വിദ്യാഭ്യാസം-പഠനങ്ങള്‍

ഇസ് ലാമിക വിദ്യാഭ്യാസവും തീവ്രചിന്താഗതിയും

ഭീകരതയ്‌ക്കെതിരെ അമേരിക്ക രംഗത്തുവന്നപ്പോള്‍  ഇസ്‌ലാമിനെതിരെയുള്ള യുദ്ധമായി അതിനെ അധികമുസ്‌ലിംകളും മനസ്സിലാക്കുകയുണ്ടായി. അതിന്റെ ഭാഗമായി, അമേരിക്കയിലെ ഇസ്‌ലാമികസ്‌കൂളുകളിലും മദ്‌റസകളിലും അധികൃതര്‍ പരിശോധന കര്‍ശനമാക്കി.  ഇസ്‌ലാമികസ്ഥാപനങ്ങള്‍ തീവ്രവാദചിന്തകള്‍ക്ക് പിറവികൊടുക്കുന്ന കേന്ദ്രങ്ങളാണെന്ന സംശയത്തിന് അത്  ബലംപകര്‍ന്നു.  മതസ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തിനുപകരം യുക്തിരഹിതവും ചോദ്യംചെയ്യാനാവാത്തതുമായ പ്രമാണങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്നതായിരുന്നു അവയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം.

സര്‍ക്കാരിന് ഇത്തരം ആരോപണങ്ങളെ അവഗണിക്കാനാകുമായിരുന്നില്ല. ദീര്‍ഘമായ ലേഖനത്തിലൂടെ ഞാന്‍ ശ്രമിക്കുന്നത് അത്തരം നിഗമനങ്ങളിലേക്ക്  വഴിതെളിക്കുന്ന ആരോപണങ്ങളുടെ പൊള്ളത്തരം വെളിവാക്കാനാണ്. അതിലൂടെ ഇസ്‌ലാമിക വിദ്യാഭ്യാസത്തെ തീവ്രചിന്താഗതിവളര്‍ത്തുന്ന പദ്ധതിയെന്ന് സെക്യുലര്‍ വിദ്യാഭ്യാസംനേടിയവര്‍ മുദ്രകുത്തുന്നതിന്റെ കാരണങ്ങളിലേക്ക് കടന്നുചെല്ലാനാകും. അതിസങ്കീര്‍ണവും പണ്ടുമുതലേ തുടര്‍ന്നുപോരുന്നതുമായ ഈ സംവാദം രണ്ട് വീക്ഷണങ്ങളെ സമര്‍പ്പിക്കുന്നു. ലിബറല്‍ വിദ്യാഭ്യാസം പ്രത്യക്ഷമായതിനെ മാത്രം സ്വീകരിക്കുന്ന ഒന്നാണെങ്കില്‍ മറ്റേത് പ്രത്യക്ഷവും അതിഭൗതികവുമായ സംഗതികളും കൂടി ഉള്‍ച്ചേരുന്നതാണ്.

ഹേഴ്സ്റ്റ് & പീറ്റേഴ്‌സ് ആവിഷ്‌കരിച്ച വിദ്യാഭ്യാസത്തിന്റെ തത്ത്വശാസ്ത്രവിശകലനത്തിലൂടെ  പരിശോധിക്കപ്പെടുന്നതാണ് ലിബറല്‍ വിദ്യാഭ്യാസരീതി.   ഈ സംവാദത്തില്‍,  ഒരു വ്യക്തിയുടെ ഒട്ടുംതന്നെ അവഗണിക്കാനാകാത്ത സ്വയംനിര്‍ണയാവകാശമെന്ന ആശയത്തെ  ഇസ്‌ലാമിക- ലിബറല്‍ കാഴ്ചപ്പാടുകളിലൂടെ വീക്ഷിച്ചുകൊണ്ട് ആരോപണത്തിലെന്തെങ്കിലും കഴമ്പുണ്ടോയെന്ന് പരതേണ്ടതുണ്ട്. ഏകനായ ദൈവത്തിന് പൂര്‍ണസമര്‍പ്പണം ചെയ്യുകവഴി ഇസ്‌ലാമികവിദ്യാഭ്യാസം മനുഷ്യന്റെ ഭൗതികവും ആത്മീയവുമായ പ്രകൃതിയെ പരിപോഷിപ്പിക്കുന്നു. ലിബറല്‍ വിദ്യാഭ്യാസവും ഇസ്‌ലാമികവിദ്യാഭ്യാസവും തമ്മിലുള്ള കൃത്യമായ വിശകലനം സാധ്യമാകണമെങ്കില്‍ തലനാരിഴകീറി വിലയിരുത്തപ്പെടേണ്ടതുണ്ട്. ഇസ്‌ലാമികവിദ്യാഭ്യാസം അന്ധമായ ചിന്താഗതിവളര്‍ത്തുമെന്ന് ശഠിക്കാനാവില്ലെന്ന മൈക്കല്‍ ലീഹിയുടെ വാദമാണ് ഞാന്‍ അതിനായി കൂട്ടുപിടിക്കുന്നു. അദ്ദേഹം പറയുന്നത് ഇസ്‌ലാമികവിദ്യാഭ്യാസത്തെക്കുറിച്ച്  സത്യസന്ധമായ താരതമ്യം നടത്തണമെന്നാണ്.

