ഞാനറിഞ്ഞ ഇസ്‌ലാം

‘ആരെവേണമെങ്കിലും ആവാം; മുസ്‌ലിമിനെ വേണ്ട’

 ‘സലാം കഫെ’ എന്ന ആസ്‌ത്രേലിയന്‍ നെറ്റ് വര്‍ക് ടെലിവിഷന്‍ പരിപാടിയുടെ ആസൂത്രകയും പാനല്‍ അവതാരികയുമായ സൂസന്‍ കാര്‍ലന്റിന്റെ ഇസ് ലാം സ്വീകരണവും ജീവിതവും

17 വയസ്സ് പൂര്‍ത്തിയായ ഒരു പുതുവര്‍ഷപ്പുലരിയില്‍ മറ്റുമതങ്ങളെ അടുത്തറിയാന്‍  താന്‍ സമയംചെലവിടുമെന്ന് സൂസന്‍ കാര്‍ലന്റ്  പ്രഖ്യാപിച്ചു. മകളുടെ ഇംഗിതംമനസ്സിലാക്കിയ മമ്മി ഉപദേശിച്ചതിങ്ങനെയായിരുന്നു: ‘നീ മയക്കുമരുന്നുവില്‍ക്കുന്നവനെ കല്യാണംകഴിച്ചാലും മുസ്‌ലിമിന്റെ ജീവിതത്തിലേക്ക് കടന്നുചെല്ലരുത്.’

എങ്കിലും ഇസ്‌ലാമിനെക്കുറിച്ച് അറിയണമെന്ന് അവള്‍ ആഗ്രഹിച്ചില്ല. കാരണം അത് ‘അക്രമവും  ലൈംഗികതയും ഉദ്‌ഘോഷിക്കുന്ന വൈദേശികമതം’ എന്നാണ് കേട്ടിട്ടുള്ളത്. എന്നാല്‍ അത്ഭുതകരമെന്നുപറയട്ടെ, രണ്ട് വര്‍ഷംകഴിഞ്ഞപ്പോഴേക്കും ബാപ്റ്റിസ്റ്റ് സൂസന്‍ മറ്റൊരാളുടെയും സ്വാധീനമൊന്നില്ലാതെ  മുസ്‌ലിമായി.

തന്റെ പതിനാലാംവയസില്‍ കരിസ്മാറ്റിക് പ്രവര്‍ത്തകയായിരുന്നു ഈ പെണ്‍കുട്ടി.  രാത്രിയില്‍ ദൈവവുമായി സംഭാഷണംനടത്തിയെന്ന് അവകാശപ്പെടുന്നവര്‍ അവള്‍ക്കുചുറ്റും സദാ ഉണ്ടായിരുന്നു.

ഒരു രാത്രി അത്താഴത്തിന് അവളുടെ മമ്മി പന്നിയിറച്ചി ചോപ്‌സ് വിളമ്പി.  തന്റെ മകള്‍ ഇസ്‌ലാമിന്റെ ‘ഇര’യായെന്ന് അപ്പോഴാണ് അവര്‍ മനസ്സിലാക്കിയത്. മമ്മി മകളെ ആലിംഗനംചെയ്‌തെങ്കിലും കരയുകയായിരുന്നു. അല്‍പദിവസംകഴിഞ്ഞപ്പോള്‍ സൂസന്‍ സ്‌കാര്‍ഫ് ധരിക്കാന്‍ തുടങ്ങി. ഇസ്‌ലാമിന്റെ തണലിലെത്തി പിന്നീടുള്ള എട്ടുവര്‍ഷക്കാലം മകളോട് മമ്മി അടുപ്പമൊന്നുംകാട്ടിയില്ല. എന്നാല്‍ ഇപ്പോഴവര്‍ രജ്ഞിപ്പിലെത്തിക്കഴിഞ്ഞു. 

സൂസന്‍ പറയുന്നു: ‘ഇപ്പോഴെന്റെ മമ്മി എനിക്കായി ഹെഡ്‌സ്‌കാര്‍ഫ്  വാങ്ങിക്കൊണ്ടുവരും. പെരുന്നാള്‍ ദിനങ്ങളില്‍ കുട്ടികള്‍ക്ക് വസ്ത്രങ്ങള്‍ സമ്മാനിക്കും. ‘‘ക്രൈസ്തവതയില്‍ മനസ്സുംശരീരവും തമ്മിലുണ്ടായിരുന്ന ധൈഷണികമായ വിടവ് ഇസ്‌ലാമിലെത്തിയപ്പോള്‍ ഇല്ലാതായി. ദൈവത്തെക്കുറിച്ച് ഇസ്‌ലാംനല്‍കുന്ന ചിത്രം എന്നെ ഹഠാദാകര്‍ഷിച്ചു. ‘ അവര്‍കൂട്ടിച്ചേര്‍ത്തു.

