ഇമാം അഹ്മദുബ്‌നു ഹമ്പല്‍

ഇമാം അഹ്മദ്ബ്‌നു ഹമ്പല്‍

ഹദീസ് പണ്ഡിതന്‍, കര്‍മ്മശാസ്ത്രകാരന്‍, നിയമജ്ഞന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ഇമാം അഹ്മദ്(റ) അഹ്‌ലുസ്സുന്നത്ത് വല്‍ജമാഅത്തിലെ സുപരിചിതമായ നാല് കര്‍മശാസ്ത്ര സരണികളിലൊന്നായ ഹമ്പലീമദ്ഹബിന്റെ ഉപജ്ഞാതാവാണ്. ഖുര്‍ആന്‍ വ്യാഖ്യാനം, ദൈവശാസ്ത്രം, ഭാഷ, സാഹിത്യം, ചരിത്രം തുടങ്ങിയ വിജ്ഞാനശാഖകളിലെല്ലാം അഗാധജ്ഞാനിയായിരുന്നു അദ്ദേഹം. ഭരണകൂടത്തിന്റെ അനീതികളെയും വഴിവിട്ട വാദങ്ങളെയും തുറന്നെതിര്‍ത്തതിന്റെപേരില്‍ അദ്ദേഹം കടുത്ത മര്‍ദ്ദനങ്ങള്‍ക്കിരയായി.

കുടുംബം

അഹ്മദ്ബ്‌നു ഹമ്പലിന്റെ പൂര്‍ണ്ണനാമം അഹ്മദുബ്‌നു മുഹമ്മദ്ബ്‌നു ഹമ്പലുബ്‌നു ഹിലാലിശൈബാനി എന്നാണ്.മാതാപിതാക്കള്‍ പ്രസിദ്ധഗോത്രമായ ശൈബാന്‍ വംശജരാണ്. സൈനിക കമാന്‍ഡറായിരുന്ന പിതാവ് ബസ്വറയില്‍നിന്നും കുടുബസമേതം ബാഗ്ദാദില്‍ വന്ന് താമസിച്ചു.

ജനനം,വിദ്യാഭ്യാസം

ഹി: 104 റബീഉല്‍ അവ്വല്‍/ക്രി: 780-ല്‍ ബാഗ്ദാദില്‍ ജനിച്ച അഹ്മദ് പിതാവിന്റെ മരണശേഷം മാതാവിന്റെയും പിതൃവ്യരുടെയും സംരക്ഷണത്തിലാണ് വളര്‍ന്നത്. മകന്റെ വിദ്യാഭ്യാസത്തിലും ശിക്ഷണത്തിലും മാതാവ് അങ്ങേയറ്റം ശ്രദ്ധപുലര്‍ത്തി.ബാല്യത്തില്‍ തന്നെ ഖുര്‍ആന്‍ മന:പാഠമാക്കിയ അഹ്മദ് കുലീനനും പുരോഗമനേഛുവുമായിരുന്നു. ഹദീസ്പണ്ഡിതന്‍മാരുടെയും ഭാഷാ സാമ്രാട്ടുകളുടെയും സാഹിത്യനിരൂപകരുടെയും സംഗമഭൂമിയായിരുന്ന ബാഗ്ദാദിലെ അനുകൂലസാഹചര്യം ഇമാം അഹ്മദിന്റെ വൈജ്ഞാനിക വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. ആ കാലത്തു തന്നെ അദ്ദേഹം എഴുതിത്തുടങ്ങി. അക്കാലത്ത് ഇറാഖില്‍ പ്രചാരത്തിലുണ്ടായിരുന്ന ഹനഫീമദ്ഹബിലെ പ്രഗല്‍ഭപണ്ഡിതന്‍ അബൂയൂസുഫില്‍ നിന്നാണ് ഹദീസ്പഠിച്ചുതുടങ്ങിയത്.
അഞ്ച്തവണ ഹജ്ജ്‌ചെയ്ത ഇമാം അഹ്മദ് ഹജ്ജിന്റെ സന്ദര്‍ഭങ്ങളില്‍ പഠനം കൂടി ലക്ഷ്യമാക്കിയിരുന്നു. 40-ാം വയസ്സില്‍ അദ്ദേഹം ഹദീസ് പഠിപ്പിക്കാന്‍ തുടങ്ങി. ബാഗ്ദാദിലെ മസ്ജിദുല്‍ ജാമിഇല്‍ സംഗമിച്ചിരുന്ന അഹ്മദിന്റെ വിജ്ഞാനസദസ്സില്‍ അയ്യായിരത്തോളം പേര്‍ ഉണ്ടായിരുന്നു എന്ന് ചരിത്രഗ്രന്ഥങ്ങള്‍ രേഖപ്പെടുത്തുന്നു.

