ഞാനറിഞ്ഞ ഇസ്‌ലാം

ഇറ്റാലിയന്‍ അംബാസഡറുടെ ഇസ്‌ലാമാശ്‌ളേഷം

സഊദി അറേബ്യയിലെ ഇറ്റാലിയന്‍ അംബാസഡര്‍ തോര്‍ക്വാട്ടോ കാര്‍ഡ്‌ലി ഇസ്ലാമാശ്‌ളേഷിച്ചു. നീണ്ട 37 വര്‍ഷത്തെ അന്വേഷണപഠനങ്ങളുടെ ഫലമാണ് കാര്‍ഡ്‌ലിയുടെ ഇസ്ലാം സ്വീകരണം. 1964ല്‍ മക്ക, മദീന, മസ്ജിദുല്‍അഖ്‌സ്വാ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തോടെയാണ് ഇസ്‌ലാമിനെക്കുറിച്ച ചിന്തയ്ക്കും പഠനത്തിനും അദ്ദേഹം തുടക്കമിടുന്നത്. 22ാം വയസ്സില്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥിയായിരിക്കെ, ബൈത്തുല്‍മഖ്ദിസ് ഇസ്രായേലിന്റെ കരങ്ങളിലകപ്പെടുന്നതിനു മുമ്പാണ് കാര്‍ഡ്‌ലി ആദ്യമായി അവിടം സന്ദര്‍ശിക്കുന്നത്.

ഏറെ വിസ്മയവും ഹൃദ്യതയും പകര്‍ന്ന സന്ദര്‍ശനമായിരുന്നു അതെന്ന് കാര്‍ഡ്‌ലി ഓര്‍ക്കുന്നു. ഉത്തരവാദിത്വനിര്‍വഹണത്തിന്റെ ഭാഗമായി അദ്ദേഹം അറബി ഭാഷ പഠിച്ചിരുന്നു. സ്വന്തം പ്രൊഫസറുടെ നിര്‍ദേശപ്രകാരം പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടി. പിന്നീട് വിദേശമന്ത്രാലയത്തില്‍ ജോലിയില്‍ ചേര്‍ന്നു. അറബികളും മുസ്ലിംകളുമായുള്ള സമ്പര്‍ക്കത്തിലൂടെ അവരുടെ സംസ്‌കാരവും ജീവിതരീതികളും മതവുമെല്ലാം അടുത്തറിഞ്ഞു. 1967ലാണ് ഇറ്റാലിയന്‍ വിദേശകാര്യ വകുപ്പില്‍ ജോലിയില്‍ ചേരുന്നത്. അന്നുമുതല്‍ നിരവധി അറേബ്യന്‍ രാജ്യങ്ങളില്‍ അദ്ദേഹം മാറിമാറി ജോലിചെയ്തു. അറബ്മുസ്ലിംലോകത്തേക്കുള്ള കാര്‍ഡ്‌ലിയുടെ പ്രഥമ യാത്ര 1969ല്‍ സുഡാനിലേക്കുള്ളതായിരുന്നു. പിന്നീട് സിറിയ, ഇറാഖ്, ലിബിയ എന്നിവിടങ്ങളിലെല്ലാം ജീവിച്ചു. അതിനുശേഷം ഇരുപതുകൊല്ലത്തോളം അദ്ദേഹം ബ്രിട്ടന്‍, നെതര്‍ലാന്റ്‌സ് പോലുള്ള യൂറോപ്യന്‍ രാജ്യങ്ങളിലാണ് ജീവിച്ചത്. 1964 മുതല്‍ തുടങ്ങിയ ഇസ്ലാമിനോടുള്ള അഭിനിവേശം ദിനംപ്രതി വര്‍ധിച്ചുവന്നു. സഊദി അറേബ്യയില്‍ അംബാസഡറായി നിയമിതനായത് അല്ലാഹുവിന്റെ തീരുമാനത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുന്നു. ‘ ലോകത്തൊട്ടാകെ ഇറ്റലിയുടെ 120ഓളം എംബസികളുണ്ട്. പത്തുവര്‍ഷം മുമ്പ് ഞാന്‍ അല്‍ബേനിയയില്‍ അംബാസഡറായിരുന്നു. ഏഴു വര്‍ഷം മുമ്പ് താന്‍സാനിയയിലും സേവനമനുഷ്ഠിച്ചു. ഒടുവില്‍ സഊദി അറേബ്യയിലേക്ക് നിയോഗിക്കപ്പെട്ടത് എന്റെ സൌഭാഗ്യം തന്നെയാണ്  ‘ അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ റമദാനില്‍ പൂര്‍ണമായി വ്രതമനുഷ്ഠിക്കണമെന്നും മറ്റും നിശ്ചയിച്ചുറച്ച അദ്ദേഹം ഇസ്ലാംസ്വീകരണത്തിന് സഹായസഹകരണങ്ങള്‍ ലഭിക്കാന്‍ രിയാദിലെ ഏതെങ്കിലുമൊരു ഇസ്ലാമിക് സെന്ററിനെക്കുറിച്ച് രഹസ്യമായി അന്വേഷണമാരംഭിച്ചു. റമദാന്റെ ഒരു ദിവസം മുമ്പ് ആ അന്വേഷണം സാര്‍ഥകമായി. ഇസ്ലാംസ്വീകരത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു: ‘ ഇസ്രായേലിനും, സിറിയ, ഈജിപ്ത്, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്കുമിടയില്‍ 1973ല്‍ യുദ്ധം നടക്കുമ്പോള്‍ ഞാന്‍ ദമസ്‌കസിലായിരുന്നു. ‘ 73 ഒക്ടോബര്‍ 9 ന് ദമസ്‌കസില്‍ അതിശക്തമായ ബോംബിംഗ് നടന്നു. മാരകമായ ഈ ബോംബിംഗിനിടയിലും ജനങ്ങള്‍ നമസ്‌കാരത്തിന് പള്ളികളിലെത്തുന്നത് എന്നെ ആകര്‍ഷിച്ചു. മാത്രമല്ല, സിറിയ ആക്രമിക്കപ്പെടുമ്പോഴും ബാങ്കുകേട്ട് പള്ളികളിലെത്തി നമസ്‌കരിക്കുന്നവരില്‍ ഭക്തിയും ഒരുമയും എനിക്ക് ദര്‍ശിക്കാനായി. എന്നെ സംബന്ധിച്ചേടത്തോളം ഇതൊരു നിര്‍ണായക നിമിഷമായിരുന്നു. ഇസ്ലാമില്‍ അല്ലാഹുവിനും മനുഷ്യന്നുമിടയില്‍ മൂന്നാമതൊരാളില്ലെന്നതാണ് എന്നെ ആകര്‍ഷിച്ച മറ്റൊരു കാര്യം. യാതൊരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ലാതെ ഏതൊരാള്‍ക്കും എപ്പോഴും എവിടെവച്ചും നേരിട്ട് അല്ലാഹുവിനെ വിളിച്ചു പ്രാര്‍ഥിക്കാം. അതവന്‍ കേള്‍ക്കുകയും ചെയ്യും. ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളായ കാര്യങ്ങളും മറ്റ് അടിസ്ഥാനതത്ത്വങ്ങളുമെല്ലാം എന്റെ വ്യക്തിപരമായ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതും പൂര്‍ത്തീകരിക്കുന്നതുമാണെന്ന് എനിക്ക് അനുഭവേദ്യമായി. പതിനാലു നൂറ്റാണ്ടിനുശേഷവും വിശുദ്ധഖുര്‍ആന്‍ യാതൊരു മാറ്റത്തിരുത്തലുകള്‍ക്കും വിധേയമായില്ല. ഖുര്‍ആന്‍  ആര്‍ക്കും വായിച്ച് മനസ്സിലാക്കാം.’

