ഖുര്‍ആന്‍-ലേഖനങ്ങള്‍

ആഹാരകാര്യങ്ങളില്‍ ഖുര്‍ആന് പറയാനുള്ളത്

”ഹേ മനുഷ്യരേ ഭൂമിയില്‍ എന്തെല്ലാമുണ്ടോ അതില്‍ നിന്നെല്ലാം അനുവദനീയവും ഉത്തമവും ആയ നിലയില്‍ അനുഭവിക്കുക. ചെകുത്താന്റെ കാല്‍പാടുകളെ പിന്തുടരരുത്; അവന്‍ നിങ്ങളുടെ തുറന്ന ശത്രുവാകുന്നു” (അല്‍ബഖറ:168)
‘അവിഹിതമായി’ (ബില്‍ ബാത്വിലി) എന്ന ഉപാധിയോടെ, നിങ്ങള്‍ ആഹരിക്കുകയോ മറ്റുനിലയില്‍ ഉപഭോഗിക്കുകയോ ചെയ്യരുത് എന്ന ശൈലിയില്‍ (ലാ തഅ്കലൂ) വന്നിട്ടുള്ള രണ്ടേ രണ്ടു സൂക്തങ്ങളേ ഖുര്‍ആനിലുള്ളൂ. അല്‍ബഖറ: 188 ഉം അന്നിസാഅ്: 29 ഉം. അതെ കുറിച്ചായിരുന്നല്ലോ കഴിഞ്ഞ ലക്കത്തിലെ ചര്‍ച്ച. അവിഹിതമായി എന്ന പൊതു മാനദണ്ഡത്തിന്റെ വിശദാംശങ്ങള്‍ ഇസ്‌ലാമിക ശരീഅത്ത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ വിശുദ്ധ ഖുര്‍ആന്‍ തന്നെ അവക്ക് ഉദാഹരണമായി എടുത്തുപറഞ്ഞിട്ടുള്ള കൂടുതല്‍ ഗുരുതരമായ മൂന്ന് അവിഹിത മാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നവയാണ്:

  1. നിങ്ങള്‍ പലിശ ഭക്ഷിക്കരുത് (ആലുഇംറാന്‍:130)
  2. നിങ്ങള്‍ അനാഥകളുടെ മുതലുകള്‍ അനുഭവിക്കരുത് (അന്നിസാഅ്:2,6)
  3. അല്ലാഹുവിന്റെ നാമം ഉച്ചരിക്കപ്പെടാതെ അറുക്കപ്പെട്ടത് ആഹരിക്കരുത് (അല്‍ അന്‍ആം:121)
    മൊത്തം 4 ‘ലാ തഅ്കുലൂ’കള്‍.
    ഇനി ആഹരിക്കുവിന്‍, ഉപഭോഗിക്കുവിന്‍ എന്ന ശൈലിയില്‍ (കുലൂ) വന്നിട്ടുള്ള ഖുര്‍ആന്‍ സൂക്തങ്ങളില്‍കൂടി ഒന്നു കടന്നുപോകാം: ഇവ്വിഷയകമായി ശ്രദ്ധേയമായ പ്രഥമ വസ്തുത അല്ലാഹു അവന്റെ കൈകൊണ്ട് സൃഷ്ടിച്ചിട്ടുള്ള മനുഷ്യനോട് ആദ്യമായി പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ ഒന്നാണ് ഇത് എന്നതത്രെ:
    ‘നാം പറഞ്ഞു: ആദമേ നീയും നിന്റെ ഇണയും സ്വര്‍ഗ്ഗത്തില്‍ താമസിക്കുക, നിങ്ങള്‍ ഇരുവരും അവിടെവെച്ച് യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്‍ക. എന്നാല്‍ ഈ വൃക്ഷത്തോട് അടുത്തുപോകരുത്. അല്ലാത്തപക്ഷം നിങ്ങള്‍ അക്രമകാരികളില്‍ അകപ്പെട്ടുപോകും(അല്‍ബഖറ:35).
    ഈ സൂക്തം ഇതേരീതിയില്‍ അല്‍അഅ്‌റാഫ്:19 ലും ആവര്‍ത്തിച്ചിട്ടുണ്ട്. ‘സുഭിക്ഷമായി’ (റഗദന്‍) എന്നപദം മാത്രമേ ആവര്‍ത്തിക്കാതെയുള്ളൂ.