പീഡനം

അബ്ബാസീഖലീഫ മഅ്മൂന്റെ അവസാന കാലത്ത് ‘ഖല്‍ഖുല്‍ ഖുര്‍ആന്‍’ (ഖുര്‍ആന്‍ സൃഷ്ടിവാദം)എന്ന തര്‍ക്കം മൂര്‍ഛിച്ചു. മഅ്മൂന്റെ വാദത്തെ എതിര്‍ത്തതിന്റെ പേരില്‍ അഹ്മദ്ബ്‌നു ഹമ്പലിന് കടുത്ത പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. മഅ്മൂന്റെ മരണശേഷം പിന്‍ഗാമികളില്‍ നിന്നും പീഡനം തുടര്‍ന്നു. അഞ്ച്‌വര്‍ഷത്തിലേറെ പള്ളിയില്‍ വരാനോ അധ്യാപനം നടത്താനോ പാടില്ലെന്ന് അധികാരികള്‍ വിലക്കി.
കടുത്ത ദാരിദ്ര്യത്തില്‍ വളര്‍ന്ന ഇമാം സ്വന്തം ആവശ്യങ്ങളേക്കാള്‍ അപരന്റെ ആവശ്യങ്ങള്‍ക്ക് പരിഗണന നല്‍കി. പിതാവില്‍ നിന്ന് അനന്തരമായി കിട്ടിയ സ്വത്തില്‍ നിന്നുള്ള വരുമാനം തുഛമായിരുന്നതിനാല്‍ കൂലിവേല ചെയ്തും വിളവെടുപ്പ് കാലത്ത് കര്‍ഷകര്‍ ഉപേക്ഷിക്കുന്ന വിളകളുടെ അവശിഷ്ടങ്ങള്‍ ശേഖരിച്ചും അദ്ദേഹം നിത്യവൃത്തിക്ക് പരിഹാരം കണ്ടെത്തി. ദാനമോ പാരിതോഷികമോ അദ്ദേഹം സ്വീകരിക്കുമായിരുന്നില്ല.
താന്‍ ഉദ്ധരിച്ച ഹദീസുകളുടെ സമാഹാരമായ അല്‍ മുസ്‌നദാണ് അഹ്മദ്ബ്‌നു ഹമ്പലിന്റെ പ്രധാന ഗ്രന്ഥം. 16 ാം വയസ്സുമുതല്‍ പലയിടങ്ങളിലായി എഴുതി സൂക്ഷിച്ചിരുന്ന ഹദീസുകള്‍ അദ്ദേഹത്തിന്റെ മരണശേഷം മകന്‍ അബ്ദുല്ലയാണ് ഇന്നു കാണുന്ന രൂപത്തില്‍ ക്രോഡീകരിച്ചത്.

