ഭൂമിയില്‍ ഓരോ കുഞ്ഞും ശുദ്ധ പ്രകൃതിയോടെയാണ് ജനിക്കുന്നത്. ബാഹ്യ സ്വാധീനങ്ങളാണ് പിന്നീടതിനെ വക്രീകരിക്കുന്നതും വികലമാക്കുന്നതും. ഗൃഹാന്തരീക്ഷവും, മാതാപിതാക്കളും, പാഠശാലയും ഗുരുനാഥന്മാരും, സമൂഹവും അവരുടെ സംസ്‌കാരവും എല്ലാം ശുദ്ധപ്രകൃതിയെ അങ്ങനെത്തന്നെ കാത്തുസൂക്ഷിക്കുകയോ, നഷ്ടപ്പെടുത്തുകയോ ചെയ്യുന്ന ഘടകങ്ങളാണ്.പ്രവാചകന്‍ (സ) ഇത് വ്യക്തമാക്കിയിട്ടുണ്ട്.’ ഓരോ കുഞ്ഞും ശുദ്ധപ്രകൃതിയിലാണ് ജനിക്കുന്നത്. പിന്നീട് മാതാപിതാക്കളാണവനെ ജൂതനും ക്രിസ്ത്യാനിയും അഗ്നി പൂജകനുമാക്കി മാറ്റുന്നത്.'(ബുഖാരി, മുസ്‌ലിം)ബാഹ്യസ്വാധീനത്താല്‍ എത്രതന്നെ വക്രീകരിക്കപ്പെട്ടാലും, ഈ ശുദ്ധപ്രകൃതിയിലെ ചില ഘടകങ്ങള്‍ മനുഷ്യനില്‍ അങ്ങനെത്തന്നെ നിലനില്‍ക്കും. ഒരു ബാഹ്യശക്തിക്കും തുടച്ചുനീക്കാനാവാത്തവിധം ദൈവം മനുഷ്യന്റെയുള്ളില്‍ നിക്ഷേപിച്ചവയാണവ. പ്രകൃത്യാതന്നെ ചില കാര്യങ്ങളെ നന്മയായും മറ്റുചിലതിനെ തിന്മയായും വിവേചിച്ചറിയാന്‍ സഹായിക്കുന്ന, അവന്റെയുള്ളിലെ ധാര്‍മ്മികബോധമാണ് മറ്റൊന്ന്. ‘ആത്മാവും അതിനെ പാകപ്പെടുത്തിയതും സാക്ഷി. അങ്ങനെ അതിന് ധര്‍മ്മത്തെയും അധര്‍മ്മത്തെയും സംബന്ധിച്ച് ബോധം നല്‍കിയതും.’ (അശ്ശംസ്: 7 – 8)
തിന്മകളെ വെറുക്കുകയും അതില്‍നിന്ന് മനുഷ്യനെ വിലക്കുകയും ചെയ്യുന്ന മനഃസാക്ഷി എന്ന വികാരമാണ് മറ്റൊന്ന്. ‘കുറ്റപ്പെടുത്തുന്ന മനഃസാക്ഷിയെക്കൊണ്ടും ഞാന്‍ സത്യം ചെയ്യുന്നു.'(അല്‍ ഖിയാമ : 2)
ഓരോരുത്തരുടെയും ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഏകീകൃതവും സന്തുലിതവുമായ നീതിന്യായ ബോധമാണ് മറ്റൊന്ന്.. കണ്ണും കാതും അറിവും ബുദ്ധിയും വിവേചനബുദ്ധ്യാ പ്രയോജനപ്പെടുത്തുന്ന വിവേകശാലിയായ ഒരാള്‍ക്ക്, ബാഹ്യമായ ഒന്നിനും ഇല്ലായ്മ ചെയ്യാന്‍ കഴിയാത്ത മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൊണ്ടുതന്നെ തന്റെ ശുദ്ധപ്രകൃതി മലീമസമാകാതെ സൂക്ഷിക്കാന്‍ കഴിയും.’ അതിനെ സംസ്‌കരിച്ചവന്‍ വിജയിച്ചു. മലീമസമാക്കിയവന്‍ പരാജയപ്പെട്ടു.'(അശ്ശംസ് 9-10).തെറ്റായ വിശ്വാസങ്ങളും ആദര്‍ശങ്ങളുമാണ് അതിനെ മലീമസമാക്കിത്തീര്‍ക്കുന്നത്. വിശ്വാസാദര്‍ശങ്ങളുടെ പ്രതിബിംബമാണ് ജീവിതം. ശുദ്ധപ്രകൃതിയില്‍നിന്നകന്നു പോയവരെ അതിലേക്ക് മടക്കിക്കൊണ്ടുവരാനും അതുവഴി അവരുടെ ഇഹ – പര ക്ഷേമവും നന്മയും ഉറപ്പുവരുത്താനും വേണ്ടിയാണ് അല്ലാഹു പ്രവാചകന്മാരെ അയച്ചത്. അവര്‍ കൊണ്ടുവന്ന ദൈവിക സന്ദേശം മുന്നോട്ട്‌വെക്കുന്ന ജീവിത ദര്‍ശനം മനുഷ്യനിലെ ശുദ്ധപ്രകൃതിക്കിണങ്ങിയതാണ്.’അതിനാല്‍ ശ്രദ്ധയോടെ നീ നിന്റെ മുഖം ഈ മതദര്‍ശനത്തിന് നേരെ ഉറപ്പിച്ച് നിര്‍ത്തുക. അല്ലാഹു മനുഷ്യരെ പടച്ചത് ഏതൊരു പ്രകൃതിയിലൂന്നിയാണോ ആ പ്രകൃതി തന്നെയാണ് ഇത്.'(അര്‍റൂം: 30)