സാന്ദര്‍ഭികമായി ആലോചിച്ചുപോവുകയാണ്: ഇതല്ലാത്ത മറ്റെന്തെങ്കിലും കാര്യം അല്ലാഹു അവിടെവെച്ച് മനുഷ്യനോട് ആവശ്യപ്പെടുകയുണ്ടായോ? ഉദാഹരണമായി, നിങ്ങള്‍ രണ്ടുപേരും എനിക്കു മാത്രമേ ഇബാദത്ത് ചെയ്യാവൂ, എന്റെ മുന്നില്‍ മാത്രമേ സുജൂദ് ചെയ്യാവൂ തുടങ്ങി വല്ലതും? ആദമിന് സുജൂദ് ചെയ്യാന്‍ മലക്കുകളോട് ആവശ്യപ്പെടുന്ന അല്ലാഹു, തനിക്ക് സുജൂദ് ചെയ്യാന്‍ ആദം ഹവ്വ ദമ്പതികളോട് ആവശ്യപ്പെടുന്നതായി ഖുര്‍ആനില്‍ കാണുന്നില്ല! പരിശുദ്ധ ഖുര്‍ആനില്‍ പരാമര്‍ശിച്ചു കാണാത്തതിനാല്‍ അങ്ങനെയൊന്ന് സംഭവിച്ചിരിക്കില്ല എന്ന് അര്‍ഥമില്ലെങ്കിലും ഇക്കാര്യം കൗതുകകരമായിരിക്കുന്നു. അല്ലാഹുവുമായുള്ള ബന്ധത്തില്‍ അവര്‍ ഇരുവരും നിര്‍വ്വഹിക്കേണ്ടിയിരുന്ന മുഖ്യ ബാധ്യത യഥേഷ്ടം സുഭിക്ഷമായി ആഹരിച്ചുകൊള്ളുക, ചൂണ്ടിക്കാണിക്കപ്പെട്ട ഒരു പ്രത്യേക വൃക്ഷത്തിന്റെ അടുത്തുപോലും പോകാതിരിക്കുക’ എന്നത് മാത്രമായിരുന്നു എന്ന് വ്യക്തം! ഒന്നുകൂടി ആലോചിച്ചാല്‍, അതുമതിതാനും. കാരണം, അനുസരണത്തിന്റെ പ്രതിഫലവും ധിക്കാരത്തിന്റെ പ്രത്യാഘാതവും ആണല്ലോ, ആഹരിക്കുവാനുള്ള നിര്‍ദ്ദേശത്തിലും വൃക്ഷത്തെ സമീപിക്കരുത് എന്ന നിരോധത്തിലും കാണുന്നത്. അത് രണ്ടും അനുഭവിച്ചറിയുകയും അനുസരണം പരിശീലിക്കുകയും ചെയ്തിട്ടുള്ള ഒരാളോട് തുടര്‍ന്ന് എന്തും നിര്‍ദ്ദേശിക്കാവുന്നതാണ്. അയാള്‍ അനുസരിച്ചുകൊള്ളും. അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുകയും ദൈവ വിരുദ്ധ ശക്തികളെ കൈവിടുകയും ചെയ്യുമ്പോള്‍ പ്രഥമവും പ്രധാനവുമായി സംഭവിക്കുന്നതും ആ കല്‍പനക്കുള്ള അനുസരണമാണല്ലോ. അതെ, അനുസരണമുണ്ടെങ്കിലേ അല്ലാഹുവിനുള്ള ഇബാദത്തിന് പോലും അസ്തിത്വമുള്ളൂ! അതിരിക്കട്ടെ, നമുക്ക് തീന്‍കാര്യത്തിലേക്ക് തന്നെ തിരിച്ചുവരാം.