സര്‍ക്കാര്‍ ഈ വിഷയത്തില്‍ വിഷമവൃത്തത്തിലാണ്. രാജ്യത്തെ പൗരന്മാരെ തീവ്രചിന്താഗതിയിലേക്ക് നയിക്കുന്ന യാതൊന്നും അനുവദിക്കാനാകില്ലെന്നാണ് ഒരു നിലപാട്. അതേസമയം സ്വാതന്ത്ര്യത്തെ ഉദ്‌ഘോഷിക്കുന്ന സമൂഹത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അവരിഷ്ടപ്പെടുംവിധം ജീവിതം നയിക്കാനുള്ള അവകാശം വകവെച്ചുകൊടുക്കേണ്ടതല്ലേ. സെക്യുലര്‍ സമൂഹമെന്ന് മേനിനടിക്കുന്ന ബ്രിട്ടനില്‍ ഇസ്‌ലാമിക് സ്‌കൂളുകള്‍ വിവാദവിഷയമാണെപ്പോഴും.  100 മുസ്‌ലിംകള്‍ സ്‌കൂളുകളുണ്ടെങ്കിലും  ഏഴെണ്ണത്തിനുമാത്രമേ സര്‍ക്കാര്‍ സഹായമുള്ളൂ. എന്നിട്ടും ഇസ്‌ലാമികസ്‌കൂളുകളെ സംബന്ധിച്ച് വിവാദം കത്തിനില്‍ക്കുകയാണ്.  അത്തരം സ്‌കൂളുകള്‍ വിദ്യാര്‍ഥികളെ ബ്രിട്ടീഷ്‌ദേശീയവാദി മുസ്‌ലിംകളാകാന്‍ പരിശീലിപ്പിക്കുന്നില്ലെന്നാണ് സ്‌കൂളുകളുടെ ചീഫ് ഇന്‍സ്‌പെക്ടര്‍ ഡേവിഡ് ബെല്‍ പറയുന്നത്. എന്തായാലും, മുസ്‌ലിംസ്‌കൂള്‍ അസോസിയേഷന്‍ തലവന്‍ ആ പ്രസ്താവനയെ ഇസ്‌ലാമോഫോബിയയെന്ന് വിശേഷിപ്പിക്കുകയുണ്ടായി.  ‘സഹിഷ്ണുത’ യുടെ പാഠം പകര്‍ന്നുകൊടുക്കുന്നതില്‍ 50 മുസ്‌ലിംസ്‌കൂളുകളിള്‍ 18 എണ്ണം പരാജയമായിരുന്നുവെന്ന ഓഫ്‌സ്റ്റെഡിന്റെ  പഠനറിപോര്‍ട്ടിനെ എടുത്തുകാട്ടിയാണ് ഡേവിഡ് ബെല്‍ കുറ്റപ്പെടുത്തിയത്. എന്നാല്‍ 40 ഇവാഞ്ചലിക്കല്‍ ക്രിസ്ത്യന്‍ സ്‌കൂളുകളില്‍ 17 എണ്ണം പരാജയപ്പെട്ട കാര്യം അദ്ദേഹം പരാമര്‍ശിച്ചതേയില്ല. അങ്ങനെനോക്കിയാലും ക്രൈസ്തവസ്‌കൂളുകളെക്കാള്‍ 6.5 ശതമാനം കൂടുതലാണ് മുസ്‌ലിംസ്‌കൂളുകള്‍. എന്നാല്‍, ബെല്ലിന്റെ പക്ഷപാതപരമായ അഭിപ്രായങ്ങളെ തള്ളിക്കളഞ്ഞുകൊണ്ട്  സര്‍ക്കാര്‍ വിശ്വാസിസമൂഹത്തിന്റെ സ്‌കൂളുകള്‍ക്ക് ഫണ്ട് അനുവദിക്കുകയായിരുന്നു. സത്യത്തില്‍ ഏകപക്ഷീയമായ നിരീക്ഷണങ്ങളാണ് സ്‌കൂള്‍ വിവാദത്തെ ആളിക്കത്തിക്കുന്നത്.

