ലോക പ്രശസ്ത ഫോട്ടാഗ്രാഫറാണ് പീറ്റര്‍ സാന്‍ഡേര്‍സ്. 1946 ല്‍ ലണ്ടനില്‍ ജനിച്ച പീറ്റര്‍ അറുപതുകളുടെ മധ്യത്തിലാണ് ഫോട്ടാഗ്രാഫി മേഖലയിലേക്ക് വരുന്നത്. ലണ്ടനിലെയും പരിസരത്തെയും സംഗീതജ്ഞരെയും സംഗീത പ്രോഗാമുകളെയും കാമറയില്‍ പകര്‍ത്തിയാണ് അദ്ദേഹം ഫോട്ടോഗ്രാഫി രംഗത്ത് ചുവടുറപ്പിക്കുന്നത്. ദീര്‍ഘകാലം ഈ രംഗത്ത് പ്രവര്‍ത്തിച്ച പീറ്റര്‍ സാന്‍ഡേര്‍സിന് ഇടയ്ക്ക് ജീവിതത്തില്‍ കടുത്ത ആത്മീയരാഹിത്യം അനുഭവപ്പെട്ടു തുടങ്ങി.
തന്റെ ആത്മീയ ദാഹം തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം അങ്ങനെ ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. ഇന്ത്യയിലെത്തിയ അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് ഇസ് ലാമിന്റെ ആത്മീയ സൗന്ദര്യമാണ്. ശേഷം ലണ്ടനിലേക്ക് തന്നെ മടങ്ങിയ അദ്ദേഹം അവിടെവെച്ച് ഇസ് ലാം സ്വീകരിക്കുകയും അബ്ദല്‍ അദീം എന്ന പേര്‍ സ്വീകരിക്കുകയും ചെയ്തു. വിശ്വാസത്തോടൊപ്പം ഫോട്ടോഗ്രാഫിയെയും തന്റെ ആത്മീയ വളര്‍ച്ചക്കുള്ള മാധ്യമമാക്കിയ അദ്ദേഹം ഇസ് ലാമിക നാഗരികതയുടെയും സാസ്‌കാരത്തിന്റെയും ജീവിക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തി ലോകത്തിനു മുമ്പില്‍ ഇസ് ലാമിന്റെ ശോഭ പരത്തുന്നതില്‍ അതുല്യമായ പങ്ക് വഹിച്ചു. 1971 ല്‍ ഹജ്ജ് നിര്‍വഹിച്ച പീറ്റര്‍ സാന്‍ഡേര്‍സ് എന്ന അബ്ദല്‍ അദീം ഹജ്ജ് കര്‍മ്മത്തിന്റെയും മക്കയുടെയും അമൂല്യമായ ചിത്രങ്ങള്‍ ക്യാമറിയില്‍ പകര്‍ത്തുകയുണ്ടായി. പിന്നിട് ആ ചിത്രങ്ങള്‍ ‘സണ്‍ഡേ ടൈംസ് മാഗസിന്‍’ പോലുള്ള ലോകത്തെ അറിയപ്പെടുന്ന മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചിരുന്നു.
സാന്‍ഡേര്‍സ് തന്റെ ഇസ് ലാം ആശ്ലേഷണത്തെ കുറിച്ച് പറയുന്നു: ‘സംഗീത ലോകത്തെ പ്രമുഖരുടെ ചിത്രങ്ങളെടുക്കുക എന്ന ജോലി മടുപ്പ് തോന്നിയപ്പോഴാണ് ഞാന്‍ ആത്മീയ അന്വേഷണവുമായി ഇന്ത്യയിലേക്ക് പോകുന്നത്. ആത്മീയ ഗുരുവിനെ അന്വേഷിച്ച് നടന്ന ഞാന്‍ എത്തിയത് ഒരു ഹിന്ദു ഗുരുവിന്റെയടുക്കലായിരുന്നു. അദ്ദേഹം ഹിന്ദുവായിരുന്നുവെങ്കിലും മുസ് ലിംകളുടെ എല്ലാ സ്വഭാവ ഗുണങ്ങളും കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു. ആറുമാസം അദ്ദേഹത്തിന്റെ കൂടെ താമസിച്ച ഞാന്‍ തിരിച്ചു നാട്ടില്‍ വന്നപ്പോള്‍ എന്റെ സുഹൃത്തുക്കള്‍ പലരും ഇസ് ലാം മതം സ്വീകരിച്ചിരുന്നു. മറ്റു ചില സുഹൃത്തുക്കള്‍ അപ്പോഴും കള്ളിനും കഞ്ചാവിനും അടിമകളായി ജീവിക്കുകയായിരുന്നു. ആരുടെ പക്ഷം നില്‍ക്കണമെന്ന് ഞാന്‍ ഗാഢമായി ചിന്തിച്ചു. എനിക്ക് ഇസ് ലാമിനെ കുറിച്ച് അധികമൊന്നും അറിയില്ലായിരുന്നുവെങ്കിലും അവസാനം ഞാന്‍ ഇസ് ലാം സ്വീകരിക്കാന്‍ തീരുമാനിച്ചു’.
