ഞാനറിഞ്ഞ ഇസ്‌ലാം

അസ്മ (സ്വീഡന്‍)

സ്വീഡനില്‍ ഇസ്ലാമിക പ്രബോധന സംസ്‌കരണ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളിലൊരാളും സ്വീഡനിലുടനീളം അറിയപ്പെട്ട നവ മുസ്ലിം വനിതയുമാണ് അസ്മ. തന്റെ ഇസ്ലാം ആശ്‌ളേഷത്തെക്കുറിച്ച് അവര്‍ പറയുന്നത് കേള്‍ക്കുക:

‘എന്നെ ഇസ്ലാമിലേക്കാകര്‍ഷിച്ച അതിന്റെ ഏറ്റവും വലിയ നന്മ ഇസ്ലാമിലെ പര്‍ദാ നിയമമാണ്. പര്‍ദയെക്കുറിച്ച് ഇസ്ലാമികാധ്യാപനങ്ങള്‍ വശ്യവും യുക്തിപൂര്‍ണവുമായ ശൈലിയില്‍ വിശദീകരിച്ചതിന് പ്രശസ്ത പണ്ഡിതനായ മൌലാനാ മൌദൂദിയെ അല്ലാഹു അനുഗ്രഹിക്കട്ടെ. പക്ഷേ, മുസ്ലിം സ്ത്രീകളുടെ പ്രശ്‌നം എന്തെന്നാല്‍ ഇത്ര മികച്ചൊരു ജീവിതക്രമമുണ്ടായിട്ടും അതിന്റെ അനുഗ്രഹത്തില്‍ നിന്ന് അവര്‍ സ്വയം അകലം പാലിക്കുന്നുവെന്നതാണ്.

ഇസ്ലാമും മുസ്ലിംകളും എപ്രകാരമുള്ള സമൂഹത്തെയാണോ ആഗ്രഹിക്കുന്നത്, അത്തരമൊരു സമൂഹം എവിടെയും നിലവിലില്ല എന്ന് എനിക്കു ദുഃഖത്തോടെ പറയേണ്ടിവന്നിരിക്കുന്നു. ഒരു മാതൃകാ സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മുസ്ലിം രാജ്യങ്ങള്‍ പോലും പരാജയപ്പെട്ടിരിക്കുകയാണ്. തദ്ഫലമായി ഇസ്ലാമിനും മുസ്ലിംകള്‍ക്കും നിരന്തരം പരാജയം നേരിടേണ്ടി വരുന്നു. പലരും ഇസ്ലാമിന്റെ കാരുണ്യതീരത്തേക്ക് അടുക്കാതിരിക്കുന്നതിന് ഇതല്ലാതെ മറ്റൊരു കാരണവുമില്ല.

ഞാന്‍ മുസ്ലിംകളുടെ ജീവിതരീതികള്‍ നോക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷേ ഒരിക്കലും ഇസ്ലാമിന്റെ സന്മാര്‍ഗ പാത എന്റെ മുമ്പില്‍ തെളിയുമായിരുന്നില്ല. മതതാരതമ്യപഠനമാണ് എന്നെ സംബന്ധിച്ചിടത്തോളം അനുഗ്രഹമായി മാറിയത്. ഈ താരതമ്യപഠനത്തിനിടയില്‍ ഞാന്‍ ഇസ്ലാമിന്റെ പര്‍ദാ നിയമം ഗഹനമായി പഠിച്ചു. അതിലൂടെ എന്നില്‍ ഇസ്ലാം സ്വീകരിക്കാനുള്ള അഭിനിവേശം മുളപൊട്ടുകയും ചെയ്തു.

മുസ്ലിംകള്‍ തങ്ങളുടെ ജീവിതരീതികളും വ്യവഹാരങ്ങളും മെച്ചപ്പെടുത്തുക എന്നത് ലോകത്തിന്റെ അടിയന്തര ആവശ്യമാണ്. മുസ്ലിംകള്‍ക്കിടയില്‍ വ്യാപകമായി കാണപ്പെടുന്ന സത്യസന്ധതയില്ലായ്മ എന്നെ വല്ലാതെ നിരാശപ്പെടുത്തുകയാണ്. വാക്കും പ്രവൃത്തിയും തമ്മിലുള്ള പൊരുത്തക്കേടാണ് ഞാന്‍ സത്യസന്ധതയില്ലായ്മ കൊണ്ട് ഉദ്ദേശിച്ചത്. ഈ അവസ്ഥ പൂര്‍ണമായും ഇല്ലായ്മ ചെയ്യേണ്ടതുണ്ട്. ഇസ്ലാം മഹത്തരമാണ് എന്ന വാദത്തോടൊപ്പം ഇത്തരത്തിലുള്ള സത്യസന്ധതയില്ലായ്മ ഒരിക്കലും ഭൂഷണമല്ല. നമ്മുടെ നിലപാടുകളെയും സമീപനങ്ങളെയും അത് ദുര്‍ബലമാക്കും. ഈ ദൌര്‍ബല്യം ഒടുവില്‍ കടുത്ത നാശത്തിന് കാരണമായിത്തീരുകയും ചെയ്യും. ‘വിശ്വാസികളേ, നിങ്ങള്‍ സ്വയം പ്രവര്‍ത്തിക്കാത്തത് എന്തിന് പറയുന്നു’ എന്ന ഖുര്‍ആന്റെ ഓര്‍മപ്പെടുത്തല്‍ എപ്പോഴും ഇക്കാര്യത്തില്‍ നമ്മുടെ ശ്രദ്ധയിലുണ്ടായിരിക്കേണ്ടതാണ്.

മുസ്ലിംകള്‍ എല്ലാ രംഗത്തും പ്രത്യേകിച്ച് സാമ്പത്തിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കേണ്ടതുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളുമായുള്ള സാമ്പത്തികാശ്രിതത്വം മുസ്ലിംകള്‍ അവസാനിപ്പിച്ചേ തീരൂ. എന്തുകൊണ്ടെന്നാല്‍ നമ്മുടെ നിലവിലുള്ള സാമ്പത്തിക പിന്നാക്കാവസ്ഥക്കുള്ള അടിസ്ഥാന കാരണം മുതലാളിത്ത സാമ്പത്തിക വ്യവസ്ഥയുമായുള്ള ആശ്രിത മനോഭാവമാണ്. മുസ്ലിം രാജ്യങ്ങളില്‍ വളര്‍ന്നുവരുന്ന ദേശീയതയും ഇസ്ലാമിക ലോകത്തിന്റെ വിശാല താല്‍പര്യങ്ങള്‍ക്ക് അനുഗുണമല്ല. യൂറോപ്പിനകത്ത് ദേശീയതയും ദേശരാഷ്ട്ര സങ്കല്‍പവും മരിച്ചുകൊണ്ടിരിക്കുമ്പോള്‍ മുസ്ലിംകള്‍ക്കിടയില്‍ അതിന് സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നെ അദ്ഭുതപ്പെടുത്തുകയാണ്. അത്തരം മനോഭാവങ്ങളും ഇടുങ്ങിയ ചിന്താഗതികളും കൊണ്ട് നമുക്കൊരിക്കലും ജീവിത വിജയം നേടാനാവില്ല.”

Topics