ഇസ്‌ലാം- കേരളത്തില്‍

ഇസ് ലാം വ്യാപനവും ഹൈന്ദവ ഭരണാധികാരികളും ((കേരളത്തിലെ ഇസ്‌ലാം പ്രചാരം – 4)

4) ഹൈന്ദവ ഭരണാധികാരികളുടെ സഹിഷ്ണുതാ നിലപാട്

കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനത്തിന് ഏറെ സഹായകരമായ ഒരു പ്രവണതയായിരുന്നു തദ്ദേശീയരായ ഹിന്ദു രാജാക്കന്‍മാരുടെ ഇസ്‌ലാമിനോടും മുസ്‌ലിംകളോടുമുള്ള സഹിഷ്ണുതാപരമായ നിലപാട്. ഇംഗ്ലീഷ് ചരിത്രകാരന്‍മാരില്‍ പലരും കോഴിക്കോടു സാമൂതിരിയെ വിശേഷിപ്പിച്ചത് മൂറിഷ് കിംഗ്, മുസ്‌ലിംകളുടെ രാജാവ് എന്നാണെന്ന് കേരളത്തിലെ ചരിത്ര ഗവേഷകനായ എം. ജി. എസ് നാരായണന്‍ എഴുതുന്നുണ്ട്. (6) സത്യത്തില്‍ സാമൂതിരി ഹിന്ദുക്കളുടെയും മറ്റു മത വിഭാഗങ്ങളുടെയെല്ലാം ഭരണാധികാരിയായിരുന്നിട്ടും മുസ്‌ലിംകളുടെ രാജാവ് എന്ന സവിശേഷ നാമത്തില്‍ അദ്ദേഹം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടത് മുസ്‌ലിംകളോട് അദ്ദേഹം സ്വീകരിച്ച സഹിഷ്ണുതാപരമായ നിലപാടു കൊണ്ടാണ്.

ഹിന്ദു മുസ്‌ലിം സഹവര്‍ത്തിത്തിനും കേരളത്തില്‍ ഇസ്‌ലാമിന്റെ വ്യാപനത്തിനും കേരളത്തിന്റെ പൊതുവായ മതസഹിഷ്ണുതാ മനോഭാവം രൂപപ്പെടുത്തുന്നതിലും കോഴിക്കോടു സാമൂതിരിമാരുടെ (7) ഇതര മതങ്ങളോടുള്ള സമീപനം പ്രതിപ്രവര്‍ത്തിച്ചിട്ടുണ്ട്.  

മുസ് ലിംകളെ സാമൂതിരി രാജാവ് തന്റെ വിശ്വസ്ത പ്രജകളായി പരിഗണിച്ചിരുന്നു. കോഴിക്കോട് തുറമുഖ നഗരത്തിന്റെ ചുങ്കം പിരിക്കാനും അതിന്റെ സംരക്ഷണത്തിനും വേണ്ടി രാജാവ് നിയമിച്ചത് മുസ്‌ലിംകളെയായിരുന്നു. കോഴിക്കോട് കോയമാര്‍ എന്ന സ്ഥാനപ്പേര് നല്‍കി സാമൂതിരി ഇത്തരം മുസ് ലിംകളെ ആദരിച്ചിരുന്നു. പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടന്നിരുന്ന സാമൂതിരി രാജാവിന്റെ പ്രതീകാത്മക സ്ഥാനാരോഹണ ചടങ്ങായ മാമാങ്കത്തില്‍ സാമൂതിരിയുടെ അടുത്ത് നില്‍ക്കാന്‍ കോയമാര്‍ക്ക് (തുറമുഖ ചുങ്കപ്പിരുവുകാരായ മുസ് ലിംകള്‍ക്ക് സാമൂതിരി നല്‍കിയ സ്ഥാനപ്പേര്) അനുവാദം നല്‍കപ്പെട്ടിരുന്നു. മുസ്‌ലിംകളുടെ ശരീഅത് അവര്‍ക്കിടയില്‍ നടപ്പാക്കാന്‍ സാമൂതിരി തന്നെ മുന്‍കൈയ്യെടുത്തു. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തില്‍ പങ്കെടുക്കാത്ത മുസ്‌ലിംകള്‍ക്ക് സാമൂതിരി തന്നെ ശിക്ഷ വിധിച്ചിരുന്നു. അറേബ്യയില്‍ നിന്ന് വന്നിരുന്ന മുസ്‌ലിംകള്‍ക്ക് പ്രത്യേകം ആതിഥ്യമരുളി. സാമൂതിരി കടലോര പ്രദേശത്ത് ജീവിക്കുന്ന മുക്കുവന്‍മാരുടെ ഒരു കുട്ടിയെ മുസ്‌ലിമായി വളര്‍ത്താന്‍ ചട്ടം കെട്ടി. ഹിന്ദുക്കള്‍ക്ക് കടല്‍ യാത്ര ചെയ്യല്‍ നിഷിദ്ധമായിരുന്ന അക്കാലത്ത്, കച്ചവടാവശ്യാര്‍ത്ഥം യാത്ര ചെയ്യാന്‍ കഴിയുന്നവര്‍ വേണമായിരുന്നു. അതിനു ഹിന്ദുക്കള്‍ മുസ്‌ലിംകളാവുകയെന്നതായിരുന്നു സാമൂതിരി കണ്ട പരിഹാരം. 