‘ജീവിതത്തില്‍ എനിക്ക് ആവേശവും പ്രചോദനവും നല്‍കിയത് മുസ്‌ലിംകളായിരുന്നു. സമുദായത്തില്‍നിന്ന് ഉള്‍വലിയാതെ ധൈര്യത്തോടെ നിലകൊള്ളാന്‍  അതെന്നെ സഹായിച്ചു.’ അവര്‍ വെളിപ്പെടുത്തുന്നു.

‘ഇസ്‌ലാംസ്വീകരണത്തിനുമുമ്പ് ഞാനും വലീദും ജീവിതമാരംഭിച്ചിരുന്നില്ല. വിശ്വാസമാണ് വിവാഹജീവിതത്തിലേക്ക് കാല്‍വെക്കാന്‍ എന്നെ പ്രേരിപ്പിച്ചത്.’സൂസന്‍ മനസ്സുതുറക്കുന്നു.

‘ചിന്താപരമായി സ്വാതന്ത്ര്യം ലഭിച്ചത് വിശ്വാസത്തിനുശേഷമാണ്. ഞാന്‍മുസ്ലിം ചാറ്റ്‌റൂമികളില്‍ പോകുമായിരുന്നു. എന്റെ യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന മുസ്‌ലിംപെണ്‍കുട്ടികളോട് എല്ലാ സംശയങ്ങളും ഉന്നയിക്കുമായിരുന്നു. അതിനെല്ലാം അവര്‍ ക്ഷമയോടെ മറുപടി നല്‍കി. ഇസ്‌ലാമിനെക്കുറിച്ച് മൂന്നാംകിടപത്രലേഖകരുടെയും നിരീക്ഷകരുടെയും എഴുത്തുകളും വീക്ഷണങ്ങളും ശ്രദ്ധിക്കുന്നത് നിര്‍ത്തി വേദഗ്രന്ഥം എന്തുപറയുന്നുവെന്ന് കേട്ടു. ഞാനതുവരെ കേട്ടിട്ടില്ലാത്ത സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും സാമൂഹികനീതിയുടെയും വെളിച്ചമേകുന്ന ഒരു വിശ്വാസസംഹിതയായിരുന്നു അത്. ആത്മീയതയും യുക്തിയും അതില്‍ സന്തുലിതത്വം പാലിച്ചു.’ സൂസന്‍ തന്റെ ആത്മീയാന്വേഷണത്തെക്കുറിച്ച് വിവരിച്ചു.

2002 ഫെബ്രുവരിയില്‍ സൂസന്‍ അഭിഭാഷകനായ വലീദ് അലിയെ വിവാഹംകഴിച്ചു.  ഇപ്പോള്‍ അദ്ദേഹം മെല്‍ബണിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയില്‍ പൊളിറ്റിക്‌സില്‍ ലക്ചററാണ്. ‘ദ ബുള്ളറ്റ് മാഗസിന്‍ ‘2007 ല്‍ സ്മാര്‍ട്ട് 100 ല്‍ ഉള്‍പ്പെടുത്തി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

സയന്‍സിലും ആര്‍ട്‌സിലും ബിരുദപഠനം പൂര്‍ത്തിയാക്കിയശേഷം സൂസന്‍ 2007 ല്‍ ഗവേഷണപഠനത്തിന് ചേര്‍ന്നു. ‘പാശ്ചാത്യമുസ്‌ലിംവനിതകള്‍ നേരിടുന്ന വെല്ലുവിളികള്‍’ എന്നതായിരുന്നു വിഷയം. ഇപ്പോഴവര്‍ മെല്‍ബണിലെ മൊണാഷ് യൂണിവേഴ്‌സിറ്റിയിലെ പൊളിറ്റികല്‍ സ്‌കൂളില്‍ ലെക്ചററായി ജോലിനോക്കുന്നു. അവര്‍ക്ക് ആഇശ എന്ന മകളുണ്ട്.

*നിരവധി പുരസ്‌കാരങ്ങളും ബഹുമതികളും നേടിയിട്ടുള്ള ‘സലാം കഫെ’ എന്ന ആസ്‌ത്രേലിയന്‍ നെറ്റ് വര്‍ക് ടെലിവിഷന്‍ പരിപാടിയുടെ ആസൂത്രകയും പാനല്‍ അവതാരികയുമാണ് സൂസന്‍. 2003 ല്‍ അന്താരാഷ്ട്രവനിതാദിനത്തില്‍ വിക്ടോറിയന്‍ പാര്‍ലമെന്റ് ഹൗസിനെ അഭിസംബോധനചെയ്തിട്ടുള്ള അവര്‍ ചര്‍ച്ചുകളിലും സിനഗോഗുകളിലും  ബിസിനസ് സംഘടനകളിലും പ്രഭാഷണങ്ങള്‍ക്ക് സ്ഥിരം ക്ഷണിതാവാണ്.

Topics