ഞാനറിഞ്ഞ ഇസ്‌ലാം

ഇസ്‌ലാമിലേക്ക് പറന്നടുത്ത ആകാശപ്പറവ: ആഇശാ ജിബ്‌രീല്‍ അലക്‌സാണ്ടര്‍

എന്റെ പേര്  ആഇശ ജിബ്‌രീല്‍ അലക്‌സാണ്ടര്‍. റോമന്‍കത്തോലിക്കാ കുടുംബത്തിലാണ് ജനിച്ചത്. കത്തോലിക്കാസ്ഥാപനങ്ങളില്‍ പ്രാഥമികവിദ്യാഭ്യാസവും ബിരുദപഠനവും നിര്‍വഹിച്ചതിനാലാകണം, മതത്തിന്റെ സിദ്ധാന്തങ്ങളും യുക്തികളും എന്റെ സംശയങ്ങള്‍ക്കിരയായിക്കൊണ്ടിരുന്നു. പ്രധാനമായും ത്രിത്ത്വത്തെ സംബന്ധിച്ച എന്റെ ചോദ്യങ്ങള്‍ക്ക് കന്യാസ്ത്രീകള്‍ നല്‍കിയ മറുപടി ഇതായിരുന്നു:’മതത്തെ ചോദ്യംചെയ്യരുത്; നീ പാപിയായിത്തീരും’. ഇതു നിരന്തരം കേട്ടപ്പോള്‍ എന്റെയുള്ളില്‍ മതത്തെസംബന്ധിച്ച ഭയംകൂടുകെട്ടുകയും  ത്രിത്ത്വത്തിലും മതത്തിലും വിശ്വസിച്ചുകൊണ്ട് മുന്നോട്ടുപോകുകയും ചെയ്തു.

2001 ലായിരുന്നു മുസ്‌ലിംകളുമായുള്ള എന്റെ ആദ്യകൂടിക്കാഴ്ച. ഞാനാദ്യം ജോലി ചെയ്തിരുന്നത് കനേഡിയന്‍ മുസ്‌ലിംകളുടെ കമ്പനിയിലായിരുന്നു . ഇസ്‌ലാമിനെപ്പറ്റി ഒരു പാട് ചോദ്യങ്ങള്‍ ചോദിക്കണമെന്നൊക്കെയുണ്ടായിരുന്നു എനിക്ക്. പക്ഷേ, വളരെ ചെറുപ്പമായതിനാലും എന്റെ ജോലിയില്‍ ശ്രദ്ധചെലുത്തേണ്ടതുണ്ടായതിനാലും അതൊക്കെ തല്‍കാലം മാറ്റിവെച്ചു.