‘ സെപ്റ്റംബര്‍ 11നുശേഷം ഇസ്ലാമിനെതിരില്‍ നടന്നുകൊണ്ടിരിക്കുന്ന ആഗോളപ്രചാരവേലകള്‍ മറ്റെല്ലാ മുസ്ലിംകളേക്കാളുമേറെ എന്നെ വേദനിപ്പിക്കുന്നു. ഭീകരതയുമായി ഒരു മതത്തിനും ബന്ധമില്ല. മീഡിയ ഉള്‍പ്പെടെയുള്ള ശക്തികള്‍ ഇസ്ലാമിനെതിരെ എയ്തുവിടുന്ന ആരോപണശരങ്ങളുടെ അടിസ്ഥാനം അജ്ഞതയാണ്. ഇസ്ലാമിനെതിരിലുള്ള യൂറോപ്യന്‍ ആക്രമണങ്ങളും തെറ്റുദ്ധാരണകളില്‍നിന്ന് ഉടലെടുത്തതാണ്. ‘ തന്റെ ഇസ്ലാംസ്വീകരണത്തോട് കുടുംബം അനുകൂലമായാണ് പ്രതികരിച്ചതെന്ന് കാര്‍ഡ്‌ലി പറഞ്ഞു.

സെപ്റ്റംബര്‍ 11നുശേഷം ഇസ്ലാം ഭീകരതയാണെന്ന് ആഗോളതലത്തില്‍ പ്രചാരവേലകള്‍ കൊഴുക്കുമ്പോഴുള്ള ഇറ്റാലിയന്‍ അംബാസഡറുടെ ഇസ്ലാം സ്വീകരണം ഇസ്ലാമിന്റെ ശത്രുക്കളുടെ കണ്ണുതുറപ്പിക്കേണ്ടതാണ്.

Topics