഇസ് ലാമില്‍ ഞാന്‍ കണ്ടതൊക്കെയും നന്മയാണ്: മര്‍യം ജമീല

(പ്രശസ്ത ഇസ് ലാമിക പണ്ഡിതയും ഗ്രന്ഥകാരിയുമായ മര്‍യം ജമീലയുമായി ഇസ് ലാമിക് ബുള്ളറ്റിന്‍ ഡോട്ട് ഓര്‍ഗ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍)

ഇസ് ലാമിനോട് താല്‍പര്യമുണ്ടാകുന്നത് എങ്ങനെയാണ് ?

മാര്‍ഗരറ്റ് മാര്‍ക്കസ് എന്നായിരുന്നു എന്റെ പേര്. കുട്ടിയായിരുന്നപ്പോഴേ എനിക്ക് സംഗീതത്തിലും നൃത്തത്തിലും വലിയ താല്‍പര്യമായിരുന്നു. ക്ലാസിക്കല്‍ ഓപ്പറകളും സിംഫണികളും പാശ്ചത്യരെ സംബന്ധിച്ചിടത്തോളം വളരെ പ്രിയപ്പെട്ടതാണ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ യാദൃശ്ചികമായാണ് അറബി സംഗീതം കേള്‍ക്കാനിടയായത്. അതെന്നെ വല്ലാതെ ആകര്‍ഷിച്ചു. വീണ്ടും വീണ്ടും അറബി പാട്ടുകള്‍ കേള്‍ക്കാന്‍ അതെന്നെ പ്രേരിപ്പിച്ചു. അറബി റെക്കോഡിംങ് കാസറ്റുകള്‍ വാങ്ങിച്ചുതരുന്നത് വരെ ഞാന്‍ എന്റെ പിതാവിനെ ശല്യപ്പെടുത്തിക്കൊണ്ടിരുന്നു.

മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അറബി സംഗീതം ചതുര്‍ഥിയായിരുന്നതുകൊണ്ട് അവരത് ഇക്കാര്യത്തില്‍ വലിയ താല്‍പര്യം കാണിച്ചില്ല. വാതിലുകളും ജനലുകളുമെല്ലാം അടച്ച് മറ്റാരും ശല്യമാവാത്ത വിധം അറബി പാട്ടുകള്‍ കേള്‍ക്കാന്‍ പിതാവെനിക്ക് അനുവാദം നല്‍കി.
1961 ല്‍ ഇസ്്‌ലാം ആശ്ലേഷിച്ച ശേഷം ന്യൂയോര്‍ക്ക് പള്ളിയില്‍, ഈജിപ്ഷ്യനും പ്രശസ്ത ഖാരിഉമായ അബ്ദുല്‍ ബാസിത്തിന്റെ ഖുര്‍ആന്‍ പാരായണം മണിക്കൂറുകളോളം ഞാന്‍ ശ്രവിക്കുമായിരുന്നു. പത്താമത്തെ വയസ്സിലാണ് ഇസ്്‌ലാമിനോട് എനിക്ക് താല്‍പര്യം തോന്നുന്നത്. ഞായാറാഴ്ചകളില്‍ സംബന്ധിക്കാറുണ്ടായിരുന്ന ജൂതപഠന ക്ലാസുകളില്‍ ജൂതരുടെ അറബ് ബന്ധത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ എന്നില്‍ വലിയ ജിജ്ഞാസ ഉളവാക്കി. അബ്രഹാം പ്രവാചകന്‍ ജൂതന്മാര്‍ക്കെന്നപോലെ മുസ്്‌ലിംകളുടെയും പിതാവാണെന്ന കാര്യം അവിടെ നിന്നാണ് ഞാന്‍ അറിയുന്നത്. മധ്യകാല യൂറോപ്പ് ഇസ് ലാമിനോടും മുസ് ലിംകളോടും കാണിച്ച ക്രൂരതകള്‍ ഞാന്‍ വായിച്ചു. സയണിസത്തിന്റെ യഥാര്‍ത്ഥ മുഖം അന്നെനിക്കറിയില്ലായിരുന്നു. ജൂതര്‍ അവരുടെ സംസ്‌ക്കാരത്തെയും പൈതൃകത്തെയും സംരക്ഷിക്കാന്‍ വേണ്ടിയാണ് ഫലസ്തീനിലെ പുണ്യ ഭൂമി കയ്യേറുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കിയത്. അറബികളും ജൂതരും സഹകരിച്ചുകൊണ്ട് പുതിയൊരു രാജ്യത്തിന് നാന്ദികുറിക്കുമെന്ന് കരുതിയ എനിക്ക് പിന്നീടാണ് ബോധ്യപ്പെട്ടത്, സയണിസം അനന്തമായ വര്‍ഗീയതയുടെയും ജാതീയതയുടെയും ഒരു സംഘടനയാണെന്ന്.
സണ്‍ഡേ സ്‌കൂളിലെ പഠന കാലത്താണ് അബ്ദുല്ല യൂസുഫലിയുടെ ഖുര്‍ആന്‍ പരിഭാഷ വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചത്. അവിടെവെച്ച് പരിചയപ്പെട്ട സേനിതയാണ് അറബി പഠിക്കാനും ഇസ് ലാമിനെക്കുറിച്ച് പഠിക്കാനും എനിക്ക് പ്രചോദനം നല്‍കിയത്. സനിതയുടെ ഇസ് ലാം ആശ്ലേഷണവും അതിന്റെ പിന്നിലെ കാരണങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു.
സേനിത ഒരിക്കല്‍ കലശലായ രോഗം ബാധിച്ച് കിടപ്പിലായി. കടുത്ത രോഗിയായിരിക്കെയും സേനിത വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമായിരുന്നു. ഖുര്‍ആനിക ആശയങ്ങള്‍ അവളുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങിയതോടെ അതവരില്‍ വല്ലാത്ത ആശ്വാസവും സമാധാനവും ഉണ്ടാക്കി. തന്റെ രോഗത്തിന് ശമനം ലഭിക്കുന്നതായി അവര്‍ തിരിച്ചറിഞ്ഞു. ഈ അനുഭവം എന്നെ വല്ലാതെ സ്വാധീനിച്ചു. അന്നേ ദിവസം തന്നെ എന്റെ രണ്ട് മുസ് ലിം സുഹൃത്തുക്കല്‍ മുഖേന ഞാന്‍ ഇസ് ലാം സ്വീകരിക്കുകയും ചെയ്തു.