താന്‍ തയ്യാറാക്കിവെച്ചിട്ടുള്ള ആഹാരം കഴിക്കാന്‍, വിഭവങ്ങള്‍ അനുഭവിക്കാന്‍ അല്ലാഹു ആരെയൊക്കെയാണ് വിളിച്ചിട്ടുള്ളത് എന്ന് നോക്കൂ! ഒന്നാമതായി, മുകളില്‍ സൂചിപ്പിച്ച പോലെ ആദമിനെ (അല്‍ബഖറ:35, അല്‍അഅ്‌റാഫ്:19), പിന്നീട്, ആദമിന്റെ മക്കളെ (അല്‍അഅ്‌റാഫ്:31), അവര്‍ പെരുകിയുണ്ടായ മനുഷ്യരാശിയെ (അല്‍ബഖറ:168), അവരെ അന്ധകാരങ്ങളില്‍നിന്ന് പ്രകാശത്തിലേക്ക് ആനയിക്കാന്‍ നിയുക്തരായ അന്ത്യപ്രവാചകനടക്കമുള്ള ദൈവ ദൂതന്മാരെ (അല്‍മുഅ്മിനൂന്‍:51), ആ ദൈവദൂതന്മാരുടെ അനുയായികളില്‍ വരും തലമുറകള്‍ക്ക് ഏറ്റവും കൂടുതല്‍ പാഠങ്ങള്‍ വിട്ടേച്ചുപോയിട്ടുള്ള ഇസ്‌റാഈല്‍ സന്തതികളെ (അല്‍ബഖറ:57,58,60), അന്ത്യപ്രവാചകന്റെ ലോകാവസാനം വരേക്കുള്ള അനുയായികളെ (അല്‍ ബഖറ:172). യഥാക്രമം, ‘യാ ആദമു’, ‘യാ ബനീ ആദമ’, ‘യാ അയ്യുഹല്ലദീന ആമനൂ’.
വിശുദ്ധ ഖുര്‍ആനിലെ സംബോധനകളെ പരിശോധിച്ചാല്‍ കാണാം ‘കുലൂ’ നിങ്ങള്‍ ആഹരിക്കുവിന്‍, അനുഭവിക്കുവിന്‍ എന്നു പറയുവാനല്ലാതെ, മറ്റൊരു കാര്യത്തിന്നും അതെത്ര സുപ്രധാനമാണെങ്കിലും, അല്ലാഹു ഇമ്മട്ടില്‍ ക്ഷണിച്ചതായി കാണുന്നില്ല. ഇതിനുള്ള ഏറ്റവും വലിയ തെളിവ് ദൈവദൂതന്മാരുടെ പരമ്പരയെ ഒന്നടങ്കം സംബോധന ചെയ്തിട്ടുള്ളതാണ്. ‘യാ അയ്യുഹര്‍റുസുലു’! അങ്ങനെയൊന്ന് ഖുര്‍ആനില്‍ ഒരു തവണയേ കാണുകയുള്ളൂ. അതാകട്ടെ, ‘കുലൂ’ എന്നുപറയാനും! ഖുര്‍ആന്റെ മുമ്പ് കടന്നുപോയിട്ടുള്ള പ്രവാചകന്മാരില്‍ അത് പേരെടുത്ത് പറഞ്ഞിട്ടുള്ളവര്‍ തന്നെ ഇരുപത്തഞ്ച് വരുമല്ലോ. വിവിധ കാലഘട്ടങ്ങളില്‍ വിവിധ സ്ഥലങ്ങളില്‍ ജീവിച്ചിട്ടുള്ള അവരെ തങ്ങളുടെ പ്രബോധനം മേഖലയായ ഭൂമിയില്‍ എവിടെ, എങ്ങനെ ഒരുമിച്ചു കൂട്ടാനാണ്? അങ്ങനെയൊന്ന് നടന്നു കൂടാത്തതിനാലും നടന്നിട്ടില്ലാത്തതിനാലും ‘പ്രവാചകരേ’ എന്ന ഈ ബഹുവചന സംബോധനയുടെ സൂചന, ഒന്നൊഴിയാതെ എല്ലാ പ്രവാചകന്‍മാരോടും എല്ലാ കാലത്തും അല്ലാഹു നിര്‍ദ്ദേശിച്ചിട്ടുള്ളതാണ് ഇക്കാര്യം എന്നതത്രെ! വിശുദ്ധ ഖുര്‍ആന്റെ അസാധാരണവും അത്ഭുതാവഹവുമായ ആശയ സമര്‍ഥനരീതിയുടെ ഒരു ഉദാഹരണം കൂടിയാണ് ‘പ്രവാചകരേ’ എന്ന ഈ സംബോധന. പ്രവാചക പരമ്പരയെ ഒന്നടങ്കം നിയോഗിച്ചിട്ടുള്ളത് നിങ്ങള്‍ അല്ലാഹുവിന്ന് ഇബാദത്ത് ചെയ്യുക, ദൈവവിരുദ്ധ ശക്തികളെ വര്‍ജ്ജിക്കുക എന്ന സന്ദേശവുമായിട്ടാണല്ലോ(അന്നഹ്ല്‍:36). നിങ്ങള്‍ ഇബാദത്ത് ചെയ്യുവിന്‍ – ‘ഉഅ്ബുദൂ’ എന്ന ബഹുവചന ശാസനാവാക്യം വിശുദ്ധ ഖുര്‍ആനില്‍ വന്നിട്ടുള്ള സന്ദര്‍ഭങ്ങള്‍ പരിശോധിച്ചാലും കാണാം ഖുര്‍ആന്റെ പൊതുവായ സംബോധനകളില്‍ ഒരൊറ്റ തവണ മാത്രമാണ് ‘യാ അയ്യുഹന്നാസ്’ എന്ന് മനുഷ്യരാശിയെ സംബോധന ചെയ്ത്’ ‘ഉഅ്ബുദൂ’ എന്ന് പറഞ്ഞതായി കാണുക. പിന്നീടുള്ള ‘ഉഅ്ബുദൂ’കളില്‍ ഭൂരിഭാഗവും പ്രവാചകന്മാരില്‍ ഓരോരുത്തരും അതാത് കാലങ്ങളില്‍ തങ്ങളുടെ സമൂഹത്തെ സംബോധന ചെയ്തുകൊണ്ട് ‘യാ ഖൗമി’ എന്ന് വിളിക്കുന്നതാണ്. കൂട്ടത്തില്‍, കൗതുകകരവും ശ്രദ്ധേയവുമായ ഒരുകാര്യം ‘യാ അയ്യുഹല്ലദീന ആമനൂ’ (വിശ്വസിച്ചവരേ) എന്ന് വിളിച്ച് ‘ഉഅ്ബുദൂ’ എന്ന് പറഞ്ഞതായിക്കാണുന്നില്ല എന്നത്രെ! എന്നാല്‍ മനുഷ്യരെ വിളിച്ച് ഇബാദത്ത് ചെയ്യാന്‍ പറഞ്ഞിട്ടുള്ളതിന്റെ ലക്ഷ്യമായി പറഞ്ഞിട്ടുള്ള ‘തഖ്‌വ’യാര്‍ജ്ജിക്കുവാന്‍ (അല്‍ബഖറ:21) മനുഷ്യരെ വിളിച്ചു മാത്രമല്ല വിശ്വസിച്ചവരെ വിളിച്ചും ആവര്‍ത്തിച്ച് പറഞ്ഞിട്ടുണ്ട്.
അതിരിക്കട്ടെ, പറഞ്ഞുവരുന്നത് ഭൂമിയിലെ തന്റെ പ്രതിനിധികളില്‍ വിളിക്കാവുന്ന സകലരേയും അവര്‍ക്ക് ചുമതലപ്പെട്ടവരേയും ആവര്‍ത്തിച്ച് വിളിച്ചുണര്‍ത്തി പറഞ്ഞിട്ടുള്ള ഒരേയൊരു കാര്യമാണ് ‘കുലൂ’ എന്നതത്രേ അത്. അതുകൊണ്ട്, അക്കാര്യത്തിലുള്ള മനുഷ്യന്റെ തിരിച്ചറിവിന്നും തെരഞ്ഞെടുപ്പിന്നും മൗലിക പ്രാധാന്യമുണ്ട് എന്നും. തൗഹീദും ശിര്‍ക്കും വേര്‍തിരിച്ച് മനസ്സിലാക്കിത്തരാന്‍ ഖുര്‍ആന്‍ കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളതും ആഹാരകാര്യമാണെന്ന് ചില ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിശക്കുന്നവന്ന് ആഹാരം ലഭിക്കുക എന്നത് ഒരു അടിസ്ഥാന മനുഷ്യാവകാശമായിട്ടാണ് ഖുര്‍ആന്‍ കാണുന്നത്. കുലൂ എന്ന് പറഞ്ഞപ്പോള്‍ മനുഷ്യരെ സംബോധന ചെയ്തതിന്ന് അങ്ങനെ ഒരുതലവും കൂടിയുണ്ട്. കാരണം, വിശ്വാസപ്രമാണങ്ങള്‍ തെരഞ്ഞെടുക്കുന്നതിന്ന് മുമ്പുള്ള, ജാതിയും മതവുമായി വേര്‍തിരിയുന്നതിന് മുമ്പുള്ള പച്ചയായ മനുഷ്യരെയാണ് ‘അന്നാസു’കൊണ്ട് പ്രഥമമായി ഉദ്ദേശിക്കപ്പെടുന്നത്. സാഹചര്യതെളിവുകളുടെ സാന്നിധ്യത്തിലേ മറ്റു സൂചനകള്‍ അതില്‍ നിന്ന് സിദ്ധമാകൂ. തന്റെ മക്കളില്‍ വിശ്വസിച്ചവര്‍ക്ക് ആഹാരം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഹസ്രത്ത് ഇബ്‌റാഹീം (അ) നെ അല്ലാഹു തിരുത്തിയത് ഇതിനോട് ചേര്‍ത്തുവായിക്കേണ്ടതാണ്. ഇബ്‌റാഹീം പറഞ്ഞ ‘മന്‍ ആമന’ക്ക് മാത്രമല്ല ‘വമന്‍ കഫറ’ക്കും ഞാന്‍ ആഹാരം നല്‍കുന്നതായിരിക്കും(അല്‍ ബഖറ:126).