ദൈവദൂതന്മാര്‍ അവരുടെ ഈ ദൗത്യം നിര്‍വഹിക്കാന്‍ സ്വീകരിച്ച ഏറ്റവും ശക്തമായ മാധ്യമം അറിവ് ആയിരുന്നുവെന്ന് മുമ്പ് വ്യക്തമാക്കിയല്ലോ. അറിവിന്റെ ഈ പ്രയോജനംതന്നെയാണ് ഇസ്‌ലാമികവിദ്യാഭ്യാസവ്യവസ്ഥ ലക്ഷ്യമാക്കുന്നത്. അതായത്, മനുഷ്യസമൂഹത്തെ ശുദ്ധപ്രകൃതിയിലേക്ക് മടക്കിക്കൊണ്ടുവരാനാകുംവിധം ബോധവല്‍ക്കരിക്കുക. വിദ്യാഭ്യാസം ലക്ഷ്യമാക്കുന്ന മറ്റു സംഗതികളെല്ലാം ഈ മൗലികപ്രധാനമായ ലക്ഷ്യത്തെ പൂര്‍ത്തീകരിക്കുന്ന കാര്യങ്ങളാണ്. പ്രവാചകന്‍മാര്‍ പ്രബോധനം ചെയ്ത ഏകദൈവവിശ്വാസത്തിലധിഷ്ഠിതമായ ദൈവികസന്ദേശത്തിലേക്ക് മനുഷ്യധിഷണയെ നയിക്കുന്ന ദൃഷ്ടാന്തങ്ങള്‍ എന്നനിലയില്‍ വിജ്ഞാനങ്ങളെ വിന്യസിക്കുമ്പോള്‍ മാത്രമേ വിദ്യാഭ്യാസം വിശ്വാസത്തിലേക്ക് നയിക്കുകയുള്ളൂ.’എന്നാല്‍, അഗാധ ജ്ഞാനമുള്ളവരും സത്യവിശ്വാസികളും നിനക്ക് അവതരിപ്പിച്ചുതന്നതിലും നിനക്കുമുമ്പ് അവതരിപ്പിച്ചതിലും വിശ്വസിക്കുന്നു.'(അന്നിസാഅ്: 162)
‘അറിവുള്ളവര്‍ മനസ്സിലാക്കുന്നു, നിന്റെ നാഥനില്‍നിന്ന് നിനക്കവതരിച്ചുകിട്ടിയതുതന്നെയാണ് സത്യമെന്ന്. അത് പ്രതാപിയും സ്തുത്യര്‍ഹനുമായ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തിലേക്ക് നയിക്കുന്നതാണെന്നും.’ (സബഅ്: 6)
ദൈവികസന്ദേശത്തിന്റെ സത്യസന്ധത ബോധ്യപ്പെടുത്തി വിശ്വാസത്തിലേക്ക് നയിക്കുകയും ഹൃദയങ്ങള്‍ ആ സത്യത്തിന് വിനീതമായി കീഴ്‌പ്പെടുകയും (അല്‍ ഹജജ് – 54) ചെയ്യുമ്പോഴാണ് വിദ്യാഭ്യാസത്തിലൂടെ നേടിയ അറിവ് സാര്‍ത്ഥകമാകുന്നത്.
ദൈവികസന്ദേശത്തെ വിശദീകരിക്കുന്ന ഭൗതികദൃഷ്ടാന്തങ്ങള്‍ എന്ന നിലക്കാണ് വിശുദ്ധ ഖുര്‍ആന്‍ പ്രാപഞ്ചികസത്യങ്ങളെയും പ്രകൃതിവിജ്ഞാനീയങ്ങളെയും സമീപിക്കുന്നത്, കേവല അറിവുകള്‍ എന്ന നിലക്കല്ല. സപ്തവാനങ്ങളും ദിക്കുകളും ചക്രവാളങ്ങളും, സൂര്യചന്ദ്രാദിഗോളങ്ങളും, താരഗണങ്ങളും അവയുടെ സഞ്ചാരപഥങ്ങളും, രാവും പകലും അവയുടെ മാറിവരലുകളും, ഭൂമിയും അതിന്റെ സന്തുലിതത്വത്തിന് ഏര്‍പ്പെടുത്തിയിട്ടുള്ള സംവിധാനങ്ങളും, മാമലകളും താഴ്‌വരകളും, മേഘങ്ങളും അവയുടെ സഞ്ചാരവും, പര്‍വ്വതങ്ങളും, പക്ഷിമൃഗാദികളും വൃക്ഷലതാദികളും, പാതകളും പാര്‍പ്പിടങ്ങളും, അരുവികളും പുഴകളും, പൂക്കളും പൂവാടികളും, കൃഷിയും തോട്ടങ്ങളും, കായ്കനികളും ഫലവര്‍ഗ്ഗങ്ങളും, കാലിസമ്പത്തും കച്ചവടവും, ഖനിജങ്ങളും ലോഹങ്ങളും, മഹാസമുദ്രങ്ങളും മത്സ്യങ്ങളും, കടല്‍ക്ഷോഭവും കപ്പല്‍സഞ്ചാരവും, മുത്തുകളും പവിഴങ്ങളും, വാനഭൂമികള്‍ക്കിടയിലുള്ളതും, കാറ്റും പരാഗണവും, മഞ്ഞും മഴയും അതിന്റെ അനുഗ്രഹവര്‍ഷവും, മനുഷ്യനും അവന്റെ മൗലികസവിശേഷതകളും, മനുഷ്യസമൂഹങ്ങളും അവയുടെ ഉത്ഥാന-പതനങ്ങളും, കഥാ കഥനങ്ങളും ചരിത്രവ്യാഖ്യാനങ്ങളും, ഭൗതികലോകത്തെ ദൈവികനടപടിക്രമങ്ങളും, വര്‍ണ്ണങ്ങളും വര്‍ഗ്ഗവൈവിധ്യങ്ങളും, സൃഷ്ടി സ്ഥിതി സംഹാരങ്ങളും ജനിമൃതികളും അങ്ങനെ തുടങ്ങി ഈ സങ്കീര്‍ണ്ണമായ പ്രപഞ്ചത്തിലെ സൂക്ഷ്മവും സ്ഥൂലവുമായ നിരവധി പ്രതിഭാസങ്ങളെക്കുറിച്ച് വിശുദ്ധഖുര്‍ആന്‍ അനേകം സൂക്തങ്ങളില്‍ പരാമര്‍ശിച്ചത് അവയെക്കുറിച്ച കേവല അറിവ് പ്രദാനം ചെയ്യുന്നതിനുവേണ്ടിയല്ല. മറിച്ച് വേദഗ്രന്ഥം വിളംബരം ചെയ്യുന്ന മഹാസത്യത്തെ വിശദീകരിക്കുന്ന ദൃഷ്ടാന്തങ്ങളായി മനുഷ്യന്‍ അവയെ മനസ്സിലാക്കുന്നതിനും, അവക്കുപിന്നിലെ ദൈവികസാന്നിദ്ധ്യത്തെക്കുറിച്ച് ചിന്തിക്കുന്നതിനും, അതുവഴി ഹൃദയങ്ങളില്‍ ദൈവഭയവും ഭക്തിയും നിറഞ്ഞൊഴുകി അവര്‍ സാഷ്ടാംഗം പ്രണമിക്കുന്നതിനും വേണ്ടിയാണ്.’തീര്‍ച്ചയായും ദൈവദാസന്മാരില്‍ അവനെ ഭയപ്പെടുന്നത് അറിവുള്ളവര്‍ മാത്രമാകുന്നു.'(ഫാത്വിര്‍ – 28)
