ഞാനറിഞ്ഞ ഇസ്‌ലാം

ഇസ്‌ലാമാശ്ലേഷിച്ച ക്രിസ്തീയ പുരോഹിതന്‍

മിന്‍ഡനാവോ ഫിലിപ്പൈന്‍സില്‍ നിന്നും വേര്‍പെട്ട് ഒരു സ്വതന്ത്ര ഇസ്‌ലാമിക രാജ്യമാവണമെന്ന നൂര്‍ മിസ്‌റിയുടെ വാദത്തെ എതിര്‍ത്തുകൊണ്ട് ദക്ഷിണ ഫിലിപ്പൈന്‍സ് (മിന്‍ഡനാവോ) മുസ്‌ലിംകളുടെ മാത്രം ദീപല്ലെന്ന വാദവുമായി ആദ്യമായി രംഗത്തുവന്നവരില്‍ ഒരാള്‍ ക്രിസ്തീയ ദൈവശാസ്ത്രപണ്ഡിതനും സാമൂഹികശാസ്ത്രജ്ഞനുമായ എസ്റ്റാനിസ്‌ലാവോ സോറിയ ആയിരുന്നു. മിന്‍ഡനാവോയില്‍ ജനിച്ചുവളര്‍ന്ന കത്തോലിക്കാ പുരോഹിതനായ അദ്ദേഹം മിന്‍ഡനാവോ പൂര്‍ണമായും മുസ്‌ലിംകളുടെ കീഴില്‍ വരുന്നതിനെതിരെ പ്രചാരണം നടത്തി. ‘മിസ്‌റിയോട് ഞാന്‍  വിയോജിച്ചു. മോറോ മൂവ്‌മെന്റിനെതിരായി പ്രചാരണം നടത്തി” ജനങ്ങള്‍ക്കിടയില്‍ ‘ഫാദര്‍സ്റ്റാന്‍’ എന്നറിയപ്പെട്ടിരുന്ന സോറിയ പറഞ്ഞു.

ജെസ്യൂട്ടുകള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ പഠിച്ച ദൈവശാസ്ത്ര പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ സോറിയ അടിസ്ഥാനരഹിതമായി തര്‍ക്കിക്കാറില്ല. തന്റെ വാദങ്ങള്‍ സമര്‍ഥിക്കുന്നതിനായി ചരിത്രത്തിലും സാമൂഹികശാസ്ത്രത്തിലും അദ്ദേഹം ഗവേഷണം നടത്തി. മുസ്‌ലിംകളെ ക്രിസ്ത്യാനികളാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ചിന്ത. അത്ഭുതകരമെന്നു പറയട്ടെ, ഇസ്‌ലാമിക രചനകള്‍ വായിക്കുന്നതിലേക്കും അതുവഴി ഇസ്‌ലാമാശ്ലേഷിക്കുന്നതിലേക്കും അദ്ദേഹത്തെ കൊണ്ടെത്തിച്ചു.

‘ലാറ്റിനും ഗ്രീക്കും ഹീബ്രുവും നന്നായറിയുന്ന ഞാന്‍ എളുപ്പത്തില്‍ അറബിഭാഷ പഠിക്കാമെന്ന് കരുതി. അറബി ഭാഷയിലെ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്യാനും അസ്തിത്വവാദം (existentialism) പോലുള്ള പാശ്ചാത്യ ദര്‍ശനങ്ങളെ അറബി ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാനും ഞാനാഗ്രഹിച്ചു. എന്നാല്‍ ഇതത്ര എളുപ്പമല്ലെന്ന് എനിക്കു മനസ്സിലായി” അദ്ദേഹം പറഞ്ഞു.

പാശ്ചാത്യ രചനകള്‍ അറബിഭാഷയില്‍ ലഭ്യമാക്കിയാല്‍ മിന്‍ഡനാവോയിലെ മുസ്‌ലിംകള്‍ ഇസ്‌ലാമിനെവിട്ട് ക്രിസ്തുമതത്തെ ഇഷ്ടപ്പെടുമെന്ന് സോറിയ കരുതി. ‘മുസ്‌ലിംകളെക്കുറിച്ച് മോശപ്പെട്ട ഒരുപാട് കാര്യങ്ങള്‍ ഞാന്‍ കേട്ടിരുന്നതിനാല്‍ അവരുടെ മനസ്സുകളെ ക്രിസ്തുമതത്തിലേക്കാകര്‍ഷിക്കാന്‍ ഞാനാഗ്രഹിച്ചു. അവരെ വിദ്യാസമ്പന്നരാക്കുമെന്ന് ഞാന്‍ സ്വയം പറഞ്ഞു.”

