ഞാനറിഞ്ഞ ഇസ്‌ലാം

ഇസ് ലാമിനേക്കാള്‍ എന്നെ സ്വാധീനിച്ച മറ്റൊരു ദര്‍ശനമില്ല : അലീന

(ഒരു റുമാനിയന്‍ വനിതയുടെ ഇസ് ലാം സ്വീകരണം)

തെക്കുകിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ റുമാനിയയിലെ  ചെറിയ പട്ടണത്തിലാണ് ഞാന്‍ ജനിച്ചത്. ജനസംഖ്യയില്‍ 97 ശതമാനവും ഓര്‍തഡോക്‌സ് ക്രിസ്ത്യാനികളാണ്്. അധികപക്ഷവും മതവിശ്വാസം ജീവിതത്തില്‍ മുറുകെപ്പിടിക്കുന്നില്ലെന്നു മാത്രം. അത് പാരമ്പര്യമോ സംസ്‌കാരമോ മാത്രമായി ചുരുങ്ങിയിരുന്നു .മറ്റാരുടെയും മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ ഇഷ്ടപ്പെടാതെ വ്യക്തിതലത്തില്‍ മാത്രം ഒതുങ്ങിപ്പോയെന്നുമാത്രം.

കുട്ടിക്കാലം മുതല്‌കേ മതാഭിമുഖ്യമുണ്ടായിരുന്നു എനിക്ക്. അതിനാല്‍ ചര്‍ച്ചില്‍ പോയി പ്രാര്‍ഥിക്കാന്‍ അതിയായ താല്‍പര്യം കാട്ടി. മമ്മിയുടെ ഒരു കസിന്‍ സദാ എന്നെ കൂടെക്കൂട്ടുകയും ക്രൈസ്തവതയെക്കുറിച്ച്  എന്നെ പഠിപ്പിക്കുകയും ചെയ്തു.മുത്തശ്ശിയെപ്പോലെയായിരുന്നു എനിക്കവര്‍ അനുഭവപ്പെട്ടിരുന്നത്. ഞാന്‍ ക്രൈസ്തവവിശ്വാസിയായി വളരുന്നതില്‍ മാതാപിതാക്കള്‍ അഭിമാനമൊന്നും പ്രകടിപ്പിച്ചില്ല. പക്ഷേ, ആ കസിന്റെ ക്രൈസ്തവകഥകള്‍ കേള്‍ക്കുന്നതില്‍നിന്ന് അവരെന്നെ തടഞ്ഞിരുന്നില്ല.

പതിനാറുവയസ് തികഞ്ഞപ്പോള്‍ ഹൈസ്‌കൂള്‍ ഫൈനലിനും കോളേജ് വിദ്യാഭ്യാസത്തിനുമായി ഞാന്‍ അമേരിക്കയിലേക്ക് തിരിച്ചു. അമേരിക്കയില്‍ ചെന്നപ്പോള്‍ ഇസ്‌ലാമിനെക്കുറിച്ച് എനിക്ക് കാര്യമായ അറിവൊന്നുമുണ്ടായിരുന്നില്ല. മതവിശ്വാസത്തേക്കാളേറെ അതൊരു രാഷ്ട്രീയഭരണക്രമമായാണ് എനിക്ക് തോന്നിയത് (അറബ് ഭരണകൂടങ്ങള്‍). ആ കോളേജ് ജീവിതകാലത്ത് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങള്‍ പഠിച്ചെടുത്തു.  പടിഞ്ഞാറന്‍ സംസ്‌കാരത്തില്‍നിന്ന് വേറിട്ട് പന്നിയിറച്ചിക്കുള്ള വിലക്ക്, തലമറക്കല്‍, വേറിട്ടരീതിയിലുള്ള ആരാധനാക്രമങ്ങള്‍ എല്ലാം ഞാന്‍ അപ്പോഴാണറിഞ്ഞത്. ഗ്രാജ്വേഷന്‍ പൂര്‍ത്തിയായ ഘട്ടത്തില്‍, ഇന്നുവരെ പെരുമാറിയിട്ടില്ലാത്ത വിധം മാന്യമായും ആദരവോടെയും പെരുമാറുന്ന ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. മുസ്‌ലിമായിരുന്നു അയാള്‍. എന്റെ വിശ്വാസാചാരങ്ങളെ അയാള്‍ മനോഹരമായി ചോദ്യംചെയ്തുകൊണ്ടിരുന്നു. ഇസ്‌ലാമിനെക്കുറിച്ച എന്റെ അറിവിനെ മറ്റൊരുതലത്തിലേക്ക് അദ്ദേഹം എടുത്തുയര്‍ത്തി. ഉത്തരംപ്രതീക്ഷിക്കാതെ നിരവധിചോദ്യങ്ങള്‍ ക്രൈസ്തവതയെക്കുറിച്ച് ഉന്നയിച്ചു. ഖുര്‍ആന്റെ സത്യവും യുക്തിയും എന്നെ ബോധ്യപ്പെടുത്തി. അതോടെ ഇസ്‌ലാമിനെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കണമെന്ന ആഗ്രഹം എന്നില്‍ ശക്തമായി. 2011 ലെ ആ വേനലവധിക്കാലം എന്റെ ജീവിതത്തില്‍ അതുവരെയുണ്ടായിട്ടില്ലാത്ത മാറ്റങ്ങള്‍ക്ക് സാക്ഷ്യംവഹിക്കുകയായിരുന്നു.