‘പറയുക : നിങ്ങള്‍ക്കിത് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യാം. എന്നാല്‍ ഇതിനുമുമ്പേ ദിവ്യജ്ഞാനം ലഭിച്ചവര്‍ ഇത് വായിച്ച്‌കേള്‍ക്കുമ്പോള്‍ മുഖംകുത്തി സാഷ്ടാംഗം പ്രണമിക്കുന്നതാണ്.'(അല്‍ ഇസ്‌റാഅ്- 107)
ഇസ്‌ലാമിക വിദ്യാഭ്യാസം ലക്ഷ്യമാക്കുന്ന ഇതര കാര്യങ്ങളൊന്നുംതന്നെ സ്വന്തംനിലക്ക് ലക്ഷ്യങ്ങളല്ല. മറിച്ച് ഈ മൗലികവും പ്രാഥമികവുമായ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് സമാന്തരമായി വ്യക്തിയിലും സമൂഹത്തിലും അതുമൂലമുളവാകേണ്ട ഫലങ്ങളാണ്. അതിനാല്‍ത്തന്നെ, ഇസ്‌ലാമികവിദ്യാഭ്യാസത്തിന്റെ ദ്വിതീയലക്ഷ്യങ്ങളെന്ന നിലയില്‍ അവ വളരെ പ്രാധാന്യമര്‍ഹിക്കുന്നു. വേറെ ചിലതാവട്ടെ, നടേപറഞ്ഞ പ്രാഥമികവും സുപ്രധാനവുമായ ലക്ഷ്യത്തിലേക്കുള്ള മാര്‍ഗ്ഗങ്ങളെന്ന നിലയിലോ, അതിന് സഹായകമാവുന്ന കാര്യങ്ങളെന്ന നിലയിലോ ആണ് പ്രസക്തമാകുന്നത്. അതിനാലവയും സുപ്രധാനങ്ങള്‍തന്നെ.വ്യക്തിപരവും സാമൂഹികവുമായ മുന്‍ഗണനാക്രമങ്ങളുടെ അടിസ്ഥാനത്തില്‍, ഇസ്‌ലാമിക വിദ്യാഭ്യാസം അവയില്‍ മുഖ്യമായും പരിഗണിക്കുന്നത് താഴെ പറയുന്ന കാര്യങ്ങളാണ്.
- വ്യക്തിയുടെ സമഗ്രവും സന്തുലിതവുമായ വളര്‍ച്ച
വ്യക്തിയിലെ സകലമാന സവിശേഷതകളുടെയും കഴിവുകളുടെയും സന്തുലിതമായ വളര്‍ച്ച വിദ്യാഭ്യാസംകൊണ്ട് സാധ്യമാകേണ്ടതാണ്. ആത്മാവ്, മനസ്സ്, ധിഷണ, ശരീരം, നൈസര്‍ഗ്ഗികശേഷികള്‍ തുടങ്ങിയ ചേരുവകളെല്ലാം സമഞ്ജസമായി വളരാനുതകുംവിധം ക്രിയാത്മകമായ ശൈലിയിലാകണം വിദ്യാഭ്യാസം വ്യക്തിയെ സമീപിക്കുന്നത്.
വ്യക്തിനിഷ്ഠമായ ഏറ്റക്കുറവുകളെ പരിഗണിച്ചുകൊണ്ടുതന്നെ മനുഷ്യരിലെ ധൈഷണികമായ വിവിധ കഴിവുകളെ കണ്ടറിഞ്ഞ് വളര്‍ത്തുവാന്‍ വിശേഷിച്ചും വിദ്യാഭ്യാസ വ്യവസ്ഥക്ക് കഴിയണം. മനുഷ്യധിഷണയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ (Function) വിശുദ്ധ ഖുര്‍ആന്‍ വ്യത്യസ്ത പദപ്രയോഗങ്ങളിലൂടെ പരിചയപ്പെടുത്തുകയും അവയെ ഉപകാരപ്പെടുത്തുവാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. അഖ്ല്‍, തഅ്‌വീല്‍, തദബ്ബുര്‍, ഫിഖ്ഹ്, തഫക്കുര്‍, തദക്കുര്‍, നള്ര്‍, ശുഹൂദ്, ഇബ്‌സ്വാര്‍, ഹിക്മത്ത് തുടങ്ങിയ പദങ്ങള്‍ ധൈഷണിക പ്രപര്‍ത്തനങ്ങളെക്കുറിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങളാണ്. അഗ്രഗണ്യരായ ചില പണ്ഡിതന്മാര്‍ സന്ദര്‍ഭത്തില്‍നിന്ന് ഇവയുടെ ആശയവൈവിധ്യങ്ങളെ വായിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാനും ആവശ്യാനുസാരം ഓര്‍മ്മിച്ചെടുത്ത് ഉപയോഗപ്പെടുത്താനുമുള്ള കഴിവാണ് ‘തഅ്‌വീല്‍.’ കാര്യകാരണബന്ധങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവങ്ങളെ വിലയിരുത്തുവാനും സംഭവങ്ങള്‍ക്കുപിന്നിലെ കാരണങ്ങളെ കണ്ടെത്തുവാനുമുള്ള ശേഷിയാണ് ‘തദബ്ബുര്‍’. ഒരു കാര്യത്തെക്കുറിച്ച് സൂക്ഷ്മമായ അറിവ്‌നേടി അത് ഗ്രഹിച്ച് ബോധ്യപ്പെടുന്നതാണ് ‘ഫിഖ്ഹ.്’ ബൗദ്ധികസിദ്ധികള്‍ പലതുമുപയോഗപ്പെടുത്തിക്കൊണ്ട് യാഥാര്‍ത്ഥ്യാന്വേഷണം നടത്തുവാനും സത്യത്തിലേക്ക് എത്തിച്ചേരുവാനുമുള്ള കഴിവാണ് ‘തഫക്കുര്‍’. ഖുര്‍ആന്‍ 19 സ്ഥലങ്ങളില്‍ ഈ പദം പ്രയോഗിച്ചിട്ടുണ്ട്. കഴിഞ്ഞുപോയ ചരിത്രത്തിലോ, സമകാലികലോകത്തോ, സ്വന്തം ജീവിതത്തില്‍ത്തന്നെയുമോ അനുഭവിച്ചറിഞ്ഞ ഗുണപാഠങ്ങളുടെ വെളിച്ചത്തില്‍ ഭൗതികലോകത്തെ ദൈവിക നടപടിക്രമങ്ങള്‍ ഓര്‍മ്മിച്ചെടുത്ത് ഉദ്ബുദ്ധരാകാനുള്ള ശേഷിയാണ് ‘തദക്കുര്‍’.