കൊളമ്പിയയില്‍നിന്ന് വന്നുതാമസിക്കുന്നവരായിരുന്നു എന്റെ കുടുംബം.  കുടുംബം എന്നുപറഞ്ഞാല്‍ ഞാനും എന്റെ 61 വയസ്സായ അമ്മയും 93 വയസ്സായ അമ്മൂമ്മയും. അവര്‍ വലിയ മതഭക്തരായിരുന്നതുകൊണ്ട് ദൈവവിശ്വാസവും സ്‌നേഹവും എന്നെ നന്നായഭ്യസിപ്പിച്ചിരുന്നു.
2003 ല്‍ ഞാന്‍ വിവാഹിതയായി. വൈവാഹികജീവിതം തികഞ്ഞ പരാജയമായിരുന്നു. സംഘര്‍ഷഭരിതമായ ആ ദാമ്പത്യം എനിക്ക് നല്‍കിയ ഏക ആശ്വാസം ഇപ്പോള്‍ എട്ടുവയസ്സുള്ള മകനാണ്. എന്റെ ഭര്‍ത്താവ് ദൈവത്തില്‍ വിശ്വസിച്ചിരുന്നില്ല. എന്നല്ല, എന്റെ ദൈവവിശ്വാസത്തെ ഇല്ലായ്മചെയ്യാനാണ് അദ്ദേഹം ശ്രമിച്ചത്. 2005 ല്‍ എന്റെ അമ്മയുടെ സഹായത്തോടെ ഞാന്‍ അയാളില്‍ നിന്ന് വിമുക്തിനേടി. എന്റെ ജീവിതത്തിന് കൈത്താങ്ങ് നല്‍കുംവിധം പ്രൊഫഷണല്‍ കോഴ്‌സിനുചേര്‍ത്തത് അമ്മയായിരുന്നു. അങ്ങനെയാണ് വ്യോമയാനമേഖലയിലേക്ക് ഞാന്‍ കടന്നുവരുന്നത്.
പൈലറ്റായി ഞാന്‍ രാജ്യങ്ങള്‍ ചുറ്റിക്കറങ്ങവേ, ഒരുപാട് ആളുകളെയും മതവിശ്വാസികളെയും വിശ്വാസാചാരങ്ങളെയും അടുത്തറിയാന്‍ അവസരം ലഭിച്ചു. അമേരിക്കയിലെ  കോര്‍പറേറ്റ് പൈലറ്റ് ആയ എന്റെ അധികയാത്രകളും പശ്ചിമേഷ്യന്‍ ,യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങളിലേക്കായിരുന്നു. സ്ത്രീപൈലറ്റായതുകൊണ്ട് എനിക്ക് ഒരുപാട് ഇടവേളകള്‍ ഓരോ പറപ്പിക്കലുകള്‍ക്കുമിടയില്‍ ലഭിച്ചിരുന്നു. ആണുങ്ങളായ സഹപ്രവര്‍ത്തകര്‍ ക്ലബുകളിലും മദ്യശാലകളിലും സമയംകളഞ്ഞപ്പോള്‍ എനിക്കതിലൊന്നും താല്‍പര്യമില്ലാതിരുന്നതിനാല്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ ചെയ്യാന്‍ പ്രസ്തുതസമയം വിനിയോഗിച്ചു. അങ്ങനെ ജോലി സംബന്ധമായ കാര്യങ്ങളില്‍ എനിക്ക് വളര്‍ച്ച നേടാനായി . പക്ഷേ  ഇതുതന്നെയാണോ യഥാര്‍ഥജീവിതം എന്ന ചോദ്യം മനസ്സിലെപ്പോഴും വിങ്ങിനിന്നിരുന്നു.
 ഗള്‍ഫുരാജ്യങ്ങളിലേക്കുള്ള വ്യോമയാത്രകള്‍ എന്തോ എന്റെ മനസ്സില്‍ പ്രത്യേകമായൊരു വികാരം ഉണര്‍ത്തിയിരുന്നു. സാധാരണനിലയില്‍ ടൈറ്റ്ജീന്‍സും ഫാഷന്‍ടോപുകളും ധരിക്കാറുള്ള ഞാന്‍ അതൊക്കെ ഒഴിവാക്കി പരമാവധി മാന്യമായ ഡ്രസ്സുകള്‍ ധരിക്കാന്‍ അത്തരംഘട്ടങ്ങളില്‍  ശ്രദ്ധിച്ചിരുന്നു…എനിക്കുതോന്നുന്നത് എന്റെ മനഃപരിവര്‍ത്തനം അവിടം മുതല്‍ക്ക് ആരംഭിച്ചിരുന്നുവെന്നാണ്. ഒരിക്കല്‍ ഞാന്‍ ബഹ്‌റൈനിലേക്കുള്ള എന്റെ വിമാനം കാത്തുനില്‌ക്കെ ഖുര്‍ആന്‍ ഡൗണ്‍ലോഡുചെയ്തു. അന്നുമുതല്‍ എല്ലാദിവസവും രാവിലെ പ്രാതലിനുമുമ്പായി ദൈവത്തോടു പ്രാര്‍ഥിക്കാനാരംഭിച്ചു. അതുവരെ  ഞാന്‍ എന്റെ ദൈനംദിനകൃത്യങ്ങളുടെയും പ്രൊഫഷന്റെയും കൃത്യാന്തരബാഹുല്യങ്ങളില്‍മുഴുകിക്കഴിയുകയായിരുന്നു. എന്റെ മകന് ദൈവചിന്ത പകര്‍ന്നുനല്‍കാന്‍ പോലും ഞാന്‍ ശ്രദ്ധിച്ചില്ല. ചര്‍ച്ചില്‍ പോകാറുണ്ടായിരുന്നെങ്കിലും അധികസമയംഅവിടെ ചിലവഴിക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.