കുട്ടിക്കാലംമുതല്‍ക്കേ ആ വേനലവധിക്കാലത്തിനായി അല്ലാഹു എന്നെ തയ്യാറാക്കിക്കൊണ്ടുവരികയായിരുന്നു എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മതത്തില്‍ അതീവതാല്‍പര്യമുള്ളവളായിരുന്നു ഞാനെന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. നാട്ടിലായിരിക്കെ ചര്‍ച്ചിലും മാസ്സുകളിലും പങ്കെടുത്തിരുന്നു. എന്നാല്‍ അമേരിക്കയില്‍ എത്തിയതോടെ പുണ്യാളന്‍മാരുടെയും മറ്റുംചിത്രങ്ങളുടെ മുന്നില്‍ നിന്ന് പ്രാര്‍ഥിക്കുന്നത് തടയപ്പെട്ടു.  ഏകനായ ദൈവത്തെ വിളിച്ച് പ്രാര്‍ഥിക്കാന്‍ തുടങ്ങി. പിന്നീട് മദ്യപാനം ഉപേക്ഷിച്ചു. ക്രമേണ വിഷാദം എന്നില്‍ കുടികൊണ്ടു. അള്‍സറിന്റെ ശല്യവും തുടങ്ങി. ക്ലബ് സംസ്‌കാരത്തോട് വിടചൊല്ലി. വീണ്ടും ചര്‍ച്ചില്‍ പോകാന്‍ തുടങ്ങി. ഇസ്‌ലാമിനെക്കുറിച്ച യാഥാര്‍ഥ്യങ്ങളെ കൂടുതല്‍ ആഴത്തില്‍ ഉള്‍ക്കൊള്ളാന്‍ അതെന്നെ സഹായിച്ചു.

ഇസ്‌ലാംസ്വീകരിക്കണമെന്ന ആഗ്രഹം എന്നില്‍ കലശലായി. കഴിഞ്ഞ പത്തുവര്‍ഷമായി സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന ദമ്പതികളില്‍ ഭര്‍ത്താവ് പുതുമുസ്‌ലിമായിരുന്നു. അദ്ദേഹത്തിന്റെ അടുക്കല്‍ നിര്‍ദ്ദേശം ആരാഞ്ഞു. എന്റെ മനസ്സമ്മര്‍ദ്ദം കുറക്കാനുള്ള വഴികള്‍ എനിക്കദ്ദേഹം പറഞ്ഞുതന്നു.കൂട്ടത്തില്‍ ഇസ്‌ലാമിനെക്കുറിച്ച വിവരങ്ങള്‍ ലഭിക്കുന്ന സ്രോതസ്സുകളും കാട്ടിത്തന്നു. ഞാന്‍ എന്റെ മാതാപിതാക്കളെ വഞ്ചിക്കുകയാണോ  എന്ന തോന്നല്‍ അപ്പോഴൊക്കെ തികട്ടിവന്നു.