ദൃശ്യവും ശ്രാവ്യവുമായ കാര്യങ്ങളിലൂടെ ഗുപ്തസത്യങ്ങളെ വായിച്ചെടുക്കാനുള്ള ശേഷിയാണ് ‘നള്ര്‍’. എന്നാല്‍ ഇതിന്റെ ഫലം തെറ്റോ ശരിയോ ആകുന്നത്, അവലംബിക്കുന്ന രീതിശാസ്ത്രത്തിനനുസരിച്ചാകും. ഇന്ദ്രിയശക്തികളുപയോഗപ്പെടുത്തി സത്യം മനസ്സിലാക്കുന്നതാണ് ‘ശുഹൂദ്’. ഇതിന്റെ ഫലം എപ്പോഴും ശരിയായിരിക്കും. ഒരു പ്രതിഭാസത്തിന്റെ ഗോപ്യമായ വശങ്ങളെ ആഴത്തില്‍ അപഗ്രഥിക്കുവാനും അതിനെ സംബന്ധിച്ച് സൂക്ഷ്മമായി ഗ്രഹിക്കുവാനുമുള്ള ഉള്‍ക്കാഴ്ചയാണ് ‘ഇബ്‌സ്വാര്‍’. തത്വജ്ഞാനവും അനുഭവപരിജ്ഞാനവും സമ്മേളിച്ചാലുണ്ടാകുന്ന പ്രായോഗിക പരിജ്ഞാനമാണ് ‘ഹിക്മത’്(1)
അതിനാല്‍ ഇസ്‌ലാമിക വിദ്യാഭ്യാസം മനുഷ്യധിഷണയുടെ ഈ ബഹുമുഖപ്രവര്‍ത്തനങ്ങളെ സജീവമാക്കുന്നതാകണം (2) - വ്യക്തിത്വത്തിന്റെ ഉദ്ഗ്രഥിത വികാസം
ഉദ്ഗ്രഥിത വ്യക്തിത്വം (Integrated Personality) രൂപപ്പെടുന്നത് വ്യക്തിയില്‍ മൂന്ന് സുപ്രധാന ഘടകങ്ങള്‍ സമ്മേളിക്കുമ്പോഴാണ്. ദൈവ വിശ്വാസവും ഭക്തിയും പരലോകചിന്തയും ആണ് അതിലാദ്യത്തേത്.
സനാതന മൂല്യങ്ങളും ഉത്തമ മാനുഷിക ഗുണങ്ങളും സ്വാംശീകരിക്കലാണ് രണ്ടാമത്തേത്. സ്‌നേഹം, സത്യസന്ധത, കാരുണ്യം, ദയ. സഹിഷ്ണുത, സഹാനുഭൂതി, പരക്ഷേമ തല്‍പരത, നിസ്വാര്‍ത്ഥത, ആത്മാര്‍ത്ഥത, അറിവിനോടുള്ള പ്രതിബദ്ധത തുടങ്ങിയവ അവയില്‍ പ്രധാനങ്ങളാണ്.
വ്യക്തിഗുണങ്ങളെ പാകപ്പെടുത്തിയെടുക്കലാണ് മൂന്നാമത്തേത്. വൈകാരികമായപക്വത(Emotional maturity) മാന്യമായ പെരുമാറ്റം (decent behavi-our), ഉറച്ച തീരുമാനശേഷി (sound ju-djment)ആത്മവിശ്വാസത്തോടുകൂടിയ സമീപനം (confident attitude), മികച്ച ഇഛാശക്തി (will power) തുടങ്ങിയ ഗുണങ്ങള്‍ ആര്‍ജ്ജിച്ച്‌കൊണ്ടാണത് സാധിക്കേണ്ടത്. ഈ മൂന്ന് ഘടകങ്ങളെയും സമഗ്രമായി സ്വാംശീകരിച്ച് കൊണ്ട്, വ്യക്തിത്വത്തിന്റെ ക്രമപ്രവൃദ്ധമായ ഉദ്ഗ്രഥനം സാധ്യമാക്കാന്‍ വ്യക്തിയെ സഹായിക്കുന്നതാകണം വിദ്യാഭ്യാസം. - കരുത്തനായ മനുഷ്യനെ സൃഷ്ടിക്കുക
ഇസ്‌ലാമിക വിദ്യാഭ്യാസ വ്യവസ്ഥയില്‍ വളര്‍ന്നുവന്ന ഒരാളും ജീവിതത്തിന്റെ ഇഴകളും വഴികളും കണ്ടെത്താനാകാതെ അസ്വസ്ഥനും അശക്തനും നിരാശനുമാകുന്നില്ല. അയാള്‍ വിജ്ഞാനത്തിന്റെ ഏത് കൈവഴിയിലെ പഠിതാവാകട്ടെ, തന്റെ ജീവിതത്തെയും അതിന്റെ ലക്ഷ്യത്തെയും പ്രസക്തിയെയും അതിലെ ബന്ധങ്ങളെയും കുറിച്ചെല്ലാം ശരിയായ അറിവ് അവിടെ നിന്നും ആര്‍ജ്ജിച്ചെടുക്കുന്നു. ഭൗതികലോകം നശ്വരവും മനുഷ്യന്റെ പരീക്ഷണഗേഹവുമാണെന്നും അവന്റെ ആയുസ്സാണു പരീക്ഷക്കനുദിച്ചിട്ടുള്ള സമയമെന്നും, അവന് ലഭിച്ചിട്ടുള്ള യോഗ്യതകളും കഴിവുകളും കൈകാര്യസൗകര്യം ലഭിച്ചിട്ടുള്ള വസ്തുക്കളും അഭിമുഖീകരിക്കുന്ന സാഹചര്യങ്ങളും ബന്ധങ്ങളും എല്ലാം അതിലെ എണ്ണമറ്റ ചോദ്യങ്ങളാണെന്നും പരലോകത്ത് വെച്ച് അവന്റെ ഉത്തരങ്ങള്‍ കണിശമായി പരിശോധിക്കപ്പെടുമെന്നും ജയപരാജയങ്ങളുടെ അടിസ്ഥാനത്തില്‍ രക്ഷാശിക്ഷകള്‍ വിധിക്കപ്പെടുമെന്നും അവിടെയാണ് ശാശ്വതമായ ജീവിതമെന്നുമുള്ള അറിവും തിരിച്ചറിവും അവന്‍ നേടുന്നു. ‘അവനാണ് മരണവും ജീവിതവും സൃഷ്ടിച്ചത് കര്‍മ്മനിര്‍വ്വഹണത്തില്‍ നിങ്ങളിലേറ്റം നല്ലവരാരെന്ന് പരീക്ഷിക്കാനാണത്, അവന്‍ അജയ്യനും ഏറെ പൊറുക്കുന്നവനുമാണ്.’