എന്റെ ജീവിതത്തില്‍ ദൈവമുണ്ടായിരുന്നുവോ? അതെ ..തീര്‍ച്ചയായുമുണ്ടായിരുന്നു. പക്ഷേ   ജോലിക്കുപോകലും ഷോപ്പിങും മാത്രമല്ല ജീവിതമെന്ന തിരിച്ചറിവെനിക്കുണ്ടാകാന്‍  കാത്തിരിക്കുകയായിരുന്നു അവന്‍. എനിക്ക് എന്റെ ജീവിതത്തോടും മകനോടും ഉത്തരവാദിത്വമുണ്ടെന്ന് അവനറിയാമായിരുന്നു. അതുകൊണ്ട് അവനെന്റെ വാതില്‍ക്കല്‍ മുട്ടി. പക്ഷേ, ഞാന്‍ വാതില്‍തുറക്കാന്‍ ഭയപ്പെട്ടു. ദൈവത്തോട് മനസ്സില്‍ സംസാരിച്ചാല്‍ പോരേ? അവന്റെ നാമം സദാ മനസ്സില്‍ ഉരുവിട്ടാല്‍ പോരേ എനിക്ക് മനസ്സമാധാനം ഉണ്ടാകാന്‍? ഇതൊക്കെ ചിന്തിച്ച് ഞാന്‍ സമാധാനിക്കാന്‍ ശ്രമിച്ചു. പക്ഷേ, അതുകൊണ്ടുമാത്രമായില്ലല്ലോ, ദൈവത്തിനറിയാമായിരുന്നു എന്റെ ജീവിതത്തെ രക്ഷപ്പെടുത്താന്‍ ഞാന്‍ അവന്റെ സഹായം തേടുമെന്ന്.

ഇസ് ലാം എന്റേതാണ്, എനിക്കുള്ളതാണ് എന്ന് ഞാന്‍ പറഞ്ഞ നിമിഷം . ഞാനപ്പോള്‍ ബഹ്‌റൈനിലായിരുന്നു. ഡ്യൂട്ടിസമയം കഴിഞ്ഞ് സഹപ്രവര്‍ത്തകരോടൊപ്പം പുറത്തിറങ്ങിയപ്പോള്‍ നമസ്‌കാരത്തിനുള്ള ബാങ്കുകേട്ടു. ഹോട്ടലിലേക്ക് ഭക്ഷണത്തിനായി നീങ്ങുകയായിരുന്ന ആ സമയത്ത് ഞാനെന്റെ കണ്ണുകളെ സഹപൈലറ്റുമാരില്‍നിന്ന് സണ്‍ഗ്ലാസുപയോഗിച്ചുമറച്ചുപിടിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവര്‍ കാണാതിരിക്കാനായിരുന്നു അത്. എന്റെ അന്തരാളത്തില്‍ നിന്ന് ഒരാജ്ഞ! നില്‍ക്കൂ..നമസ്‌കാരത്തില്‍ പങ്കെടുക്കൂ എന്ന്. ഖുര്‍ആന്‍ പാരായണത്തെ ഇതെന്ത് പാട്ട് എന്നൊക്കെപറഞ്ഞ് പരിഹസിക്കുകയായിരുന്നു സഹപ്രവര്‍ത്തകരിലൊരാള്‍.അപ്പോഴൊക്കെ ‘വിഡ്ഢീ, നിനക്കറിയില്ല അത് ദൈവത്തോടുള്ള പ്രാര്‍ഥനയാണ്്’ എന്ന ് അവനോടുപറയാന്‍ ഞാന്‍ വെമ്പല്‍കൊണ്ടു. പക്ഷേ, എന്റെ വാക്കുകള്‍ പുറത്തേക്കുവന്നില്ല. ഇത്രയുമായപ്പോഴേക്കും കവിള്‍ത്തടത്തിലൂടെ കണ്ണീര്‍കണങ്ങള്‍ ഉരുണ്ടുരുണ്ട് താഴേക്ക് വീഴാന്‍ തുടങ്ങി.. ആ രാത്രി ഞാന്‍ ഡിന്നര്‍ കഴിഞ്ഞ് മുസ്വല്ലയും സംഘടിപ്പിച്ചാണ് തിരികെ റൂമിലെത്തിയത്. റൂമിലെത്തിയതും ഞാന്‍ അതുനിവര്‍ത്തി അതിലേക്ക് പൊട്ടിക്കരഞ്ഞുകൊണ്ട് സാഷ്ടാംഗം വീണു.  എനിക്ക് പ്രകാശമേകാന്‍ ദൈവത്തോട് പ്രാര്‍ഥിച്ചു. അതോടെ എന്റെ അന്വേഷണം എന്നത്തേക്കാളേറെ ഊര്‍ജസ്വലമായി.  ദീര്‍ഘദൂരവ്യോമയാനത്തിനിടയില്‍ ഞാന്‍ ഇസ്‌ലാമിനെസംബന്ധിച്ച വീഡിയോകള്‍ കണ്ടു. ഖുര്‍ആന്‍ വായിച്ചു. സംശയനിവാരണങ്ങള്‍ക്കായി ഇസ്‌ലാമികസംഘടനകളെ സമീപിച്ചു. അര്‍ജന്റീനയിലായിരിക്കെ വിശ്രമവേളയില്‍ ഗൂഗഌല്‍ സെര്‍ച്ചുചെയ്ത് ലാറ്റിനമേരിക്കന്‍ നാടുകളില്‍ മുസ്‌ലിംസമൂഹമുണ്ടോ എന്നറിയാന്‍ ശ്രമിച്ചു. അപ്പോള്‍ മാത്രമാണ് എന്നെപ്പോലെ ഇസ്‌ലാമിന്റെ ശാദ്വലതീരമണയാന്‍ വെമ്പുന്ന ഒട്ടേറെസ്പാനിഷ് ഭാഷക്കാര്‍ ഉണ്ടെന്ന് മനസ്സിലായത്. അമേരിക്കന്‍വന്‍കരയിലെ ഏറ്റവും വലിയ പള്ളി സന്ദര്‍ശിക്കാന്‍ ഞാന്‍ ഒട്ടുംവൈകാതെതന്നെ അര്‍ജന്റീനക്ക് തിരിച്ചു. ആ പള്ളിയിലെ തെക്കനറേബ്യന്‍ രാജ്യക്കാരനായ ഇമാമുമായി മൂന്നുമണിക്കൂറോളം നീണ്ടുനിന്ന സംഭാഷണത്തിനൊടുവില്‍ ഞാനവിടെ നിന്നിറങ്ങി. ഇറങ്ങാന്‍ നേരം ആ ഇമാം ചോദിച്ചു: ‘താങ്കള്‍ക്ക് ഇസ്‌ലാം സ്വീകരിക്കേണ്ടേ?’ ഞാന്‍ ആവേശത്തോടെ ഉത്തരം കൊടുത്തു:’തീര്‍ച്ചയായും’ ഇനിയൊരിക്കലും അര്‍ജന്റീനയിലേക്ക് തിരിച്ചുവരാനായില്ലെങ്കിലോ എന്ന് ഞാന്‍ ഭയപ്പെട്ടു.