മുസ് ലിംകള്‍ താങ്കളെ സ്വീകരിച്ചില്ലെങ്കിലോ എന്ന് ഭയപ്പെട്ടിരുന്നുവോ?
ജൂതരായ സഹപ്രവര്‍ത്തകരും ബന്ധുക്കളും എന്നെ വളരെയധികം നിരുത്സാഹപ്പെടുത്തിയിരുന്നു. എന്റെ നിലപാട് ജൂതരുടെയും പൊതു സമൂഹത്തിന്റെയും കടുത്ത എതിര്‍പ്പിന് വിധേയമാകുമെന്നവര്‍ പറഞ്ഞു. മുസ് ലിം ആയാല്‍ തന്നെയും നിന്നെ മുസ് ലിം സമൂഹം സ്വീകരിക്കുകയില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ഇസ് ലാം സ്വീകരിച്ചപ്പോള്‍ തന്നെ അവരുടെ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. മാത്രമല്ല, എന്റെ ഇസ് ലാം സ്വീകരണത്തെ മുസ് ലിംകള്‍ അത്യധികം സ്വാഗതം ചെയ്യുകയാണുണ്ടായത്. ഞാന്‍ ഒരു ജൂതയായിരുന്നുവെന്നത് അവര്‍ക്ക് പ്രശ്‌നമായിരുന്നില്ല.

മാതാപിതാക്കളുടെ പ്രതികരണം എങ്ങനെയായിരുന്നു?
ഇസ് ലാം സ്വീകരിച്ചപ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും എന്നോട് ഒരു മതഭ്രാന്തയോടെന്നപോലെയാണ് പെരുമാറിയത്. കാരണം, അക്കാലത്ത് എനിക്ക് ഇസ് ലാം അല്ലാത്ത ഒന്നിനെക്കുറിച്ചും സംസാരിക്കാനുണ്ടായിരുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം മതം ജീവിതത്തിലെ ഒരു സ്വകാര്യ ഇടപാട് മാത്രമായിരുന്നു. അല്ലെങ്കില്‍ ഒരു ഹോബി. എന്നാല്‍ ഇസ് ലാം ഒരു ഹോബിയല്ലെന്നും അത് ജീവിതം തന്നെയാണെന്നും ഞാന്‍ മനസ്സിലാക്കി.

ഇസ് ലാം സ്വീകരിച്ച ശേഷം അറബികളെക്കുറിച്ച് നിങ്ങളുടെ ധാരണക്ക് മാറ്റം വന്നോ ?
ഇസ് ലാം സ്വീകരിച്ച് വര്‍ഷങ്ങള്‍ കഴിയുന്തോറും എനിക്ക് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലായിക്കൊണ്ടിരുന്നു. ഇസ് ലാം കൊണ്ടുവന്ന അറബികള്‍ വലിയ മഹാന്‍മാരല്ലെന്നും മറിച്ച് ഇസ് ലാമാണ് അവരെ മഹാന്‍മാരാക്കിയതെന്നും ഞാന്‍ മനസ്സിലാക്കി. പ്രവാചകന്‍ മുഹമ്മദ് നബി ഇല്ലായിരുന്നുവെങ്കില്‍ അറബികള്‍ ലോകത്ത് അറിയപ്പെടാത്ത ഒരു സമൂഹം മാത്രമായേനെ. ഖുര്‍ആന്‍ ഇല്ലായിരുന്നുവെങ്കില്‍ അറബിഭാഷക്ക് യാതൊരു പ്രത്യേകതയും ഉണ്ടാകുമായിരുന്നില്ല.

