ജര്‍മനിയുടെ ചക്രവര്‍ത്തിയായി ഫ്രെഡറിക് രണ്ടാമന്‍ 1215 ല്‍ അധികാരത്തിലെത്തുകയും അത് നോര്‍ത്തേണ്‍ ഇറ്റലിയും സിസിലിയും കടന്ന് പ്രവിശാലമാവുകയും ചെയ്തതിനെത്തുടര്‍ന്ന് പോപ്പ് ഹെനോറിയസ് അദ്ദേഹത്തെ കുരിശുയുദ്ധത്തിനായി ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചു. ഖുദ്‌സിലെ രാജാവിന്റെ മകളെ ഫ്രെഡറികിനെകൊണ്ട് വിവാഹംചെയ്യിപ്പിക്കാന്‍ പോപ്പ് ചരടുവലി നടത്തി. ഈജിപ്തില്‍ പരാജയം രുചിച്ച ഖുദ്‌സ് രാജാവ് വീണ്ടും പോപ്പിനെ സഹായത്തിനായി സമീപിച്ചു. ഇതുതന്നെ അവസരമെന്ന് കണ്ട് പോപ്പ് സഹായം വാഗ്ദാനംചെയ്യുകയും ഇംഗ്ലണ്ട്, ജര്‍മനി, ആസ്ട്രിയ, ഫ്രാന്‍സ് എന്നിവിടങ്ങളിലെ വിശ്വാസികളെ രംഗത്തിറക്കുകയുംചെയ്തു. തദ്ഫലമായി സ്ത്രീകളും വൃദ്ധരും കുട്ടികളും വികലാംഗരുമടക്കം ജനങ്ങള്‍ സ്വര്‍ഗംമോഹിച്ച് പടയോട്ടത്തില്‍ അണിചേര്‍ന്നു.
ഇസ്‌ലാമികസംസ്‌കാരത്തെയും മുസ്‌ലിംകളെയും ഇഷ്ടപ്പെട്ടിരുന്ന ഫ്രെഡറികിന്റെ രീതികള്‍ പോപ്പിനും ക്രൈസ്തവര്‍ക്ക് പൊതുവിലും ദഹിച്ചിരുന്നില്ല. മാത്രമല്ല, ഫ്രെഡറിക് രാജാവിന് ഈജിപ്ഷ്യന്‍രാജാവായ കാമിലുമായി നല്ല ബന്ധമാണുണ്ടായിരുന്നത്. അതിനാല്‍ ബൈതുല്‍മഖ്ദിസിലേക്ക് മാര്‍ച്ച് ചെയ്യാന്‍ ഫ്രെഡറിക് മടിച്ചു.
അതിനിടയില്‍ പോപ്പ് സ്ഥാനമേറ്റെടുത്ത ഗ്രിഗറി ഒമ്പതാമന്‍ ഫ്രെഡറികിനെ മതവിരുദ്ധനെന്ന് മുദ്രകുത്തുകയും ശപിക്കുകയുംചെയ്തു.ഫ്രെഡറിക് സിറിയന്‍ പ്രദേശങ്ങളിലേക്ക് സൈനികനീക്കം നടത്തിയപ്പോള്‍ വളരെ കുറച്ച് കുരിശുപോരാളികള്‍മാത്രമാണ് അയാളുടെ സഹായത്തിനെത്തിയത്.
സ്വലാഹുദ്ദീന്‍ അയ്യൂബിയുടെയും സഹോദരന്‍ ആദിലിന്റെയും മരണശേഷം അദ്ദേഹത്തിന്റെ മക്കള്‍ അധികാരം പങ്കിട്ടെടുത്തു. തന്റെ എതിരാളികളുടെ സഖ്യം ഭയപ്പെട്ട മക്കളിലൊരാളായ കാമില്‍ ഫ്രെഡറികിനെ അക്കായിലേക്ക് ക്ഷണിക്കുകയും സംഭാഷണത്തിനൊടുവില്‍ മസ്ജിദുല്‍ അഖ്‌സായും ഖുബ്ബത്തുസ്സ്വഖ്‌റായും ഒഴികെയുള്ള ഖുദ്‌സ് , ഫ്രെഡറിക്കിന്റെ നേതൃത്വത്തിലുള്ള കുരിശുസൈന്യത്തിന് വിട്ടുകൊടുത്തു. ഇരുവരും മറ്റുകുരിശുസൈന്യങ്ങളെ പ്രതിരോധിക്കുമെന്നതായിരുന്നു മറ്റൊരു കരാര്‍. ഇത് ഭൂരിപക്ഷം മുസ്‌ലിംകള്‍ക്കും കുരിശുപോരാളികള്‍ക്കും ഇഷ്ടമായില്ല. അവസാനം 1244ല്‍ കാമില്‍രാജാവിന്റെ മകനായ സ്വാലിഹ് അയ്യൂബ് ഖുദ്‌സ് വീണ്ടെടുത്തു. യൂറോപ്പിന് മറ്റൊരു കുരിശുയുദ്ധത്തിലേക്കുള്ള വഴിയൊരുങ്ങുകയായിരുന്നു അതിലൂടെ.