(അല്‍മുല്‍ക്: 2)
പ്രധാനമായും മൂന്നുതരം ജീവിതബന്ധങ്ങളെയും അവയുടെ സ്വഭാവത്തെയും കുറിച്ചുമനസ്സിലാക്കാനുള്ള അവസരം ഇസ്‌ലാമിക വിദ്യാഭ്യാസ വ്യവസ്ഥയില്‍ ഏതൊരാള്‍ക്കും ലഭിക്കുന്നു. മനുഷ്യന് അവന്റെ സ്രഷ്ടാവുമായും, ഈ പ്രപഞ്ചവും അതിലെ എണ്ണമറ്റ ചരാചരങ്ങളുമായും, തന്നെപ്പോലെയുള്ള ഇതര മനുഷ്യരുമായുമുള്ള ത്രിമാന സ്വഭാവം പുലര്‍ത്തുന്ന ബന്ധങ്ങളാണവ.
മനുഷ്യന് തന്റെ സ്രഷ്ടാവിനോടുള്ള നേരായ ബന്ധം അവന്റെ അടിമയും പ്രതിനിധിയുമെന്ന നിലയില്‍ അവന് വഴിപ്പെട്ടും വിധേയനായും, അവനെ ഉടമസ്ഥനായംഗീകരിച്ച് അനുസരിച്ചും ജീവിക്കുകയാണ്. ‘ജിന്നുകളെയും മനുഷ്യരെയും എനിക്ക് വഴിപ്പെട്ടുജീവിക്കാനല്ലാതെ ഞാന്‍ സൃഷ്ടിച്ചിട്ടില്ല.’ (അദ്ദാരിയാത്: 56)
ഈ പ്രപഞ്ചവും പ്രകൃതിയും അതിലെ അചേതനവും സചേതനവുമായ അനവധി ചരാചരങ്ങളുമായുള്ള അവന്റെ ബന്ധം അവയെ കൃതജ്ഞതാപൂര്‍വ്വം ഉപയോഗപ്പെടുത്തലാണ്. അവന്റെ ക്ഷേമത്തിനും നന്മക്കും വേണ്ടിയാണ് അല്ലാഹു അവയൊക്കെയും സംവിധാനിച്ചതും അധീനപ്പെടുത്തിക്കൊടുത്തതും. ആകാശഭൂമികളിലുള്ളതൊക്കെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നിരിക്കുന്നു. എല്ലാം അവനില്‍ നിന്നുള്ളതാണ്. തീര്‍ച്ചയായും ചിന്തിക്കുന്ന ജനത്തിന് ഇതിലൊക്കെയും ധാരാളം ദൃഷ്ടാന്തങ്ങളുണ്ട്.
(അല്‍ ജാഥിയ: 13)
‘അല്ലാഹുവാണ് ആകാശഭൂമികളെ സൃഷ്ടിച്ചവന്‍. അവന്‍ മാനത്ത് നിന്ന് മഴവര്‍ഷിപ്പിച്ചുതന്നു. അതുവഴി നിങ്ങള്‍ക്ക് ആഹരിക്കാന്‍ കായ്കനികള്‍ ഉല്‍പാദിപ്പിച്ചു. അവന്റ നിശ്ചയ പ്രകാരം സമുദ്രത്തില്‍ സഞ്ചരിക്കാന്‍ നിങ്ങള്‍ക്ക് കപ്പലുകള്‍ അധീനപ്പെടുത്തി. നദികളെയും അവന്‍ നിങ്ങള്‍ക്ക് വരുതിയിലാക്കിത്തന്നു. നിരന്തരം ചരിച്ച്‌കൊണ്ടിരിക്കുന്ന സൂര്യചന്ദ്രന്മാരെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തിത്തന്നു. രാപ്പകലുകളെയും നിങ്ങള്‍ക്ക് വിധേയമാക്കി. നിങ്ങള്‍ ആവശ്യപ്പെട്ടതൊക്കെ അവന്‍ നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നു. അല്ലാഹുവന്റെ അനുഗ്രഹം നിങ്ങള്‍ക്ക് എണ്ണിക്കണക്കാക്കാനാവില്ല. തീര്‍ച്ചയായും മനുഷ്യന്‍ കടുത്ത അക്രമിയും വളരെ നന്ദികെട്ടവനും തന്നെ.) (ഇബ്‌റാഹീം: 33-35)
അതിനാല്‍, പ്രപഞ്ചത്തിന്റെ സന്തുലിതത്വത്തെയും പ്രകൃതിയുടെ ആവാസ വ്യവസ്ഥയെയും തകരാറിലാക്കും വിധം അവയെ ചൂഷണം ചെയ്യാതെ, തനിക്കൊപ്പം മറ്റുള്ളവര്‍ക്കും ശേഷം വരാനുള്ളവര്‍ക്കുംകൂടി പ്രയോജനപ്പെടാനുതകും വിധം കൃതജ്ഞതാപൂര്‍വ്വം മിതമായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത്. മാത്രമല്ല ഭൂമിയില്‍ അല്ലാഹുവിന്റെ പ്രതിനിധി ‘ഖലീഫത്തുല്ലാഹി’യായ മനുഷ്യന്‍, പ്രാതിനിധ്യത്തിന്റെ താല്‍പര്യമെന്ന നിലയില്‍ പ്രകൃതിയെ സംഹരിക്കാതെ, അതിനെ വാസയോഗ്യവും ഉല്‍പദാനക്ഷമവുമായി കാത്തു സൂക്ഷിച്ച് പരിപാലിക്കേണ്ട (ഇമാറത്തുല്‍ അര്‍ദ്) ബാധ്യത കൂടി ഏല്‍പിക്കപ്പെട്ടവനാണ്. (ഹൂദ്:61)