ഇസ് ലാമും ജൂതായിസവും തമ്മില്‍ താങ്കള്‍ കാണുന്ന സദൃശ്യങ്ങള്‍ എന്തെല്ലാം?
ജൂതായിസത്തിന് ക്രിസ്ത്യാനിസത്തോടുള്ള ബന്ധത്തേക്കാള്‍ ശക്തമാണ് അതിന് ഇസ് ലാമിനോടുള്ളത്. ഇസ് ലാമും ജൂതായിസവും ഏകദൈവത്തില്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തില്‍ ഒരു നീക്കുപോക്കും സാധ്യമല്ല. ദൈവിക കല്‍പ്പന ജീവിതത്തില്‍ അനുധാവനം ചെയ്യുന്ന കാര്യത്തിലും മുസ് ലിംകളും ജൂതരും ഒന്നുപോലെതന്നെ.
ജൂതായിസത്തില്‍ മതവും ദേശീയതയും ആശയക്കുഴപ്പമുണ്ടാകും വിധം ബന്ധമുണ്ട്. ഒന്നിനെ ഒന്നില്‍ നിന്ന് ഇഴപിരിച്ച് മനസ്സിലാക്കാന്‍ കഴിയില്ല. ജൂത ഗോത്രത്തില്‍ നിന്നാണ് ജൂതായിസമുണ്ടാകുന്നത്. ഈ പേര് പോലും സാര്‍വ്വത്രികവും സാര്‍വദേശീയവുമായ ഒരു സന്ദേശത്തെ പ്രതിനിധാനം ചെയ്യുന്നില്ല. ഒരാള്‍ ജൂതനാകുന്നത് അയാളുടെ കര്‍മ്മങ്ങളും വിശ്വാസവും കൊണ്ടല്ല. അയാള്‍ ജൂതമാതാപിതാക്കള്‍ക്ക് പിറന്നത് കൊണ്ടാണ്.
ദേശീയത ഈ മതത്തെ പല അര്‍ത്ഥത്തിലും ദുഷിപ്പിക്കുന്നുണ്ട്. ദൈവം മാനവരാശിയുടെ ദൈവമല്ല. ഇസ്രയേലി മക്കളുടെ ദൈവമാണ്.

ഇസ് ലാം നിങ്ങളുടെ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനമെന്താണ്?
എല്ലാ നല്ല മൂല്യങ്ങളെയും പുല്‍കണമെന്ന എന്റെ അടങ്ങാത്ത ആഗ്രഹത്തിന് ശമനമായത്  ഇസ് ലാമില്‍ എത്തിയപ്പോഴാണ്. ഇസ് ലാമില്‍ ഞാന്‍ കണ്ടതൊക്കെയും നന്മയാണ്, സൗന്ദര്യമാണ്. അവയൊക്കെ മാനവ ജീവിതത്തെ അര്‍ത്ഥവത്താക്കുകയും നേര്‍ദിശയിലേക്ക് നയിക്കുന്നതുമാണ്. എന്നാല്‍ മറ്റു മതങ്ങളില്‍ സത്യം വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്.
നിങ്ങളെങ്ങനെ ഇതറിഞ്ഞു എന്നു ആരെങ്കിലും ചോദിച്ചാല്‍, അവര്‍ക്ക് മുമ്പില്‍ എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ മാത്രമാണ് തുറന്നു വെക്കാനുള്ളത്. ഇസ് ലാമിനോടുള്ള എന്റെ പ്രതിബന്ധത വളരെ ശാന്തവും സമാധാന പരവുമാണ്. എന്നാല്‍ അത് വളരെ തീവ്രമായ ബോധ്യപ്പെടലിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഞാന്‍ വിശ്വസിക്കുന്നത് ഇതുപോലെ ഇസ് ലാമിനെ കുറിച്ച് ഞാന്‍ അറിയുന്നതിന് എത്രയോ മുമ്പു തന്നെ ഞാന്‍ ഹൃദയം കൊണ്ടൊരു മുസ് ലും തന്നെയായിരുന്നു. ഇസ് ലാമിലേക്കുള്ള എന്റെ മാറ്റം മനസ്സും ചിന്തയും കാലങ്ങളായി ആഗ്രഹിച്ചുകൊണ്ടിരുന്ന ഒന്നിലേക്കുള്ള ഔപചാരിക മാറ്റം മാത്രമായിരുന്നു.

മര്‍യം ജമീല / ഇസ് ലാമിക് ബുള്ളറ്റിന്‍ ഡോട്ട് ഓര്‍ഗ്

Topics