ഇന്ത്യയുടെ ആദ്യ നാവികമേധാവിയായി സ്വതന്ത്രഭാരതം ആദരം നല്‍കിയ കുഞ്ഞാലി മരയ്ക്കാര്‍മാര്‍ സാമൂതിരിയോടൊപ്പം നിന്ന് നൂറ്റാണ്ട് നീണ്ട അധിനിവേശ വിരുദ്ധ പോരാട്ടം നടത്തിയ ചരിത്ര പുരുഷന്മാരാണ്. സാമൂതിരിയുടെ നാവിക സേനാ മേധാവിയായിരുന്ന കുഞ്ഞാലി മരക്കാന്‍മാര്‍ പോര്‍ചുഗീസുകാരോട് പോരാടി വീരമൃത്യു വരിച്ച യോദ്ധാക്കളായിരുന്നു. ഇതെല്ലാം സൂചിപ്പിക്കുന്നത് ഇസ്‌ലാമിന്റെ ആഗമനമുണ്ടായ ശേഷം ചരിത്രത്തിലുടനീളം തദ്ദേശീയരും വിദേശികളും സ്വദേശികളുമായ മുസ്‌ലിംകളും സഹവര്‍ത്തിത്തോടെ ജീവിച്ച ചരിത്ര പാരമ്പര്യത്തെയാണ്. കുഞ്ഞാലി നാലാമനെതിരെ കുതന്ത്രങ്ങളിലൂടെ പോര്‍ചുഗീസുകാര്‍ സാമൂതിരിയെ തെറ്റിധരിപ്പിക്കുകയും കുഞ്ഞാലി മരക്കാര്‍ക്ക് എതിരാക്കുകയും ചെയ്യുന്നതുവരെയും കേരള ചരിത്രത്തില്‍ ഹിന്ദു-മുസ്‌ലിം വൈര്യവും ശത്രുതയും കാണാന്‍ സാധ്യമല്ല. പോര്‍ചുഗീസുകാര്‍ തീര്‍ത്ത വിദ്വേഷത്തിന്റെയും സംശയത്തിന്റെയും വിത്തുകള്‍ ഏറെ താമസിയാതെ ഉണങ്ങുകയും ചെയ്തിട്ടുണ്ട്. ഇസ് ലാമിന്റെ ആഗമനം മുതല്‍ എട്ടു നൂറ്റാണ്ടോളം കേരളത്തിലെ മുസ് ലിംകള്‍ക്കിടയില്‍ സമാധാനപരമായ സഹവര്‍ത്തിത്തം നിലനിന്നിട്ടുണ്ട്.

——————————————

6. ഡോ. എം. ജി. എസ്. നാരായണന്‍. (കോഴിക്കോട്, ചരിത്രത്തില്‍ നിന്ന് ചില ഏടുകള്‍,) കോഴിക്കോട്, പ്രതീക്ഷ ബുക്‌സ്, 2011, 136

7. ചരിത്രത്തില്‍ കോഴിക്കാടിന്റെ ആരംഭം പന്ത്രണ്ടാം നൂറ്റാണ്ടു മുതലാണ്. പന്ത്രണ്ടാം നൂറ്റാണ്ടു മുതല്‍ പത്തൊമ്പതാം നൂറ്റാണ്ടുവരെ കോഴിക്കോട് ആസ്ഥാനമാക്കി മലബാര്‍ ഭരിച്ച ഭരണാധികാരികള്‍ക്ക് പൊതുവെ പറയുന്ന പേരാണ് സാമൂതിരിമാര്‍. ഇസ്‌ലാമിക പ്രബോധന ദൗത്യവുമായി ആദ്യം കേരളക്കരയില്‍ എത്തിയ മുസ് ലിംകളെ സ്വീകരിക്കുകയും അവര്‍ക്ക് പള്ളിപണിയാനും പ്രബോധനം നടത്താനുമുള്ള സൗകര്യങ്ങള്‍ സാമൂതിരി ഒരുക്കിയില്ലായിരുന്നുവെങ്കില്‍ കേരളത്തില്‍ പ്രബോധകര്‍ സ്വീകരിക്കപ്പെടുകയില്ലായിരുന്നു. മലബാര്‍ രാജാവിന്റെ ഈദൃശ്യ പ്രവര്‍ത്തനങ്ങളാണ് മറ്റു ഭരണാധികാരികളെയും വളരെ അനുകൂലമായ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ചത്.

Topics