മനുഷ്യന് ഇതര മനുഷ്യരോടുള്ളബന്ധം സഹിഷ്ണുതയിലും നീതിയിലും കാരുണ്യത്തിലുമധിഷ്ഠിതമാണ്. വര്‍ഗ്ഗ മേല്‍ക്കോയ്മയിലും, സ്വാര്‍ത്ഥതയിലും, അസഹിഷ്ണുതയിലും, അക്രമത്തിലും, ക്രൂരതയിലുമധിഷ്ഠിതമല്ല. സമൂഹങ്ങളും നാഗരികതകളും സംഘട്ടനങ്ങളിലേര്‍പ്പെടുകയും ഭൗതികനേട്ടങ്ങള്‍ക്ക് വേണ്ടി കിടമത്സരം നടത്തുകയും, ശക്തന്‍ അശക്തനെയും പ്രബലവര്‍ഗ്ഗങ്ങള്‍ ദുര്‍ബ്ബലവിഭാഗങ്ങളെയും പിടിച്ചുവിഴുങ്ങി, അതിജീവിക്കാന്‍ അര്‍ഹതനേടുകയും (survival of the fittest) ചെയ്യന്നതാണ് മനുഷ്യബന്ധങ്ങളുടെ പ്രകൃതി എന്ന വാദം ഇസ്‌ലാം ഒരിക്കലുമംഗീകരിക്കുന്നില്ല. മത, ജാതി, ഭാഷ, ദേശ, വര്‍ഗ്ഗ, വര്‍ണ്ണ വിവേചനങ്ങളുടെ പേരില്‍ മനുഷ്യരെ വിഭജിച്ചുകൂടാ. സകല മനുഷ്യരും ഏകനായ ദൈവത്തിന്റെ സൃഷ്ടികളുമാണ്. ഭാഷയും ദേശവും, ഗോത്രവും വര്‍ഗ്ഗവും, മതവും നിറവുമെല്ലാം മനുഷ്യര്‍ പരസ്പരം തിരിച്ചറിയാനും പരിചയപ്പെടുവാനും ഇണങ്ങുവാനുമാണ് പ്രയോജനപ്പെടേണ്ടത്. മനുഷ്യരെ നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്, നിങ്ങളെ വിവിധവിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെയുടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവനാണ്. തീര്‍ച്ചയായും അല്ലാഹു സര്‍വ്വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.’ (അല്‍ ഹുജുറാത്ത്: 13)
അതിനാല്‍, ദേശീയതക്ക് പകരം സാര്‍വ്വലൗകികതയും വര്‍ഗ്ഗീയതക്ക് പകരം വിശ്വമാനവികതയുമാണ് ഇസ്‌ലാം ഉയര്‍ത്തിപ്പിടിക്കുന്നത്. മനുഷ്യന്‍ ആദരണീയനാണ്. അവന്റെ ജീവനും ചോരയും അഭിമാനവും സമ്പത്തും സന്താനവും എല്ലാതരം കടന്നുകയറ്റങ്ങളില്‍നിന്നും അനീതികളില്‍നിന്നും സംരക്ഷിക്കപ്പെടണം. ഇസ്‌ലാമിക വിദ്യാഭ്യാസവ്യവസ്ഥയില്‍ ഏതൊരാളും പഠിപ്പിക്കപ്പെടുന്നതും അംഗീകരിക്കുന്നതുമായ മൂല്യങ്ങളാണിവ. - ദൈവവിശ്വാസവും ഭക്തിയും പരലോകബോധവും
സനാതന മൂല്യങ്ങളും ഉത്തമ ഗുണങ്ങളും ശരിയായ ജീവിതബന്ധങ്ങളും പഠിപ്പിച്ച് ഇസ്‌ലാമിക വിദ്യാഭ്യാസം വളര്‍ത്തിയെടുക്കുന്ന വ്യക്തി വിശ്വസ്തനും കരുത്തനുമായ മനുഷ്യനാണ്. ദൈവത്തോടും പ്രപഞ്ചത്തോടും മനുഷ്യസമൂഹത്തോടുമാണ് അവന്റെ കൂറ്. സ്വന്തം ദേശത്തോടും സമുദായത്തോടും ഭാഷയോടുമുള്ള തന്റെ സ്‌നേഹവും പ്രതിബദ്ധതയും അയാളുടെയുള്ളില്‍ ഇതര ദേശങ്ങളോടും സമുദായങ്ങളോടും ഭാഷകളോടും വിദ്വേഷവും വിപ്രതിപത്തിയുമുണ്ടാക്കുകയില്ല. ദേശീയതയുടെയും അസഹിഷ്ണുതയുടെയും വര്‍ഗ്ഗീയതയുടെയും സാമുദായികതയുടെയും സങ്കുചിതത്വം പേറുന്ന പൗരനെ അല്ല വിദ്യാഭ്യാസം രൂപപ്പെടുത്തേണ്ടത്. മറിച്ച് മുകളില്‍ പറഞ്ഞ മനുഷ്യനെയാണ്.
5. രാഷ്ട്രീയ ബോധമുള്ള വ്യക്തിയും നവീകരണക്ഷമതയുള്ള സമൂഹവും
വ്യക്തികളെ അരാഷ്ട്രീയവത്കരിച്ച്, സമൂഹത്തെ നിശ്ചലമാക്കി, സകല ജീര്‍ണ്ണതകള്‍ക്കും കടന്നുവരാന്‍ വഴിയൊരുക്കുകയല്ല വിദ്യാഭ്യാസം ചെയ്യേണ്ടത്. സമരവീര്യവും വിപ്ലവബോധവുമുള്ള ചലനാത്മകമായ സാമൂഹിക ഘടനയാണ് വിദ്യാഭ്യാസത്തിലൂടെ ഇസ്‌ലാം വിഭാവന ചെയ്യുന്നത്. അവിടെ അങ്ങിങ്ങായി ജീര്‍ണ്ണതകളുടെ അഴുക്കുകള്‍ നിറഞ്ഞ നീര്‍ച്ചാലുകള്‍കെട്ടിനില്‍ക്കുകയില്ല. ചലനവും പ്രവാഹവും നവീകരണവും വിപ്ലവവുമാണവിടെ ഉണ്ടാകുക.
