(സ്‌കോട്ടിഷ് വംശജയും രാജപ്രഭുവായിരുന്ന ചാള്‍സ് മുര്‍റെയുടെ മുതിര്‍ന്ന പുത്രിയുമായിരുന്ന ലേഡി ഇവ്‌ലിന്‍ കബോള്‍ഡിന്റെ ഇസ് ലാം സ്വീകരണത്തെക്കുറിച്ച്)
‘ഞാന്‍ എപ്പോള്‍, എങ്ങനെ ഇസ്ലാം സ്വീകരിച്ചുവെന്ന് എന്നോട് പലരും ചോദിക്കാറുണ്ട്. അതിനുള്ള മറുപടി; 1991ലാണ് ഞാന്‍ ഇസ്ലാമിക വൃത്തത്തില്‍ പ്രവേശിച്ചതെങ്കിലും ഏറ്റവുമാദ്യം എന്റെ ഹൃദയത്തില്‍ ഇസ്ലാമിന്റെ പ്രകാശം എപ്പോള്‍,
എങ്ങനെ പതിഞ്ഞു എന്നെനിക്ക് പറയാനാവില്ല എന്നാണ്. ചിന്തിക്കുമ്പോള്‍ തോന്നുന്നത് ഞാന്‍ എന്നും മുസ്ലിമായിരുന്നുവെന്നാണ്. അതിനു കാരണം ഇസ്ലാം മനുഷ്യപ്രകൃതിയുടെ ശബ്ദമാണെന്നതാണ്. എപ്രകാരം ഒരു കുട്ടിയെ സ്വച്ഛമായ ചുറ്റുപാടില്‍ വളരാന്‍ വിട്ടാല്‍, വലുതാകുമ്പോള്‍ എല്ലാ അടിസ്ഥാന മാനവിക ഗുണങ്ങളും അനിവാര്യമായും അവന്നുള്ളില്‍ പ്രത്യക്ഷമായിട്ടുണ്ടാകുമോ അതുപോലെ ഒരു മനുഷ്യനെ കുടുംബവും വിദ്യാഭ്യാസവും ചുറ്റുപാടുകളും കൃത്രിമമായി സ്വാധീനിച്ചില്ലെങ്കില്‍ അവന്റെ ഉള്ളില്‍ ഇസ്ലാം താല്‍പര്യപ്പെടുന്ന എല്ലാ ധാര്‍മിക ഗുണങ്ങളും പ്രശോഭിതമായിട്ടുണ്ടാകും. അതിനാല്‍, ഒരു യൂറോപ്യന്‍ വിമര്‍ശകന്‍ ചൂണ്ടിക്കാട്ടിയതുപോലെ ഇസ്ലാം സാമാന്യബോധത്തിന്റെ മതമാണ്. ക്രിസ്തുമതത്തിന്റെ വിശ്വാസാചാരങ്ങളെക്കുറിച്ച് ചിന്തിച്ചപ്പോള്‍ എന്റെ ബുദ്ധിയും അത് മനുഷ്യപ്രകൃതിയുടെ മതമല്ലെന്ന് തിരിച്ചറിഞ്ഞിരുന്നു.
ത്രിയേകത്വം, യേശുവിന്റെയും മര്‍യമിന്റെയും വിഗ്രഹങ്ങള്‍ക്കുള്ള ആരാധന, ജന്മനാ പാപിയാണെന്ന സങ്കല്‍പം, പ്രായശ്ചിത്തം തുടങ്ങിയവയെല്ലാം മനുഷ്യന്റെ ബുദ്ധിയുടെയും മനസ്സാക്ഷിയുടെയും താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. അതിനാല്‍, എന്നില്‍ ബോധം കണ്ണുതുറന്നതോടെ ഈ സങ്കല്‍പങ്ങളോടെല്ലാം ഞാന്‍ കലാപം പ്രഖ്യാപിച്ചു.
എന്നാല്‍, അതോടൊപ്പം ഞാന്‍ ഭൗതികവാദത്തില്‍ നിന്നും അകലം പാലിച്ചു. ഈ പ്രപഞ്ചത്തിന് ഒരു സ്രഷ്ടാവും ഉടമയുമുണ്ട്. എന്നാല്‍, നാം അത് തിരിച്ചറിയാനുള്ള മാര്‍ഗം മറന്നിരിക്കയാണ്. ഇതാണ് എന്റെ മനസ്സ് നിശ്ശബ്ദം പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനാല്‍, സത്യാന്വേഷണത്തിന്റെ ഭാഗമായി വിവിധ മതങ്ങളെ താരതമ്യം ചെയ്തു പഠിക്കാന്‍ തുടങ്ങി. വിവിധ മതങ്ങളെക്കുറിച്ച് കിട്ടാവുന്ന പുസ്തകങ്ങള്‍ ഞാന്‍ വായിച്ചു. വായനയോടൊപ്പം വായിച്ച കാര്യങ്ങള്‍ വിശകലനം ചെയ്യുകയും അപഗ്രഥിക്കുകയും ചെയ്തു.