എന്റെ ആകാംക്ഷയും ഉത്കണ്ഠയും ഒതുക്കിവെച്ച് ഇസ്‌ലാമിനെക്കുറിച്ച വായന പൂര്‍വാധികം ശക്തിയോടെ തുടര്‍ന്നു. പലപ്പോഴും പതറിപ്പോയ നിമിഷങ്ങളുണ്ടായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന ചഞ്ചലഹൃദയത്തോടെ നിന്നപ്പോള്‍ അല്ലാഹുവോട് സഹായംതേടി. പലദിവസങ്ങളിലും കിടക്കയില്‍ വീണ് കരഞ്ഞു. തെറ്റാണോ ചെയ്യുന്നതെന്ന ചോദ്യം ഞാന്‍ പലവുരു അവനോട് ഉന്നയിച്ചു. എനിക്ക് സത്യമാര്‍ഗം കാട്ടിത്തരാനായി പ്രാര്‍ഥിച്ചു. ഒരുവേള ആ പ്രാര്‍ഥനകളാണ് ഇസ്‌ലാമിലേക്കുള്ള വഴി എളുപ്പമാക്കിത്തന്നതെന്ന് ഇപ്പോഴും ഞാന്‍ വിശ്വസിക്കുന്നു.

തുടര്‍ച്ചയായ ആറുമാസം ഇസ്ലാമിനെക്കുറിച്ച അന്വേഷണങ്ങള്‍ തുടര്‍ന്നു. പക്ഷേ കടന്നുവരവിനെ ക്കുറിച്ച ആശങ്കള്‍ കടുത്തതായിരുന്നു. പ്രാര്‍ഥിച്ച് പശ്ചാത്തപിച്ചശേഷം തെറ്റുചെയ്യുന്നതിനെക്കുറിച്ച ഉത്കണ്ഠകള്‍ ഏറിവന്നു. എനിക്കിനിയും കാര്യങ്ങള്‍ അറിയാനുണ്ടല്ലോ എന്ന വേവലാതി ശക്തമായി. എന്തായാലും 2012 ജനുവരിയില്‍ ഞാന്‍ സത്യസാക്ഷ്യം പ്രഖ്യാപിച്ചു. എന്റെ വീടിനകത്തുവെച്ച് മനസ്സറിഞ്ഞ ഒരു പ്രാര്‍ഥനക്കൊടുവിലായിരുന്നു അത്. ശഹാദത്ത്‌ചൊല്ലുന്നവേളയില്‍ ഞാന്‍ അനുഭവിച്ച ആ  മാനസികാനുഭൂതി അതിനുമുമ്പോ പിന്നീടൊരിക്കലോ ഞാന്‍ അനുഭവിച്ചിട്ടില്ല. എനിക്ക് സന്ദേഹങ്ങളുണ്ടാകുമ്പോള്‍ അല്ലാഹുവോട് പ്രാര്‍ഥിക്കും.ഉടന്‍ അതിന് വിശദീകരണംലഭിക്കും. പ്രതിസന്ധിയില്‍ അവനോട് സങ്കടംബോധിപ്പിച്ചിട്ട് അതിന് മറുപടി ലഭിക്കാതെ ഒരു ദിനവും കടന്നുപോയിട്ടില്ല. മുസ്ലിമായശേഷം ഏകാന്തത ഞാന്‍ അനുഭവിച്ചിട്ടില്ല. സമ്മര്‍ദ്ദങ്ങളും മനപ്രയാസങ്ങളും കഷ്ടപ്പാടുകളും ഉണ്ടായിട്ടുണ്ടെങ്കിലും പ്രാര്‍ഥനയിലും സ്വലാത്തുല്‍ ഇസ്തിഖാറയിലും ശരണംതേടിയതിനാല്‍ അതെല്ലാം തരണംചെയ്യാന്‍ കരുത്തുനല്‍കി അവന്‍.

ഇസ്‌ലാമില്‍ ദുര്‍ഗ്രാഹ്യമായി ഒന്നുമില്ല. എന്നാല്‍ വളരെയേറെ വിശദീകരണങ്ങള്‍ നല്‍കുന്ന, വൈജ്ഞാനികവിഭവങ്ങള്‍ ഖുര്‍ആനിലുണ്ട്. മനുഷ്യര്‍ക്ക് നല്‍കപ്പെട്ടിട്ടുള്ള വിജ്ഞാനം വളരെ കുറച്ചുമാത്രമാണെന്ന് ഖുര്‍ആന്‍ അടിവരയിടുന്നു. മതത്തിന്റെ ആത്മാവുമായി ഒട്ടിച്ചേര്‍ന്നുനില്‍ക്കുന്ന, നാം ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ ഒട്ടേറെ സംഗതികള്‍ ഖുര്‍ആന്‍ അറിയിക്കുന്നു.