യേശു ദൈവമല്ല എന്ന യാഥാര്‍ഥ്യത്തിലേക്ക് മനസ്സിനെ തിരുത്തിയെടുക്കാന്‍ ഞാനേറെ പാടുപെട്ടു. ആദ്യമൊക്കെ ദൈവത്തെ വഞ്ചിക്കുന്നതുപോലെ എനിക്കുതോന്നി. കാരണം , അന്ന് കൗമാരകാലത്ത് കന്യാസ്ത്രീകള്‍ പറഞ്ഞുപഠിപ്പിച്ച ആ വാക്കുകള്‍ എന്റെ ചെവിയില്‍ അപ്പോഴും മുഴങ്ങിക്കൊണ്ടിരിക്കാറുണ്ടായിരുന്നു: ‘മതത്തെ ചോദ്യം ചെയ്യരുത്. നീ  പാപിയായിത്തീരും.’ അര്‍ജന്റീനയിലുള്ള പള്ളിയിലെ ആ ഇമാം തന്ന മറുപടി എനിക്ക് അതിനെയെല്ലാം തരണംചെയ്യാനുള്ള ഊര്‍ജ്ജം നല്‍കി.’അബ്രഹാം, മോസസ്, നോഹ, ജീസസ് ഇവരെല്ലാവരും ദൈവമാര്‍ഗത്തിലെ പ്രവാചകന്‍മാരല്ലേ. അവരെ പിന്‍പറ്റാതിരിക്കാനെന്തുണ്ട് നമുക്ക് ന്യായം?’

എന്റെ ജീവിതശൈലി ആകെ മാറി. മദ്യപാനം അവസാനിപ്പിച്ചു. ശഹാദത്ത് ചൊല്ലുന്നതിനുമുമ്പ്, ബഹ്‌റൈനിലെ ഒരിക്കലും  മറക്കാനാകാത്ത, ദൈവത്തോട് സുജൂദില്‍വീണ് കരഞ്ഞുപ്രാര്‍ഥിച്ച ആ രാത്രിതന്നെ ഞാന്‍ അതിനായി പ്രതിജ്ഞയെടുത്തിരുന്നു. എന്റെ കൂടെ എപ്പോഴും രാത്രിഭക്ഷണത്തിനുണ്ടാകാറുള്ള സുഹൃത്തിനോട്, പതിവുപോലെ ഒന്നോ രണ്ടോ ഗ്ലാസ് ലഹരി നുണയാനുള്ള ഓര്‍ഡര്‍ കൊടുത്തപ്പോള്‍ അവളോടു ഞാന്‍ പറഞ്ഞു: ‘എനിക്കുവേണ്ട.’ എനിക്ക് ചിലതു അന്വേഷിച്ചുകണ്ടെത്താനുണ്ട് . അത്  തടസ്സപ്പെടുത്തുന്ന ഇത്തരംശീലങ്ങളില്‍നിന്ന് എനിക്ക് മുക്തിനേടിയേ മതിയാകൂ എന്ന് ഞാന്‍ മനസ്സിന്റെ ഉള്ളില്‍ പ്രഖ്യാപിച്ചു. പന്നിമാംസം ഭക്ഷിക്കുന്നത് നിര്‍ത്തിയതോടൊപ്പം, എന്റെ വസ്ത്രശേഖരം വര്‍ധിപ്പിക്കുന്നത് അവസാനിപ്പിച്ചു; എനിക്കത് വളരെ പ്രയാസകരമായിരുന്നുവെങ്കിലും. എന്റെ സൗന്ദര്യത്തിലും അതുമറ്റുള്ളവരുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്നതിലും ഞാന്‍ വളരെ അഭിമാനം കൊണ്ടിരുന്നു അതുവരെ. ഇനി ഹിജാബില്‍ മാത്രമാണ് ഞാന്‍ പുറത്തിറങ്ങുക എന്ന് ദൃഢനിശ്ചയം ചെയ്തു.

