ഞാനറിഞ്ഞ ഇസ്‌ലാം

ഇസ്‌ലാമുമായുള്ള മറനീക്കിയത് ഹിജാബ്

ഒരു  ജോര്‍ദാനിയന്‍മുസ് ലിമിനെ വിവാഹംചെയ്ത് രണ്ടുകുട്ടികളുടെ മാതാവാണിപ്പോള്‍ ഞാന്‍. ബ്രിട്ടനിലെ ഈസ്റ്റ് സസക്‌സിലെ ലീവിസില്‍താമസം. അവിടെ ഹിജാബണിയുന്ന ഏകമുസ് ലിംവനിതയാണ് ഞാന്‍. ഒരു മധ്യവര്‍ഗകുടുംബത്തില്‍ പ്രൊഫസറായ പിതാവിന്റെയും ടീച്ചറായ മാതാവിന്റെയും മകളായി ജനിച്ചു. 2000 ല്‍ കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫില്‍ പൂര്‍ത്തിയാക്കി. ശേഷം ഈജിപ്തിലും ജോര്‍ദാനിലും, ഫലസ്തീനിലും  ഇസ്രയേലിലും ജോലിനോക്കി. അന്നാളുകളില്‍  എല്ലാവരെയുംപോലെ  ഇസ് ലാമിനെ മോശമായാണ് കണ്ടിരുന്നത്. എന്നാല്‍ നല്ല വിശ്വാസികളായ മുസ് ലിംകളെ കണ്ടപ്പോള്‍ എന്റെ ധാരണകള്‍ തിരുത്തപ്പെടുകയായിരുന്നു. അവര്‍ ദരിദ്രജീവിതം നയിച്ചിരുന്നവരായിരുന്നെങ്കിലും മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തമായി ഹൃദയശാന്തിയോടെയും സ്ഥിരതയോടെയും ജീവിതംനയിച്ചിരുന്നവരായിരുന്നു.

2001 ല്‍ യാദൃശ്ചികമായി പരിചയപ്പെട്ട ഒരു ജോര്‍ദാനിയന്‍ യുവാവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ചെയ്തു. അയാള്‍ ഇസ് ലാം അനുഷ്ഠിച്ചിരുന്ന മനുഷ്യനായിരുന്നില്ല. ആദ്യകാലത്ത് തനി പാശ്ചാത്യന്‍ ശൈലിയിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നത്. ബാറിലും ഡാന്‍സ് ക്ലബിലും സ്ഥിരം പോകാറുണ്ടായിരുന്നു. എന്നാല്‍ കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അറബി പഠിക്കാനും  ഖുര്‍ആന്‍ ഇംഗ്ലീഷ് പരിഭാഷ വായിക്കാനും തുടങ്ങി. വായന പുരോഗമിച്ചതോടെ ദൈവത്തിന്റെ അസ്തിക്യത്തെക്കുറിച്ച് ബോധ്യമാവുകയും  പ്രപഞ്ചസൃഷ്ടിപ്പിലെ അത്ഭുതങ്ങള്‍ വിസ്മയിപ്പിക്കുകയും ചെയ്തു. ഭൂമിയില്‍ മനുഷ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ട ദൈവത്തില്‍ വിശ്വസിക്കാന് അതെന്നോട് ആവശ്യപ്പെട്ടില്ലെന്നത് ആശ്ചര്യകരമായിരുന്നു. എനിക്ക് ഇടയാളനെയോ മധ്യവര്‍ത്തിയെയോ ആവശ്യമായി വന്നില്ല. അതോടെ ഇസ് ലാമിന്റെ അനുഷ്ഠാനമുറകളിലേക്കായി എന്റെ ശ്രദ്ധ. മുമ്പ് വളരെ പ്രയാസകരമെന്ന് ഞാന്‍ ധരിച്ചുവെച്ചിരുന്ന നോമ്പ്, നമസ്‌കാരം, സകാത് , ഇസ് ലാമികവസ്ത്രധാരണം എന്നിവ എളുപ്പമായി തോന്നി. മനുഷ്യന്റെ സ്വാതന്ത്ര്യം ഹനിക്കുന്നവയാണ് അവയെന്ന അബദ്ധജഢിലധാരണ തിരുത്തപ്പെടുകയായിരുന്നു.

മനസ്സുകൊണ്ട് ഞാന്‍ സ്വയം മുസ് ലിമായി പരിവര്‍ത്തിക്കപ്പെടാന്‍തുടങ്ങി. പക്ഷേ, അത് ഉറക്കെ പ്രഖ്യാപിക്കണമെന്നൊന്നും തോന്നിയില്ല. കുടുംബാംഗങ്ങളും വീട്ടുകാരുമായുള്ള സംഘര്‍ഷം ക്ഷണിച്ചുവരുത്തേണ്ടെന്നുകരുതിയാണ് അത്തരം നിലപാടെടുത്തത്. എന്നാല്‍ ഹിജാബ് എന്നെ സമൂഹത്തിന്റെ നടുത്തളത്തിലേക്കിറക്കി. ഹിജാബ് ധരിക്കാതിരുന്നാല്‍ എനിക്ക് എന്നോടുതന്നെ സത്യസന്ധതപാലിക്കാനാകില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. അത് അല്ലറചില്ലറ അസ്വാരസ്യങ്ങളുണ്ടാക്കിയെങ്കിലും തമാശകളും ഒപ്പിച്ചു. പതിഞ്ഞ സ്വരത്തില്‍ ചിലര്‍ എനിക്ക് കാന്‍സറാണോയെന്ന് ചോദിച്ചു. എന്റെ ആത്മാര്‍ഥമായ ബന്ധങ്ങളില്‍ അത് ഒട്ടുംതന്നെ പ്രശ്‌നങ്ങളുണ്ടാക്കിയില്ലെന്നതായിരുന്നു വാസ്തവം.

Topics