ഖുര്‍ആന്‍ ദൃഷ്ടാന്തമായി വിവരിച്ച ഒട്ടേറെ സംഗതികള്‍ എന്റെ ഇസ്‌ലാംസ്വീകരണത്തിന് പ്രചോദിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന് ഫറോവയുടെ ഭൗതികാവശിഷ്ടം. പിന്‍തലമുറയ്ക്ക് ഗുണപാഠമാകുംവിധം അത് സൂക്ഷിക്കപ്പടുമെന്ന അല്ലാഹുവിന്റെ വാഗ്ദാനം സത്യമായി പുലര്‍ന്നത് പക്ഷേ അധികപേര്‍ക്കും അറിയില്ല. അതുപോലെ ഉറുമ്പുകളുടെ സംഭാഷണം സുലൈമാന്‍ നബി കേട്ടുവെന്ന കാര്യം അല്ലാഹുവെളിപ്പെടുത്തുന്നു. ഉറുമ്പുകള്‍ക്കിടയില്‍ പ്രത്യേകരീതിയില്‍ ഉള്ള ആശയവിനിമയത്തെക്കുറിച്ച് ശാസ്ത്രം 2009 ല്‍ കണ്ടെത്തുകയുണ്ടായി. ഭൂമിയിലേക്ക് ഇരുമ്പ് ഇറക്കിയതിനെക്കുറിച്ച് ഖുര്‍ആന്‍ വെളിപ്പെടുത്തുന്നുണ്ട്. ദിനോസറുകളുടെ കാലഘട്ടത്തില്‍ ഭൂമിയില്‍ പതിച്ച അന്യഗ്രഹാവശിഷ്ടങ്ങളില്‍ ഇരുമ്പിന് സമാനമായ മൂലകങ്ങള്‍ ഉണ്ടെന്ന് കണ്ടെത്തുകയായിരുന്നു. പശുവിനെ അറുക്കാന്‍ കല്‍പിച്ചപ്പോള്‍ ഒരു ജനത ചോദ്യവര്‍ഷങ്ങള്‍ നടത്തിയത് ഖുര്‍ആന്‍ വിവരിച്ചപ്പോള്‍ ഇന്നത്തെ ജനതയെ ഓര്‍ത്ത് എന്റെ ചുണ്ടില്‍ മന്ദസ്മിതംവിരിയുന്നു. അതിനാല്‍ ഖുര്‍ആന്‍ എന്റെ പരിവര്‍ത്തനത്തില്‍ മുഖ്യപങ്കുവഹിച്ചുവെന്നുതന്നെ പറയാം.

ഇസ്‌ലാംസ്വീകരണത്തിന് എന്നെപ്രചോദിപ്പിച്ചവയില്‍ ഒട്ടും കുറവല്ലാത്തപങ്കുവഹിച്ച വ്യക്തിത്വമാണ് മുഹമ്മദ് നബി(സ)യുടേത്. അദ്ദേഹം നയിച്ച ജീവിതവും അദ്ദേഹത്തിന്റെ വ്യക്തിത്വവും  പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഖുര്‍ആന്‍ പറയുന്നത് ആത്യന്തികമായ സത്യമാണെന്നതിന് അദ്ദേഹത്തിന്റെ ജീവിതമായിരുന്നു പച്ചയായതെളിവ്. ഇസ്‌ലാംസ്വീകരിച്ച ഒട്ടേറെ വ്യക്തികളുടെ അനുഭവങ്ങള്‍ തന്നെ അവരുടെ ആദര്‍ശത്തിന്റെ മാസ്മരികത വെളിപ്പെടുത്തുന്നതാണ്. ഇസ് ലാമിനേക്കാള്‍ എന്നെ സ്വാധീനിച്ച മറ്റൊരു ദര്‍ശനമില്ല. ഈ അനുഭവങ്ങള്‍ വായനക്കാരെയും സ്വാധീനിച്ചാല്‍ അതെന്നെ സന്തോഷിപ്പിക്കുമെന്നതില്‍ സംശയമില്ല.

Topics