രാഷ്ട്രീയ വീക്ഷണം

ഖവാരിജുകളുടെയും തീവ്ര ശീഇകളുടെയും രാഷ്ട്രീയവീക്ഷണത്തോട് ഇമാം വിയോജിച്ചു. ഖുറൈശികളാണ് ഖിലാഫത്തിന് ഏറ്റവും അര്‍ഹതപ്പെട്ടവര്‍ എന്ന അഹ്‌ലുസ്സുന്നത്തിന്റെ പരമ്പരാഗത വീക്ഷണത്തെ അദ്ദേഹം പിന്തുണച്ചു.
ഇസ്‌ലാമിക സമൂഹത്തെ ദുര്‍ബലമാക്കുന്ന ശൈഥില്യപ്രവണതകളും കുഴപ്പങ്ങളും ഇല്ലാതാക്കി അതിന്റെ കെട്ടുറപ്പും ഐക്യവും പരിരക്ഷിക്കുക എന്നതാണ് ഇമാം അഹ്മദിന്റെ രാഷ്ട്രീയ വീക്ഷണത്തിന്റെ കാതല്‍. അത്‌കൊണ്ട് തന്നെ എന്തിനും ഏതിനും മതഭ്രഷ്ട് കല്‍പിക്കുക എന്നതിനെ അദ്ദേഹം വിമര്‍ശിക്കുന്നു.

മദ്ഹബിന്റെ പ്രചാരം

മറ്റ് മദ്ഹബുകളെ അപേക്ഷിച്ച് അഹ്ദമ്ബ്‌നു ഹമ്പലിന്റെ മദ്ഹബിന് സ്വാധീനവും പ്രചാരവും കുറവാണ്. അതിന് പലകാരണങ്ങളുമുണ്ട്. നാലില്‍ അവസാനത്തെ മദ്ഹബായി എന്നതാണ് ഒരു കാരണം. മറ്റ് മൂന്ന് മദ്ഹബുകള്‍ സമൂഹത്തില്‍ നേരത്തെ പ്രചാരംനേടിക്കഴിഞ്ഞിരുന്നു. ഇതര മദ്ഹബുകളെ പോലെ സരളമല്ല; കൂടുതല്‍ കര്‍ക്കശമാണ് എന്നതും ഹമ്പലീമദ്ഹബിന്റെ പ്രചാരത്തിന് തടസ്സമായി.
അധികാര സ്ഥാനങ്ങളില്‍ നിന്നു വിട്ടു നിന്നതാണ് മറ്റൊരു കാരണം. മറ്റു മദ്ഹബുകളുടെ വക്താക്കള്‍ സ്ഥാനമാനങ്ങള്‍ ഉപയോഗപ്പെടുത്തി ജനങ്ങളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്തു.

മരണം

ഹി: 241 റബീഉല്‍ അവ്വല്‍/ക്രി: 855 ജൂലൈയില്‍ ബഗ്ദാദിലാണ് ഇമാം മരണമടഞ്ഞത്. മരിക്കുമ്പോള്‍ 75 വയസ്സ് പ്രായമുണ്ടായിരുന്നു. ബഗ്ദാദിലെ ബാബുഹര്‍ബിന് സമീപം രക്തസാക്ഷികളുടെ ഖബറിടത്തിലാണ് സംസ്‌കരിച്ചത്. എട്ട് ലക്ഷത്തോളം പേര്‍ ജനാസ നമസ്‌കാരത്തില്‍ പങ്കെടുത്തു. ക്രി: 14ാം നൂറ്റാണ്ടില്‍ ടൈഗ്രീസ് നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഇമാം അഹ്മദിന്റെ മഖ്ബറ ഒലിച്ചുപോയി. രണ്ടു ഭാര്യമാരില്‍ നിന്നായി ഓരോ പുത്രന്‍മാരും ഒരടിമസ്ത്രീയില്‍ നിന്ന് നാല്കുട്ടികളും അദ്ദേഹത്തിനുണ്ടായിരുന്നു.

About the author

padasalaadmin

Add Comment

Click here to post a comment

Topics

Featured