എന്റെ മനംമാറ്റം ജോലിസ്ഥലത്ത് വലിയ പ്രശ്‌നമായി. അവിടെയുള്ളവരെല്ലാം ഇസ്‌ലാമിനെക്കുറിച്ച് സങ്കുചിതവീക്ഷണംവെച്ചുപുലര്‍ത്തുന്നവരായിരുന്നു. എന്റെ ക്രിസ്ത്യാനിയായ അമ്മയെസംബന്ധിച്ചിടത്തോളം  ഞാന്‍ ഇസ്‌ലാമിലേക്ക് വന്നത് അവരെ സന്തോഷിപ്പിച്ചു. ഇസ്‌ലാം എന്നില്‍ വരുത്തിയ മാറ്റം അവര്‍ അനുനിമിഷം നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു അവര്‍. എന്റെ എട്ടുവയസ്സുകാരനായ മകനും സ്വാഭീഷ്ടപ്രകാരം ഇസ് ലാമിലേക്ക് കടന്നുവന്നു. ഇപ്പോള്‍ ഞങ്ങള്‍ സന്തുഷ്ടകുടുംബമാണ്.

ചെറിയ കുട്ടികളുള്ള രക്ഷിതാക്കളെ സംബന്ധിച്ചിടത്തോളം ഇസ്‌ലാമിലേക്കുള്ള കടന്നുവരവ് കുട്ടികളില്‍ ഒട്ടേറെ വൈകാരികപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. അവരുടെ സുഹൃത്തുക്കളോടൊപ്പമായിരിക്കുമ്പോള്‍ ഉയര്‍ന്നുവരുന്ന ചോദ്യശരങ്ങളെ നേരിടാനാകാത്തതുകൊണ്ടാണത്. അതിനാല്‍ രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് മതിയായ പരിഗണന നല്‍കണമെന്ന് സ്വാനുഭവത്തില്‍നിന്ന് ഉണര്‍ത്തുകയാണ്.

പൈലറ്റായ ഞാന്‍ എന്റെ ഇസ്‌ലാംസ്വീകരണത്തിലൂടെ ഇസ്‌ലാം സ്ത്രീകളെ അടിച്ചമര്‍ത്തുന്നില്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനായതില്‍ സന്തോഷിക്കുകയാണ്. ചിലര്‍ക്കൊക്കെ തെറ്റുധാരണയുണ്ട്, സ്ത്രീകള്‍ ജോലിക്കുപോകുകയെന്ന ആശയത്തെ ഇസ്‌ലാം നിരാകരിക്കുന്നുവെന്ന്.  അവസാനമായി പറയട്ടെ,  ആഇശ ജിബ്‌രീല്‍ എന്ന പേര് സ്വീകരിച്ചതിനൊരു കാരണമുണ്ട്. ആഇശ എന്നാല്‍ പുതുജീവിതം എന്നാണ്.  ഇസ്‌ലാം എനിക്ക് പുതുജീവിതമാണല്ലോ നല്‍കിയത്. അല്ലാഹുവിന്റെ സന്ദേശവാഹകനായ മാലാഖ ജിബ്‌രീലായിരുന്നു. അല്ലാഹു  സമാധാനസന്ദേശം  എന്റെ ഹൃദയത്തിലേക്കിട്ടതുകൊണ്ടാണല്ലോ എനിക്ക് ഇസ്‌ലാം സ്വീകരിക്കാനായത്.

Topics