വിശ്വാസിസമൂഹം പരിപാലിക്കുന്ന സ്‌കൂളുകള്‍ ബ്രിട്ടനില്‍ പുതിയ പ്രവണതയൊന്നുമല്ല. നൂറ്റാണ്ടുകളായി രാജ്യത്തിന്റെ ചരിത്രത്തിലും പാരമ്പര്യത്തിലും ക്രൈസ്തവസ്‌കൂളുകളുണ്ട്. എന്നാല്‍ ഇസ്‌ലാമികസ്‌കൂളുകളുടെ കാര്യം വരുമ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമാണ് മുസ്‌ലിംകളെന്ന വസ്തുതവിസ്മരിച്ച് വിവാദമുണ്ടാക്കുകയാണ് തല്‍പരകക്ഷികള്‍ ചെയ്യുന്നത്. മുസ്‌ലിംസ്‌കൂളുകള്‍ സമൂഹത്തില്‍ ഐക്യത്തിന് വിഘാതമാകുംവിധം വിഭജനംസൃഷ്ടിക്കുന്നുവെന്നാണ് ഒന്നാമത്തെ ആരോപണം. പഠിതാക്കള്‍ക്ക് സ്വയം തെരഞ്ഞെടുപ്പിനുള്ള അവസരം നിഷേധിച്ച് തീവ്രചിന്താഗതികളിലേക്ക് വഴിനടത്തുന്നുവെന്നാണ് രണ്ടാമത്തെ ആരോപണം.

മതപാഠശാലകള്‍ നടത്തുന്നവര്‍ മേല്‍പറഞ്ഞ ആരോപണങ്ങളെ നേരിടുന്നത്  സ്‌കൂളിന്റെ അക്കാദമികനിലവാരം എടുത്തുപറഞ്ഞും കുട്ടികളെ തങ്ങളിഷ്ടപ്പെടുന്ന വിദ്യയഭ്യസിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയുമാണ്. അതോടോപ്പം അത്തരം സ്‌കൂളുകള്‍ ധാര്‍മികസദാചാരമൂല്യങ്ങള്‍ പരിശീലിപ്പിക്കുന്നുണ്ടെന്നും,  സര്‍ക്കാറിന്റെ  ഗ്രാന്റ് സമൂഹത്തില്‍ സാംസ്‌കാരികവൈവിധ്യം ഉറപ്പുവരുത്താനാണെന്നും അവര്‍ വിശദമാക്കുന്നു.  സാമൂഹികജീവിതത്തില്‍ പുലര്‍ത്തേണ്ട പരസ്പരബന്ധത്തെക്കുറിച്ചും അതുപോലെ തന്നെ ധാര്‍മിസദാചാരനിയമങ്ങളെക്കുറിച്ചും  കുട്ടികള്‍ക്ക് മൂല്യങ്ങള്‍ പകര്‍ന്നുകൊടുക്കുന്നുണ്ടെന്ന വസ്തുതയുണ്ടെങ്കിലും വിവാദവിഷയത്തിന്റെ മര്‍മ്മത്തെ അവയൊന്നും സ്പര്‍ശിക്കുന്നില്ല. അതാണ് ഇവിടെ പരാമര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നത്.