ആര്‍ജ്ജിച്ച അറിവ് പ്രയോജനമുള്ളതാക്കിത്തീര്‍ക്കുന്ന പരോപകാരിയായ വിശ്വാസിയെയാണ് പ്രവാചകന്‍(സ്വ) പരിചയപ്പെടുത്തുന്നത്: ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരപ്പെടുന്നവനാണ് അല്ലാഹുവിന് ഏറ്റവും പ്രിയങ്കരന്‍. സത്കര്‍മ്മമാണയാളുടെ പ്രകൃതി. സമരവും സഹനവുമാണയാളുടെ ദൗത്യം. നീ നമസ്‌കാരം നിഷ്ഠയോടെ നിര്‍വ്വഹിക്കുക, നന്മ കല്‍പിക്കുക, തിന്മ വിലക്കുക വിപത്തുവന്നാല്‍ ക്ഷമിക്കുക. (ലുഖ്മാന്‍: 17)
സകല സാമൂഹ്യ ബാധ്യതകളില്‍ നിന്നും ഒഴിഞ്ഞുമാറി ചടഞ്ഞിരുന്ന് അറിവ് പഠിക്കുന്ന രീതി ഇസ്‌ലാമിക വിദ്യാഭ്യാസത്തിലില്ല. വിദ്യാഭ്യാസം ഒരേസമയം തത്വങ്ങളുടെ (Theories)പഠനവും അവയുടെ പ്രായോഗികപരിശീലനവുമായിരിക്കണം. വിദ്യാര്‍ത്ഥികള്‍, വിശേഷിച്ചും മതപഠിതാക്കള്‍ തല്‍കാലം മറ്റെല്ലാ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടുനിന്ന് പുസ്തകത്താളുകളില്‍ തന്നെ കഴിഞ്ഞ്കൂടണമെന്നും എങ്കില്‍ മാത്രമേ അറിവ് നേടാനാവൂ എന്നും വീക്ഷണമുള്ളവരുണ്ട്. (സത്യവിശ്വാസികള്‍ ഒന്നടങ്കം യുദ്ധത്തിന് ഇറങ്ങി പുറപ്പെടേണ്ടിയിരുന്നില്ല. അവരില്‍ ഓരോ വിഭാഗത്തില്‍നിന്നും ഓരോ സംഘം മതത്തില്‍ അറിവ് നേടാന്‍ ഇറങ്ങിപ്പുറപ്പെടാമായിരുന്നില്ലേ? (അത്തൗബ: 122) എന്ന ഖുര്‍ആനിക സൂക്തം അവര്‍ തെളിവായി ഉദ്ധരിക്കാറുമുണ്ട്. ഈ സൂക്തത്തിന്റെ അര്‍ത്ഥത്തിലും വിശദീകരണത്തിലും ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ മേല്‍പറഞ്ഞ വീക്ഷണത്തിന് പിന്‍ബലം നല്‍കുന്നില്ല. ഇതിന്റെ വിശദീകരണത്തില്‍ ശഹീദ് സയ്യിദ് ഖുത്വ്ബ് പറയുന്നത് കാണുക: സത്യവിശ്വാസികള്‍ ഒന്നടങ്കം ഇറങ്ങി പുറപ്പെടാവതല്ല. മറിച്ച് അവരില്‍ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം ഊഴംവെച്ച് ഇറങ്ങിപ്പുറപ്പെടണം. അങ്ങനെ, പ്രവര്‍ത്തന സമരരംഗത്തേക്ക് ഇറങ്ങിത്തിരിച്ച്‌കൊണ്ട് ഈ മതത്തില്‍ അവഗാഹം നേടണം. എന്നിട്ടവന്‍ മടങ്ങിവന്നാല്‍ പ്രവര്‍ത്തന-സമര വേളയില്‍, ഈ മതത്തെക്കുറിച്ച് മനസ്സിലാക്കാനായ കാര്യങ്ങള്‍കൊണ്ട് തങ്ങളുടെ ജനത്തിന് മുന്നറിയിപ്പ് നല്‍കണം. നമ്മുടെ ഈ വീക്ഷണത്തിന് ഇബ്‌നു അബ്ബാസും ഹസ്വന്‍ ബസ്വ്‌രിയും നല്‍കിയ വ്യാഖ്യാനത്തിന്റെ പിന്‍ബലമുണ്ട്. ഇബ്‌നു ജരീര്‍ തെരഞ്ഞെടുത്തതും ഈ അഭിപ്രായമാണ്. ഇബ്‌നു കഥീറിന്റെയും ഒരഭിപ്രായം ഇതാണ്. ഈ മതം ഒരു ചലനാത്മക ദര്‍ശനമാണ്. അതുമായി പ്രവര്‍ത്തനരംഗത്തിറങ്ങാത്തവര്‍ക്ക് അത് മനസ്സിലാവുകയില്ല. അതിന്റെ മാര്‍ഗത്തില്‍ സമരത്തിന് ഇറങ്ങിത്തിരിച്ചവര്‍ക്കാണതില്‍ ഏറ്റവും അവഗാഹം ലഭിക്കുക. കാരണം, അതിന്റെ ആശയങ്ങളും ദര്‍ശനങ്ങളും വ്യക്തമാകുന്നതും പ്രവര്‍ത്തനത്തിലൂടെ പ്രായോഗികപരിജ്ഞാനം ലഭിക്കുന്നതും അവര്‍ക്കാണ്. ചടഞ്ഞിരിക്കുന്നവര്‍ പ്രവര്‍ത്തനരംഗത്തിറങ്ങിയവരില്‍നിന്ന് പഠിക്കേണ്ടവരാണ്. കാരണം, ഇറങ്ങിത്തിരിച്ചവര്‍ ഈ മതദര്‍ശനത്തെ കണ്ടും പഠിച്ചും മനസ്സിലാക്കിയും ഉള്‍ക്കൊണ്ടത്‌പോലെ കാണുവാനും പഠിക്കുവാനും മനസ്സിലാക്കുവാനുമവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇറങ്ങിപ്പുറപ്പെടുന്നത് ദൈവദൂതരുടെ (സ) കൂടെയാണെങ്കില്‍ വിശേഷിച്ചും. അറിവും അവഗാഹവും നേടുവാന്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗം ഇറങ്ങിത്തിരിക്കലാണ്.
സമരത്തില്‍നിന്നും പ്രവര്‍ത്തനത്തില്‍നിന്നുമൊക്കെ മാറിനില്‍ക്കുന്നവരാണ്, മതത്തില്‍ അവഗാഹം നേടാന്‍ ഒഴിഞ്ഞിരിക്കേണ്ടവരെന്ന, പെട്ടെന്ന് മനസ്സില്‍ കണ്ടുവരുന്ന തോന്നലിന് വിരുദ്ധമാകാമിത്. ആ തോന്നല്‍ ഈ മതദര്‍ശനത്തിന്റെ പ്രകൃതിക്ക് ചേരാത്ത തെറ്റുധാരണയാണ്. പ്രവര്‍ത്തനമാണ് ഈ മതത്തിന്റെ നിലനല്‍പിന്നാധാരം. അതിനാല്‍, പ്രവര്‍ത്തിക്കാത്തവര്‍ക്കും, ജനജീവിതത്തിലതിനെ നടപ്പിലാക്കാനും ദൈവവിരുദ്ധ വ്യവസ്ഥിതികള്‍ക്ക് (ജാഹിലിയ്യഃ) മേല്‍ അതിനെ വിജയിപ്പിക്കുവാനും വേണ്ടി പ്രായോഗിക പരിശ്രമങ്ങള്‍ നടത്താത്തവര്‍ക്കും അത് മനസ്സിലാകുകയില്ല.