ആഹാരം കഴിക്കുവാനും ഇതര വിഭവങ്ങള്‍ അനുഭവിക്കുവാനും ക്ഷണിച്ചിട്ടുള്ളത് അല്ലാഹു ആണെന്നും അവന്‍ ക്ഷണിച്ചിട്ടുള്ളത് എല്ലാവരേയും ആണെന്നും ഇമ്മട്ടില്‍ ഇത്രയും വിപുലമായി മറ്റൊരു കാര്യത്തിന്നും അവന്‍ ക്ഷണിച്ചിട്ടില്ലെന്നും കണ്ടുവല്ലോ. ഒരാളേയും ഒഴിവാക്കിയില്ല എന്ന അര്‍ത്ഥത്തിലാണ് എല്ലാവരേയും എന്നു പറഞ്ഞത്. ഉദാഹരണമായി, ‘യാ ആദമു’ ആദമേ എന്നുവിളിച്ചപ്പോള്‍ ‘കുല്‍’ നീ ആഹരിക്കുക എന്നല്ല ‘കുലാ’ നിങ്ങള്‍ രണ്ടുപേരും ആഹരിക്കുക എന്നാണ് പറഞ്ഞത്. കുടുംബജീവിതത്തിലെ അതിന്റെ അര്‍ത്ഥതലങ്ങള്‍ ആലോചനാമൃതങ്ങളാണ്. ഹവ്വാക്ക് ആദമും ഹാജറക്ക് ഇബ്‌റാഹീമും ഉണ്ടായിട്ടും ആ രണ്ടു അബലകളുടെ കാര്യം ശ്രദ്ധിച്ച അല്ലാഹു മനുഷ്യന്ന് പരിചിതമായ കാര്യകാരണബന്ധത്തിന്റെ കണക്കുകള്‍ കൂടാതെയാണ് (ബിഗൈരി ഹിസാബ്) മര്‍യമിന്റെ തുണക്കെത്തുന്നത് (ആലുഇംറാന്‍:37). ഹവ്വായെ പോലെ അവര്‍ക്ക് ഒരു ആദം ഉണ്ടായിരുന്നില്ലല്ലോ. അതിനാല്‍, അവരുടെ കാര്യത്തില്‍ അവന്‍ തന്നെ കരുണാര്‍ദ്രമായി ഇടപ്പെട്ടുകൊണ്ട് ‘കുലീ’ (നീ ആഹരിക്കൂ) എന്നു പറയുന്നു(മര്‍യം:26). അല്ലാഹുവില്‍ വിശ്വസിക്കുകയും എല്ലാം അര്‍പ്പിക്കുകയും ചെയ്യുന്ന ‘മര്‍യമു’മാര്‍ക്ക് എക്കാലത്തും അവന്‍ ഉണ്ടാകും; അവനേ ഉണ്ടാകൂ.