‘ഇസ് ലാം സ്വീകരിക്കുമ്പോള്‍ എനിക്ക് വയസ്സ് 24 ആയിരുന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ ഹജ്ജ് ചെയ്യാന്‍ തീരുമാനിച്ചു. വൃദ്ധനായ എന്റെ മുസ് ലിം അധ്യാപകനും ഹജ്ജിന് പോകാന്‍ തീരുമാനിച്ച കാര്യം ഞാന്‍ അറിഞ്ഞിരുന്നു. ഹജ്ജിന് ആവശ്യമായ പണം കൈയ്യിലില്ലായിരുന്നെങ്കിലും തീരുമാനത്തില്‍ ഞാന്‍ ഉറച്ചു നിന്നു. പലരുടെയും സഹായത്തോടെ അവസാനം എനിക്ക് മക്കയിലെത്താന്‍ സാധിച്ചുവെങ്കിലും യാത്രമധ്യേ എന്റെ അധ്യാപകന്‍ മരണപ്പെട്ടു’.
അന്ന് ഹജ്ജ് കര്‍മ്മങ്ങളുടെ ചിത്രങ്ങള്‍ വളരെ അപൂര്‍വ്വമായി മാത്രമാണുണ്ടായിരുന്നത്. എന്നാല്‍ ആ വര്‍ഷം ഹജ്ജ് കര്‍മ്മങ്ങളുടെയും കഅ്ബയുടെയും ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ പീറ്റര്‍ സാന്‍ഡേര്‍സന് അനുവാദം ലഭിച്ചു. വളരെ യാദൃശ്ചികമായിട്ടാണ് അദ്ദേഹത്തിന് അതിനുള്ള അനുവാദം കിട്ടിയത്. അദ്ദേഹം പറയുന്നു: ‘ഹജ്ജ് കര്‍മ്മങ്ങളുടെ ചിത്രം പകര്‍ത്താന്‍ ഒരു പാശ്ചാത്യന് അനുവാദം കിട്ടാന്‍ വളരെ പ്രയാസമായിരുന്നു. എന്നാല്‍ ഞാന്‍ അതിനുവേണ്ടി ഒരു പാട് ആളുകളെ കണ്ടു. പലരും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ വിസമ്മതിച്ചു എന്നുമാത്രമല്ല ഇസ് ലാമിലേക്ക് പുതുതായി കടന്നു വന്ന ഞാന്‍ ഹജ്ജ് ഫോട്ടോയെടുക്കുന്നതിനോട് അവര്‍ക്ക് താല്‍പര്യവുമില്ലായിരുന്നു. എന്നാല്‍ അവസാനം എന്നില്‍ വിശ്വാസം അര്‍പ്പിക്കാന്‍ ഒരാള്‍ തയ്യാറാവുകയും ഫോട്ടോയെടുക്കാനുള്ള അനുവാദം അദ്ദേഹത്തിന്റെ ഉത്തരാവാദിത്വത്തില്‍ എനിക്ക് നല്‍കുകയും ചെയ്തു’.
പീറ്റര്‍ സാന്‍ഡേര്‍സന്റെ ഫോട്ടോകള്‍ ഇസ് ലാമിന്റെ യഥാര്‍ത്ഥ ചൈതന്യവും ആത്മാവും ഉള്‍ക്കൊള്ളുന്നവയായിരുന്നു. ‘മദീനയെ നിങ്ങള്‍ക്ക് മനസ്സിലാകണമെങ്കില്‍ വെറും കാഴ്ച്ചക്കപ്പുറം ഉള്‍ക്കാഴ്ച്ച കൂടി വേണമെന്ന’ ഉറുദു കവിതയായിരുന്നു അദ്ദേഹത്തിന്റെ പ്രചോദനം. ഭാവനയും ഉള്‍ക്കാഴ്ച്ചയും സമന്വയിപ്പിച്ച അദ്ദേഹത്തിന്റെ ഫോട്ടോകള്‍ ലോകത്തിന്റെ മുമ്പില്‍ ഇസ് ലാമിന്റെ ചൈതന്യത്തെ വെളിവാക്കുന്നതായി മാറി.
പാരമ്പര്യ ഇസ് ലാമിക സാംസ്‌കാരത്തെ അങ്ങേയറ്റം ഇഷ്ടപ്പെട്ട പീറ്റര്‍ സാന്‍ഡേര്‍സ് പാശ്ചാത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ ചിത്രങ്ങളില്‍ കടന്നു വരാത്ത മൂല്യവത്തായ ചിത്രങ്ങള്‍ ലോകത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിച്ചാണ് പ്രശസ്തനായത്. അതാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കിയതും. അദ്ദേഹം പകര്‍ത്തിയ വിശുദ്ധ നഗരങ്ങളായ മക്കയുടെയും മദീനയുടെയും ചിത്രങ്ങള്‍ക്ക് ലോക വിപണിയില്‍ വലിയ മൂല്യമാണുള്ളത്. വിവിധ പാരമ്പര്യ ഇസ് ലാമിക സമൂഹങ്ങളെ കുറിച്ചുള്ള ഡോക്യുമെന്റെറി നിര്‍മാണത്തിനാലാണ് അദ്ദേഹമിന്ന്. മുസ് ലിം ലോകത്തുടനീളം സഞ്ചാരം നടത്തി അദ്ദേഹം പകര്‍ത്തിയ അമൂല്യ ചിത്രങ്ങളുടെ ശേഖരങ്ങളടങ്ങിയ, ‘ഇന്‍ ഷെയ്ഡ് ഓഫ് ദ ട്രീ’ എന്നൊരു പുസ്തകവും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
അവലംബം: www.islamreligion.com
Add Comment