തന്റെ ആഴത്തിലുള്ള പഠനത്തില്‍ നിന്ന് സെന്റ് തോമസ് അക്വിനാസിനെപ്പോലുള്ള ദൈവശാസ്ത്രകാരന്‍മാര്‍ക്ക് അറിവ് ലഭിച്ചത് ഇസ്‌ലാമിക ഗ്രന്ഥങ്ങളില്‍ നിന്നാണെന്ന് സോറിയ മനസ്സിലാക്കി. പാശ്ചാത്യ ദര്‍ശനങ്ങളെന്ന് വിളിക്കപ്പെടുന്ന പലദൈവശാസ്ത്ര ചിന്തകളും ഇസ്‌ലാമിക ലോകത്ത് മുമ്പേ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നതായി അദ്ദേഹത്തിന് ബോധ്യമായി.’ഇസ്‌ലാമികാധ്യാപനങ്ങളില്‍ നിന്നാണ് പാശ്ചാത്യ സംസ്‌കാരത്തിന് ചിന്തകള്‍ ലഭിച്ചതെന്ന് എന്റെ വായനകളില്‍ നിന്ന് എനിക്ക് മനസ്സിലായി. ഇസ്‌ലാമിക ദൈവശാസ്ത്രകാരന്മാരുടെ കൂടുതല്‍ രചനകള്‍ വായിച്ചതോടുകൂടി ഇസ്‌ലാമിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ ശരിക്കും മാറി” ഇസ്‌ലാം ഓണ്‍ലൈനോട് അദ്ദേഹം പറഞ്ഞു.

സോറിയ പറയുന്നു: ‘യേശുവിന്റെ ജീവിതത്തെക്കുറിച്ച് ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള നാലു സുവിശേഷകരുടേതിനേക്കാളും വിശ്വസനീയമായത്  ശിഷ്യനായ ബര്‍ണബാസിന്റെ സുവിശേഷമാണ് . ഇസ്‌ലാമിന്റെ കാഴ്ചപ്പാടിനോട് യോജിക്കുന്നവയാണ് ഇതിലെ പരാമര്‍ശങ്ങള്‍’. ഫിലിപ്പൈന്‍സിലെ മുസ്‌ലിംകളെക്കുറിച്ച് പ്രചരിപ്പിക്കപ്പെട്ടിരുന്ന പല മോശപ്പെട്ട കാര്യങ്ങളും അസത്യങ്ങളായിരുന്നുവെന്ന് തന്റെ ഗവേഷണങ്ങളില്‍ നിന്ന് അദ്ദേഹത്തിന് മനസ്സിലായി.

 ജെസ്യൂട്ടുകള്‍ നടത്തുന്ന അറ്റേനിയോ ഡി മനിലാ യൂണിവേഴ്‌സിറ്റിക്കു കീഴിലെ ലോയോള സ്‌കൂള്‍ ഓഫ് തിയോളജിയിലും ക്‌സേവിയര്‍ യൂണിവേഴ്‌സിറ്റിയിലും പഠിച്ച്,
മനിലയിലെ പല ചര്‍ച്ചുകളിലും പുരോഹിതനായി സേവമനുഷ്ഠിച്ച സോറിയ 2001ല്‍ ഇസ്‌ലാമാശ്ലേഷിച്ചു. അന്നു മുതല്‍ അദ്ദേഹം ‘മുഹമ്മദ് സോറിയ’ ആയെങ്കിലും തന്റെ മുസ്‌ലിം സുഹൃത്തുക്കളുള്‍പ്പെടെയുള്ളവര്‍ ഇപ്പോഴും ഫാദര്‍ സ്റ്റാന്‍ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത്. തന്റെ ബന്ധുക്കളില്‍ നിന്നും ഇടവകക്കാരില്‍ നിന്നും കുറ്റപ്പെടുത്തലുകളും വെറുപ്പുമാണ് ഇസ്‌ലാമാശ്ലേഷണത്തിനു ശേഷം ലഭിച്ചതെന്ന് അറുപത്തിനാലുകാരനായ സോറിയ പറയുന്നു. പ്രാദേശികമായി ബാലിക് ഇസ്‌ലാം (പുതുമുസ്‌ലിംകള്‍) എന്നറിയപ്പെടുന്ന, ഇസ്‌ലാമാശ്ലേഷിച്ച ഏറെപ്പേര്‍ക്കും ഇതേ അനുഭവമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. എങ്കിലും ഇതൊന്നും പതിനാലുവര്‍ഷത്തെ ക്രിസ്തീയപൗരോഹിത്യജീവിതമുപേക്ഷിച്ച് ഇസ്‌ലാമാശ്ലേഷിക്കുന്നതില്‍ നിന്നും അദ്ദേഹത്തെ തടഞ്ഞില്ല.