എല്ലാ മതങ്ങളെയും അപേക്ഷിച്ച് പ്രകൃതിയോട് അടുത്തതും പ്രയോഗക്ഷമവുമായ മതം ഇസ്ലാം മാത്രമാണെന്ന ബോധമാണ് അത് നല്‍കിയത്. ആധുനിക കാലഘട്ടത്തിലെ സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവ് ഈ മതത്തിന് മാത്രമേ ഉള്ളൂ. മനുഷ്യന് സമാധാനത്തിലേക്കും യഥാര്‍ഥ സന്തോഷത്തിലേക്കും എത്താനുള്ള ഒരേയൊരു വഴിയും അതു തന്നെ. അല്ലാഹു പങ്കുകാരനില്ലാത്ത വിധം ഏകനാണ്. ഹസ്‌റത് മുഹമ്മദ്, ഈസ, മൂസ തുടങ്ങിയ എല്ലാ പ്രവാചകന്മാരും അല്ലാഹുവിനാല്‍ നിയോഗിക്കപ്പെട്ടവരാണ്; ലോകത്ത് ഒരു ജനതക്കും സന്മാര്‍ഗം നിഷേധിക്കപ്പെട്ടിട്ടില്ല തുടങ്ങിയ ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങള്‍ എന്റെ മനസ്സിലേക്ക് ആഴ്ന്നിറങ്ങി. മനുഷ്യന്‍ ജന്മനാ പാപിയല്ല; മറിച്ച് നിര്‍ദോഷിയായാണ് ജനിക്കുന്നത്. ആരുടെയെങ്കിലും പ്രായശ്ചിത്തമല്ല, ആത്മാര്‍ഥതയോടെയുള്ള പ്രവര്‍ത്തനമാണ് അവനെ രക്ഷിക്കുക തുടങ്ങിയ ഇസ്ലാമിലെ വിശ്വാസങ്ങളും പ്രകൃതിയോട് ഇണങ്ങുന്നതായി ഞാന്‍ കണ്ടു. അടിയാറുകള്‍ക്ക് ദൈവവുമായി നമുക്ക് എപ്പോഴും എവിടെവെച്ചും ബന്ധപ്പെടാം ; നമ്മുടെ കര്‍മം ശരിയല്ലെങ്കില്‍ വലിയ വലിയ ശിപാര്‍ശകള്‍ പോലും നമ്മുടെ രക്ഷക്ക് മതിയാവില്ല. പ്രവാചകന്‍മാരായ ഈസയോ മുഹമ്മദോ പോലും നമ്മെ ശിക്ഷയില്‍നിന്ന് രക്ഷിക്കില്ല തുടങ്ങിയ വിശ്വാസങ്ങളും എനിക്ക് നന്നായി ബോധിച്ചു.
ഇസ്ലാം എന്ന പദത്തിന്റെ ഒരര്‍ഥം ദൈവത്തിനു മുമ്പില്‍ നമിക്കുകയും അവന്റെ നിയമങ്ങള്‍ക്ക് മുമ്പില്‍ തല കുനിക്കുകയും ചെയ്യുക എന്നാണ്. സമാധാനം, ശാന്തി എന്നാണ് അതിന്റെ മറ്റൊരര്‍ഥം. അതിനാല്‍, ആരുടെ തൃപ്തി, പ്രപഞ്ച സ്രഷ്ടാവിന്റെ തൃപ്തിയോട് ഐക്യപ്പെടുന്നോ അവനാണ് സത്യസന്ധനായ മുസ്ലിം. അതില്ലാതെ അവന്റെ വ്യക്തിജീവിതത്തിലും സാമൂഹിക ജീവിതത്തിലും യഥാര്‍ഥ ശാന്തിയും സമാധാനവും കരഗതമാകുകയില്ല. അതുപോലെ ഇസ്ലാം രണ്ട് അടിസ്ഥാനപരമായ നന്മകളുടെ മനോഹരമായ സങ്കലനമാണ്. അല്ലാഹുവിന്റെ ഏകത്വവും മനുഷ്യസാഹോദര്യവുമാണത്. അതില്‍ ഹിന്ദുമതത്തെപ്പോലെയോ ബുദ്ധമതത്തെപ്പോലെയോ ഏതെങ്കിലും തരത്തിലുള്ള സന്ദേഹമോ മിത്തുകളോ ഇല്ല. എല്ലാറ്റിലുമുപരി അത് എല്ലാ അര്‍ഥത്തിലും ഗുണകാംക്ഷാപരമായ ഒരു വിശ്വാസ സംഹിതയാണ്.