കുലാ, കുലൂ, കുലീ എന്നൊക്കെ ആളുകളുടെ തോതും തരവും അനുസരിച്ച് വിളിച്ച് ആഹരിക്കാനും അനുഭവിക്കാനും ആവശ്യപ്പെടുന്ന അല്ലാഹു അവര്‍ക്ക് വേണ്ടി എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കിവെച്ചിട്ടുള്ളത്? ഭൂമുഖത്തും ഭൂമിക്കകത്തും എന്തെല്ലാമുണ്ടോ അതില്‍ നിന്നെല്ലാം (മിമ്മാ ഫില്‍ അര്‍ദി) ഉപഭോഗിച്ചുകൊള്ളുക എന്നാണ് പറഞ്ഞിട്ടുള്ളത് (അല്‍ബഖറ:168) അതൊക്കെയും അവന്‍ നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചിട്ടുള്ളതാണല്ലോ (അല്‍ബഖറ:29) മനുഷ്യര്‍ക്കു വേണ്ടി സൃഷ്ടിക്കപ്പെട്ടതെല്ലാം അടിസ്ഥാനപരമായി അനുവദനീയമാണെന്ന് പറയേണ്ടതില്ല. അളവറ്റ അനുവാദമാണ് അല്ലാഹു അക്കാര്യത്തില്‍ നല്‍കിയിട്ടുള്ളത്. നിരോധങ്ങള്‍ നിര്‍ണ്ണിതങ്ങളത്രെ. അതിനാല്‍ തന്നെ പരിമിതങ്ങളും.

മനുഷ്യരാശിയെ വിളിച്ച് ഭൂമുഖത്തും ഭൂമിക്കകത്തും എന്തെല്ലാമുണ്ടോ അതെല്ലാം അനുഭവിക്കാന്‍ പറയുന്ന അല്ലാഹു അവനില്‍ വിശ്വസിച്ചിട്ടുള്ളവരെ വിളിച്ച് (യാ ബനീ ഇസ്രാഈല, യാ അയ്യുഹല്ലദീന ആമനൂ) അനുഭവിക്കാന്‍ പറയുന്നത് അവന്‍ നല്‍കിയിട്ടുള്ളതില്‍ നിന്ന് നാം ‘നല്‍കിയിട്ടുള്ളതി’ല്‍ നിന്നുമാണ്. (അല്‍ബഖറ:57,172, അല്‍അഅ്‌റാഫ്:160, അല്‍അന്‍ഫാല്‍:26, യൂനുസ്:93, അന്നഹ്ല്‍:72, അല്‍ ഇസ്‌റാഅ്:70, ത്വാഹാ:81, അല്‍മുഅ്മിനൂന്‍:51, സബഅ്:15, അല്‍മുഅ്മിന്‍:64, അല്‍ജാസിയ:16)
മൂലത്തില്‍ ‘റസഖ’ എന്നോ ‘റസഖ്‌നാ’ എന്നോ പറഞ്ഞിട്ടുള്ളതിനെയാണു ‘നല്‍കിയിട്ടുള്ള’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ‘രിസ്ഖി’നെ കുറിച്ച ഖുര്‍ആനിക പരാമര്‍ശങ്ങളില്‍ ഒന്ന് ഇങ്ങനെയാണ്: ‘അല്ലാഹു ആകുന്നു നിങ്ങളെ സൃഷ്ടിച്ചത്, പിന്നീട് നിങ്ങള്‍ക്ക് ഉപജീവന വിഭവങ്ങള്‍ നല്‍കിയതും (റസഖകും). കുറെ കഴിഞ്ഞ് അവന്‍ നിങ്ങളെ മരിപ്പിക്കും എന്നിട്ട് വീണ്ടും ജീവിപ്പിക്കും(അര്‍റൂം:49) സൃഷ്ടിച്ചതിനും പിന്നീട് മരിപ്പിക്കുന്നതിനും ഇടയില്‍ ജീവിക്കുക എന്ന ഒന്നില്ലെ, മരിപ്പിച്ച ശേഷം വീണ്ടും ജീവിപ്പിക്കുന്നതിനെ കുറിച്ച് പറയുന്നുണ്ടല്ലോ. സൃഷ്ടിപ്പിന്നും മരിപ്പിന്നും ഇടയില്‍ മനുഷ്യന്ന് ലഭിച്ചിട്ടുള്ള ജീവനും ജീവിതവും മാത്രമല്ല, അതിന്റെ നിലനില്‍പിന്നും നൈരന്തര്യത്തിനും ആവശ്യമായിട്ടുള്ളത്കൂടി