കേവലമൊരു മതമെന്നതിലുപരി ഒരു ജീവിതരീതിയാണ് ഇസ്‌ലാമെന്ന് സോറിയക്ക് നന്നായി ബോധ്യമായിരിക്കുന്നു. ഫിലിപ്പൈന്‍സിലെ ഇസ്‌ലാമിക ദഅ്‌വാ സംഘടനയില്‍ (ഇസ്‌ലാമിക് ദഅ്‌വാ മൂവ്‌മെന്റ് ഓഫ് ദ ഫിലിപ്പൈന്‍സ്) അംഗമായ അദ്ദേഹം അഞ്ചു പ്രാവശ്യം ഹജ്ജ് നിര്‍വഹിച്ചു. തന്റെ ബ്രഹ്മചര്യജീവിതമുപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം അദ്ദേഹം വിവാഹം കഴിക്കുകയും ചെയ്തു.

സംഘടിതരാവാന്‍ മുസ്‌ലിംകള്‍ ക്രിസ്ത്യാനികളെ കണ്ടുപഠിക്കണമെന്ന് സോറിയ പറയുന്നു. ഇസ്‌ലാമിന്റെ പ്രചരണത്തിന് സംഘടിതമായുള്ള പ്രവര്‍ത്തനങ്ങള്‍ വളരെ പ്രയോജനകരമാണെന്നത് സോറിയയുടെ അഭിപ്രായം. കത്തോലിക്കാ മിഷണറിമാര്‍ ചെയ്യുന്നപോലെ മുസ്‌ലിംകളും ലോകമെമ്പാടും യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കണം.

യുക്തിഭദ്രതയോടെ ബൗദ്ധികതലത്തില്‍  ഇസ്‌ലാമിനെ പരിചയപ്പെടുത്തുമെങ്കില്‍ ഖുര്‍ആനികാധ്യാപനങ്ങള്‍ തീരെ പരിചയമില്ലാത്തവരെ കൂടുതലാകര്‍ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറയുന്നു. റമദാനിലെ നോമ്പ് നിര്‍വൃതിയുടെ നാളുകളാണ് അദ്ദേഹത്തിന്. ക്രിസ്ത്യന്‍ ഡയറ്റിങ് കൂടുതല്‍ ഭൗതികമാണെന്നും സുര്യോദയം മുതല്‍ സൂര്യാസ്തമയം വരെയുള്ള ഇസ്‌ലാമിക വ്രതം ആത്മീയമൂല്യം ഉള്‍ക്കൊള്ളുന്നതാണെന്നും അദ്ദേഹം പറയുന്നു.

‘ശരീരേച്ഛകളെ നിയന്ത്രിച്ചാല്‍ സ്രഷ്ടാവ് പ്രതിഫലം നല്കുമെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിച്ചു.” സോറിയ പറഞ്ഞു. ക്രിസ്ത്യാനികള്‍ക്ക് ഭൂരിപക്ഷമുള്ള ഫിലിപ്പൈന്‍സില്‍ മുസ്‌ലിംകളെ തീവ്രവാദികളായി ചിത്രീകരിക്കുന്നതിനു അറുതിയുണ്ടാവാനും മുസ്‌ലിംകളും ക്രിസ്ത്യാനികളും തമ്മില്‍ സൗഹൃദം നിലനില്ക്കാനും വേണ്ടി പ്രാര്‍ഥിക്കുകയാണ് സോറിയ.

വിവ. സിദ്ദീഖ് ചിറ്റേത്തുകുടിയില്‍
കടപ്പാട്: shababweekly.net

Topics