ആരോഗ്യപൂര്‍ണമായ ഒരു സാമൂഹിക വ്യവസ്ഥക്കുവേണ്ടി ഇസ്ലാം വ്യക്തിയുടെ അവകാശങ്ങള്‍ക്ക് അസാധാരണമായ സംരക്ഷണം നല്‍കുന്നു. വ്യക്തിഹത്യയിലധിഷ്ഠിതമായ കേട്ടുകേള്‍വികള്‍ സ്വീകരിക്കുന്നത് ഖുര്‍ആന്‍ വിലക്കുന്നു (സൂറത്തുന്നൂര്‍: 6). ഒരാളുടെയടുത്ത് ആര്‍ക്കെങ്കിലുമെതിരെ വസ്തുതാപരമായ വല്ല ആരോപണവും ഉണ്ടെങ്കില്‍ പോലും അയാള്‍ അതിന് സാക്ഷികളെ ഹാജരാക്കേണ്ടിവരും. അല്ലെങ്കില്‍ നിശ്ശബ്ദത പാലിക്കണം. തെറ്റായ വാദത്തിനും കള്ളസാക്ഷ്യത്തിനും കടുത്ത ശിക്ഷ നേരിടേണ്ടിവരും.
ഇതുപോലെ ഇസ്ലാം എല്ലാ വ്യക്തികള്‍ക്കും നീതി ഉറപ്പുനല്‍കിയിരിക്കുന്നു. ഈ ഉദ്ദേശ്യാര്‍ഥം അല്ലാഹുവിന്റെ അവകാശവും അടിയാറുകളുടെ അവകാശവും ഉള്‍ക്കൊള്ളുന്ന സമ്പൂര്‍ണമായ ഒരു ചട്ടം ക്രോഡീകരിച്ചിരിക്കുന്നു. അതില്‍ അടിയാറുകളുടെ അവകാശങ്ങള്‍ക്ക്, അതായത് മനുഷ്യന്റെ അവകാശങ്ങള്‍ക്ക് ശക്തമായ ഊന്നലാണ് നല്‍കിയിരിക്കുന്നത്. എത്രത്തോളമെന്നാല്‍ ഇസ്ലാമിക ശരീഅത്ത് പ്രകാരം തന്റെ അവകാശങ്ങളില്‍ വരുത്തുന്ന പിഴവ് അല്ലാഹു പൊറുത്ത് കൊടുത്തേക്കാം. എന്നാല്‍, ആരെങ്കിലും സൃഷ്ടികളുടെ അവകാശത്തില്‍ കൈവെച്ചാല്‍ ആരുടെ അവകാശമാണോ ഇവര്‍ കൈവശപ്പെടുത്തിയത് അയാള്‍ മാപ്പ് കൊടുത്താല്‍ മാത്രമേ അല്ലാഹു മാപ്പ് കൊടുക്കുകയുള്ളൂ.
ഇസ്ലാം സ്വീകരണത്തിനു ശേഷം എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ഇസ്ലാമിന്റെ ചിഹ്നം ഹജ്ജാണ്. ആത്മാര്‍ഥതയിലും ദൈവസ്‌നേഹത്തിലും ചാലിച്ചെടുത്ത മനസ്സും ശരീരവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ലക്ഷക്കണക്കിനാളുകള്‍ ആ വിശുദ്ധമായ മണ്ണില്‍ ഒരുമിച്ചുകൂടുകയും ബോധപൂര്‍വം അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യുന്ന ഹൃദയഹാരിയായ കാഴ്ചയോട് കിടപിടിക്കുന്ന മറ്റൊന്നില്ല!
ഹജ്ജ് യഥാര്‍ഥത്തില്‍ അങ്ങേയറ്റം പ്രാധാന്യവും സ്വാധീനവുമുള്ള ഒരു ഇസ്ലാമിക ചിഹ്നമാണ്. മുസ്ലിംകളുടെ ഐക്യത്തിന്റെയും ഏകതാനതയുടെയും ഉജ്ജ്വല പ്രകടനമാണത്. അതിനാല്‍, ഈ ബാധ്യതയുടെ ചൈതന്യം നിലനിര്‍ത്തുകയും ആചാരമെന്ന നിലക്കല്ല, മറിച്ച് ബോധപൂര്‍വം അനുഷ്ഠാനങ്ങള്‍ നിര്‍വഹിക്കുകയും ചെയ്താല്‍ നമ്മുടെ ജീവിതത്തില്‍ അസാധാരണമായ സ്വാധീനമുണ്ടാക്കാന്‍ അതിന് കഴിയും. പരസ്പരം അടുക്കാനും പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനുമുള്ള മഹത്തായ അവസരമാണ് ഹജ്ജിലൂടെ ഓരോ വര്‍ഷവും മുസ്ലിംകള്‍ക്ക് ലഭിക്കുന്നത്. ജനതയുടെ ആത്മീയ വികാസത്തിനുള്ള ഉപാധി മാത്രമല്ല, അന്തര്‍ദേശീയ തലത്തില്‍ നന്മയുടെ പ്രചാരണത്തിനുള്ള ഒരു മാര്‍ഗം കൂടിയാണ് ഹജ്ജ്.”
Add Comment