ഉള്‍പ്പെടുന്ന സമഗ്രമായ ഒന്നിനെ കുറിച്ചാണ് ഖുര്‍ആന്‍ രിസ്ഖ് എന്നു പറയുന്നത്. ഈ വിശാല അര്‍ത്ഥം എല്ലായിടത്തും വിവക്ഷിച്ചുകൊള്ളണമെന്നില്ലെങ്കിലും വായു വെള്ളം, ഭക്ഷണം എന്നിവക്ക് ആ ‘രിസ്ഖി’ല്‍ പരമ പ്രാധാര്യമുള്ളത് കൊണ്ട് ആഹാരത്തിന്നായ് ആ പദം കൂടുതല്‍ ഉപയോഗിക്കപ്പെടുന്നു. നിങ്ങള്‍ തിരിച്ചറിയുകയും തെരഞ്ഞെടുക്കുകയും ചെയ്തിട്ടുള്ള അവയുടെ സാക്ഷാല്‍ ദാതാവിനെ നന്ദിപൂര്‍വ്വം ഓര്‍ക്കുകയും അവനോടും ഇതര സൃഷ്ടികളോടുമുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കുകയും ചെയ്യാനുള്ള ശക്തമായ സൂചനയും പ്രേരണയുമാണ് അവന്‍ നല്‍കിയതെന്നും നാം നല്‍കിയ എന്നും പറയുന്നതില്‍ അടങ്ങിയിട്ടുള്ളത്. (‘രിസ്ഖ്’ സ്വയംതന്നെ പഠനമര്‍ഹിക്കുന്ന ഒരു ഖുര്‍ആനിക വിഷയമായതിനാല്‍ തല്‍ക്കാലം അതിലേക്കിപ്പോള്‍ കടക്കുന്നില്ല).
ആഹരിക്കാനും അനുഭവിക്കാനും പറഞ്ഞിട്ടുള്ളത് ഭൂമിയിലുള്ളതായാലും അല്ലാഹു നല്‍കിയതായാലും ഒരു ‘മിന്‍’ അതോട് ചേര്‍ത്ത് പറഞ്ഞിട്ടുള്ളതായി കാണാം. അതായത് മിന്‍ + മാ = മിമ്മാ എന്നു! ഉള്ളതില്‍ നിന്ന് എന്നാണാ ‘മിന്‍’ അര്‍ത്ഥമാക്കുന്നത്. ‘അല്‍പ’ത്തേയും ‘അല്‍പാല്‍പത്തേയും കുറിക്കുന്ന ‘തബ്ഈളിന്റെ മിന്‍’ എന്നാണതിനെ അറബി ഭാഷാകാരന്‍മാര്‍ വിശേഷിപ്പിക്കുന്നത്. (വേറൊരു എട്ടുതരം ‘മിന്‍’കള്‍ കൂടിയുണ്ട് കെട്ടോ. ഖുര്‍ആനില്‍ അവയൊക്കെയും ഉപയോഗിച്ചിട്ടുമുണ്ട്).
അല്ലാഹു ഒരുക്കിയിട്ടുള്ളതും നല്‍കിയിട്ടുള്ളതുമായ വിഭവങ്ങള്‍ മനുഷ്യന്‍ അനുഭവിച്ചാല്‍ തീരുന്നതല്ല. എത്ര അനുഭവിച്ചാലും അത് അതിന്റെ അല്‍പമേ ആകൂ. മനുഷ്യന്‍ സമയം സമ്പാദിക്കുന്നതിന്റെ കാര്യവും അങ്ങനെത്തന്നെ. തനിക്ക് അനുഭവിക്കാന്‍ കഴിയുന്ന ‘അല്‍പം’ കഴിച്ചു ബാക്കിയുള്ളതിന്റെ നേരെ എന്തു നിലപാടെടുക്കണം?അതില്‍ അല്ലാഹുവിന്റെയും സമസൃഷ്ടികളുടെയും അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തേപറ്റൂ. അത്‌കൊണ്ടാണ് ‘ഉത്തമമായിട്ടുള്ളവ’ (ത്വയ്യിബാത്ത്) ആഹരിക്കാന്‍ പറയുന്ന പോലെ, ചെലവഴിക്കാനും ഖുര്‍ആന്‍ പറയുന്നത് (അല്‍ബഖറ:267)- അവിടെയും ഉണ്ട് ഒരു ‘മിന്‍’! സമ്പാദിച്ചത് മുഴുവനും മറ്റുള്ളവര്‍ക്കുവേണ്ടി ചെലവഴിക്കേണ്ടതില്ല എന്ന് ആശയം.

ജമാല്‍ മലപ്പുറം

Topics