ലിബറല്‍ കാഴ്ചപ്പാട് അനുസരിച്ച് ശാസ്ത്രീയാടിത്തറയിലുള്ള വിദ്യാഭ്യാസത്തിന്റെ നേര്‍വിപരീതമാണ് മതപഠനം. വിദ്യാഭ്യാസത്തെക്കുറിച്ച ലിബറല്‍ കാഴ്ചപ്പാട് സ്വയം അധികാരംവാഴുന്ന തത്ത്വദര്‍ശനത്തിലൂന്നിയുള്ളതാണെന്ന് ഏവര്‍ക്കുമറിയാം. അതുകൊണ്ട് വിദ്യാഭ്യാസത്തെക്കുറിച്ച ‘ലിബറല്‍’ കാഴ്ചപ്പാടും അതിന്റെ ലക്ഷ്യങ്ങളും എന്തെന്ന് ചുരുക്കത്തില്‍ ഇവിടെ പറയാന്‍ ശ്രമിക്കാം. സ്വയംനിര്‍ണയാവകാശത്തിന് വഴിയൊരുക്കുകയാണ് ലിബറല്‍ വിദ്യാഭ്യാസം ചെയ്യുന്നതെന്നാണ് വ്യാഖ്യാനിക്കാന്‍ ശ്രമിക്കുന്നത്. എന്താണ് സ്വയംനിര്‍ണായവകാശമെന്നും അതിന് ലിബറല്‍ വിദ്യാഭ്യാസം എന്ത് സഹായമാണ് ചെയ്യുന്നതെന്നും തുടര്‍ന്നുപരിശോധിക്കേണ്ടതുണ്ട്. രണ്ട് വിദ്യാഭ്യാസരീതിയുടെയും ആശയവീക്ഷണങ്ങളെ  തുറന്നുപരിശോധിച്ചാലേ വിവാദങ്ങളുടെ ഉള്ളറകളിലേക്ക് കടന്നുചെന്ന് മറുപടിനല്‍കാനാകൂ. ഇസ്‌ലാമികവിദ്യാഭ്യാസം തീവ്രചിന്താഗതിക്ക് വളമിടുന്നുവെന്ന ആരോപണം അതോടെ ആവിയായിത്തീരുന്നത് കാണാനാകും.

സത്യമാണെന്നുറപ്പില്ലാത്ത ഒരുപറ്റം വിശ്വാസസംഹിതകളുടെ സമുച്ചയമാണ് മതമെന്ന് ലിബറല്‍ സമൂഹം കരുതുന്നു. ഈ ആശയപരികല്‍പന മുന്നോട്ടുവെച്ചുകൊണ്ട് മതവിശ്വാസികളുടെ ഏതു വിഷയവും തീവ്രചിന്താഗതിവളര്‍ത്തുന്നതാണെന്ന് മുദ്രകുത്താനാകും. എന്നാല്‍ ഈ യുക്തി ഒരു രാജ്യത്തെ ഗവണ്‍മെന്റ്  അതിന്റെ നയമായി സ്വീകരിച്ചാല്‍  അത് വിദ്യാഭ്യാസപദ്ധതിയുമായി ബന്ധപ്പെട്ട് ഒട്ടേറെ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നതില്‍ സംശയമില്ല. അങ്ങനെയുള്ള സാഹചര്യത്തില്‍ വിശ്വാസിസമൂഹത്തിന്റെ സ്‌കൂളിന്  നല്‍കുന്ന ഫണ്ടിന് സര്‍ക്കാര്‍ എന്ത് വിശദീകരണമാണ് നല്‍കുക? ഫണ്ട് നല്‍കാതിരുന്നാലോ, സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോട് അസഹിഷ്ണുതപുലര്‍ത്തുന്നുവെന്ന പ്രചാരണത്തെ ഊട്ടിയുറപ്പിക്കാനാണത് സഹായിക്കുക.മറ്റൊരു സാധ്യതയുള്ളത്  പ്രൈവറ്റ് സ്‌കൂളുകള്‍ സിലബസിനോടൊപ്പം, തങ്ങളുടെ മതവീക്ഷണപ്രകാരമുള്ള ചിന്താധാരകളെ പഠിപ്പിക്കുമെന്നതാണ്. അതിനെ സര്‍ക്കാര്‍ ആപത്കരമെന്ന് വിശേഷിപ്പിക്കും. സത്യത്തില്‍, വിദ്യാഭ്യാസത്തെ മാനേജ് ചെയ്യുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെങ്കില്‍  തങ്ങളുടെ പൗരന്‍മാര്‍ക്ക് വിദ്യാഭ്യാസം കിട്ടുന്നുവെന്ന് ഉറപ്പുവരുത്തുന്നതോടൊപ്പം    മതപാഠശാലകളില്‍ തങ്ങളുടെ കുട്ടികളെ ചേര്‍ക്കാനുള്ള രക്ഷിതാക്കളുടെ സ്വാതന്ത്ര്യത്തെ  വകവെച്ചുകൊടുക്കുകയും ചെയ്യണം. ഇതാണ്  മധ്യമനിലപാട്.

(തുടരും)

Topics