ഈ മതത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകാത്തവര്‍ക്ക്, പുസ്തകങ്ങളില്‍ നിന്നുമതിനെ പഠിക്കുന്നതിന് – ഒരുതരം തണുത്ത പഠനം – വേണ്ടി അവരെത്രതന്നെ ഒഴിഞ്ഞിരുന്നാലും ശരി, അവര്‍ക്കത് മനസ്സിലാവുകയില്ല എന്നത് അനുഭവങ്ങള്‍ ഖണ്ഡിതമായി തെളിയിക്കുന്നതാണ്. ഈ മത ദര്‍ശനത്തിന്റെ വെളിച്ചം, ജനജീവിതത്തിലതിനെ പ്രയോഗവത്കരിക്കുന്നതിന് വേണ്ടി സമര-പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കേ ലഭിക്കുകയുള്ളൂ. ഗ്രന്ഥങ്ങളിലും പുസ്തകങ്ങളിലും ആണ്ടുപൂണ്ട് അടങ്ങിയിരിക്കുന്നവര്‍ക്ക് അത് വെളിവായിക്കിട്ടുകയില്ല. (സയ്യിദ് ഖുത്വ്ബ്/ഫീ ളിലാലില്‍ ഖുര്‍ആന്‍ വാള്യം:3, അത്തൗബ: 122)
ചുരുക്കത്തില്‍, രാഷ്ട്രീയബോധവും വിപ്ലവവീര്യവുമുള്ള, ജനസേവനതല്‍പരരും സാമൂഹിക നന്മ കാംക്ഷിക്കുന്നവരും നവീകരണക്ഷമതയുള്ളവരുമായ ആളുകളാണ് ഇസ്‌ലാമിക വിദ്യാഭ്യാസം ലക്ഷ്യം വെക്കുന്ന സമൂഹം. വിശുദ്ധ ഖുര്‍ആന്‍ അവരെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: ‘മനുഷ്യസമൂഹത്തിനായി ഉയിരെടുത്ത ഉത്തമ സമുദായമാണ് നിങ്ങള്‍. നിങ്ങള്‍ നന്മ കല്‍പിക്കുന്നു. തിന്മ വിലക്കുന്നു. അല്ലാഹുവില്‍ വിശ്വസിക്കുന്നു.’ (ആലു ഇംറാന്‍: 110)
6. തൊഴില്‍പരമായ മികവും സാമ്പത്തിക വളര്‍ച്ചയും
സമൂഹത്തില്‍ കുറെ മികച്ച തൊഴിലാളികളെ സൃഷ്ടിക്കുകയെന്നത് ഇസ്‌ലാമിക വിദ്യാഭ്യാസ വ്യവസ്ഥയുടെ ലക്ഷ്യമല്ല. ചില നിര്‍ണ്ണിത തൊഴില്‍ യോഗ്യതയെന്ന നിലയില്‍ ഒരു പ്രത്യേക കാലയളവ് കഴിഞ്ഞ് സാക്ഷ്യപത്രം നല്‍കി പറഞ്ഞയക്കുന്ന ഏര്‍പ്പാടുമല്ല ഇസ്‌ലാമില്‍ വിദ്യാഭ്യാസം. മറിച്ച്, തൊട്ടില്‍ മുതല്‍ ചുടലവരെ നിരന്തരമായി നീളുന്ന സപര്യയാണ്. അതേ സമയം അഭ്യസ്തവിദ്യരായ കുറെ തൊഴില്‍ രഹിതരെ പടച്ചുവിടുന്നത് ഭൂഷണവുമല്ല. ആധുനിക വിദ്യാഭ്യാസ വ്യവസ്ഥകള്‍ ഓതിക്കൊടുത്തുകൊണ്ടിരിക്കുന്ന തൊഴില്‍ വ്യാകരനിയമങ്ങളുടെ വേലിക്കെട്ടുകള്‍ക്കപ്പുറം സമൂഹത്തിന് മികച്ച സേവനങ്ങള്‍ സമര്‍പ്പിക്കാനുള്ള മികവും തെളിവും അനുവദനീയമായ അന്നം കണ്ടെത്താനുള്ള കഴിവും ശേഷിയുമുള്ളവരെയാകണം ഔപചാരിക ഇസ്‌ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പുറത്തുവിടേണ്ടത്. ‘അവനാണ് നിങ്ങള്‍ക്ക് ഭൂമിയെ അധീനപ്പെടുത്തിത്തന്നത്. അതിനാല്‍ അതിന്റെ വിരിമാറിലൂടെ നടന്നുകൊള്ളുക. അവന്‍തന്ന വിഭവങ്ങളില്‍നിന്നാഹരിക്കുക. നിങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റ് ചെല്ലുന്നതും അവങ്കലേക്ക് തന്നെ.’ (അല്‍മുല്‍ക്:15)
അനുവദനീയമായ അന്നം തേടി ഭൂമിയില്‍ സഞ്ചരിക്കുന്നതും അതിനായി അദ്ധ്വാനിക്കുന്നതും അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പോരാടുന്നതും വിശുദ്ധ ഖുര്‍ആന്‍ ഒരേപദവിയിലാണ് എടുത്ത് പറഞ്ഞിട്ടുള്ളതെന്ന് ഇമാം ഖുര്‍ത്വുബി, റാസി, സമഖ്ശരി തുടങ്ങിയവര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്.(3)
വിദ്യാഭ്യാസംകൊണ്ട് സമൂഹത്തില്‍ സാമ്പത്തിക വളര്‍ച്ചയും സമൃദ്ധിയും മെച്ചപ്പെട്ട ജീവിതസൗകര്യങ്ങളുമുണ്ടെങ്കില്‍ അത് നല്ലത് തന്നെ. അതേസമയം, സാമ്പത്തിക സമൃദ്ധിയിലും സുഖലോലുപതയിലും മാത്രം കഴിഞ്ഞു കൂടാനാഗ്രഹിക്കുന്ന ഒരുകൂട്ടം സവര്‍ണ്ണ മുതലാളിമാരെ പടച്ചുവിടുന്ന ഏര്‍പ്പാടുമല്ല ഇസ്‌ലാമില്‍ വിദ്യാഭ്യാസം. ‘അല്ലാഹു നിനക്ക് നല്‍കിയതിലൂടെ നീ പരലോകവിജയം കാംക്ഷിക്കുക. എന്നാല്‍ ഇവിടെ ഇഹലോകജീവിതത്തില്‍ നിനക്കുള്ള വിഹിതം മറക്കാതിരിക്കുക. അല്ലാഹു നിനക്ക് നന്മ ചെയ്തതുപോലെ നീയും നന്മ ചെയ്യുക. നാട്ടില്‍ നാശം വിതക്കാന്‍ തുനിയരുത്. നിശ്ചയം, നാശകാരികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (അല്‍ ഖസ്വസ്വ്:77)
ഫഖ്‌റുദ്ദീന്‍ അലി അഹ്മദ്
Add Comment